സൈ എന്ന ദക്ഷണികൊറിയന്‍ പാട്ടുകാരന്റെ 'ഗന്നം സ്‌റ്റൈല്‍' സുപരിചിതമാണല്ലോ... എന്നാല്‍, 'ഗിങ്ങം സ്‌റ്റൈല്‍' (gingham style) എന്നു കേട്ടിട്ടുണ്ടോ? അതെന്താണ് സംഭവം എന്നു നോക്കാം. നീലയും വെള്ളയും കലര്‍ന്ന ചെക്ക് പാറ്റേണിലെ, സ്‌കൂള്‍ യൂണിഫോമിനെ അനുസ്മരിപ്പിക്കുന്ന തുണിയാണ് ഗിങ്ങം സ്‌റ്റൈലിലെ പ്രധാന കഥാപാത്രം. 2017-ലെ ഏറ്റവും വലിയ ഫാഷന്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് 'ഗിങ്ങം'. 
ഈ വാക്കിന്റെ യഥാര്‍ഥ അര്‍ത്ഥം 'വരയുള്ളത്' ( stripped) എന്നാണ്. കാലക്രമേണ അതു മാറി 'ചതുരങ്ങള്‍ ഉള്ളത്' (chequered) എന്നായി. സെലിബ്രിറ്റികളും സ്ട്രീറ്റ് സ്‌റ്റൈലിസ്റ്റുകളും എല്ലാം  ഈ ഡിസൈനിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുന്നു. Gingham style

എല്ലാവര്‍ക്കും ചേരുന്നതും വളരെ എളുപ്പം ധരിക്കാവുന്നതുമായ പ്രിന്റ് ആണിത്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ ഇതിനെ മാറ്റിയെടുക്കാം. വസ്ത്രങ്ങളില്‍ വലിയ പ്രിന്റുകള്‍ ഇഷ്ടമില്ലാത്തവര്‍ക്കു കൂടി ഉപയോഗിക്കന്‍ പറ്റിയ പ്രിന്റ് ആണിത്. ഇതിലെ ചതുരങ്ങളുടെ വലിപ്പമനുസരിച്ച് 'ഗിങ്ങം സ്‌റ്റൈല്‍' വസ്ത്രങ്ങളെ ഫോര്‍മല്‍ ആയോ കാഷ്വല്‍ ആയോ ധരിക്കാം.  ഡ്രസ് ആയി ധരിക്കാനാണ് ഇഷ്ടമെങ്കില്‍ ഹീല്‍സ് അല്ലെങ്കില്‍, ഫ്‌ലാറ്റ്‌സ് ഇതിന്റെ കൂടെ ധരിക്കാം. കുറച്ചു തണുപ്പുള്ള കാലാവസ്ഥയ്ക്ക് ധരിക്കാന്‍ അനുയോജ്യമായി വൂള്‍ അല്ലെങ്കില്‍ ഗ്രോസ്ഗ്രേയ്ന്‍ പോലുള്ള തുണിത്തരം തിരഞ്ഞെടുത്താല്‍ മതിയാവും. തണുപ്പത്ത് ധരിക്കാനുള്ള മറ്റൊരു ഓപ്ഷന്‍ ആണ് 'ഗിങ്ങം ബ്ലേസേഴ്‌സ്' അല്ലെങ്കില്‍ ജാക്കറ്റ്‌സ്. എയ്മി ജാക്‌സന്റെ പോലത്തെ ഓപ്പണ്‍ ഫ്രണ്‍ഡ്, റഫിള്‍ സ്ലീവ്സ് ഉള്ള കോളര്‍ലെസ് ആയിട്ടുള്ള ഗിങ്ങം ജാക്കറ്റ് ജീന്‍സിന്റെയോ പാന്റ്‌സിന്റെയോ ഡ്രെസ്സിന്റെയോ കൂടെ ധരിക്കാവുന്നതാണ്. അകത്തിട്ടിരിക്കുന്ന മസ്റ്റാര്‍ഡ് മഞ്ഞ ടോപ്, ഗിങ്ങം പ്രിന്റിന്റെ മോടി കൂട്ടുന്നു.woman

