പ്രായമാകുന്നത് തടയാനാവില്ല. പക്ഷെ പ്രായത്തെ ചെറുക്കാൻ ചില വഴികളുണ്ട്. അതാണല്ലോ അമ്പതിന്റെ പടി കടന്നിട്ടും താര സുന്ദരിമാരായ ശ്രീദേവി, മാധുരി, ഹേമ മാലിനി എന്നിവര്‍ ഇപ്പോഴും പതിനെട്ടുകാരികളെപ്പോലെ തിളങ്ങിനിൽക്കുന്നത്. ഓരോ പ്രായത്തിലും പാലിക്കേണ്ട ചില ചര്‍മ പരിപാലനങ്ങള്‍ ഉണ്ട്. അതായത് പ്രായത്തില്‍ മുടക്ക് വരുത്താതെ കൃത്യമായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കും പ്രായത്തെ പടിക്ക് പുറത്തു നിര്‍ത്താനാകും. ആര്‍ത്തവ വിരാമം സംഭവിക്കുന്ന സമയമായതിനാല്‍ അമ്പതിലെത്തുന്നതോടെ ചര്‍മത്തിന്റെ ആകെ സ്വഭാവത്തില്‍ തന്നെ മാറ്റം വരും. ഹോര്‍മോൺ സംബന്ധമായ വ്യതിയാനങ്ങള്‍ ധാരാളം നടക്കുന്നതിനാല്‍  പലപ്പോഴും ചര്‍മം സെന്‍സിറ്റീവാവാനും ഡ്രൈയാവാനും തുടങ്ങുന്നു. ഇത്തരം ചര്‍മത്തിന് ധാരാളം ഹൈഡ്രേഷന്‍ കൂടിയേ തീരൂ. മാത്രമല്ല ചര്‍മത്തിന്റെ തിളക്കം മങ്ങുന്നതും ചര്‍മം തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തുടങ്ങി നിരവധി മാറ്റങ്ങൾ വരുന്നതും സ്വഭാവികം.

 • ചര്‍മത്തിന് ജലീകരണം നല്‍കുന്ന ക്രീമുകളും മീനെണ്ണ പോലുള്ള സപ്ലിമെന്റുകളും എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 • ചര്‍മത്തിന് മൃദുത്വവും ജലീകരണവും നല്‍കുന്ന ബദാം എണ്ണ ഒലിവ് എണ്ണ എന്നിവ കൊണ്ട് നിത്യവും പത്ത് മിനിറ്റ് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. 
 • ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം കളയാത്ത വീര്യം കുറഞ്ഞ ഫേസ് വാഷും മറ്റും ഉപയോഗിക്കുക.
 • റെറ്റിനോളും വിറ്റാമിന്‍ സി യും അടങ്ങിട്ടുള്ള നൈറ്റ് ക്രീമുകള്‍ തിരഞ്ഞെടുക്കണം 
 • ചര്‍മത്തെ പരിപോഷിക്കുന്ന ഹൈലാറൂണിക് ആസിഡ്, ആല്‍ഫ ഹൈഡ്രോക്‌സിക് ആസിഡ് എന്നിവയടങ്ങിയ സെറം ഉപയോഗിക്കാം.
 • കൂടിയ സണ്‍ പ്രൊട്ടക്ഷന്‍ ഉള്ള സണ്‍സ്‌ക്രീന്‍ ധരിച്ചു മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കണം 
 • രണ്ടു ദിവസം കൂടുമ്പോഴെങ്കിലും വീര്യം കുറഞ്ഞ സ്‌ക്രബ് ഉപയോഗിക്കുക. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാനാണിത്.  
 • കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ മാറാന്‍ ചര്‍മത്തിലെ കൊളാജനെ ഉത്തേജിപ്പിക്കുന്ന അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുക. 
 • കാത്സ്യം, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവയുടേ ശരിയായ അനുപാതം ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. അതിനായി കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുക. 
 • ചര്‍മം വളരെ സെന്‍സിറ്റീവ് ആവുന്നതിനാല്‍ ഇക്കാലയളവില്‍ ലേസര്‍ പോലുള്ള ചികിത്സകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് ചര്‍മത്തിലെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ നല്ലത്. 
 • ഹോര്‍മോൺ സംബന്ധമായ വ്യതിയാനങ്ങളുടെ ഭാഗമായി ശരീര ഭാരം പലപ്പോഴും വര്‍ധിക്കാറുണ്ട്. ഇതൊഴിവാക്കാനായി പട്ടിണി കിടക്കുന്നത്, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളു. പോഷക സമ്പുഷ്ടമായ ആഹാരങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കുക.