ഴിഞ്ഞ ലേഖനത്തിൽ പറഞ്ഞതുപോലെ, ചില പ്രധാനജീവിതരീതികൾ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അർഥപൂർണവും കൃത്യതയുമാർന്ന ജീവിതം നയിക്കാൻ ഇത് അവരെ പ്രാപ്തരാക്കും. അത്തരത്തിലൊന്നാണ് പണത്തിന്റെ മൂല്യവും അതിന്റെ കൈകാര്യം ചെയ്യലിനെക്കുറിച്ചും കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കുക എന്നത്.

കുട്ടികൾക്കു മുന്നിൽ വെച്ച് സാമ്പത്തികകാര്യങ്ങൾ ചർച്ച ചെയ്യുന്നരീതി ഈയടുത്തകാലം വരെയും ഇന്ത്യൻ കുടുംബങ്ങളിലുണ്ടായിരുന്നില്ല. സാമ്പത്തികകാര്യങ്ങളിൽ നിന്ന്‌ കുഞ്ഞുങ്ങളെ അകറ്റിനിർത്തുന്നത്, അവരെ സമാധാനത്തോടെ വളരാൻ അനുവദിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ കാഴ്ചപ്പാട്.

അതുകൊണ്ട് തന്നെ വീട്ടിലെ സാമ്പത്തികകാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് പല കുട്ടികളും വളർന്ന്‌ വരിക. എത്ര പണം അവർക്ക് ചെലവാക്കാന്‍ സാധിക്കുമെന്നോ എന്തിനൊക്കെ ചെലവഴിക്കാമെന്നോ ചെലവഴിക്കണമെന്നോ കുട്ടികൾക്ക് ധാരണയുണ്ടാകില്ല.

അതുപോലെത്തന്നെ എന്താണ് ബാങ്ക്, അവിടെ ചെയ്യുന്നതെന്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും കുട്ടികൾ അജ്ഞരായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യപാഠങ്ങൾ കുട്ടികൾക്ക് കുടുംബത്തിൽനിന്ന് ലഭിക്കാറില്ലെന്നു മാത്രമല്ല സ്കൂളുകളിലും ഇക്കാര്യങ്ങൾ അവരെ പഠിപ്പിക്കുന്ന സമ്പ്രദായവും നിലവിലില്ല. അപ്പോൾപ്പിന്നെ പണത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നവരായി വേണം കുട്ടികൾ വളർന്നുവരാൻ എന്ന് നമുക്ക് എങ്ങനെ ശഠിക്കാനാവും?

തെറ്റുകളിൽനിന്നാണ് പാഠങ്ങൾ പഠിക്കുക എന്നത് വളരേ വലിയൊരു സത്യമാണ്. എന്നാൽ മുതിർന്നവരും മാതാപിതാക്കളും എന്ന നിലയിൽ, പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ? 

ജീവിതത്തിന് അനിവാര്യമായ ഘടകങ്ങളിലൊന്നാണ് പണം. പണത്തിന്റെ മൂല്യത്തെക്കുറിച്ചും അത് സമ്പാദിക്കുന്നതിനെക്കുറിച്ചും കുട്ടികൾക്ക് എത്ര നേരത്തെ പറഞ്ഞുകൊടുക്കാമോ അത്രയും നേരത്തെ പറഞ്ഞുകൊടുക്കുക. അപ്പോൾ സാമ്പത്തിക അച്ചടക്കമുള്ളവരായി കുഞ്ഞുങ്ങൾ വളർന്നു വരും. മാത്രമല്ല, ചെറുപ്പം മുതൽക്കുതന്നെ പണത്തോട് ബഹുമാനമുള്ളവരും അത് ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായും അവർ മാറും. സാമ്പത്തിക അച്ചക്കമുള്ളവരായി കുട്ടികളെ വളർത്താനുള്ള ചില നിർദേശങ്ങളിതാ. 

പണത്തെപ്പറ്റിയും പഠിക്കാം

കുട്ടികൾ സ്കൂളിൽ ഗണിതപഠനം ആരംഭിക്കുമ്പോൾ ത്തന്നെ പണത്തിന്റെ മൂല്യത്തെക്കുറിച്ച് അവരെ വീട്ടിൽ പഠിപ്പിച്ച് തുടങ്ങുക. പണത്തിന്റെ മൂല്യത്തെ ക്കുറിച്ച് അവർക്ക് മനസ്സിലാകും വിധത്തിലുള്ള കളികൾ നിർദേശിക്കുക. പണം എന്തിനാണ്? അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും ഇതിലൂടെ അവർക്ക് മനസ്സിലാകും. 

