ജോലി ചെയ്‌തോ വെറുതെ ഇരുന്നോ ബോറടിക്കുമ്പോള്‍ ഒരു കാപ്പി കുടിച്ചാലോ എന്നാണ് മിക്കവരും ചിന്തിക്കുക. ഉറക്കത്തെയും ആലസ്യത്തേയും പമ്പ കടത്താന്‍ കിടിലനൊരു കാപ്പി മതി. അമിതമായുള്ള കാപ്പി കുടി ആരോഗ്യത്തിനത്ര നല്ലതല്ലെങ്കിലും കാപ്പി കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൈപ്പിടിയിലൊതുക്കാം. കട്ട കാപ്പി ഭ്രാന്തികള്‍ക്കും ചായ ഭ്രാന്തികള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ചില കാപ്പി 'പൊടി'കൈകളുണ്ട് സൗന്ദര്യ സംരക്ഷണത്തില്‍.

  • ദീര്‍ഘനേരം കംപ്യുട്ടറിനും ടി.വിക്കും മുന്നില്‍ ചെലവഴിക്കുന്നതും വേണ്ടത്ര ഉറക്കം ലഭിക്കാത്തതും കണ്ണുകള്‍ക്ക് വീക്കവും കണ്ണിന് താഴെ കറുത്ത അടയാളവും ഉണ്ടാക്കും. ഇതൊഴിവാക്കാനായി കാപ്പിപ്പൊടി തണുത്ത പനിനീരിലോ വെള്ളത്തിലോ ചാലിച്ച് കണ്ണിന് മുകളില്‍ പുരട്ടി ഇരുപതു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ഇനി പേസ്റ്റാക്കാനൊന്നും സമയമില്ലെങ്കില്‍ കാപ്പി തിളപ്പിച്ച് ഐസ് ട്രേകളില്‍ ഒഴിച്ചുവച്ച് ആവശ്യാനുസരണം ഓരോന്നെടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് കണ്ണിനു ചുറ്റും മസ്സാജ് ചെയ്യാം.
  • നല്ലൊരു സ്‌ക്രബ്ബ് ആണ് കാപ്പിപ്പൊടി. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മം തിളങ്ങാന്‍ കാപ്പിപ്പൊടി പാലിലോ, പനിനീരിലോ, വെളിച്ചെണ്ണയിലോ, ഒലിവ് എണ്ണയിലോ ചാലിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകി കളയാം.
  • ശരീരത്തിലെ കൊഴുപ്പു നിറഞ്ഞ മാംസഭാഗങ്ങളായ സെല്ലുലൈറ്റുകള്‍ കുറയ്ക്കാന്‍ കാപ്പി കൊണ്ടുള്ള സ്‌ക്രബ്ബ് മതി. കാപ്പിയും പഞ്ചസാരയും അല്പം വെളിച്ചെണ്ണയിലോ, ഒലിവെണ്ണയിലോ ചാലിച്ച് സെല്ലുലൈറ്റുകള്‍ രൂപം കൊണ്ടിടത്ത് മസ്സാജ് ചെയ്യുക. 
  • ആന്റി ഓക്‌സിഡന്റുകള്‍ ധാരാരാളമുള്ള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ കാക്കും.
  • തലയിലെ മൃത കോശങ്ങളെ അകറ്റാനും മുടി കൊഴിച്ചിലും അകാലനര തടയാനും കാപ്പിപ്പൊടി നല്ലതാണ്. ഒരല്പം ഗ്രൗണ്ട് കോഫി നനഞ്ഞ തലമുടിയില്‍ രണ്ട് മിനിറ്റ് നല്ല പോലെ മസ്സാജ് ചെയ്യുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
  • ഒരു 'ഫേഷ്യല്‍ എഫക്റ്റ്' കിട്ടാന്‍ കാപ്പിപ്പൊടി കൊണ്ട് മാസ്‌ക് ഇടാം. കാപ്പിപ്പൊടി പാലിലോ, തൈരിലോ ചാലിച്ച് മുഖത്ത് പാക് ആയി ഇടാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. കാപ്പിയിലടങ്ങിയിട്ടുള്ള കഫൈന്‍ രക്ത ചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തെ തിളക്കമുള്ളതാക്കും. 
  • കാപ്പിപൊടി കൊണ്ട് കാലുകളെയും സുന്ദരമാക്കാം. കാലുകള്‍ പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ അല്പം ഷാംപൂ ഒഴിച്ച് അതില്‍ മുക്കി വെക്കുക. അതിന് ശേഷം അരക്കപ്പ് കാപ്പിപ്പൊടി കുറച്ച് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് കാലുകളില്‍ നല്ലപോലെ മസ്സാജ് ചെയ്യാം. അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഈ കൂട്ട് ബോഡി സ്‌ക്രബ്ബ് ആയും ഉപയോഗിക്കാം.