ലേഖനത്തിന്റെ തലക്കെട്ടുകണ്ട് നിങ്ങളിൽ പലരും ആശ്ചര്യപ്പെടാനിടയുണ്ട്. അധികംപേരും  വിയോജിപ്പും പ്രകടിപ്പിച്ചേക്കാം. കാരണം ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങളെ അനുസരണാശീലമുള്ളവരാക്കാനും മുതിർന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കാനും നാം കഷ്ടപ്പെടുകയാണ്. പിന്നെന്തിനാണ് നാം അവരെ 'നോ' അല്ലെങ്കിൽ 'അരുത്' എന്നു പറയാൻ പഠിപ്പിക്കുന്നത്? 

ഞാൻ എന്റെ ഒരു അനുഭവം പറയാം. ഒരിക്കൽ സുഹൃത്തിനൊപ്പം ഒരു ഭക്ഷണശാലയിൽപ്പോയി. മുകളിൽ അധികവും റിസർവേഷൻ സീറ്റുകൾ ആയിരുന്നതിനാൽ ഞങ്ങളോട് ബേസ്‌മെന്റിൽ ഇരിക്കാമോ എന്ന് അവിടത്തെ ജീവനക്കാർ ചോദിച്ചു. ശരി എന്നു ഞാൻ പറയാൻ തുടങ്ങുന്നതിനുമുമ്പ് എന്റെ സുഹൃത്ത് ഉറച്ചശബ്ദത്തിൽ പറഞ്ഞു - "തീർച്ചയായും സാധ്യമല്ല".

അതോടെ ഞങ്ങൾക്ക് മുകൾനിലയിൽത്തന്നെ ടേബിൾ ഒരുക്കിത്തരികയും വളരെ സന്തോഷത്തോടെ ഞങ്ങൾ ഭക്ഷണം കഴിക്കുകയും ചെയ്തു. പറ്റില്ല എന്ന് പറയാൻ എന്റെ സുഹൃത്ത് കാണിച്ച ആർജവത്തിൽ എനിക്ക് ആരാധനതോന്നി.

നമ്മളിൽ അധികംപേരും ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ ചെയ്യുന്നതെന്താണ്? സാഹചര്യം മനസ്സിലാക്കുന്നെന്ന് കാണിക്കാനും ഒത്തുതീർപ്പിലെത്താനുമുള്ള ശ്രമമായിരിക്കും അധികം പേരും നടത്തുക. മറ്റുള്ളവർക്കുവേണ്ടി വിട്ടുകൊടുക്കുന്നതിലും അവരോട് അനുഭാവപൂർവം പെരുമാറുന്നതിലും തെറ്റില്ല. എന്നാൽ, എപ്പോഴും ഈ വിട്ടുകൊടുക്കൽ രീതി നല്ലതുമല്ല.

നമ്മുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി ആവശ്യമെങ്കിൽ ശബ്ദം ഉയർത്താനും നാം തയ്യാറാകണം. അതിനാവശ്യമായ ധൈര്യം പ്രകടിപ്പിക്കുകയും വേണം. അരുത് എന്ന് പറയാത്ത നിരവധി ആളുകളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. ഓഫീസിൽ ഏറ്റുവും അധികം ജോലിചെയ്യേണ്ടിവരുന്നയാളെ ശ്രദ്ധിച്ചോളു... അയാൾ ഒരുകാര്യത്തോടും നോ പറയാത്ത വ്യക്തിയായിരിക്കും.

സുഹൃത്തുക്കളുടെ ഒരാവശ്യത്തിനും നോ പറയാത്ത ആളുകളെയും കാണാൻ സാധിക്കും. എന്നാൽ, ഇപ്പറഞ്ഞ ആൾക്ക് എന്തെങ്കിലും ആവശ്യം വരട്ടെ, ആരുമുണ്ടാകില്ല സഹായത്തിന്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനായി സ്വന്തം ആവശ്യങ്ങൾ നിരന്തരം ത്യജിക്കുന്നവരെയും കാണാൻ സാധിക്കും. ചിലപ്പോഴൊക്കെ നാം ഇത്തരക്കാരുടെ പട്ടികയിൽ പെടാറുമുണ്ട്. ഒരു രക്ഷിതാവെന്നനിലയിൽ ഞാൻ ചിന്തിക്കാറുണ്ട്; സ്വന്തം ഇഷ്ടവും ആവശ്യവും തിരിച്ചറിയാനും അതിനുവേണ്ടി ശബ്ദമുയർത്താനും എങ്ങനെ എന്റെ മകളെ പഠിപ്പിക്കാമെന്ന്. 

കുട്ടിയുടെ ആവശ്യത്തോട് പ്രതികരിക്കുക

സ്വന്തം ആവശ്യങ്ങൾക്ക് വിലയുണ്ടെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അവരുടെ ആവശ്യത്തോട് മാതാപിതാക്കൾ പ്രതികരിക്കുക എന്നതാണ്. നിന്റെ ആവശ്യങ്ങൾ പരിഗണന അർഹിക്കുന്നവയാണെന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികളിൽ എത്തുന്നത്. അതുകൊണ്ട് കുട്ടിയുടെ ആവശ്യങ്ങളോട് പ്രതികരിക്കുക. ഇത് സ്വന്തം ആവശ്യങ്ങൾ എന്തെന്ന് തിരിച്ചറിയാനും അതിനുവേണ്ടി നിലകൊള്ളാനും കുട്ടികളെ പ്രാപ്തരാക്കും.