സമ്പാദ്യശീലം വളർത്താൻ പിഗ്ഗി ബാങ്കുകൾ

കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ അവർക്ക് പിഗ്ഗി ബാങ്കുകൾ(പന്നിക്കുട്ടിയുടെ ആകൃതിയിലുള്ള കുടുക്ക) സമ്മാനിക്കുക. പണം സൂക്ഷ്മതയോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കാൻ ഈ സമ്മാനം അവരെ പഠിപ്പിക്കും. ഒരു നിശ്ചിതകാലയളവിനുള്ളിൽ ഇത്ര പണം പിഗ്ഗി ബാങ്കിൽ നിക്ഷേപിക്കാൻ കുട്ടികൾക്ക് നിർദേശം നൽകാം.

അല്ലെങ്കിൽ നിശ്ചിതമൂല്യമുള്ള നാണയങ്ങൾ നിക്ഷേപിക്കാനും ആവശ്യപ്പെടാവുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ പിഗ്ഗി തുറക്കുക. എത്ര പണമുണ്ടായിരുന്നെന്ന് എണ്ണിത്തിട്ടപ്പെടുത്തുക.

പിഗ്ഗി ബാങ്ക് തുറക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തുകയോ വീഡിയോ എടുക്കുകയോചെയ്യാം. സമ്പാദ്യത്തിന്റെ സന്തോഷം ഓർമയിൽ നിർത്താൻ ഇവ  കുഞ്ഞുങ്ങളെ സഹായിക്കും. രേഖകൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഇത് സഹായിക്കും. 

കുട്ടിക്ക് ബാങ്കുമായി പരിചയം ഉണ്ടാക്കുക

കുട്ടികളെ ബാങ്കിൽ കൊണ്ടുപോവുകയും അവരുടെ പേരിൽ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്യുക. ബാങ്കിലുള്ളവരുമായി സംസാരിക്കാനും നടപടികളെക്കുറിച്ച് മനസ്സിലാക്കാനും അവരെ അനുവദിക്കുക. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ അവർ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ മേൽനോട്ടത്തിൽ, ആഴ്ചയിലോ മാസത്തിലോ ഒരു നിശ്ചിതതുക അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവരോട് ആവശ്യപ്പെടുക. സ്വന്തം പേരിൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടാകുന്നതും അതിൽ നിക്ഷേപിക്കുന്നതും കുട്ടികളിൽ അഭിമാനബോധം വളർത്താൻ സഹായിക്കും. മാത്രമല്ല സമ്പാദ്യശീലം വളരാനും ഇത് അവരെ പ്രോത്സാഹിപ്പിക്കും.

സ്വന്തമായി ഷോപ്പിങ് നടത്താൻ അനുവദിക്കുക

ഷോപ്പിങ്ങിനു പോവുമ്പോൾ കുട്ടിക്കായി ചെലവഴിക്കാനുദ്ദേശിക്കുന്ന പണം അവരെതന്നെ ഏൽപ്പിക്കുക. സാധനങ്ങൾ വാങ്ങാൻ കുട്ടികളെ അനുവദിക്കുക. അവർ പണം ഏതുതരത്തിൽ ചെലവഴിക്കുന്നവരാണെന്ന് നിരീക്ഷിക്കുക. കൊടുത്ത പണത്തിൽ കൂടുതൽ ചെലവഴിക്കുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്ന് പറഞ്ഞുകൊടുക്കുക. ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ശ്രദ്ധാപൂർവം പണം ചെലവഴിക്കാനും പറഞ്ഞുകൊടുക്കുക. 

കുട്ടിക്ക് പണം പണമായി നൽകുക.

കുട്ടികൾക്ക് ഷോപ്പിങ്ങിന് ക്രെഡിറ്റ് കാർഡ് നൽകാതിരിക്കുക. കാരണം തത്സമയം കൈയിൽ പണം ഇല്ലെങ്കിലും ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. നാം ഉപയോഗിച്ച് സൗകര്യത്തിന് പിന്നീട് അധികതുക നൽകേണ്ടിയും വരും.

അതുകൊണ്ട് കൈയിൽ സൂക്ഷിച്ചിരിക്കുന്ന പണം കൊണ്ട് ഷോപ്പിങ് നടത്താൻ കുട്ടികളെ പഠിപ്പിക്കുക. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനുള്ള ഏറ്റവും നല്ലമാർഗം നാം അക്കാര്യത്തിൽ അവർക്ക് മാതൃകകളാവുക എന്നതാണ്.

പണം ശ്രദ്ധാപൂർവം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതിന് നാം കുട്ടികൾക്ക് ഉദാഹരണങ്ങളാവുക. മുകളിൽ പറഞ്ഞ നിർദേശങ്ങൾ ലളിതമാണെന്നു മാത്രമല്ല ഉത്തരവാദിത്വപൂർവം പണം കൈകാര്യം ചെയ്യാൻ അവരെ പഠിപ്പിക്കുന്നവയുമാണ്.

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)