പിന്നിട്ട ഓരോ യാത്രയും തിരിച്ചറിവുകളിലേക്കുള്ള വഴികളാണ്. കണ്ടുമുട്ടിയ ഓരോ മനുഷ്യ ജീവിതങ്ങള്‍ കണ്ണുതുറപ്പിക്കുന്ന അനുഭവങ്ങളുമാണ് .

2017 ജനുവരിയിലായിരുന്നു രാജസ്ഥാന്‍ യാത്ര. മരുഭൂമിയിലെ ജീവജാലങ്ങളെ അടുത്ത് കാണാന്‍ ജയ്‌സാല്‍മറിലെ ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്കിലേക്ക് രണ്ടര ദിവസം മാത്രം നീക്കി വെച്ചുള്ള യാത്ര പ്രഭാതത്തിലെ മഞ്ഞ് കൂടിയും കുറഞ്ഞും കാഴ്ചകളെ തണുപ്പിച്ചു. മധുരമേറിയ ഇഞ്ചി ചായയും കുടിച്ചു മൂസയുടെ ബൊലേറയില്‍ യാത്ര. 

മരുഭൂമിയിലെ കാഴ്ച്ചകള്‍ക്ക് നിഷ്‌കളങ്കതയുടെ കുളിര്‍മയുണ്ടായിരുന്നു. വിസ്തൃതമായ മണല്‍ കുന്നുകള്‍. അവിടേക്കെത്തുവാന്‍ വരണ്ട വയലുകള്‍ കടക്കണം. ചെറിയ ചെറിയ മണ്‍വീടുകള്‍ കടക്കണം.

അവിടവിടയായ് ചെമ്മരിയാടിന്‍ പറ്റങ്ങള്‍ തണുപ്പില്‍ കൂട്ടം കൂടി കെട്ടിപ്പിടിച്ചു നില്‍ക്കുന്നു. വെള്ളയും കറുപ്പും ചന്തത്തില്‍ കോലാടിന്‍ കൂട്ടങ്ങള്‍ തലകുത്തി മറിഞ്ഞു കളിക്കുന്നു.

desert

ഉച്ച വരെ പക്ഷിച്ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തി തിരികെ വരുമ്പോള്‍ ഗൈഡ് മൂസ ചോദിച്ചു.'ചായ വേണോ?' 'തരിശായി കിടക്കുന്ന ഈ പ്രദേശത്തു നിന്ന് എവിടുന്ന്?' വിശപ്പിന്റെ ക്ഷീണത്തോടെ, സംശയത്തോടെ ചോദിച്ചപ്പോള്‍ ചിരി മാത്രം. ചുവന്ന മണ്ണിലൂടെ വണ്ടി പാഞ്ഞു. ഒടുവില്‍ വിജനമായ ഒരിടത്തെ ചെറിയ മണ്‍വീടിനു മുന്നില്‍ ചെന്ന് നിന്നു.

മുറ്റത്തെ കെട്ട് കട്ടിലില്‍ കൊമ്പന്‍മീശയുമായ് ഗൃഹനാഥന്‍. താഴെ മണ്ണില്‍ കുഞ്ഞുങ്ങള്‍ ഇരിക്കുന്നു, തൊട്ടടുത്ത് സ്ത്രീകള്‍. വീടിനു ചുറ്റും ആട്ടിന്‍ കൂട്ടങ്ങള്‍. ഒരു ഒട്ടകവും...അവരുടെ മുഖത്ത് അപരിചിതത്വം തിളങ്ങി. 

seema

മൂസ പരിചയപ്പെടുത്തി. അവര്‍ ഒരു ഇരുമ്പു കട്ടില്‍ കൊണ്ട് വന്നു..ഇരിക്കാന്‍ പറഞ്ഞു. ഒരാള്‍ ഒരു സ്റ്റീല്‍ ടംബ്ലറുമെടുത്തു ദൂരെ മേയാന്‍ വിട്ട ആടുകളുടെ അടുത്തേക്ക് ഓടി ചായ്ക്കുള്ള പാല് കറക്കാന്‍. മണ്ണകങ്ങളില്‍ നിന്ന് ഓരോരുത്തരായി ഇറങ്ങി വന്നു. ആ കുഞ്ഞു വീട്ടില്‍ പത്തോ പതിമൂന്നു പേരുണ്ടാകും.തപ്പി തടഞ്ഞ ഹിന്ദി വാക്കുകളുമായി ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. 

