Brideചട്ടയും മുണ്ടും കുണുക്കുമിട്ട നല്ല ക്രിസ്ത്യന്‍ വധുവും മുണ്ടും കാച്ചിയുമണിഞ്ഞ മുസ്‌ലിം മണവാട്ടിയും ദാവണിയും വേഷ്ടിയും മുണ്ടുമൊക്കെ അണിഞ്ഞെത്തുന്ന ഹിന്ദു ബ്രൈഡുമൊക്കെ ഈ ട്രഡീഷണല്‍ പ്രണയത്തിന് ഒരു മോഡേണ്‍ ട്വിസ്റ്റ് കൊടുക്കുന്നുണ്ട്. പാലയ്ക്കാമാലയും നാഗപടവും ഇളക്കത്താലിയുമൊക്കെ മലയാളിവധുവിന്റെ ആമാടപ്പെട്ടിയിലെ മിന്നും താരങ്ങളാണ്.

പ്ലം, ബര്‍ഗോണ്ടി, പോസ്റ്റല്‍ ആന്‍ഡ് ന്യൂട്രല്‍ ഷേഡ്‌സ്, കോപ്പര്‍, നീല, പച്ചയുടെ ഷേഡുകള്‍, മെറ്റാലിക് നിറങ്ങള്‍, പരുക്കന്‍ ലുക്ക് തരുന്ന റസ്റ്റിക് ഷേഡുകള്‍ എന്നിവയാണ് ഈ വര്‍ഷത്തിന്റെ ഇഷ്ടനിറങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടതെന്നു കരുതുന്നവയില്‍ മാത്രം മതി മെറ്റാലിക് തിളക്കം. ട്രെന്‍ഡിനപ്പുറം കുലീനമായ ക്ലാസിക് ലുക്ക് ആഗ്രഹിക്കുന്ന വധുവിന് ന്യൂട്രല്‍ നിറങ്ങളെ കൂട്ടു പിടിക്കാം.

പഴയ വൈറ്റ് ഗൗണുകളും പുത്തന്‍ രീതിയിലേക്ക് ചുവടുമാറ്റിത്തുടങ്ങി. വെള്ളയില്‍ പേള്‍സ്വരോസ്‌കി വര്‍ക്ക് ചെയ്ത ഗൗണുകളും ഫ്‌ളോറല്‍ പ്രിന്റുള്ള വൈറ്റ് ഗൗണുകളും രംഗത്തെത്തിയിട്ടുണ്ട്. എടുത്തു നില്‍ക്കുന്ന വലിയ പൂക്കള്‍ നിരന്ന എംബെലിഷ്‌മെന്റുകളുള്ള ഗൗണുകളാണ് ട്രെന്‍ഡിങ്. പിങ്ക്, ലൈറ്റ് ലാവന്‍ഡര്‍ തുടങ്ങിയ പോസ്റ്റല്‍ ഷേഡുകളിലുള്ള വലിയ ഫ്‌ളോറല്‍ എംബെല്ലിഷ്‌മെന്റുകള്‍ക്ക് മീതെ നേര്‍ത്ത നെറ്റും ഷീര്‍ മെറ്റീരിയലുകളും കൊണ്ടുള്ള കവറിംഗ് ഫെയറിടെയ്ല്‍ ലുക്കിനെ പൂര്‍ണമാക്കും.

വിവാഹവിരുന്നുകളില്‍ പക്ഷേ ഹെവി വര്‍ക്ക് ചെയ്ത കളേഡ് ഗൗണുകളാണ് താരം. പേള്‍ വര്‍ക്ക്, എംബ്രോയ്ഡറി, മിറര്‍ വര്‍ക്ക് തുടങ്ങിയവയില്‍ അനാര്‍ക്കലി ഡ്രസ്സുകള്‍ക്കൊപ്പം പ്ലെയിന്‍ സ്‌കേര്‍ട്ടുകളോ പലാസോ ബോട്ടമോ ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷം പതിയെ തലനീട്ടിയ മിറര്‍ വര്‍ക്ക് ഇക്കൊല്ലത്തെ ട്രന്‍ഡ് ലിസ്റ്റിലെ ഹോട്ട്പീസാണ്. പാകിസ്താനി ലോങ് സല്‍വാറുകളും ലെഹങ്കകളും മലയാളി വധുവിന്റെ വാര്‍ഡ്രോബിലെ പുതിയ ആഡ്ഓണ്‍ വിസ്മയങ്ങളാണ്.