ചിലപ്പോഴൊക്കെ ആകാശസുന്ദരികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങാറുണ്ട്. അങ്ങനെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് റീനു മാത്യൂസ്. സിനിമയിലെത്തിയെങ്കിലും റീനു തന്റെ എയര്‍ഹോസ്റ്റസ് ജോലി കൈവിട്ടില്ല. സൗന്ദര്യമുള്ള രൂപവും പെരുമാറ്റവുമാണ് എയര്‍ഹോസ്റ്റസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക. എപ്പോഴും ആകര്‍ഷണീയരായിരിക്കുക എന്നത് ജോലിയുടെ ഭാഗമാണെങ്കിലും അതില്‍ മേക്കപ്പിന് വലിയ റോള്‍ ഇല്ല എന്നാണ് റീനുവിന്റെ അഭിപ്രായം. 

"മേക്കപ്പിനോട് അത്ര ഇഷ്ടമില്ല എനിക്ക്. ഫ്‌ളൈറ്റില്‍ പോകുമ്പോഴും ഹെവി മേക്കപ്പ് ഉപയോഗിക്കാറില്ല. ഐ ലൈനര്‍ എഴുതി, ചുണ്ടില്‍ ലിപ് ബാം അല്ലെങ്കില്‍ ലിപ്കളര്‍ ഇടും. അതുമല്ലെങ്കില്‍ ഒരു നാച്വറല്‍ കളര്‍ ലിപ്സ്റ്റിക്ക്. അത്ര മതി ഒരുക്കം. ലിപ്സ്റ്റിക്കിന്റെ വിവിധ ഷേഡ്‌സ് ട്രൈ ചെയ്യാനിഷ്ടമാണ്.

reenu mathewsഫങ്ഷന്‍സിന് പോകുമ്പോഴൊക്കെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളോട് പറയാറുണ്ട്, കഴിയുന്നത്രയും നാച്വറല്‍ മേക്കപ്പ് മതി എന്ന്. അല്ലാതെ പാന്‍ കേക്ക് ഒരുപാട് ലെയര്‍ ഇട്ട് ഹെവി മേക്കപ്പ് ഒന്നും വേണ്ടേ വേണ്ട. പകരം ഐ മേക്കപ്പ് ഹെവിയായി ചെയ്യാം. എന്നിട്ട് ലിപ്സ്റ്റിക്ക് വളരെ സിംപിളാക്കാം."

"പുറത്തു പോകുമ്പോള്‍ ഒരു നല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എനിക്ക് അക്കാര്യത്തില്‍ നല്ല മടിയാണ്. ഓര്‍ക്കുമ്പോഴൊക്കെ ഉപയോഗിച്ചാലായി. കരുവാളിപ്പ് മാറാന്‍ തൈര് നല്ലതാണ്. തക്കാളിയുടെ നീര് കുറച്ചു സമയം പുരട്ടി വെച്ചിട്ട് കഴുകിക്കളഞ്ഞാല്‍ ഒരു ബ്ലീച്ച് ഇഫക്ട് കിട്ടും. നാരങ്ങാനീരും നല്ലതാണ്."

റീനുവിന്റെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനം പ്രധാനമായും  പെഡിക്യൂറും മാനിക്യൂറും ചെയ്യാനാണ്. 'എന്റെ ജോലിയുടെ ഭാഗമായി നഖങ്ങള്‍ എപ്പോഴും ഭംഗിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. വല്ലപ്പോഴും ഫേഷ്യല്‍ ചെയ്യാറുണ്ട്. പിന്നെ ത്രഡ്ഡിങും. ദുബായില്‍ സെറ്റില്‍ഡാണ്. ഇവിടുത്തെ വെള്ളം കാരണം മുടി കൊഴിയാറുണ്ട്. സമയം കിട്ടുമ്പോള്‍ നന്നായി എണ്ണ തേച്ച് പാക്ക് ഇടും. അല്ലാതെ പാര്‍ലറില്‍ ഹെയര്‍ ട്രീറ്റ്‌മെന്റ്‌സ് ഒന്നും ചെയ്യാറില്ല.

ഫ്‌ളൈറ്റില്‍ പോകുന്ന സമയം ചെല്ലുന്നിടത്ത് സ്പായോ മറ്റോ ഉണ്ടെങ്കില്‍ മസാജിന് പോകാറുണ്ട്.'നല്ല ഭക്ഷണപ്രിയയാണ് റീനു. അതുകൊണ്ട് ഡയറ്റ് പ്ലാനിന്റെ കാര്യം പരിഗണനയിലേയില്ല. എന്തു കിട്ടിയാലും കഴിക്കും. വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ ട്രൈ ചെയ്യാന്‍ ഇഷ്ടമാണ്. ഫ്രൈഡ് ഫൂഡ്‌സും ചോക്ലേറ്റും സ്വീറ്റ്‌സും ഒന്നുമില്ലാതെ പറ്റില്ല. പ്രത്യേക വര്‍ക്കൗട്ടുകളും ഇല്ല. പക്ഷെ, ഒരുപാട് നടക്കാന്‍ പോകും. പറ്റുമ്പോഴൊക്കെ വീട്ടില്‍ ചില സ്ട്രച്ചസ്  ചെയ്യാറുണ്ട്. ഒരുപാട്  വെള്ളം കുടിയ്ക്കും. ഏറ്റവും പ്രധാനമായി കിടക്കുന്നതിന് മുന്‍പ് മേക്കപ്പ് മുഴുവന്‍ മാറ്റി ചര്‍മ്മം വൃത്തിയാക്കും. സ്‌കിന്‍ ഭംഗിയായിരിക്കാന്‍ അത് അത്യാവശ്യമാണ്.'