Shilpa Shetty
Image: Shilpa Shetty

 

ബോളിവുഡില്‍ ഇത് സാരിക്കാലമാണ്. വിദ്യാ ബാലന്‍, ദീപിക പദുകോണ്‍, ശില്പ ഷെട്ടി താരസുന്ദരികളെല്ലാം സാരിക്ക് പിറകെയാണ്. ഒപ്പം പ്രമുഖ ഡിസൈനര്‍ സബ്യസാചിയുടെ വിവാദസാരി പരാമര്‍ശവും. എന്നാല്‍ സാരി സുന്ദരികള്‍ക്കിടയില്‍ വീണ്ടും താരമായത് സബ്യസാചിയുടെ പരാമര്‍ശത്തേക്കാള്‍ വളരെ മുന്‍പെയാണ്. സാരിയെ എല്ലാവരും ഉപേക്ഷിച്ച ഒരു സമയത്താണ് തന്റെ സിഗ്നേച്ചര്‍ കോസ്റ്റിയൂമായി വിദ്യ ബാലന്‍ സാരിയെ സ്വീകരിക്കുന്നത്. പിന്നെ സാരിയായി വിദ്യയുടെ സ്ഥിരം വേഷം. 

പത്മാവതിയുടെ പ്രചരണ പരിപാടികളുടെ ഭാഗമായാണ് ദീപികയെ പലപ്പോഴും സാരികളില്‍ കണ്ടത്. പരമ്പരാഗതരീതിയില്‍ അതിമനോഹരമായി സാരിയണിഞ്ഞ് ദീപിക ആരാധകരുടെ മനംകവര്‍ന്നു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ശില്പ ഷെട്ടി. മറ്റു താരസുന്ദരികളെ അപേക്ഷിച്ച് സാരി അണിയുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന താരം പക്ഷേ സാരിയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ്. 

ഒറ്റ നോട്ടത്തില്‍ കേരളസാരിയെന്ന് തോന്നുന്ന, വെള്ളയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ബോര്‍ഡറുള്ള സാരിയണിഞ്ഞ ശില്പയുടെ ചിത്രം വളരെ പെട്ടന്നാണ് ഇന്റര്‍നെറ്റ് കീഴടക്കിയത്. സാരിയേക്കാള്‍ ശില്പ സാരിയണിഞ്ഞ രീതിയാണ് എല്ലാവരേയും ഞെട്ടിച്ചത്. പരമ്പരാഗത രീതിയിലുള്ള ഒരു വസ്ത്രത്തെ എത്രത്തോളം മോഡേണ്‍ ആക്കാന്‍ സാധിക്കുമോ അത്രയും മനോഹരമായാണ് അവര്‍ വഹിച്ചിരുന്നത്.

അസിമിട്രിക്കല്‍ ആയി ഉടുത്ത സാരിക്ക് കണങ്കാലോളം മാത്രമായിരുന്നു ഇറക്കം. ഗോള്‍ഡന്‍ ബ്ലൗസ് നന്നായി ചേരുമെന്ന് നാം മനസ്സില്‍ പറയുന്ന ഈ സാരിക്ക് ശില്പ സ്വീകരിച്ചത് സുതാര്യമായ കുറുകെ വരകളുള്ള ഒരു ഓഫ് ഷോള്‍ഡര്‍ ബ്ലൗസാണ്. ബ്ലൗസിന്റെ സ്ലീവും വ്യത്യസ്തമായിരുന്നു. ശില്പയണിഞ്ഞ ട്രാന്‍സ്‌പെരന്റ് ഹീലും ലുക്കിന് എടുപ്പ് നല്‍കി. എമറാള്‍ഡ് കല്ലുകള്‍ പതിപ്പിച്ച സിഗ്നേച്ചര്‍ നെക്ലേസ് മാത്രമായിരുന്നു ശില്പയുടെ ഏക ആഭരണം. 

Shilpa Shetty
Image: Instagram

 

പാം പ്രിന്റ് വരുന്ന നിറങ്ങളുടെ ബാഹുല്യമുള്ള സാരിയണിഞ്ഞ് ശില്പ ആരാധരെ ഞെട്ടിച്ചത് ഈയിടെയാണ്. സാരിയുടെ ബോര്‍ഡറും പാം ഡിസൈനില്‍ തന്നെയായിരുന്നു. ഇളംപച്ച നിറത്തിലുള്ള മിഡില്‍ പാര്‍ട്ടായിരുന്നു ആ സാരിയുടെ പ്രത്യേകത. 

ഗ്രേ നിറത്തിലുള്ള സള്‍ട്രി സാരിയാണ് മറ്റൊന്ന്. പിങ്ക് നിറത്തിലുള്ള തൊങ്ങലുകള്‍ ബോര്‍ഡറില്‍ വരുന്നതാണ് സാരിയിലുളള ഏക വര്‍ക്ക്. സാരിക്ക് മാറ്റുകൂട്ടിയത് അതിമനോഹരമായ ഡിസൈനര്‍ ബ്ലൗസാണ്. ഹാങ്ങിങ് ഇയറിങ്ങ്‌സും ആം കഫും മാത്രമാണ് ഈ സാരിക്കൊപ്പം ശില്പ അണിഞ്ഞ ആക്‌സസറികള്‍. 

Shilpa Shetty
Image:Instagram