കൂട്ടുകാരുടെ കൂടെ ബ്രഞ്ചിനു പോകാനോ വീക്കെന്‍ഡില്‍ പാര്‍ട്ടിക്ക് പോകാനോ പറ്റിയ വേഷമാണിത്. ഈ സീസണില്‍ മുതല്‍ക്കൂട്ടായിട്ടുള്ള ഒരിനമാണ് പല നിരകളുള്ള ഗിങ്ങം സ്‌കേര്‍ട്ട്. റാപ് സ്‌റ്റൈലില്‍ ഉള്ള വെള്ള ഷര്‍ട്ടും കണങ്കാല്‍ വരെയുള്ള ബൂട്ട്‌സും ഇതിന്റെ കൂടെ ഇട്ടാല്‍ സൂപ്പര്‍ ട്രെന്‍ഡി ലുക്ക് കൈവരും. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റ് ഏറ്റവും സുരക്ഷിതമായ ഓപ്ഷന്‍ ആണെങ്കിലും ഓറഞ്ച്, റെഡ്, പര്‍പ്പിള്‍ മുതലായ നിറങ്ങള്‍ പരീക്ഷിക്കാന്‍ മടിക്കേണ്ട. 'ഡച്ചസ് ഓഫ് കേംബ്രിഡ്ജ്' ആയ കെയ്റ്റ് മിഡില്‍ട്ടണ്‍ ചുവന്ന നിറത്തിലെ ഗിങ്ങം ഡ്രസ് ധരിച്ചപ്പോള്‍ നിമിഷ നേരം കൊണ്ടാണ് അതിനോട് സാമ്യമുള്ള ഡ്രെസുകള്‍ വിറ്റഴിഞ്ഞത്. മര്‍ലിന്‍ മണ്‍റോയുടെ കാലത്തെ 'വിന്റേജ് റെട്രോ ലുക്ക്' ആണ് ഈ സ്‌റ്റൈലിനുള്ളത്. 

പ്രിന്റുകളുടെ വലിപ്പത്തിലും നിറത്തിലും തുണിത്തരത്തിലും ധാരാളം വ്യതിയാനങ്ങളും മാറ്റങ്ങളും വരുത്താവുന്ന ഒരു ഡിസൈന്‍ ആണിത്. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒരു പാറ്റേണ്‍ എങ്കിലും ഗിങ്ങം സ്‌റ്റൈലില്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. സാരിയുടെ ബ്ലൗസ് ആയോ കാഞ്ചീപുരം പട്ടിന്റെ ബോര്‍ഡര്‍ ആയോ അനാര്‍ക്കലിയുടെ വെസ്റ്റ് ആയോ ഈ ഡിസൈന്‍ ഉപയോഗിക്കാം. 

ആണുങ്ങള്‍ക്ക് ഫോര്‍മല്‍ ഷര്‍ട്ട് ആയോ പോക്കറ്റ് സ്‌ക്വയര്‍ ആയോ ഗിങ്ങം സ്‌റ്റൈല്‍ ഉപയോഗിക്കാം. ഈ പാറ്റേണില്‍ ഉള്ള ഒരു ഷര്‍ട്ട് എങ്കിലും ഇല്ലാത്തവര്‍ വിരളമായിരിക്കും. ബിസിനസ് മീറ്റിങ്ങുകള്‍ക്ക് ബ്ലേസറിന്റെ കൂടെയും കാഷ്വല്‍ ആയി പാന്റ്‌സിന്റെ കൂടെയും കൂട്ടുകാരുടെ കൂടെ നടക്കുമ്പോള്‍ ജീന്‍സിന്റെ കൂടെയും ഇവ ധരിക്കാവുന്നതാണ്.  ഈ ഡിസൈനിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്നു വെച്ചാല്‍ നന്നായി തേച്ചില്ലെങ്കിലും ചുളിവുകള്‍ അധികമാരും ശ്രദ്ധിക്കില്ല എന്നുള്ളതാണ്. ആളിന്റെ വലിപ്പം കുറച്ചുകാട്ടാനും ഈ പ്രിന്റ് സഹായിക്കും. 

പ്രിന്‍സ് ജോര്‍ജിന്റെ പൈജാമ മുതല്‍ മുന്‍ പ്രസിഡന്റ് ഒബാമയുടെ ഷര്‍ട്ട് വരെ എല്ലാം ഗിങ്ങം സ്‌റ്റൈല്‍ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മുടെ വീടുകളിലും കാണാം ഏതെങ്കിലും രൂപത്തില്‍ ഗിങ്ങം ഡിസൈന്‍. അതുകൊണ്ടു തന്നെയാണ് 'ദി വിസര്‍ഡ് ഓഫ് ഓസ്' എന്ന സിനിമയില്‍ 'ഡൊറോത്തി' എന്ന കഥാപാത്രം ധരിച്ചിരിക്കുന്ന ഗിങ്ങം ഡ്രസ് ഗൃഹാതുരത്വത്തെ ഉണര്‍ത്തുന്നത്. 

ലോകശ്രദ്ധ പിടിച്ചുപറ്റിയ ഫാഷന്‍ പ്രേമിയായ ഇവാന്‍ക ട്രംപിന്റെ  സ്ലീവ്ലെസ് ഗിങ്ങം ഡ്രസ് വളരെ പ്രത്യേകതകള്‍ ഉള്ളതാണ്. മനോഹരമായ. നേവിയും വെള്ളയും ചേര്‍ന്ന ചെക്ക് ഉള്ള, മുട്ടിനു താഴെ വരെ ഇറങ്ങിയ ഈ ഡ്രസ്സിന്റെ നടുക്ക് ഒരു വലിയ ബോ കൊണ്ടുള്ള കെട്ടുണ്ട്. ന്യൂഡ് സ്റ്റില്ലെറ്റോ ഹീല്‍സും ബക്കള്‍ ബാഗുംആണ് അനുബന്ധ വസ്തുക്കളായി ഇവാന്‍ക തിരഞ്ഞെടുത്തത്. കണ്ണുകളില്‍ നീല നിറത്തിലെ ഏവിയേറ്റര്‍ സണ്‍ഗ്ലാസും കഴുത്തില്‍ സ്വര്‍ണ നെക്ലേസും അണിഞ്ഞ് ഈ ലുക്ക് പൂര്‍ത്തീകരിച്ചിരിക്കുന്നു.

മെലാനിയ ട്രംപ് ആകട്ടെ ബ്ലൂ ആന്‍ഡ് വൈറ്റ് ചെക്ക് ഉള്ള ഗിങ്ങം ട്രെഞ്ച് കോട്ട് ധരിച്ചാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. അതിന്റെ ഉള്ളില്‍ അതേ ഡിസൈനിലെ ഡ്രസും ധരിച്ചിരുന്നു. മാച്ചിങ് പംപ്സ് ഉപയോഗിച്ചത് ഈ വസ്ത്രങ്ങളുടെ ഭംഗി കൂട്ടാന്‍ സഹായിച്ചിരുന്നു. 

അടിമുടി ഗിങ്ങം സ്‌റ്റൈല്‍ ആകേണ്ട എന്നുള്ളവര്‍ക്ക്, മറ്റു അനുബന്ധ വസ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്. ആണുങ്ങള്‍ക്ക് നല്ലൊരു ടൈ ഈ സ്‌റ്റൈലില്‍ കണ്ടെത്താം. സ്ത്രീകള്‍ക്കാകട്ടെ ബാഗുകളില്‍, അല്ലെങ്കില്‍ ഷൂസുകളില്‍ ഈ പാറ്റേണ്‍ പരീക്ഷിക്കാം. 

 പ്രിന്‍സസ് ഡയാനയുടെ വൈറ്റ് ആന്‍ഡ് പിങ്ക് ഗിങ്ങം ട്രൗസേഴ്സ്, അമാല്‍ ക്ലൂനിയുടെ ഗിങ്ങം വര്‍ക്ക് ടോപ്, ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഗിങ്ങം സണ്‍ ഡ്രസ് മുതലായവയെല്ലാം, ഈ പാറ്റേണ്‍ കാലം എത്ര മാറിയാലും തിരിച്ചുവന്നുകൊണ്ടേയിരിക്കും എന്നതിന് ഉദാഹരണമാണ്.