Imani
Image: Mathrubhumi

റേബ്യൻ സംസ്കാരത്തിന്റെ ഭാഗമായ ഹിജാബിൽ പുതുമകൾ തീർക്കുകയാണ് ഇമാനി സിമ്രാൻ. ഫാഷൻ ഡിസൈനിങ്ങിന്റെ മേൽവിലാസമില്ലാതെയാണ് ഇമാനി ഹിജാബ് ‍ഡിസൈനിങ്ങിൽ തന്റേതായ പേര് എഴുതി​ച്ചേർക്കുന്നത്.ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജിൽ വിഷ്വൽ ആർട്‌സിന് പഠിക്കുമ്പോഴാണ് ഫാഷൻ ലോകത്തേക്ക് ഈ ഇരുപത്തിയൊന്നുകാരി ചുവടുവയ്ക്കുന്നത്. കൂടെ ചേച്ചിയുടെ പിൻബലം കൂടിയായതോടെ ഇമാനി തന്റെ മേഖല ഫാഷൻതന്നെയെന്ന് ഉറപ്പിച്ചു.

ഇമാനിക്ക് ‘വെയ്‌ലറ്റ്’ എന്ന പേരിൽ ഓൺലൈൻ ഹിജാബ് സ്റ്റോർ സ്വന്തമായുണ്ട്. ഫാഷൻ ഡിസൈനിങ്ങിൽ തന്നെ അധികമാരും കടന്നുവരാത്ത മേഖലയായതിനാലാണ് ഹിജാബിലേക്ക് ശ്രദ്ധയൂന്നിയത്.ഇന്ത്യനും വെസ്റ്റേണും കൂടിച്ചേർന്നതാണ് ഇമാനിയുടെ ഡിസൈനിങ് സ്റ്റൈൽ. കുഞ്ഞുനാളിൽ ഫാഷനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് ഇമാനി പറഞ്ഞു.

ചിത്രം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന ഇമാനി വീട്ടിലെ ചുമരുകളിലൊക്കെ വരയ്ക്കുമായിരുന്നു. ചിത്രരചനയോട് താത്‌പര്യമുണ്ടായിരുന്നെങ്കിലും ഫാഷൻ രംഗത്തേക്ക് കടന്നുവരുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ഈ യുവഡിസൈനർ വ്യക്തമാക്കി. ചെന്നൈയിൽ ഫാഷൻ ഡിസൈനറായ ചേച്ചി ഷെറിൻ ജഹാനയാണ് ഗുരു. കണ്ടംപററി ഡിസൈനിങ്ങിനോടാണ് ഇമാനിക്ക് കൂടുതൽ താത്‌പര്യം.

Imaniമസ്കറ്റിൽ വ്യവസായിയായ കെ. മുഹമ്മദ് നിസാറിന്റെയും രേഷ്മ നിസാറിന്റെയും മകളാണ്. എരഞ്ഞിപ്പാലം ജവഹർ കോളനിയിലാണ് വീട്. ജോർജറ്റ്, കോട്ടൺ, ലിനൻ കോട്ടൺ, ടെക്സ്ച്ചർ ജേഴ്സി, ഷിമർ എന്നീ തുണികളിലാണ് കൂടുതലായും ഹിജാബ് ഡിസൈൻ ചെയ്യുന്നത്. 399 രൂപ മുതലാണ് വില. ഇന്ത്യയ്ക്ക് പുറമേ വിദേശരാജ്യങ്ങളിൽ നിന്നുപോലും ഇമാനിയുടെ ഡിസൈനർ ഹിജാബിന് ആവശ്യക്കാരുണ്ട്.

പ്രസന്റേഷൻ ഹൈസ്കൂൾ, സി.എം.ഐ. ദേവഗിരി സ്കൂൾ  എന്നിവിടങ്ങളിലായിരുന്നു ഇമാനിയുടെ പഠനം. ഫാഷൻ ഡിസൈനിങ്ങിൽ റോൾ മോഡൽസ് ആരുമിലെങ്കിലും എല്ലാ ഡിസൈനർമാരെയും കൃത്യമായി പിന്തുടരാറുണ്ട്. ഹിജാബിനെ കുറിച്ചുള്ള വിവാദങ്ങളോട് ഇമാനിക്ക് താത്‌പര്യമില്ല. എന്നാൽ, അതിനെ കുറിച്ച് വ്യക്തമായ നിലപാടുമുണ്ട്. ആര് എന്ത് ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ കൈകടത്താൻ ആർക്കും അവകാശമില്ലെന്ന് ഇമാനി പറയുന്നു.

പാശ്ചാത്യരാജ്യങ്ങളിലാണ് ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ ചർച്ചകൾ നടക്കുന്നത്. കേരളത്തിലും ഇന്ത്യയിലും പൊതുവേ അത്തരത്തിലുള്ള പ്രശ്നങ്ങൾ കുറവാണെന്നും ഇമാനി കൂട്ടിച്ചേർത്തു.ഒരാൾക്ക് എന്ത് വസ്ത്രം ധരിക്കുമ്പോഴാണ് കൂടുതൽ ആത്മവിശ്വാസം അത് അണിയുകയെന്ന നിലപാടുകാരിയാണ് ഇമാനി. ഇന്ത്യയിൽ പൊതുവേ വസ്ത്രങ്ങളിൽ കസവ്, കാഞ്ചീപുരം, ഖാദി എന്നിവയ്ക്ക് മാത്രമാണ് കൂടുതൽ പ്രാമുഖ്യം നൽകുന്നതെന്ന് ഇമാനി പറഞ്ഞു. ചക്കോരത്തുകുളം സിൻഡർബേ സ്കൂൾ ഓഫ് ഫാഷന്റെ നേതൃത്വത്തിൽ നടന്ന ‘ഫാഷൻ ബേ’ ശില്പശാലയിൽ ഇസ്‌ലാമിക് ഫാഷൻ സ്റ്റൈൽ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാൻ എത്തിയതായിരുന്നു ഇമാനി.