ഷോപ്പിങ് ഒരു ഭ്രാന്തൊന്നുമല്ല രജിഷാ വിജയന്. ആഗ്രഹിക്കുന്നതെന്തും എത്ര വിലകൊടുത്തും സ്വന്തമാക്കുക എന്ന സിദ്ധാന്തത്തിന് പിന്നിലെ യുക്തി കക്ഷിക്കൊട്ട് മനസ്സിലാകുകയുമില്ല. ഷോപ്പിങ്ങിന് പോകുന്നുണ്ടെങ്കില്‍ വാങ്ങേണ്ട സാധനങ്ങള്‍ മനസ്സില്‍ അക്കമിട്ട് സൂക്ഷിച്ചിരിക്കും. പോകുക, മനസ്സില്‍ കരുതിയത് മാത്രം വാങ്ങുക. കൃത്യമായി പറഞ്ഞാല്‍ ഒരു പെര്‍ഫെക്ട് ഇക്കണോമിക് ഷോപ്പര്‍. 

'ഷോപ്പ് ചെയ്യുമ്പോള്‍ കണ്ണും മനസ്സും അതിലെയും ഇതിലെയും ചുറ്റിത്തിരിയും. അതുപാടില്ല. അങ്ങനെ സംഭവിച്ചാല്‍ മൊത്തം ബജറ്റ് താളം തെറ്റും. പെട്ടന്നുള്ള തോന്നലിന് വാങ്ങിയ സാധനം കുറച്ചു കഴിയുമ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നും. അതുകൊണ്ട് പെട്ടന്ന് സെലക്ട് ചെയ്യരുത്.' രജിഷ പറയുന്നു.

അതുപോലെ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രജിഷ പറയുന്നത് കേള്‍ക്കാം. ' ചില ക്ലോത്തുകള്‍ കണ്ടാല്‍ നല്ല ഭംഗിയാകും. പക്ഷേ നമുക്ക് ചേരണം എന്നില്ല. ചില ഡ്രസ്സുകള്‍ പക്ഷേ കാഴ്ചയില്‍ ചിലപ്പോള്‍ ഭംഗി തോന്നില്ല എന്നാല്‍ ഇട്ടാലോ നല്ല ഭംഗി തോന്നും. ട്രയല്‍ ചെയ്യാതെ എനിക്കൊന്നും വാങ്ങാനാകില്ല. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യാറില്ല. വാങ്ങിയാല്‍ തന്നെ ഗാഡ്ജറ്റ്‌സ് മാത്രം. 

കമ്മലുകള്‍ ഒരു ഭ്രാന്താണ് രജിഷയ്ക്ക്. അത്രയ്ക്കിഷ്ടം. ' ജുംകകളുടെ സാമാന്യം നല്ല കളക്ഷനുണ്ട് എനിക്ക്. പക്ഷേ കണ്ടാല്‍ വീണ്ടും വീണ്ടും എടുത്തുപോകും. ഫാഷന്‍ ഇയര്‍ റിങ്ങുകളും അതുപോലെ പ്രിയമാണ്.' 

രജിഷയുടെ മറ്റൊരു പ്രണയം ഗന്ധങ്ങളോടാണ്. പെര്‍ഫ്യൂംസ്!  ഗുച്ചി, യുസിബി, സ്‌കിന്‍, റാല്‍ഫ് ലോറെന്‍, മോണ്ട്ബ്ലാങ്ക്, വെര്‍സാഷ്.. മികച്ച ബ്രാന്‍ഡുകളുടെ മനംകവര്‍ന്ന പെര്‍ഫ്യൂമുകള്‍. 

വാച്ചുകളോടുമുണ്ട് ഇഷ്ടം. പക്ഷേ വാച്ചുകളില്‍ അത്ര ഗേളിഷ് ചോയ്‌സ് അല്ല എന്റേത്. യുണിസെക്‌സ് കളക്ഷന്‍. കുറച്ച് ബോയിഷ് ആയിട്ടുള്ളത് വളരെ ഇഷ്ടമാണ്. കാര്‍ട്ടിയറിന്റെ വാച്ചാണ് ഉപയോഗിക്കുന്നത്. 

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്.