ഫാഷൻ ട്രെൻഡുകളെക്കുറിച്ചു പറയുമ്പോൾ ഒഴിവാക്കാനാകാത്തൊരു സംഗതിയാണ് സൺഗ്ലാസ്‌ അഥവാ കൂളിങ് ഗ്ലാസ്‌. ഷെയ്ഡ്‌സ് എന്ന മറ്റൊരു നാമം കൂടി ഈ ‘മസ്റ്റ് ഹാവ് അക്‌സെസറി’ക്കുണ്ട്. കണ്ണുകൾക്ക് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പൊടി പടലങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് മാത്രമല്ല ഒരാളുടെ വസ്ത്രധാരണത്തിന്‌ മാറ്റു കൂട്ടുകയും ചെയ്യും സൺഗ്ലാസുകൾ.

പണ്ട് അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും ചിഹ്നമായി കരുതിയിരുന്ന ഇവയെ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഡോക്ടർമാർ വരെ പറയുന്നത്. കണ്ണുകളിലെ ക്യാൻസറിനെ തടയാനും തിമിരത്തെ ഒരു പരിധി വരെ ചെറുത്തു നിൽക്കുവാനും ഇത് സഹായിക്കും. സിനിമാതാരങ്ങൾ ക്യാമറകളുടെ നിരന്തരമായ ഫ്ലാഷുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനാണ്  പ്രധാനമായും കൂളിങ് ഗ്ലാസുകൾ ഉപയോഗിച്ചിരുന്നത്. അത് പിന്നെ പതുക്കെ വലിയൊരു ട്രെൻഡ് ആയി മാറി. പല രൂപത്തിലും വലുപ്പത്തിലും പലതരം വസ്തുക്കൾ കൊണ്ടുള്ള ഫ്രയിമുകൾ ഉള്ള സൺഗ്ലാസുകൾ ഇപ്പോൾ ലഭ്യമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വിവിധ ഫാഷനുകളിലെ  സൺഗ്ലാസുകൾ വിപണിയിലുണ്ട്. തങ്ങളുടെ മുഖത്തിന്റെ ആകൃതിക്കും വലിപ്പത്തിനും ചേരുന്നവ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ പ്രധാനമായ കാര്യമാണ്. പ്രിന്റഡ് ഫ്രയിംസ്, ചതുരത്തിലുള്ളതും ദീർഘചതുരത്തിലുള്ളതുമായ  ഫ്രയിംസ്, വട്ടത്തിലുള്ളവ തുടങ്ങി ഇപ്പോഴത്തെ ട്രെൻഡ് ആയ മാർബിൾ ഫ്രയിംസ് വരെ എല്ലാ പ്രമുഖ 'ഐ വെയർ' ബ്രാൻഡുകളുടെയും പക്കലുണ്ട്. വിവിധ ആകൃതിയിലുള്ള മുഖങ്ങൾക്കു ചേരുന്നത് ഏതൊക്കെ തരമാണെന്നു നോക്കാം.

ചതുരാകൃതി

കരീന കപൂർ, അമീഷാ പട്ടേൽ, ടോം ക്രൂയിസ്, ബ്രാഡ് പിറ്റ് തുടങ്ങിയവരുടെ പോലെ ചതുരാകൃതിയാണ് മുഖത്തിനെങ്കിൽ വീതിയേറിയ നെറ്റിത്തടവും ‘ഡിഫൈൻഡ്’ ആയിട്ടുള്ള താടിയെല്ലു ഭാഗവും നിങ്ങളുടെ പ്രധാന ഫീച്ചേഴ്സ് ആയിരിക്കും. ഈ സവിശേഷതകളെ ബാലൻസ് ചെയ്യുന്ന തരത്തിലുള്ള സൺഗ്ലാസുകൾ ആകണം തിരഞ്ഞെടുക്കേണ്ടത്. വൃത്താകൃതി, ഓവൽ, ക്യാറ്റ് ഐ, ബട്ടർഫ്ളൈ തുടങ്ങിയ ഫ്രെമുകളാണ് യോജിക്കുന്നത്.

