നൃത്തവും അധ്യാപനവും അതിന്റെ കൂടെ കുറച്ചു നാടകാഭിനയവും. അഴകിന്റെ വർണമാരി വിടർത്തിയ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായ വർണ സമ്പത്ത് മറ്റു സുന്ദരിമാരിൽ നിന്നു വേറിട്ടുള്ള സഞ്ചാരത്തിലാണ്. കർണാടകത്തെ പ്രതിനിധീകരിച്ച് മിസ് സൗത്ത് ഇന്ത്യ റാമ്പിൽ എത്തിയ വർണയുടെ അമ്മ മലയാളിയാണ്. 

സൗന്ദര്യ മത്സരം എന്നത് അഴകിന്റെ മാറ്റുരയ്ക്കലിനപ്പുറം ബുദ്ധിയും വിവേകവും നൽകുന്ന ആകർഷണീയതയാണെന്നു വർണ പറയുന്നു. തുടർച്ചയായ നിരവധി സൗന്ദര്യ മത്സരവേദികളിൽ മാറ്റുരച്ചതിന്റെ ആത്മവിശ്വാസവുമായാണ് വർണ ദക്ഷിണേന്ത്യൻ സുന്ദരിയാകാൻ എത്തിയത്. മിസ് മലയാളി ബാംഗ്ലൂർ (2013), മിസ് മാംഗ്ലൂർ (2014), മിസ് ബാംഗ്ലൂർ (2016) തുടങ്ങിയ കിരീടങ്ങളാണ് വർണയ്ക്ക് മിസ് സൗത്ത് ഇന്ത്യ വേദിയിൽ ഊർജ്ജമേകിയത്.

ബെംഗളൂരുവിലെ പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വർണ മറ്റു 17 സുന്ദരിമാരുമായാണ് മത്സരിച്ചത്. കൊച്ചിയിലെ ഗ്രൂമിങ്ങിനു ശേഷം കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ നടന്ന അന്തിമ മത്സരത്തിൽ മിസ് ടാലന്റ്, മിസ് ബ്യൂട്ടി ഫുൾ എന്നിവയായതും വർണയായിരുന്നു. 

ഒപ്പമുണ്ട് നാടകവും നൃത്തവും

varnaകുട്ടിക്കാലം മുതൽ ഭരതാട്യം അഭ്യസിച്ച  വർണ എട്ടു വർഷമായി ബെംഗളരൂവിൽ വീടിനു സമീപത്തായി വർണ നൃത്തശാല എന്ന ഡാൻസ് സ്‌കൂൾ നടത്തുന്നു. ചെറിയ രീതിയിൽ ആരംഭിച്ച നൃത്തശാലയിൽ ഇപ്പോൾ 175 വിദ്യാർഥികളുണ്ട്. കുട്ടികളുടെ ക്ഷേമത്തിനും നീതിയ്ക്കുമായി പ്രവർത്തിക്കുന്ന ഇക്കോ ജൂവനൈൽ ജസ്റ്റിസ് ഹോമിന്റെ തിയറ്റർ ഷോ പരിവർത്തനിലെ മുഖ്യതാരം വർണയാണ്.  പ്രാർത്ഥന ഡാൻസ് ഡ്രാമയിലും വർണയാണ് താരം. ലണ്ടൻ ഉൾപ്പെടെ വിദേശ വേദികളിലും നിരവധി തവണ വർണ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 

വിടാതെ പഠനവും കരിയറും 

കെ.ആർ.പുരം കേംബ്രിഡ്ജ് പി.യു. കോളേജിൽ ബയോളജി ലക്ചറാണ് വർണ. സെന്റ് ഫ്രാൻസിസ് എക്‌സാവിർ ഗേൾസ് ഹൈസ്‌കൂളിലും മൗണ്ട് കാർമൽ കോളേജിലുമായി പഠനം പൂർത്തിയാക്കിയ വർണ ലൈഫ് സയൻസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുകയാണ്.സിനിമകളുടെ വേദികളിൽ നിന്ന് അഭിനയത്തിനുള്ള അവസരങ്ങളും വർണയെ തേടിയെത്തി തുടങ്ങി.

എന്നാൽ, പെട്ടെന്നു കുറച്ചു സിനിമയ ചെയ്യുന്നതിനെക്കാൾ ഉപരി ഗൗരവമായി സിനിമയെ കാണാനാണ് വർണയ്ക്കു താൽപര്യം. തന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ സിനിമകളോടു മാത്രം താൽപര്യം ഉണ്ടാകുകയുള്ളൂ - വർണ പറയുന്നു. അധ്യാപനവും ഉപരിപഠനവും അഭിനയവും നൃത്തവുമെന്ന പോലെ ലഹരിയാണ്. ഇവ മുന്നും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വർണയെന്ന സുന്ദരി. 

varna sampath

ഇവൾ വ്യത്യസ്ത സുന്ദരി 

ബാബുസപാളയ മല്ലപ്പ ലേഔട്ടിൽ താമസിക്കുന്ന വിജയ ബാങ്ക് മാനേജർ സമ്പത്ത് കുമാറിന്റെയും സന്നദ്ധസംഘടന ചെറീഷ് ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തുന്ന കുഞ്ഞുമോൾ സമ്പത്തിന്റെയും മകളാണ്. എം.ബി.എ വിദ്യാർഥിയായ വിവേക് സഹോദരനാണ്. കോട്ടയം തലയോലപ്പറമ്പ് പുൽപ്പാറയിൽ കുടുംബാംഗമാണ് കുഞ്ഞുമോൾ. ചെറുപ്പകാലത്തെ തലയോലപ്പറമ്പിൽ എത്തുമ്പോൾ ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിച്ചും വളർന്നും വർണ മലയാളവും പഠിച്ചു. ബെംഗളൂരുവിൽ ജനിച്ചു വളർന്ന വർണയുടെ മലയാളം തനി കോട്ടയംകാരിയുടെ തന്നെ. നീട്ടി വളർത്തിയ മുടിയഴകുള്ളവർ സൗന്ദര്യവേദികളിൽ വിരളമാണ്. എന്നാൽ വർണയുടെ ആകർഷണം താലോലിച്ചു നീട്ടി വളർത്തിയ മുടിയാണ്.

ഫോട്ടോ: ഫെയ്‌സ്ബുക്ക്/ വര്‍ണ സമ്പത്ത്‌