വൈറ്റ്ഹൗസ് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഛായാചിത്രത്തില്‍ അതീവസുന്ദരിയായി പ്രഥമ വനിത മെലാനിയ ട്രംപ്. കറുത്തനിറത്തിലുള്ള ടക്‌സീഡോ ജാക്കറ്റും കറുത്തനിറത്തില്‍ തന്നെയുള്ള ബോയുമാണ് മെലാനിയ ധരിച്ചിരിക്കുന്നത്.

കൈകള്‍ കെട്ടിയാണ് നില്‍ക്കുന്നത്. ഇരുകൈകളിലെയും മോതിരവിരലില്‍ വജ്രമോതിരം അണിഞ്ഞിട്ടുണ്ട്. ഇതിലൊന്ന് ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ നിശ്ചയത്തിന് അണിഞ്ഞതാണ്. വൈറ്റ് ഹൗസിലെ വെസ്റ്റ് സിറ്റിങ് ഹാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം എടുത്തിട്ടുള്ളത്.

താരങ്ങളുടെയും മറ്റ് പ്രമുഖരുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നതില്‍ പ്രശസ്തനായ റെഷീന്‍ മാഹൗക്‌സാണ് മെലാനിയയുടെ ഫോട്ടോ എടുത്തത്. അതേസമയം മെലാനിയയുടെ ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനവുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഫോട്ടോയ്ക്ക് ഭംഗി കൂടുതല്‍ തോന്നിക്കാനുള്ള വിദ്യകള്‍ ചെയ്തിട്ടുണ്ടെന്നാണ് ഒരു കൂട്ടരുടെ വാദം. അതേസമയം ഫോട്ടോയുടെ പശ്ചാത്തലം എവിടെയാണെന്ന് സംശയം ഉയര്‍ത്തുന്നവരുമുണ്ട്.

ഇതാദ്യമായല്ല അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയുടെ ചിത്രം വിവാദങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. 2009 ലെ ഔദ്യോഗിക ഫോട്ടോയില്‍ സ്ലീവ് ലെസ് കുപ്പായം ധരിച്ചതിന് മിഷേല്‍ ഒബാമയ്ക്കും വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

സാധാരണയായി പ്രസിഡന്റിന്റെ ഭാര്യ വൈറ്റ്ഹൗസിലാണ് താമസിക്കുകയെങ്കിലും മാന്‍ഹട്ടനിലെ ആഡംബരവീട്ടിലാണ് മെലാനിയ ഇപ്പോള്‍ താമസിക്കുന്നത്. മകന്‍ ബാരന്‍ ഈ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നതുവരെ മെലാനിയ മാന്‍ഹട്ടനിലായിരിക്കും താമസിക്കുകയെന്ന് ട്രംപും അറിയിച്ചിരുന്നു.