Sun Glass
photo:pixabay

ഓവൽ ആകൃതി

അനുപാതം വെച്ച് നോക്കുവാണെങ്കിൽ ഓവൽ ആകൃതിയുള്ളവരാണ് ഏറ്റവും ഭാഗ്യവാന്മാർ. ഏതു ട്രെൻഡും പരീക്ഷിക്കാം. എല്ലാം ഇവർക്ക് ചേരുകയും ചെയ്യും. മാധുരി ദീക്ഷിത്, ആലിയ ഭട്ട്, കേറ്റ്‌ മിഡ്‌ഡിൽട്ടൻ, കീത് അർബൻ തുടങ്ങിയവരെ പോലെ താടിയേക്കാൾ വീതി കൂടിയ നെറ്റിയും മുഖത്തിന് വീതിയേക്കാൾ കൂടുതൽ  നീളവുമായിരിക്കും. ദീർഘചതുരാകൃതിയിലുള്ള ഫ്രെയിംസ് നന്നായി യോജിക്കുന്ന ഇവർക്ക് ഏവിയേറ്റഴ്‌സ്, ഓവർസൈസ്ഡ്  ഗ്ലാസെസ് തുടങ്ങിയവയെല്ലാം ധരിക്കാം.

വട്ട മുഖക്കാർ

ഐശ്വര്യ റായ്, റാണി മുഖർജി, ആഷ്ടൺ കുച്ചർ, മില കുനിസ്‌ തുടങ്ങിയവരെപ്പോലെ വട്ടമുഖമുള്ളവർക്ക് അവരുടെ വ്യക്തിത്വത്തിനും അഭിരുചിക്കുമനുസരിച്ചുള്ള സൺഗ്ലാസ്‌ തിരഞ്ഞെടുത്തു ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ്’ സ്ഥാപിക്കാം. നീളവും വീതിയും ഒരു പോലുള്ള ഇവർക്ക് നിറഞ്ഞ കവിളുകളും സോഫ്റ്റ് ആയിട്ടുള്ള ഫീച്ചേഴ്സുമായിരിക്കും. മുഖത്തിന്റെ ആകൃതിയുടെ എതിരായുള്ള ആകൃതിയിലുള്ള സൺഗ്ലാസുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. വട്ട മുഖക്കാർ ഒരിക്കലും വട്ടത്തിലുള്ള ഗ്ലാസുകൾ ഉപയോഗിക്കരുത്. മുഖത്തിന് കോണുകൾ (angles) കുറവായതുകൊണ്ട് ഹൊറിസോണ്ടൽ ഫ്രെയിംസ്, വേഫേറേഴ്സ് (wayfarers), ദീർഘചതുരത്തിലുള്ള ഫ്രെയിംസ് തുടങ്ങിയവ മുഖത്തിന് നീളം തോന്നിപ്പിക്കുകയും ചെയ്യുമെന്ന് മാത്രമല്ല വീതി അത്ര തോന്നുകയുമില്ല.

Sunglass
Photo:pixabay

ഹൃദയാകൃതി (ഹാർട്ട് ഷേപ്പ്)

ഈ ആകൃതിയുള്ള മുഖക്കാർക്കു കൺപുരികങ്ങളുടെ ഭാഗം വീതിയേറിയതും താടിയുടെ ഭാഗം വീതി കുറഞ്ഞതുമായിരിക്കും. ഹാലി ബെറി, ഇവാ ലോൺഗോറിയ, ദീപിക പദുകോൺ, ജോണി ഡെപ്പ് തുടങ്ങിയവരെ ഈ വിഭാഗത്തിൽ പെടുത്താം. ശരിയായ തരത്തിലുള്ള ഫ്രെയിംസ് ധരിക്കുന്നതു മുഖത്തിന്റെ അഴക് വർധിപ്പിക്കുകയും ചെയ്യും നീളവും വീതിയും അനുപാതത്തിൽ ആക്കിത്തരുകയും ചെയ്യും. ഇളം നിറങ്ങളിലുള്ള ഫ്രെയിംസ്, മുകളിൽ കട്ടി കുറഞ്ഞ്‌ താഴ്ഭാഗത്തു കട്ടിയുള്ള തരത്തിലുള്ള ഫ്രെമുകളാണ് ഇവർക്ക് യോജിക്കുന്നത്.

ഡയമണ്ട് ആകൃതി

ലോകത്തിൽ അധികം പേർക്കില്ലാത്ത അപൂർവമായ ആകൃതിയാണിത്. ഇവരുടെ ഹെയർ ലൈൻ വീതി കുറഞ്ഞതായിരിക്കും. ചെവിയുടെ താഴെ മുതൽ താടിയുടെ ഭാഗം വരെ അല്പം കൂർത്ത ഈ മുഖാകൃതിക്കു ചേരുന്ന ഫ്രെയിമുകൾ ധരിച്ചാൽ  അതിമനോഹരമായിരിക്കും. എലിസബത് ഹെർലി, റീസ് വിതർസ്പൂൺ തുടങ്ങിയവർ ഈ ആകൃതിയുടെ ഉടമകളാണ്‌. കണ്ണുകളുടെ ഭാഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഫ്രെമുകളാണ് ഇവർക്ക് യോജിക്കുന്നത്. ഓവൽ ഫ്രെമുകൾ, ക്യാറ്റ് - ഐ ഫ്രെയിംസ്, ടോപ് എംബെല്ലിഷ്ഡ് ഫ്രെയിംസ് എല്ലാം തന്നെ വളരെ അനുയോജ്യമാണ്.

ഇനി ഏറ്റവും പോപ്പുലർ ആയ സൺഗ്ലാസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Sun Glass
photo:Pixabay

ഏവിയേറ്റഴ്‌സ് (Aviators )

കാലം എത്ര കഴിഞ്ഞാലും ജനറേഷനുകൾ എത്ര മാറിയാലും ഒരിക്കലും വിട്ടു പോകാത്ത ക്ലാസിക് സ്റ്റൈലാണ് ഏവിയേറ്റഴ്‌സിന്റേത്. കോട്ടയം കുഞ്ഞച്ചനിൽ ഏവിയേറ്റഴ്‌സ് ധരിച്ചെത്തുന്ന മമ്മൂട്ടിയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കുവാൻ കഴിയില്ല. റെയ്ബാൻ ഏവിയേറ്റഴ്‌സ് ധരിച്ചു കൂളായി മുണ്ടു മടക്കിക്കുത്തുന്ന സ്ഫടികത്തിലെ ആടുതോമയായ മോഹൻലാലിന്റേയും സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഈ കൂളിങ് ഗ്ലാസ് തന്നെയാണ്.

ടോപ് ഗണിലെ ടോം ക്രൂയിസ് മുതൽ 'ജബ് ഹാരി മെറ്റ് സേജെൽ' ലിലെ ഷാരുഖ് ഖാൻ വരെ അനശ്വരമാക്കിയ ഈ ഏവിയേറ്റഴ്‌സ് നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇവിടെ തന്നെയുണ്ടാകും. ഇതിന്റെ മറ്റൊരു പ്രത്യേകത മുഖാകൃതി എന്തു തന്നെയായാലും ഒരുമാതിരി എല്ലാവർക്കും ചേരുന്ന ഫ്രെയിമുകൾ ആണിത് എന്നതാണ്. ലെൻസുകളുടെ നിറത്തിൽ പരീക്ഷണങ്ങൾ നടത്താൻ പറ്റിയതാണ് ഏവിയേറ്റഴ്‌സ്. കളേർഡ് ലെൻസുകൾ (ബ്ലൂ, പിങ്ക്, പർപ്പിൾ), മിറേഡ് ലെൻസ്‌ (റിഫ്ലക്ടേഴ്സ് എന്ന മറ്റൊരു പേരുമുണ്ടിതിന്), ഒംബ്രെ (ombre: combination of dark and light lenses) ലെൻസുകൾ, ടു ടോൺഡ് (two toned) ലെൻസ് അങ്ങനെ നിരവധി സ്റ്റൈലുകൾ ലഭ്യമാണ്.

