ansiba hasanരൊറ്റ കാര്യത്തിനാണ് അന്‍സിബ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി അടിയുണ്ടാക്കുക- കോണ്ടുറിങ് ചെയ്ത് മുഖത്തിന്റെ ആകൃതി തന്നെ മാറ്റിക്കളയുന്നതിന്. സ്വാഭാവികമായുള്ള ഫീച്ചേഴ്സില്‍ മാറ്റം വരുത്തി ആളെത്തന്നെ മാറ്റിയെടുക്കുന്ന പരിപാടി വേണ്ടേ വേണ്ട.

"കവിള്‍ കുറച്ച്, നെറ്റിയൊതുക്കി താടി ഷെയ്പ് ചെയ്ത് നമ്മളെ ആകെ മാറ്റി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതെന്തിനാണ്? ചോദിച്ചാല്‍ പറയും കവിള്‍ കുറയ്ക്കാനാണെന്ന്". അപ്പോള്‍ ഞാന്‍ ചോദിക്കും, കവിള്‍ ഉള്ളവര്‍ക്ക് ഭംഗിയില്ലേ എന്ന്. 

ലാലേട്ടന്റെ വലിയ കവിള്‍ എല്ലാവര്‍ക്കും ഇഷ്ടമല്ലേ? കെ.പി.എസി. ലളിതച്ചേച്ചി, കവിയൂര്‍ പൊന്നമ്മ ഇവര്‍ക്കെല്ലാം വട്ട മുഖമല്ലേ? എന്റെ മുഖം റൗണ്ട് ആണ്. അത് മേക്കപ്പ് ചെയ്ത് നീട്ടുന്നത് ഇഷ്ടമല്ല.

അതേപോലെ കൃത്രിമമായി ഐ ലാഷസ് വെക്കുന്നതും ഇഷ്ടമല്ല. ചിലര്‍ക്ക് സ്വതവേ ഭംഗിയുള്ള കണ്ണുകളായിരിക്കും. ലാഷസ് വെക്കുമ്പോള്‍ അത് ചേരാത്തതായി തോന്നാറുണ്ട്.'' ഓവര്‍ മേക്കപ്പും എനിക്കിഷ്ടമല്ല.

ഒരുപാട് ഫൗണ്ടേഷന്‍ വാരിത്തേച്ച് പല കളറുകള്‍ മിക്സ് ചെയ്ത് പുട്ടി അടിച്ച് നില്‍ക്കുന്നതിനോടും താത്പര്യമില്ല. പക്ഷേ, സമയം കിട്ടാത്തതുകൊണ്ടാണ് പലപ്പോഴും വെറ്റ് ടിഷ്യു ഉപയോഗിച്ച് മേക്കപ്പ് കുറയ്ക്കാന്‍ പറ്റാതെവരുന്നത്. മേക്കപ്പില്ലാതെ പോകാന്‍ പറ്റുമെങ്കില്‍ അതാണ് ഏറ്റവും ഇഷ്ടം. എന്റെ കണ്ണിന് വൈറ്റ് സ്പേസ് കൂടുതലാണ്. കണ്ണെഴുതാതെ പോയാല്‍ ബോറായി തോന്നും. അതുകൊണ്ട് കണ്ണെഴുതാറുണ്ട്. അതും താഴെമാത്രം.

ഐലൈനര്‍കൊണ്ട് എഴുതിയാല്‍ പെട്ടെന്ന് പടരും. എന്റെ കണ്ണില്‍ എപ്പോഴും വെള്ളം നിറഞ്ഞിരിക്കും. ബേബി പൗഡറാണ് ഇടുക. എന്റെ സാധാരണ ചമയം ഇത്രയേയുള്ളൂ. ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍തന്നെ പിങ്ക് ആണ് പ്രിയപ്പെട്ട ഷെയ്ഡ്.  ഇതുവരെ ഫേഷ്യല്‍ ചെയ്തിട്ടില്ല. പൊതുവെ നല്ല മടിയാണ്. അതുകൊണ്ട് കാര്യമായ പൊടിക്കൈകള്‍ ഒന്നും നോക്കാറില്ല. വല്ലാതെ കോലംകെട്ടു എന്നുതോന്നിയാല്‍ മാത്രം തക്കാളിനീര് പുരട്ടി കഴുകിക്കളയാറുണ്ട്.

ആദ്യമൊക്കെ ഹെയര്‍സ്പാ ചെയ്യുമായിരുന്നു. പിന്നെ മുടി സ്മൂത്തനിങ് ചെയ്തു. അപ്പോള്‍ മുടി നന്നായി ഒട്ടിക്കിടക്കാന്‍ തുടങ്ങി. അങ്ങനെ മുടി വെട്ടി. ഇപ്പോള്‍ വീണ്ടും വളര്‍ന്ന് നോര്‍മല്‍ തിക്ക്നെസ്സ് കിട്ടി. ഇനി ആ പരിപാടിക്കില്ല. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാറുണ്ട്. ജിമ്മില്‍ പോവാറുണ്ട്. 56 കിലോ ആയിരുന്നു എന്റെ ഭാരം. റൗണ്ട് ഫിഗര്‍ ആയതുകൊണ്ട് സ്‌ക്രീനില്‍ കൂടുതല്‍ വണ്ണംതോന്നും. അങ്ങനെ 6-8 കിലോ കുറച്ചു. ചോറും തൈരുമായിരുന്നു ഇഷ്ടഭക്ഷണം. അത് കുറച്ചു. നോണ്‍വെജ് കഴിക്കുന്നതും കുറച്ചു.