വീട്ടിലെ കാരണവരമ്മ ,അപരചിതത്വം മാറ്റി ചിരിച്ചു, തട്ടത്തില്‍ പൊതിഞ്ഞ മുഖത്തിനെത്ര ശ്രീത്വം. മൂക്കിനഴകായ് പച്ചക്കല്ലുകള്‍ ചേര്‍ത്തു വെച്ച വലിയ മൂക്കുത്തി. 'ബഹുത് സുന്ദര്‍'ഞാന്‍ മൂക്ക് തൊട്ടു പറഞ്ഞു. ആ അമ്മയുടെ മുഖത്തു അഭിമാനം മിന്നി.

അപ്പോഴേക്കും വീടിനുള്ളിലെ സ്ത്രീകള്‍ ഓരോരുത്തരായി എത്തി എല്ലാവരുടെയും മുഖത്തു മൂക്കുത്തി മിന്നല്‍. ആ മുഖശ്രീ, അവരുടെ പോര്‍ട്രെയ്റ്റ് പകര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നു.പക്ഷെ അവര്‍ അതാഗ്രഹിക്കുന്നില്ല്യാന്ന് മനസ്സിലായി. അവരെ നമ്മള്‍ ബഹുമാനിച്ചേ പറ്റൂ. 

Seema

എന്റെ മുറി ഹിന്ദി കേട്ട് അവര്‍ പൊട്ടിച്ചിരിച്ചു. പിന്നെ കൂട്ടം കൂടി അരത്തിണ്ണയില്‍ ഇരുപ്പായി. കുട്ടികള്‍ മണലില്‍ കിടന്നുരുണ്ടു കളിച്ചു..അവര്‍ക്കിടയിലേക്ക് ആട്ടിന്‍കുട്ടികള്‍ ചാടികളിച്ചു വന്നു. ഇതിനിടയില്‍ ചെറു പുഞ്ചിരിയോടെ മറ്റൊരു പെണ്‍കുട്ടി ആട്ടിന്‍പാലില്‍ ഉണ്ടാക്കിയ ചായയുമായി എത്തി. ചുടു ചായ ഊതി കുടിക്കുമ്പോള്‍ നന്ദിയോടെ അവരെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. 

ഈ കുഞ്ഞു മണ്‍വീട്ടില്‍ ഇത്ര അധികം പേര്‍. അവര്‍ ചിരിച്ചും കളിച്ചും,പിണങ്ങിയും വഴക്കിയിട്ടും സ്‌നേഹിച്ചും ഒരുമിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നു. ഇല്ലായ്മകള്‍ അവര്‍ക്കില്ല. അവര്‍ തന്നെയാണ് അവരുടെ ബലം. ആ മണല്‍ക്കാടും മണ്ണും ആട്ടിന്‍പറ്റവും മാത്രമാണ് അവരുടെ ലോകം. അവരുടെ സന്തോഷം. 

അവര്‍ എത്രയോ സംതൃപ്തരാണ്, നമ്മളെക്കാള്‍. ഒറ്റയാവാന്‍ ശ്രമിക്കുന്ന നമ്മള്‍ എന്തെങ്കിലും നേടുന്നുണ്ടോ'? ചോദ്യങ്ങള്‍ക്കുത്തരമില്ല. പക്ഷെ ഒന്നുണ്ട്, ചില കാഴ്ചകള്‍ നമ്മുക്ക് തിരിച്ചറിവുകളാണ്. സ്‌നേഹശൂന്യമായ 'ഉയരങ്ങളിലേക്ക് ' അല്ല നോക്കേണ്ടത്. സ്‌നേഹനിര്‍ഭരമായ താഴ്ചകളിലേക്കാണ് എന്ന സത്യം. അപ്പോള്‍ മനസ്സ് തിളങ്ങിക്കൊണ്ടിരിക്കും.