മാതാപിതാക്കൾ ഉദാഹരണങ്ങളാകുക

മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാകുമോ എന്ന് ഭയന്നും മറ്റുള്ളവരുമായി വഴക്കടിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടും മുതിർന്നവരിൽ പലരും നോ പറയാൻ മടിക്കാറുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന കാര്യം ഇതിലൂടെ നടക്കും. എന്നാൽ, അതിലേറെ പ്രാധാന്യമുള്ള, സ്വന്തം താത്പര്യങ്ങളാണ് അവർ വേണ്ടന്നുവെയ്ക്കുന്നത്. എനിക്കറിയാവുന്ന ഒരുപാടുപേർ ഇത്തരത്തിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.

എനിക്ക് വളരെ ഇഷ്ടമാണവരെ. എന്നാൽ, എന്തെങ്കിലും കാര്യം ആവശ്യപ്പെടുമ്പോൾ അവർ ശരിക്കും താത്പര്യത്തോടെയാണോ അത് ചെയ്യുന്നതെന്ന സംശയം പലപ്പോഴും എനിക്കുണ്ടാകാറുണ്ട്. അതുകൊണ്ട് സ്വന്തം താത്പര്യങ്ങൾ വേണ്ടന്നുവെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന മാതാപിതാക്കൾ ആകാതിരിക്കുക. പകരം കുട്ടികൾക്ക് മാതൃകകളാവുക. 

പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ നൽകാം

നമ്മുടെ നാട്ടുരീതിയനുസരിച്ച് പെൺകുട്ടികൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് പരിഗണന നൽകേണ്ടവരും മര്യാദകൾ പാലിക്കേണ്ടവരുമാണ്. പലപ്പോഴും അമിതവിനയം കാണിക്കാൻ പെൺകുട്ടികൾ നിർബന്ധിതരാകാറുമുണ്ട്. ആൺകുട്ടികൾക്ക് ഇതൊന്നും ബാധകമല്ലതാനും. അതുകൊണ്ടുതന്നെ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ പെൺകുട്ടികൾക്കുമുന്നിൽ കടമ്പകൾ ഏറെയാണ്.

കൗമാരക്കാരായ കുട്ടികൾക്കാണ് ഇതിൽ അധികവും നേരിടേണ്ടിവരാറുള്ളത്. നാണം വിചാരിച്ച് അവരിൽ പലരും പിന്നിൽ മാറിനിൽക്കാറുമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ കരുത്തരാകേണ്ടതിനെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കണം. അഭിപ്രായങ്ങൾ തുറന്നുപറയുന്നത് മര്യാദകേടല്ലെന്നും അവരെ ബോധ്യപ്പെടുത്തുക. തുറന്നുപറയാനും സ്വന്തം കരുത്തെന്തെന്ന് അറിയാനും അഭിനന്ദനങ്ങളെ തള്ളണോ അതോ കൊള്ളണോ എന്ന് തീരുമാനിക്കാനും പ്രാപ്തരാക്കുന്ന നിർദേശങ്ങൾ അവർക്കു നൽകുക.

മര്യാദയോടെ എങ്ങനെ നിരസിക്കാം 

രണ്ടുതരത്തിൽ നോ പറയാം. ഒന്ന് ഉറച്ചശബ്ദത്തിൽ മര്യാദപൂർവം. രണ്ട് ആക്രമണോത്സുകമായ രീതിയിൽ. ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. ഒരുകാര്യം നിരസിക്കുമ്പോൾ അത് മര്യാദയോടെ ആകണമെന്ന് കുട്ടികളെ പഠിപ്പിക്കുക. കണ്ണിൽ നോക്കി, ഉറച്ചശബ്ദത്തിൽ അതേസമയം മര്യാദ ഒട്ടും കുറയാതെവേണം നോ പറയാൻ.

ഉപയോഗിക്കുന്ന വാക്കുകളിലും ശ്രദ്ധവേണം. അയഞ്ഞവാക്കുകൾക്കു പകരം ഉറപ്പുള്ള പദങ്ങൾ വേണം ഉപയോഗിക്കാൻ. ആക്രമണോത്സുകമായാണ് നോ പറയുന്നതെങ്കിൽ അതിൽ ദേഷ്യവും വിമർശനവും ഭീഷണിയുമൊക്കെ അടങ്ങിയിട്ടുണ്ടാവും. അത് നന്നല്ലെന്ന് പറഞ്ഞുകൊടുക്കുക. അതുകൊണ്ട് ഈ ശൈലി ഉപയോഗിക്കരുതെന്നും അവരോട് പറയുക. ഈ രീതി പിന്തുടരുന്നത് കുട്ടികൾക്ക് ദോഷംചെയ്യും. ചുരുക്കത്തിൽ മര്യാദക്കാരായ കുട്ടികൾക്കു പകരം നോ പറയാൻ പ്രാപ്തരാക്കി കുട്ടികളെ വളർത്തുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. നോ പറയുക എന്ന ശീലം മാതാപിതാക്കളും വളർത്തിയെടുക്കുക. നിങ്ങൾ കൂടുതൽ സന്തോഷവാന്മാരാകും എന്നത് മാത്രമല്ല ഇതുകൊണ്ടുള്ള ഗുണം; കുട്ടികൾക്ക് മാതൃകകളാകാനും സാധിക്കും.