"നിനക്കെന്താ നിന്റെ കൂട്ടുകാരിയെയും വിളിച്ച് നീന്തൽക്കുളത്തിലൊന്നു നീന്താൻ പോയാൽ? എന്തിനാ വെറുതേ കൂട്ടിലിട്ടിരിക്കുന്നപോലെ ഇവിടെയിരിക്കുന്നത്?  ഇരിക്കുന്നത് കണ്ടാൽ തോന്നും ആരും കൂട്ടില്ലാത്തതുകൊണ്ടാണെന്ന്". ഒമ്പതുവയസ്സുകാരിയായ മകളോട് അലറിവിളിച്ചുകൊണ്ടുള്ള എന്റെ സുഹൃത്തിന്റെ ചോദ്യശരങ്ങളായിരുന്നു ഇവ.

മകളുടെ തിരികെയുള്ള പ്രതികരണവും അമ്മയുടേതിനുസമാനമായ ശബ്ദത്തിലായിരുന്നു. "എല്ലാ ദിവസവും അവരെ ഞാൻ വിളിക്കാറുണ്ട്. ആർക്കും ഒഴിവുസമയമില്ലത്രെ. അവർക്കൊക്കെ ട്യൂഷനുണ്ട്. അവർക്കൊക്കെ ടി.വി. കണ്ടാൽ മതിയത്രെ". എന്തായാലും മകളുമായുള്ള സംഭാഷണം അങ്ങനെ അവസാനിപ്പിക്കാൻ എന്റെ സുഹൃത്ത് തയ്യാറായിരുന്നില്ല.

അവർ കുറച്ച് മയത്തിൽ കുഞ്ഞിനോട് ചോദിച്ചു. "നീ ഇപ്പോൾ കൂട്ടുകാരെ വിളിച്ചിരുന്നോ?"‘‘ഇല്ല. എനിക്ക് അവരെ വിളിക്കാൻ തോന്നുന്നില്ല’’-മകൾ മറുപടി പറഞ്ഞു. പറഞ്ഞ് അവസാനിപ്പിച്ചതും മകളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവളെ ആശ്വസിപ്പിക്കാൻ എന്റെ സുഹൃത്തിന് കുറച്ചധികം സമയംവേണ്ടി വന്നു. എന്നാൽ എന്തിനാണ് മകൾ കരഞ്ഞതെന്ന് ആ അമ്മയ്ക്ക് മനസ്സിലായിരുന്നില്ല. മകൾ അമ്മയോട് കാരണം പറഞ്ഞതുമില്ല.

പിന്നീട് ഞാനും മേൽപ്പറഞ്ഞ സുഹൃത്തും സംസാരിക്കാൻ ഇടയായി. അതിനിടയിൽ ആ വിഷയവും പരാമർശവിധേയമായി. കൂട്ടുകാരെ വിളിക്കാനോ അവരോട് എന്തെങ്കിലും കാര്യം ആവശ്യപ്പെടാനോ മകൾ മടി കാണിക്കുന്നതെന്തുകൊണ്ടാവും എന്ന് ഞങ്ങൾ ആലോചിക്കാൻ തുടങ്ങി. അവസാനം ഞങ്ങൾക്ക് കാര്യം മനസ്സിലായി. 

എന്തെങ്കിലും കാര്യത്തിൽ ആരെങ്കിലും 'നോ' എന്ന് പറയുന്നതിനെ അംഗീകരിക്കാൻ കഴിയാത്തതാണ് അവളെ കൂട്ടുകാരെ വിളിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. അല്ലാതെ അവൾക്ക് പുറത്തുപോയി കളിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ താത്പര്യമില്ലാഞ്ഞിട്ടോ അല്ല. 'നോ' എന്ന വാക്കിനെ ആ കുട്ടി അത്രമാത്രം ഭയന്നിരുന്നു. 

എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയാണ് നമ്മുടെ കുട്ടികളിന്നു വളരുന്നത്. അതുകൊണ്ടുതന്നെ ‘നോ’ എന്ന് എന്തെങ്കിലും കാര്യത്തിൽ കേൾക്കേണ്ടി വന്നാൽ അത് ഉൾക്കൊള്ളാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നില്ല. അവരുടെ മനസ്സ് ഒരു 'നോ' യെ ഉൾക്കൊള്ളാൻ മാത്രം പരുവപ്പെടുന്നില്ലെന്നുവേണം മനസ്സിലാക്കാൻ. വീട്ടിൽനിന്നു കേൾക്കുന്ന ഒരു ‘നോ’ അംഗീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ജീവിതത്തിലെ മറ്റ് അവഗണനകളെ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ സാധിക്കാതെ വരും.

ജീവിതത്തിലെ നല്ലതിനെയും ചീത്തയെയും ഉൾക്കൊള്ളാൻ കരുത്തുള്ളവരായി വേണം മാതാപിതാക്കൾ കുട്ടികളെ വളർത്താൻ. ഇതോടൊപ്പംതന്നെ വൈകാരികപക്വതയുള്ളവരായി കുട്ടികളെ വളർത്തുക എന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. വീട്ടിൽനിന്നുതന്നെ ഇതിനുള്ള പരിശീലനം നൽകേണ്ടതാണ്.

കുട്ടികളോട് ‘നോ’ എന്നുപറയുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വിഷമമുള്ള കാര്യമാണ്, പ്രത്യേകിച്ച് അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനുള്ള പ്രാപ്തി നിങ്ങൾക്കുള്ളപ്പോൾ. ആദ്യമൊക്കെ 'നോ' എന്നുപറയുമെങ്കിലും അവസാനം കുട്ടികളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയാണ് സാധാരണ മാതാപിതാക്കളുടെ പതിവ്. എന്നാൽ ഇനിയും വൈകിയിട്ടില്ല. 'നോ' എന്ന് കേൾക്കുമ്പോൾ പതറാതിരിക്കാൻ കുട്ടികളെ ഇനിയും പഠിപ്പിക്കാവുന്നതേ ഉള്ളൂ. ഇതിനായി ചില മാർഗങ്ങളിതാ...

കുട്ടികൾക്കുമേൽ നിയന്ത്രണം ഉണ്ടാവണം

ചെറുപ്പം മുതൽക്കുതന്നെ കുട്ടികൾക്കുമേൽ മാതാപിതാക്കളുടെ നിയന്ത്രണം ഉണ്ടായിരിക്കണം. കൃത്യതയും വ്യക്തതയും ഉള്ളതായിരിക്കണം ഇത്തരം നിയന്ത്രണങ്ങൾ. ഉദാഹരണമായി, രണ്ടുവയസ്സുള്ള കുട്ടിയെ തെരുവിലൂടെ നടക്കാൻ അനുവദിക്കേണ്ടതില്ല. അതുപോലെതന്നെ മൂന്നുവയസ്സുകാരനെ നീന്തൽക്കുളത്തിലേക്കും വിടേണ്ടതില്ല. ഇത്തരത്തിൽ നിയന്ത്രണങ്ങൾ കുട്ടികൾക്കുമേൽ ഏർപ്പെടുത്തുക. 

ചിലപ്പോഴൊക്കെ കുട്ടികൾ അനുസരിക്കാതിരിക്കാനുള്ള പ്രവണത കാണിച്ചേക്കാം. ഉത്സാഹത്തിന്റെ പുറത്ത് ഓടിപ്പോകാനും ശ്രമിച്ചേക്കാം. ഇക്കാര്യം മാതാപിതാക്കളുടെ മനസ്സിൽ ഉണ്ടായിരിക്കണം. ഇത്തരം സാഹചര്യങ്ങളിൽ അവരെ വീട്ടിലെ ഒരു മുറിയിലേക്ക് കൊണ്ടുപോവുക. അവിടെയിരുത്തി അവരോട് സമാധാനപൂർവം സംസാരിക്കുക. 

ലളിതമായും അതേസമയം ഗൗരവം ചോർന്നുപോകാതെയും കാര്യം അവരെ പറഞ്ഞു മനസ്സിലാക്കുക. എന്നിട്ട് അവരോട് ചോദിക്കുക. വീണ്ടും പുറത്തുപോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന്. കുട്ടി കാര്യം മനസ്സിലാക്കുന്നതുവരെ അവരെ പറഞ്ഞ് മനസ്സിലാക്കുക. ഇനി അനുസരണക്കേട് കാണിക്കാനുള്ള ത്വര കടയിലോ മറ്റോെവച്ചാണ് കുട്ടികൾ കാണിക്കുന്നതെന്നിരിക്കട്ടെ, കാറിൽെവച്ചോ കടയുടെ ഒതുങ്ങിയ സ്ഥലത്തുെവച്ചോ കുട്ടിയോട് കാര്യം പറയാം.