ഡബിൾ വയർ റിമ്മ്ഡ് സൺഗ്ലാസ്‌

ഈ വർഷത്തെ ഹോട്ടെസ്റ്റ് ട്രെൻഡ് എന്ന് വേണമെങ്കിൽ ഇവയെ പറയാം. വലിപ്പം അൽപ്പം കൂടുതലുള്ള ഡബിൾ റിം സൺഗ്ലാസ്‌ മുഖത്തിന് വലിപ്പം അല്പം കുറഞ്ഞവർക്ക് ഒരു പ്രത്യേകതയുള്ള ലുക്ക് നൽകും. രണ്ടാമതൊരു റിം ഉള്ളതുകൊണ്ട് ലെൻസുകൾക്കു കുറച്ചു കൂടി സപ്പോർട്ട് ലഭിക്കുന്നുണ്ട്. പല ആകൃതിയിലും നിറങ്ങളിലും ഇവ ലഭ്യമാണ്.

ക്ലിയർ ലെൻസ് സൺഗ്ലാസ്‌

സൺഗ്ലാസുകൾക്കു ഡാർക്ക് അല്ലെങ്കിൽ കളർഫുൾ ലെൻസുകൾ വേണ്ടന്നുള്ളവർക്കുള്ളതാണ് ഇവ. മനോഹരമായ പ്രിന്റഡ് ഫ്രെമുകളിലും മാർബിൾ ഫ്രെമുകളിലും ഇവ ലഭ്യമാണ്. പോളറൈസ്ഡ് അൾട്രാവയലറ്റ് പ്രൊട്ടക്ഷൻ ഉണ്ടെന്നു ഉറപ്പു വരുത്തി നല്ല ബ്രാൻഡിന്റെ ഗ്ലാസുകൾ വാങ്ങാൻ മറക്കണ്ട.

ക്യാറ്റ് ഐ സൺഗ്ലാസ്‌

സ്ത്രീകൾക്ക് നന്നായി ചേരുന്ന ഒരു ക്ലാസിക് സ്റ്റൈൽ ആണിത്.  ‘ബ്രേക്ഫാസ്റ് അറ്റ് ടിഫാനി’ (Breakfast at Tiffany ) എന്ന സിനിമയിലൂടെ ഓഡ്രി  ഹെപ്ബേൺ അനശ്വരമാക്കിയ ഈ റെട്രോ സ്റ്റൈലിന് ഇന്നും ആരാധകർ ഏറെയാണ്.

പറയുവാനാണെങ്കിൽ ഇനിയും ഏറെ സ്റ്റൈലുകളുണ്ട്. മോട്ടോർ ബൈക്ക് ഓടിക്കുന്നവർക്കു വേണ്ടിയുള്ള ഹെൽെമറ്റിനുള്ളിൽ ധരിക്കാൻ പറ്റിയവ, ഓവർസൈസ്ഡ് സൺഗ്ലാസുകൾ, പ്ലാസ്റ്റിക് ഫ്രെമുകളുള്ള വെയ്‌ഫെറേഴ്സ്  (wayfarers), മടക്കി പോക്കറ്റിലിടാൻ പറ്റിയ ഒരിക്കലും ഒടിയാത്ത ഫ്ലെക്സിബിൾ സൺഗ്ലാസ്‌ അങ്ങനെ കൂളിങ് ഗ്ലാസുകളുടെ ലോകം വളരെ വലുതാണ്. ഇനി പ്രെസ്‌ക്രിപ്ഷൻ ഗ്ലാസ്‌ ഉപയോഗിക്കുന്നവർക്ക് അവർക്കിഷ്ടപ്പെട്ട സ്റ്റൈലിൽ കണ്ടാൽ കൂളിങ് ഗ്ലാസ് പോലിരിക്കുന്ന പവർ ഗ്ലാസുകൾ പ്രമുഖ ഐ വെയർ കമ്പനികൾ ചെയ്തു തരുന്നതായിരിക്കും.
അപ്പോൾ വെയിലിനെ ചെറുത്തു നിൽക്കാനായി ഒരു പുതിയ സൺഗ്ലാസ് വാങ്ങാം അല്ലേ. കുഞ്ഞുങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനായി അവർക്കുള്ളതും വാങ്ങാൻ മറക്കണ്ട.


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി