സ്റ്റൈലിഷ്, കംഫർട്ടബിൾ, വാർഡ്രോബ് ക്ലാസിക് എന്ന വിശേഷണങ്ങൾക്ക് അർഹതയുള്ള വസ്ത്രം... വാഡ്രോബിലെ ഒഴിച്ചുകൂടാനാവാത്ത ഐറ്റം... ക്യാഷ്വൽ ആയോ സെമി ഫോർമൽ ആയോ ഉപയോഗിക്കാൻ പറ്റിയവ... ഈ വിശേഷണങ്ങൾ ‘ജീൻസി’ന് മാത്രം അവകാശപ്പെട്ടതാണ്. 
ഇത്ര പ്രിയങ്കരമാണെങ്കിലും ചിലരെങ്കിലും ജീൻസിന്റെ പെർഫെക്ട് പെയർ കിട്ടാനായി ഇപ്പോഴും തിരയുന്നുണ്ട്. ചിലപ്പോഴെങ്കിലും ശരിയാകാത്ത ഫിറ്റിങ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരാറുമുണ്ട്. ഇതിനു മൂന്നു കാരണങ്ങളാണുള്ളത്: 

ഒന്ന്: ഏതു തരത്തിലുള്ള ജീൻസാണ് ശരീരത്തിന്റെ ഷേപ്പിന്‌ ചേരുന്നത് എന്നറിയാതെ വരിക.
രണ്ട്: യോജിക്കുന്ന സ്റ്റൈലുകൾ, ജീൻസ്‌ വാങ്ങാൻ പോകുമ്പോൾ കടയിൽ ഉണ്ടാകാതിരിക്കുക.
മൂന്ന്: വാഷ്, വെയ്‌റ്റ്, കട്ട് എന്നിവ തമ്മിൽ കൺഫ്യൂഷൻ ഉണ്ടാവുക. 
ശരീരാകൃതിക്കനുസരിച്ചു ജീൻസുകളിൽ ‘സ്കിന്നി’, ‘സ്ലിം’ , ‘സ്ട്രെയ്റ്റ്’ എന്നിങ്ങനെ ലേബലുകൾ നൽകിയിട്ടുണ്ട്. ഇത് ശ്രദ്ധിച്ചാൽ ചേരുന്ന ജീൻസ്‌ തിരഞ്ഞെടുക്കാൻ എളുപ്പമായിരിക്കും. 

സ്കിന്നി ജീൻസ്‌
ജീൻസുകളിൽ എല്ലാവർക്കും പ്രിയങ്കരമാണിവ. കാലുകളുടെ ആകൃതി എടുത്തുകാട്ടുന്ന തരത്തിലുള്ള സ്കിന്നി ജീൻസ്‌ മിഡ് റൈസ് , ലോ റൈസ് തുടങ്ങിയ ഇനങ്ങളിൽ ലഭ്യമാണ്. സ്കിന്നി ജീൻസ്‌ എല്ലാവർക്കും ചേരണമെന്നില്ല. വളരെ മെലിഞ്ഞ കാലുകൾ ഉള്ളവരും കൂടുതൽ വണ്ണം ഉള്ള കാലുകൾ ഉള്ളവരും ഇതൊഴിവാക്കുന്നതാണ് നല്ലത്. 

സ്ലിം ഫിറ്റ്‌
ധരിക്കുമ്പോൾ കുറച്ചു സമാധാനത്തോടെ ശ്വാസം വിടാൻ പറ്റിയ ഒരു സ്റ്റൈൽ ജീൻസാണിത്. അധികം മുറുക്കവുമില്ല, അയവുമില്ല. സാധാരണ മിഡ്റൈസ് പാറ്റേണിലാണ് ഇവ ലഭിക്കുക. അരക്കെട്ടിന്റെ ഭാഗം തൊട്ട് റ്റൈറ്റ്‌ ആയി വന്നിട്ട്‌, കാലിന്റെ ഭാഗത്ത്‌ കുറച്ച്‌ അയവു വരുന്ന രീതിയിലാണ് ഇതിന്റെ കട്ട്. ശോഷിച്ച കാലുകളുടെ ഉടമകൾക്ക് ധൈര്യമായി സ്ലിം ഫിറ്റ് ജീൻസുകൾ ധരിക്കാവുന്നതാണ്. 

റെഗുലർ ഫിറ്റ്‌
ഇവയെ ‘സ്ട്രെയ്റ്റ് ലെഗ്‌ ജീൻസ്‌’ എന്നും പറയാം. മിഡ് റൈസിൽ ലഭ്യമായ ഇവ മുട്ടിന്റെ ഭാഗത്തിന് താഴോട്ട് കുറച്ചു വലിയ ഓപ്പണിങ് ഉള്ളവയാണ്. എല്ലാവിധ ശരീരാകൃതിക്കും യോജിക്കുന്നതാണ് ഇത്. 