ഒരു കാര്യത്തിന് നിങ്ങൾ നോ പറഞ്ഞെന്നിരിക്കട്ടെ, നിങ്ങളെ എങ്ങനെയെങ്കിലും സമ്മതിപ്പിക്കാനുള്ള ശ്രമമാകും കുട്ടികൾ നടത്തുക.ഇനി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താത്പര്യമില്ലെന്ന് കുട്ടിയോട് ഉറപ്പിച്ചു പറയുക. പക്ഷേ... പക്ഷേ... എന്നു പറഞ്ഞ് നിങ്ങളെ എങ്ങനെയെങ്കിലും സമ്മതിക്കാനായിരിക്കും കുട്ടിയുടെ ശ്രമം. ഇതിന് വഴങ്ങാതിരിക്കുക. വീണ്ടും അവർ പറയുന്നത് കേൾക്കാൻ നിന്നാൽ കുട്ടികൾ അതൊരു ശീലമാക്കി എടുക്കും. അതിന് അവസരം സൃഷ്ടിക്കാതിരിക്കുക.

അങ്ങനെ ചെയ്യരുതെന്ന് എന്തുകൊണ്ടാണ് നിങ്ങൾ പറഞ്ഞതെന്ന് കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുക. കൂടുതൽ വിശദീകരണത്തിന് മുതിരാതിരിക്കുക. ഇനി നിങ്ങൾ പറഞ്ഞ ഒരു കാര്യം അനുസരിക്കാൻ കുട്ടി തയ്യാറാകുന്നില്ലെന്ന് കരുതുക. അവരോട് ദേഷ്യപ്പെടേണ്ടതില്ല. കാരണം നിങ്ങൾ ഇത്രയും കാലം അവരുടെ വാശിക്കുമുന്നിൽ വഴങ്ങിക്കൊടുത്തിരുന്നു. ആ ശീലത്തിന്റെ പുറത്താണ് കുട്ടികൾ അനുസരണക്കേട് കാണിക്കുന്നതെന്ന് ഓർക്കുക. 

ഒറ്റദിവസംകൊണ്ട് കുട്ടികൾ നിങ്ങളുടെ നിർദേശങ്ങളും നിയന്ത്രണങ്ങളും അംഗീകരിക്കുമെന്ന്  വിചാരിക്കരുത്. പതിനഞ്ചാമത്തെ വയസ്സിലാണ് കുട്ടിക്കുമേൽ നിങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങുന്നതെന്നിരിക്കട്ടെ, അത്രയും നാൾ ഇല്ലാതിരുന്ന നിയന്ത്രണങ്ങളാണ് അവർക്കു മേൽ നിങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മനസ്സിലാക്കുക.

അതുകൊണ്ടുതന്നെ ശ്രദ്ധാപൂർവം വേണം കാര്യങ്ങൾ നടപ്പാക്കാൻ. ഇക്കാര്യത്തിൽ നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിലുള്ള പോരാട്ടം ഒരുപക്ഷേ, ആറുമാസം മുതൽ ആറുവർഷംവരെ നീണ്ടുനിന്നേക്കാം. ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളൊന്നും നിങ്ങളുടെ കുട്ടിക്ക് ഇല്ലെങ്കിൽ ക്രമേണ അവർ അനുസരണാശീലമുള്ളവരായി മാറിക്കോളും. ഓർക്കുക, ഏതു സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാക്കി കുട്ടികളെ മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ്‌ നിങ്ങൾ ഓരോ ദിവസവും നടത്തുന്നത്. ‘നോ’ എന്നുകേട്ടാൽ പതറാത്തവരായി കുട്ടികളെ മാറ്റുക എന്ന  ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഘട്ടം ഘട്ടമായി നിങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)