മുക്കു ചുറ്റുമുള്ള ലോകം യാഥാർഥ്യമെന്നും അയാഥാർഥ്യമെന്നും രണ്ടായി വേർതിരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിനനുസൃതമായി നമ്മുടെ സാമൂഹിക ഉത്തരവാദിത്വങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. വിവാഹം, പിറന്നാൾ, ബിരുദം കരസ്ഥമാക്കൽ, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതുപോലെതന്നെയാണ് സാഹചര്യങ്ങൾക്കനുസൃതമായി സോഷ്യൽ മീഡിയയിലെ സ്റ്റാറ്റസുകൾ നാം മാറ്റുന്നതും. സന്തോഷവും സങ്കടവും അദ്ഭുതവുമൊക്കെ നാം രേഖപ്പെടുത്തുകയും ചെയ്യും.

സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും മൂല്യത്തെക്കുറിച്ച് ബോധമുള്ളവരും എന്നാൽ, സാങ്കേതികവിദ്യയുടെ ലോകത്തുനിന്ന് മനപ്പൂർവം അകലംപാലിക്കാനോ അത് ഒഴിവാക്കാനോ സാധിക്കാത്തവരുമാണ് നമ്മുടെ തലമുറ. അതുകൊണ്ടുതന്നെ സാമൂഹികമായ ഒരു പരിണാമത്തിന്റെ അവസ്ഥയിലൂടെയാണ് നമ്മുടെ തലമുറ കടന്നുപോകുന്നത്. സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും അടിമകളായി കുട്ടികൾ മാറുന്നത് പലപ്പോഴും നമുക്ക് നിസ്സഹായരായി കണ്ടുനിൽക്കേണ്ടിവരാറുണ്ട്. സാങ്കേതികവിദ്യയുടെ കാലത്ത് ജീവിക്കുന്ന മാതാപിതാക്കളായതിനാലും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നാം ബോധവാന്മാരായതുമാണ് ഈ നിസ്സഹായതയ്ക്ക് കാരണം.

സാങ്കേതികവിദ്യയുടെ സ്വാധീനത്തിൽ അകപ്പെടാൻ കുട്ടികളെ അനുവദിക്കണോ വേണ്ടയോ എന്നത് പല മാതാപിതാക്കളെയും കുഴപ്പിക്കുന്ന ചോദ്യമാണ്. മറ്റുള്ളവർ അവകാശപ്പെടുന്നതുപോലെ ഒരു നല്ല കാര്യമാണോ അത്? അതിനെന്തെങ്കിലും ദോഷമുണ്ടാകുമോ? ഏറെക്കാലം ഉപയോഗിച്ചാൽ അതിന്റെ സ്വാധീനഫലം എന്തായിരിക്കും? ക്യാൻസർപോലുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുമോ? ബുദ്ധിവളർച്ച തടസ്സപ്പെടാൻ ഇതു കാരണമാകുമോ? ഇങ്ങനെ പല ചോദ്യങ്ങളും മാതാപിതാക്കളുടെ മനസ്സിൽ ഇടംപിടിക്കും. 

സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ജീവിതത്തിലെ ഒഴിവാക്കാനാകാത്ത സംഗതികളായിമാറി എന്നതിനേക്കാൾ അതൊരു ജീവിതരീതിയായി മാറിയെന്നാണ് എന്റെ നിഗമനം. നിയമങ്ങളും മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും പാലിക്കുന്ന ജീവിതശൈലിയാണ് നിങ്ങളുടേതെങ്കിൽ സാങ്കേതികവിദ്യയുടെ കടന്നുവരവ് അതിനെ പ്രതികൂലമായി ബാധിക്കാനിടയില്ല. സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് മാതാപിതാക്കളെന്നനിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ്. അതേസമയംതന്നെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ കുട്ടികൾക്കുമേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും തത്ത്വദീക്ഷയോടെ അത് ഉപയോഗിക്കാൻ അവരെ ഉപദേശിക്കുകയും വേണം.

സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം?  ഇത് എങ്ങനെ കുട്ടികളെ പഠിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇത്തവണത്തെ ലേഖനത്തിൽ പറയുന്നത്. ഇന്നത്തെ ചുറ്റുപാടിൽ, പ്രായഭേദമില്ലാതെ തന്നെ എല്ലാ കുട്ടികളും ഇന്റർനെറ്റിനും ആധുനിക ഉപകരണങ്ങൾക്കും അടിമപ്പെടാറുണ്ട്. എങ്കിലും കൗമാരക്കാരായ കുട്ടികളിലാണ് ഇതിനോടുള്ള അടങ്ങാത്ത താത്പര്യവും അടിമപ്പെടലും കൂടുതലായി കാണപ്പെടുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോഗത്തെക്കുറിച്ച് കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയോട് മാതാപിതാക്കൾക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കും? അതിന് ചില മാർഗങ്ങളുണ്ട്. അവ പിന്തുടരുകയാണെങ്കിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം വിവേചനപൂർവം എങ്ങനെ നടത്താമെന്ന് കുട്ടികൾക്ക്  പറഞ്ഞുകൊടുക്കാൻ സാധിക്കും. മാത്രമല്ല അതിനെ വിവേചനപൂർവം ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടി പഠിക്കുകയും ചെയ്യും. അതിനുള്ള ചില മാർഗങ്ങൾ ഇതാ:

അവരുടെ 'സുഹൃത്തുക്കളാകുക'

കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോഗത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും നല്ല മാർഗം അവർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന സൈറ്റിൽ നിങ്ങളും അംഗമാവുക എന്നതാണ്. ഒരു ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുക. എന്നിട്ട് നിങ്ങളുടെ കുട്ടിയുടെ സുഹൃത്താവുക. നിങ്ങളുടെ കുട്ടി എന്താണ് ഫെയ്‌സ്ബുക്കിൽ ചെയ്യുന്നതെന്നും എന്തൊക്കെയാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഒക്കെ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. നല്ലതല്ലാത്ത എന്തെങ്കിലും കാണുകയാണെങ്കിൽ എന്താണിത് എന്ന് അവരോട് ചോദിക്കുക. കാര്യങ്ങൾ വഷളാകുന്നതിന് അനുവദിക്കാതെ അതേക്കുറിച്ച് അവരോട് സംസാരിക്കുക. 

കുട്ടികളോട് സംസാരിക്കുക

മാതാപിതാക്കൾ എങ്ങനെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കുട്ടികളോട് തീർച്ചയായും സംസാരിക്കണം. കാരണം ഇത്തരം സന്ദർഭങ്ങളിൽ അവർ (കുട്ടികൾ) എങ്ങനെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്ന് മാതാപിതാക്കളോട് പറയും. സോഷ്യൽ മീഡിയയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇത്തരം സംഭാഷണങ്ങൾ കുട്ടികളെ ബോധവാന്മാരാക്കും എന്നതിൽ സംശയംവേണ്ട. തെറ്റായരീതിയിൽ ഉപയോഗിച്ചാലുണ്ടാകുന്ന പരിണിതഫലങ്ങളെക്കുറിച്ചും മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. 

എല്ലാവർക്കും കാണാവുന്നിടത്ത് കംപ്യൂട്ടർ വെയ്ക്കുക

ഒറ്റനോട്ടത്തിൽ കാണാവുന്നിടത്തുവേണം വീട്ടിൽ കംപ്യൂട്ടർ വെയ്ക്കേണ്ടത്. കുട്ടികൾ എത്രനേരം സോഷ്യൽ മീഡിയയ്ക്കുമുന്നിൽ ചെലവഴിക്കുന്നു, എന്തൊക്കെ കാണുന്നു തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഇതു സഹായകരമാകും. മൊബൈൽ ഫോൺ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുന്നതും നല്ലതാണ്. കാരണം മൊബൈൽ സ്‌ക്രീനീൽ കണ്ണുനട്ട് ഇരിക്കാനുള്ള സമയമല്ലിത്, കൗമാരം അവർ നല്ലരീതിയിൽ ആഘോഷിക്കട്ടെ. 

കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുക

സാഹചര്യത്തിന്റെ ഗുരുതരസ്വഭാവത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരോട് തുറന്നുപറയുക എന്നതാണ്. സോഷ്യൽ മീഡിയയിലെ നിങ്ങളുടെ ചെയ്തികൾ ആ ലോകത്തിന് മുഴുവനും കാണാൻ സാധിക്കുമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ നിങ്ങൾ ഒരു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ അത് ഒരുപാടുപേരിലേക്കാണ് എത്തിച്ചേരുന്നത്. അതു മനസ്സിലാക്കിവേണം ചിത്രങ്ങളും മറ്റും ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്യാൻ എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. പ്രൈവസി സെറ്റിങ്‌സുകൾ ഉപയോഗിക്കാൻ നിർദേശിക്കുകയോ നിങ്ങൾതന്നെ അവ സെറ്റുചെയ്യുകയോ ആവാം. 

കംപ്യൂട്ടർ/മൊബൈൽ ഉപയോഗിക്കുന്ന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്താം

കുട്ടികൾ കംപ്യൂട്ടറിനും മൊബൈലിനും മുന്നിൽ ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താം. പകരം മറ്റു വിനോദങ്ങളിൽ വായന, കളികൾ തുടങ്ങിയവയിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കാം. ഇത്തരം  കാര്യങ്ങളിൽ ഏർപ്പെടുന്നത് അവരുടെ ബുദ്ധിവികാസത്തെയും സഹായിക്കും. 
കുട്ടികളുമായി തുറന്നരീതിയിൽ ആശയവിനിമയം നടത്തുക, അവരുമായി മികച്ചബന്ധം സ്ഥാപിക്കുക എന്നിവയിലൂടെ മാത്രമേ സാങ്കേതികവിദ്യയുടെ ഭാഗമായ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് സാധിക്കുകയുള്ളൂ.

ഇടയ്ക്കിടെയുള്ള ഹൃദയംതുറന്നുള്ള സംഭാഷണങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് രക്ഷാകവചമാകും. ചിലപ്പോഴൊക്കെ ഇത്തരം സംഭാഷണങ്ങൾ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും നിങ്ങളുടെ സമയത്തിന്റെ വലിയൊരു പങ്ക് അപഹരിക്കുകയും ചെയ്തേക്കാം. എന്നാൽ, സുരക്ഷിതമായ, കേടുപറ്റാത്ത ഒരു കുടുംബത്തിന്റെ നിർമിതിക്ക് ഇവ അനിവാര്യമാണ്.

(ഓൺലൈൻ അധ്യയന സ്ഥാപനമായ ലേണിങ്‌ അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)