സുന്ദരിയായിരിക്കാനാണ് എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്. നല്ല രീതിയില്‍ മേക്കപ്പ് ചെയ്ത് പുറത്ത് പോകുന്നത് അവള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി ഇതേ മേക്കപ്പും കൊണ്ട് ഉറങ്ങാന്‍ പോകുന്നവരാണോ നിങ്ങള്‍. എങ്കില്‍ സുന്ദരമായ ചര്‍മത്തെ നശിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

എത്ര ക്ഷീണമുണ്ടെങ്കിലും എത്ര നേരം വൈകിയാലും മുഖത്തിട്ട മേക്കപ്പ് കളഞ്ഞ് ചര്‍മത്തിന് സ്വാഭാവികമായി ശ്വസിക്കാനുള്ള അവസരം ഒരുക്കി കൊടുത്ത ശേഷം മാത്രമേ ഉറങ്ങാന്‍ പോകാവൂ. പലതരം മേക്കപ്പ് റിമൂവറുകള്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. തികച്ചും പ്രകൃതിദത്തമായി തന്നെ മേക്കപ്പ് മുഴുവനായും കളയാന്‍ വഴികളുണ്ട്.

  • വെളിച്ചെണ്ണ 

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വെളിച്ചെണ്ണ. ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള വെളിച്ചെണ്ണ മുടിക്കും ചര്‍മത്തിനും വളരെ നല്ലതാണ്. ഒരല്പം വെളിച്ചെണ്ണ മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം ഒരു പഞ്ഞി വച്ച് മേക്കപ്പ് തുടച്ചുകളയാം. 

  • പാല്‍ 

വളരെ നല്ലൊരു മോയ്‌സ്ച്ചുറൈസറും ക്ലെന്‍സറുമാണ് പാല്‍. അതുപോലെ തന്നെ നല്ലൊരു മേക്കപ്പ് റിമൂവറും. അല്പം പാല്‍ പഞ്ഞിയില്‍ മുക്കി മുഖത്ത് മസാജ്‌ ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. 

  • ബേബി ലോഷന്‍ 

കുഞ്ഞുങ്ങളുടെ ചര്‍മം ഹൈഡ്രേറ്റ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്ന ബേബി ലോഷനും നല്ലൊരു മേക്കപ്പ് റിമൂവറാണ്. അല്പം ലോഷന്‍ ഒരു പഞ്ഞിയിലെടുത്ത് മുഖത്ത് മസാജ്‌ ചെയ്ത് മേക്കപ്പ് എല്ലാം കളയാം.

  • ഒലിവ് എണ്ണ 

ചര്‍മവും മുടിയും സുന്ദരമായി നിലനിര്‍ത്തുന്നതില്‍ ഒലിവ് എണ്ണയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. അല്‍പം ഒലിവ് എണ്ണ മുഖത്ത് മസാജ്‌ ചെയ്ത് പഞ്ഞി വച്ച് മേക്കപ്പ് പൂര്‍ണമായും മാറ്റാം. 

  • വീട്ടിൽ തയ്യാറാക്കാം 

ഓയിലി സ്‌കിന്‍ ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ മേക്കപ്പ് റിമൂവര്‍ തയ്യാറാക്കാം. ഒരു സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തേനും നാരങ്ങാ നീരുമായി യോജിപ്പിച്ച് മേക്കപ്പ് കളയാനായി ഉപയോഗിക്കാം. ശേഷം പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് മുഖത്തെ അമിതമായ എണ്ണമയം കളയാന്‍ ശ്രദ്ധിക്കണം.