റിലാക്സ്ഡ് ഫിറ്റ്‌ 
അരഭാഗം മുതൽ കണങ്കാൽ വരെ വളരെ ലൂസ്‌ ആയ മോഡൽ ആണിത്. ശരീരാകൃതിയെക്കുറിച്ചു അധികം വ്യാകുലപ്പെടാതെ ധരിക്കാൻ പറ്റിയതാണിത്. 

ലൂസ്‌ ഫിറ്റ്‌
ജീൻസുകളിലെ ഈ തരത്തിനെ ‘ബാഗി’ സ്റ്റൈൽ എന്നു പറയാം. അര മുതൽ കാൽ വരെ വളരെ അയവുള്ളതാണ് ലൂസ്‌ ഫിറ്റ്‌ ജീൻസ്. വണ്ണം കൂടുതലുള്ള ആണുങ്ങൾക്ക് പറ്റിയതാണിത്. 

Jeans

ജീൻസിന്റെ ‘ഫിറ്റും’ സ്റ്റൈലും കഴിഞ്ഞാൽ പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ‘റൈസും’ ‘സൈസിങ്ങും.’ സാധാരണ കണ്ടുവരുന്ന റൈസുകൾ ‘ഹൈ റൈസ്’, ‘മിഡ് റൈസ്’, പിന്നെ ‘ലോ റൈസ് എന്നിവയാണ്. ഹൈ റൈസ് ജീൻസുകൾ കുറച്ച്‌ വലിപ്പമുള്ള ആണുങ്ങൾക്ക് ചേർന്നതാണ്. പൊക്കിളിന്റെ തൊട്ടു മുകളിൽ വരുന്ന ഈ ജീൻസിടുമ്പോൾ ഷർട്ട്‌ ഇൻസേർട്ട് ചെയ്യാതെ നോക്കണം. 

പൊക്കിളിനോടു ചേർന്ന് നിൽക്കുന്ന മിഡ് റൈസ് ജീൻസുകൾ ഷർട്ട് ഇൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയതാണ്. ലോ റൈസ് ജീൻസാകട്ടെ പൊക്കിളിന്റെ താഴെ വെയ്സ്റ്റ്ബാൻഡ് വരുന്ന രീതിയിൽ ഉള്ളതാണ്. വളരെ ക്യാഷ്വൽ റിലാക്സ്ഡ് ലുക്ക്‌ നൽകുന്ന ഇവ അരവണ്ണം കൂടുതൽ ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. 

Jeans

സൈസിങ്‌
ജീൻസിന്റെ പിറകിൽ കാണുന്ന അക്കങ്ങൾ ആണ് സൈസിങ് മെഷർമെൻറ്സ്. ഉദാഹരണത്തിന്,  32/34 എന്നുള്ളതിൽ 32 അരക്കെട്ടിന്റെയും 34 എന്നുള്ളത് കാലിന്റെ അകംഭാഗത്ത്‌ മുകളിൽ നിന്ന് താഴെ വരെയുള്ള അളവും (ഇൻസീം) ആണ്.

ജീൻസ്‌ വാങ്ങിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്: 
അതിന്റെ ഭാരം വലിയൊരു ഘടകം ആണ്. ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ ജീൻസിന് ഭയങ്കര ഭാരം തോന്നുന്നുവെന്ന്? 8-10 ഔൺസ് വരെ ഭാരം വരുന്ന ജീൻസുകളാണ് വളരെ കംഫർട്ടബിൾ ആയി ധരിക്കാൻ പറ്റിയതും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ചേർന്നതും. ആസിഡ് വാഷ്‌, സ്റ്റോൺ വാഷ്‌, വിന്റീജ് വാഷ്‌ എന്നിവയാണ് ഡെനിമിന് നിറവും പാറ്റേർണും നല്കാൻ ഉപയോഗിക്കുന്ന ട്രീറ്റ്മെന്റുകൾ അധികം. ‘ഡാർക്ക് ബ്ലൂ ഡെനിം’ ആണ് ഏറ്റവും വ്യതിരിക്തമായ നിറം എന്ന് പറയാം. ഫങ്ഷൻ അനുസരിച്ചു ഫോർമലോ ക്യാഷ്വൽ ആയോ ഉപയോഗിക്കാവുന്നതാണ് ഇത്. 

ഡെനിം ജീൻസുകൾ പത്തിരുപതു പ്രാവശ്യം ധരിച്ചു കഴിയുമ്പോൾ ഒരു ഫുൾ സൈസിൽ സ്ട്രെച്ച് ആകുമെന്നത്‌ മറേക്കണ്ട. നീളം കൂടുതലാണെങ്കിൽ പൊക്കത്തിനനുസരിച്ചു മിക്ക കടകളും ആൾട്ടർ ചെയ്ത് തരും. സെക്കൻഡ്‌ സ്കിൻ പോലെ ധരിക്കാൻ പറ്റിയ ജീൻസ്‌ -അതായിരിക്കണം ഷോപ്പിങ്ങിന്‌ പോകുമ്പോൾ ലക്ഷ്യം. 


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി