ചെഞ്ചൊടിയഴക് പെണ്ണിന്റെ സൗന്ദര്യത്തിന് പ്രധാന ഘടകമാണ്. താരസുന്ദരിമാരില്‍ മിക്കവരും ചുണ്ടുകള്‍ വലുതാക്കാന്‍ പല തരം സര്‍ജറികളും മറ്റും ചെയ്തിട്ടുള്ളതാണ്. വേദന സമ്മാനിക്കുന്ന ഇഞ്ചക്ഷനുകളും സര്‍ജറികളും  അതിന്റെ പ്രത്യാഘാതങ്ങളും ഭീമമായ തുകയും. മാത്രമല്ല പലപ്പോഴും ഈ സര്‍ജറി യഥാര്‍ത്ഥ ഫലം നല്‍കി കൊള്ളണമെന്നുമില്ല. ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മ തന്നെ ഉദാഹരണം. ലിപ് സര്‍ജറി നടത്തി ഡക് ഫേസ് എന്ന പേരും നേടിയെടുത്തു അനുഷ്‌ക. ഒരു സര്‍ജറിയുടേയും സഹായമില്ലാതെ ആരും കൊതിക്കുന്ന വശ്യതയുള്ള വലിയ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വെറും ഒരു മിനിറ്റ് മതി. 

  • ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് ആകെയുള്ള ഭംഗിയെ കെടുത്തും. അതൊഴിവാക്കാന്‍ നിത്യവും ചുണ്ടുകള്‍ സ്‌ക്രബ്ബ് ചെയ്യാം. ആ ടൂത് ബ്രഷ് എടുത്ത് ചുണ്ടുകളില്‍ മൃദുവായി സ്‌ക്രബ് ചെയ്‌തോളു. ഇത് രക്തചംക്രമണം കൂട്ടി പനിനീര്‍ പൂ പോലുള്ള ചുണ്ടുകളെ സമ്മാനിക്കും. പല തരത്തിലുള്ള ലിപ് സ്‌ക്രബ്ബ്‌സ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ അതൊന്നും വേണ്ട അല്പം പഞ്ചസാരയും, തേനും മിക്‌സ് ചെയ്ത് അതില്‍ ബ്രഷ് മുക്കിയും ചുണ്ടുകളില്‍ സ്‌ക്രബ് ചെയ്യാം. 
  • ഐസ് ക്യൂബസ് കൊണ്ട് മസ്സാജ് ചെയ്യുന്നത് തുടുത്ത വലിയ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. 
  • ലിപ് ബാം പോലുള്ളവ തിരഞ്ഞെടുക്കുമ്പോള്‍ കര്‍പ്പൂര തുളസി (മിന്റ് ) അടങ്ങിയവ വാങ്ങാന്‍ ശ്രദ്ധിക്കുക. കര്‍പ്പൂര തുളസി രക്തത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ച് ചുണ്ടുകള്‍ക്ക് നിറം നല്‍കുകയും വലുതായി തോന്നിപ്പിക്കുകയും ചെയ്യും.
  • ലിപ്‌സിറ്റിക്കുകള്‍ ഇടും മുന്‍പ് ന്യൂഡ് കളര്‍ ലിപ് പെന്‍സില്‍ കൊണ്ട് ചുണ്ടുകളില്‍ എഴുതുക. ഇത് വിടവുകളും മറ്റും ഇല്ലാതെ വൃത്തിയായി ലിപ്‌സിറ്റിക് ഇടാന്‍ സഹായിക്കുന്നതോടൊപ്പം ചുണ്ടുകളെ വലുതാക്കി തോന്നിപ്പിക്കുകയും ചെയ്യും. 
  • കീഴ്ച്ചുണ്ടുകള്‍ക്ക് ആകൃതി വരുത്താന്‍ കീഴ്ച്ചുണ്ടിന് താഴെ ചര്‍മത്തിന്റെ നിറത്തിനേക്കാള്‍ അല്പം കടുത്ത നിറമുള്ള ബ്രോണ്‍സര്‍ കൊണ്ടോ മറ്റോ നിറം നല്‍കാം. ഇത് കീഴ്ച്ചുണ്ട് വലുതായി തോന്നിപ്പിക്കും.
  • ലിപ് ലൈനര്‍ കൊണ്ട് ചുണ്ടുകള്‍ക്ക് പുറത്തു കൂടി വരച്ച് അകത്ത് ലിപ്സ്റ്റിക് ഇടുക. ഇത് ചുണ്ടുകള്‍ വലുതായി തോന്നിപ്പിക്കും. ലിപ്സ്റ്റിക്കിനു ചേര്‍ന്ന ലിപ് ലൈനര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
  • ലിപ്സ്റ്റിക് ഇടുന്നതിന് മുന്‍പ് ലിപ്ഗ്ലോസ് ഉപയോഗിക്കുന്നതും ഇത്തരത്തില്‍ ചുണ്ടിനെ വലുതാക്കി കാണിക്കാന്‍ സഹായിക്കും.
  • ചുണ്ടുകള്‍ക്ക് നടുവില്‍ ( ക്യൂപിഡ്‌സ് ബോ ) അല്പം ഹൈലൈറ്റര്‍ ഉപയോഗിക്കുക. ചുണ്ടിന് ആകൃതി നല്‍കുന്നതോടൊപ്പം തുടുത്ത ചുണ്ടുകളെന്ന പ്രതീതി ജനിപ്പിക്കാനും ഇത് സഹായിക്കും.