Hot Dressസൂര്യസ്നാനം പാശ്ചാത്യർക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കുവാൻ പ്രധാന മാർഗം സൂര്യപ്രകാശം ശരീരത്തിൽ കൊള്ളിക്കുക എന്നത് മാത്രമാണ്. അതിശക്തമായ ശൈത്യമുള്ള നാട്ടിൽ അതിനുള്ള അവസരങ്ങൾ വളരെ കുറവും. ഇതിനൊരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് റ്റാൻറൗണ്ട് എന്ന കമ്പനി. സുതാര്യമായ ഒരു വസ്ത്രമാണ് അവർ പുറത്തിറക്കിയിരിക്കുന്നത്.

യു.വി. ടി.ആർ. സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്ത ഈ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങൾക്ക് എന്ത് വ്യായാമവും ചെയ്യാം. വേണമെങ്കിൽ പൊതു സ്ഥലത്ത്‌ ഈ വേഷം ധരിച്ചുകൊണ്ട് പോവുകയും ചെയ്യാം (സുതാര്യമാണ് വസ്ത്രം എന്ന് ഓർമ വേണം). ചുറ്റുവട്ടത്തുള്ളതിനേക്കാൾ കൂടിയ താപനില പ്രദാനം ചെയ്യുവാൻ കഴിവുണ്ടിതിന്. അതുകൊണ്ടു തന്നെ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ഉള്ള സ്ഥലങ്ങളിൽ പോലും സൂര്യസ്നാനം ചെയ്യുവാൻ കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക ഡിസൈനുകളിൽ രണ്ടു നിറത്തിൽ ലഭ്യമാണ്.

ഇത് ഡിസൈൻ ചെയ്തതിനു ശേഷം ഇതിന്റെ നിർമാതാക്കൾ പണത്തിനായി കിക്ക്സ്റ്റാർട്ടർ എന്ന വെബ്‌സൈറ്റിലൂടെ സംഭാവനകൾ അഭ്യർഥിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ആറായിരം ഡോളർ എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ വെറും പതിനൊന്നു മണിക്കൂർ കൊണ്ട് അവർക്ക് ലഭിച്ചത് പതിനോരായിരം ഡോളറും. മാത്രമല്ല ഈ സംരംഭത്തിൽ പങ്കാളികളാകുവാനും പലരും മുന്നോട്ട് വന്നിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന തവിട്ടുനിറം ശരീരത്തിന് ലഭ്യമാക്കുവാൻ കഴിയും എന്നുള്ള നിർമാതാക്കൾ നൽകുന്ന ഉറപ്പാണ് എല്ലാവരെയും പ്രധാനമായി ആകർഷിക്കുന്നത്.