"ലിപ്‌സറ്റിക് വാങ്ങാന്‍ കടയില്‍ കയറിയതാണ്. പക്ഷേ,ആകെ മൊത്തം കണ്‍ഫ്യൂഷനായിപ്പോയെന്നേ!!" വിവിധ ഷെയ്ഡുകളിലുള്ള ലിപ്സ്റ്റികില്‍ നിന്ന് ഏത് തെരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിലായി കൂട്ടുകാരോട് ഇങ്ങനെ പറയേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്? 

പല നിറങ്ങളിലുള്ള ലിപ്സ്റ്റിക് കാണുമ്പോള്‍ ഏത് വാങ്ങണമെന്ന് ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്. സൗന്ദര്യമാസികയില്‍ കണ്ട സുന്ദരി അണിഞ്ഞ നിറത്തിലുള്ള ലിപ്‌സറ്റിക് തന്നെ വാങ്ങണമെന്ന് ആഗ്രഹിച്ച് കടയിലെത്തുന്നവര്‍ തനിക്ക് ആ നിറം ചേരുമോ എന്ന് ആലോചിക്കാറില്ലെന്നതാണ് മറ്റൊരു രസകരമായ കാര്യം. സ്വന്തം ചര്‍മ്മത്തിന് ഇണങ്ങാത്ത നിറത്തിലെ ലിപ്സ്റ്റിക് അണിയുന്നത് കൃത്രിമത്വം നിറഞ്ഞ ലുക്കാവും നല്കുക.

പകല്‍ സമയത്തുള്ള വിവാഹ ഫംഗ്ഷനിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കുമ്പോള്‍ ചര്‍മ്മത്തിന് ഇണങ്ങുന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിയാന്‍ ശ്രദ്ധിക്കുക. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ ഡ്രാമാറ്റിക് ലുക്ക് നല്കുന്ന കടുംനിറങ്ങളാണ് ലിപ്സ്റ്റികില്‍ നല്ലത്. അണിയുന്ന
വസ്ത്രങ്ങള്‍ക്കും ഹെയര്‍സ്റ്റൈലിനും ഇണങ്ങുന്നതാവണം ലിപ്സ്റ്റിക്.

  • പിങ്ക്,റെഡ് ഷെയ്ഡുകളിലുള്ള ലിപ്‌സ്റ്റിക് എല്ലാ സ്‌കിന്‍ ടോണുകാര്‍ക്കും ചേരും. 
  • പിങ്ക് കലര്‍ന്ന കോറല്‍ റെഡ്, കടും ചുവപ്പ് നിറങ്ങള്‍ വെളുത്ത ചര്‍മ്മമുള്ളവര്‍ക്ക് ധൈര്യപൂര്‍വ്വം തെരഞ്ഞെടുക്കാം
  • പിങ്ക്, ക്രാന്‍ബെറി റെഡ്, ബ്രിക് റെഡ് എന്നിവയാണ് ഇരുനിറമുള്ളവര്‍ക്ക് അനുയോജ്യമായത്.
  • ബര്‍ഗണ്ടി ഷെയ്ഡ് കലര്‍ന്ന ചുവപ്പോ ബ്രൗണ്‍ നിറമോ ഉള്ള ലിപ്‌സ്റ്റികാണ് ഇരുണ്ട നിറക്കാര്‍ക്ക് ചേരുക.