നിങ്ങളൊരു വീട്ടമ്മയാണല്ലേ? അപ്പോൾ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമല്ലേ. ഒരുപാട് ഒഴിവുസമയവും ലഭിക്കുമല്ലോ? വീട്ടമ്മമാരായ എന്റെ ചില സുഹൃത്തുക്കൾക്ക് പലപ്പോഴും നേരിടേണ്ടിവരുന്ന ചോദ്യങ്ങളാണ് ഇവയൊക്കെ. ഇനി നിങ്ങൾ താമസിക്കുന്നത് നഗരങ്ങളിലാണെങ്കിൽ ഇത്തരം ചോദ്യങ്ങളുടെ തോതും കൂടും. കാരണം നഗരങ്ങളിൽജീവിക്കുന്ന സ്ത്രീകളിലധികവും ജോലിയുള്ളവരായിരിക്കും. ചിലർ ഇത്തരം ചോദ്യംകൊണ്ടും നിർത്താതെ ഒരു പടികൂടെ മുന്നോട്ടുകടക്കും. ഭർത്താവിന്റെ സമ്പാദ്യമെല്ലാം ചെലവഴിക്കാനല്ലാതെ വീട്ടമ്മമാരെക്കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും അവർ സ്ഥാപിച്ചുകളയും.

വീട്ടമ്മമാരെക്കുറിച്ച്  ഒരു ചിത്രം ആളുകൾ അവരുടെ മനസ്സിൽ വരച്ചിട്ടുണ്ട്. ദിവസം മുഴുവൻ കിടന്നുറങ്ങുന്ന, ടി. വി. കാണുന്ന, ഇന്റർനെറ്റിൽ നോക്കിക്കൊണ്ടിരിക്കുന്ന, ഷോപ്പിങ്ങിനു പോകുന്ന, കിറ്റി പാർട്ടികൾ നടത്തുന്നവർ. ചിലപ്പോൾ അപ്രതീക്ഷിതമായി കുട്ടികളിൽനിന്നും ഭർത്താക്കന്മാരിൽനിന്നുപോലും ഇത്തരം പരാമർശങ്ങൾ വീട്ടമ്മമാർക്ക് കേൾക്കേണ്ടി വരാറുണ്ട്.

ശരിയാണ് ഭക്ഷണമുണ്ടാക്കാൻ സഹായിക്കുന്ന യന്ത്രങ്ങളുണ്ട്, മൈക്രോവേവ് അവനുകളുണ്ട്. തുണിയലക്കാൻ വാഷിങ് മെഷീനുകളുണ്ട് സ്വിച്ചിട്ടാൽമതി ഇവയൊക്കെ ജോലി ചെയ്തോളും. അതുകൊണ്ടുതന്നെ വീട്ടുജോലികൾ വളരെയെളുപ്പത്തിൽ തീർക്കാവുന്നതാണെന്നാണ് എല്ലാവരുടെയും ധാരണ. പക്ഷെ ഈ യന്ത്രങ്ങളെല്ലാം പ്രവർത്തിക്കുന്നത് സ്വിച്ച് ഇടുന്നതിനുശേഷം മാത്രമാണ്.

യന്ത്രങ്ങളുടെ സ്വിച്ച് ഇടാൻ ഒരാൾ വേണം എന്നുസാരം. വാഷിങ് മെഷീനിൽനിന്ന് തുണികൾ എഴുന്നേറ്റ് നടന്നുപോയി അഴയിൽ സ്വയംതൂങ്ങില്ല. അഴയിൽക്കിടന്ന് ഉണങ്ങിയ ശേഷം സ്വയംതേച്ച് മടങ്ങി അലമാരയിൽ കയറിയിരിക്കില്ല. നമുക്കിഷ്ടമുള്ള പഴങ്ങളും പച്ചക്കറികളുമൊന്നും സ്വമേധയാ റഫ്രിജറേറ്ററിനുള്ളിൽ കയറിയിരിക്കില്ല. വീട്ടിലെ കാര്യങ്ങൾ കൃത്യമായുംവെടിപ്പായും നടപ്പാക്കുന്ന  വീട്ടമ്മമാരെ പലപ്പോഴും നാം മറക്കും. അവർ ചെയ്യുന്ന ജോലികളെ പരിഗണിക്കാനും മറക്കും. 

സ്ത്രീകൾ സ്വതന്ത്രരായിരിക്കേണ്ടതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ ഇന്നത്തെ ലോകത്തിൽ നടക്കുന്നുണ്ട്. അവൾ സ്വതന്ത്രയായിരിക്കേണ്ടതിനെക്കുറിച്ചും അവളുടെ സാമ്പത്തിക സ്രോതസ്സ് ഭർത്താവ് ആകാതിരിക്കേണ്ടതിനെക്കുറിച്ചും മറ്റും. ചൂണ്ടിക്കാണിക്കാൻ കൃത്യമായി ഒരു ജോലിയുണ്ടെങ്കിൽമാത്രമേ ഒരു സ്ത്രീയെ "സക്സസ് ഫുൾ"എന്ന് വിശേഷിപ്പിക്കൂവെന്ന നിലയിൽ വരെയെത്തിയിട്ടുണ്ട് കാര്യങ്ങൾ. സ്ത്രീകൾ വീട്ടമ്മമാരായി ഒതുങ്ങിപ്പോകുന്നത് ആഗ്രഹം ഇല്ലാത്തതുകൊണ്ട്‌ മാത്രമാണെന്നാണ് ചിലർ വിചാരിക്കുന്നത്.

ലക്ഷ്യം എന്നതിനെ തൊഴിലെന്ന ഒരേയൊരു അർഥവുമായിമാത്രം ചേർത്തു ചിന്തിക്കുന്നതാണ് ഇതിനുകാരണം. ഒരു നല്ല അമ്മയാകാൻ ശ്രമിക്കുന്നത്, ഒരു നല്ല പാചകക്കാരിയാകുന്നത് അല്ലെങ്കിൽ നല്ല സുഹൃത്താകാൻ ശ്രമിക്കുന്നത് ഇവയൊക്കെ ഓരോ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും തന്നെയാണ്. ഇതിനായി മത്സരിക്കേണ്ടത് നിങ്ങൾ നിങ്ങളോടു തന്നെയാണ്. അതായത് പുറമെ നിന്നല്ല എതിരാളികളെ കണ്ടെത്തേണ്ടതെന്ന് ചുരുക്കം.

ഇന്നത്തെ കാലത്തെ വീട്ടമ്മമാർ ഒരുപാട് വിമർശനങ്ങൾക്ക് പാത്രമാകാറുണ്ട്. ജോലി വേണ്ടന്നുവെച്ച അവരുടെ ആ തീരുമാനത്തെ മാനിക്കാത്ത പരിഹാസങ്ങളും അവർക്ക് നേരിടേണ്ടി വരാറുണ്ട്. ഒരു സ്ത്രീയെ അവൾ കൈക്കൊണ്ട ഒരു തീരുമാനത്തിന്റെ പേരിൽ അപഹസിക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. ഒരുപക്ഷെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനാകാം അവർക്ക് താത്പര്യക്കൂടുതൽ. അല്ലെങ്കിൽ ജോലി ചെയ്യുന്നതിനോട് അവർക്ക് ഇഷ്ടമുണ്ടായിരിക്കില്ല. ഇനി അതുമല്ലെങ്കിൽ വീട്ടമ്മയെന്ന റോളാകാം അവർക്ക് പ്രിയപ്പെട്ടത്. മറ്റൊരാളുടെ തീരുമാനത്തെ വിലയിരുത്താനും മാർക്കിടാനും ആർക്കാണ് അധികാരമുള്ളത്? 

ചുറ്റുമുള്ളവരുടെ ദയാരഹിതമായ ചോദ്യങ്ങൾ കൊണ്ട് മനസ്സ് വിഷമിക്കുന്ന വീട്ടമ്മമാർക്കുവേണ്ടിയുള്ള ചില നിർദേശങ്ങളിതാ

വെറും 'വീട്ടമ്മ'

"വിദ്യാഭ്യാസം വെറുതെ പാഴാക്കിക്കക്കളഞ്ഞു"- വീട്ടമ്മമാർക്ക് സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും സ്ഥിരം നേരിടേണ്ടിവരുന്ന ഒരു പരാമർശമാണിത്. ഇത്‌ കേട്ട് കേട്ട് ഒടുവിൽ നിങ്ങളും ചിന്തിച്ചുതുടങ്ങും "എന്റെ വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവുമില്ലെന്ന്". ഒരുസ്ത്രീയെ നിർവചിക്കുന്നത് അവളുടെ ജോലിയോ വിദ്യാഭ്യാസയോഗ്യതയോ അല്ലെന്നാണ് ഞാൻ കരുതുന്നത്. ഇവയ്ക്കപ്പുറമാണ് ഓരോസ്ത്രീയും. പിന്നെയെന്തിനാണ് പരിമിതികളുടെ അളവുകോൽവെച്ച് സ്ത്രീകളെ വിലയിരുത്തുന്നത്.

ഒരു സ്ത്രീ അവളുടെ ബിരുദം ഉപയോഗിച്ചില്ലെന്ന്‌ കരുതുക. അതുകൊണ്ടുമാത്രം അവൾക്ക് ലഭിച്ച വിദ്യാഭ്യാസം പാഴായിപ്പോകുമെന്ന് വിധിക്കാനാകുമോ? നമ്മളിൽ എത്രപേർ പഠിച്ച ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്? നിങ്ങൾ മനോഹരിയായ ഒരു ഭാര്യയാണ്. മിടുക്കിയായ അമ്മയും മികച്ച വീട്ടുകാരിയുമാണ്. ഇതിലൊക്കെ മികവു തെളിയിക്കാൻ നിങ്ങളെസഹായിക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസമാണ്. അതിൽനിന്നുതന്നെ മനസ്സിലാക്കാമല്ലോ ലഭിച്ച വിദ്യാഭ്യാസം പാഴായിട്ടില്ലെന്ന്. 

ഭർത്താവിന്റെ പണംകൊണ്ട് ജീവിക്കുക

നിങ്ങൾ ഭർത്താവിന്റെ പണം ഉപയോഗിക്കുന്നുണ്ടാവും. എന്നാൽ അതിനെ ദുരുപയോഗമായി കാണേണ്ടതില്ല. നിങ്ങളില്ലായിരുന്നെങ്കിൽ കുട്ടികളുടെ പരിപാലനത്തിനായി കൂടുതൽതുക ഭർത്താവിന് ചെലവഴിക്കേണ്ടിവന്നേനെ. കുട്ടികളെ നോക്കാൻ വരുന്നയാൾക്ക് പണംനൽകണം. സ്കൂളിൽ കൊണ്ടാക്കുന്നതുമായി ബന്ധപ്പെട്ടചെലവുകൾ അങ്ങനെ പലതും.

എന്നാൽ നിങ്ങൾതന്നെ കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതുകൊണ്ടും അവരെ സ്കൂളിൽ കൊണ്ടാക്കുന്നതുകൊണ്ടും അത്തരം അധികച്ചെലവുകൾ ഭർത്താവിന് വരാതെ നോക്കുകയാണ് നിങ്ങൾചെയ്യുന്നത്. ഇത് മാത്രമല്ല, നിങ്ങൾക്ക് ജോലിയില്ലാത്തതുകൊണ്ട് തന്നെ കുഞ്ഞിന് അസുഖംവരുന്ന ദിവസം ആര് ലീവെടുക്കണമെന്ന് ആലോചിച്ച് ഭർത്താവിനും നിങ്ങൾക്കും വഴക്കുകൂടേണ്ടിവരില്ല.

കുഞ്ഞിനെ ആര് ഡേ കെയറിൽനിന്ന് കൂട്ടിക്കൊണ്ടുവരണം തുടങ്ങിയ കാര്യങ്ങളിൽ തല പുകയ്ക്കേണ്ടിയും വരില്ല. ഇവയൊക്കെയും ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകാൻ നിങ്ങളുടെ ഭർത്താവിന് സഹായകമാകും. അതുകൊണ്ട് നിങ്ങൾക്ക് വരുമാനമില്ലെന്നുകരുതി നിങ്ങൾ ജോലി ചെയ്യുന്നില്ലെന്ന് കരുതരുത്.

കഴിവില്ലാത്തവളെന്ന് സ്വയം മുദ്ര കുത്താതിരിക്കുക 

വീട്ടമ്മയായിരിക്കുന്നത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള തടസ്സമായി പരിഗണിക്കാതിരിക്കുക. കുടുംബത്തെ നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോവുക എന്നത് അത്ര നിസ്സാരകാര്യമല്ല. അതിന് നിരവധി കഴിവുകളുടെയും ഏകോപനത്തിന്റെയും ആവശ്യകതയുണ്ട്. അടുക്കുംചിട്ടയോടുംകൂടി കാര്യങ്ങൾ നടപ്പാക്കുക, ഓരോന്നിന്റെയും മുൻഗണന തീരുമാനിക്കുക, എന്ത് എങ്ങനെ എപ്പോൾ ചെയ്യണമെന്ന് തീരുമാനിക്കുക.

അങ്ങനെ ഹോം മാനേജ്‌മെന്റിന്റെ പല തലങ്ങളിലൂടെയും ഒരു വീട്ടമ്മയ്ക്ക് സഞ്ചരിക്കേണ്ടതായിവരും. വീട്ടമ്മയായിരിക്കുക യെന്നത് വിരസമായതോ മടുപ്പിക്കുന്നതോ ആയ ഒരു ചുമതലയാണെന്ന് ഞാൻ വിചാരിക്കുന്നില്ല. മാത്രമല്ല വീട്ടമ്മയാണ് എന്നതുകൊണ്ട് ദിവസം മുഴുവൻ വീട്ടിൽ അടച്ചിരിക്കേണ്ടതുമില്ല. പുറത്തിറങ്ങാം, സുഹൃത്തുക്കളുമായി സംസാരിക്കാം താത്പര്യമുണ്ടെങ്കിൽ ഏതെങ്കിലും ക്ലാസ്സുകൾക്കും ചേരാം. 

ഏറ്റവും അനുയോജ്യമായത് എന്തെന്ന് തീരുമാനിക്കേണ്ടത് അവനവൻതന്നെയാണ്. ഒരു കാര്യം നമുക്ക് നന്നായി ചെയ്യാൻ സാധിക്കുന്നില്ലെന്ന് കരുതുക, മറ്റുള്ളവർക്കും അത് നന്നായി ചെയ്യാൻ സാധിക്കില്ലെന്ന തെറ്റിദ്ധാരണ ​വച്ചു പുലർത്താതിരിക്കുക. തിരഞ്ഞെടുത്ത ഇഷ്ടങ്ങളെക്കുറിച്ച് നിങ്ങൾക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവരുടെ ചോദ്യം ചെയ്യലുകളിലും പരാമർശങ്ങളിലും വിഷമിക്കുന്നത് എന്തിനാണ്?

മറ്റുള്ളവരുടെ ജീവിതത്തെ അനുകരിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് പലർക്കും സ്വന്തംജീവിതത്തിലെ സന്തോഷത്തെ കാണാൻ സാധിക്കാതെ പോകുന്നത്. സ്വന്തം സന്തോഷങ്ങൾ എന്താണെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് ജീവിക്കുകയുമാണ് ഇതിനുള്ളപരിഹാരം. ഒരു ജോലി കൃത്യസമയത്ത് പൂർത്തിയാക്കുക എന്നതാണ് നിങ്ങളുടെ സന്തോഷമെങ്കിൽ അത് നിങ്ങളുടെ സന്തോഷമാണ്. അതല്ല കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതാണ് നിങ്ങളെ സംതൃപ്തയാക്കുന്നതെങ്കിൽ അത്തരംകാര്യങ്ങൾ ചെയ്യുക. പാചകംചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന നിങ്ങളോട് അയ്യേ പാചകം ചെയ്യുന്നത് വിലകുറഞ്ഞ കാര്യമാണെന്ന് പറയാൻ ആർക്കും അവകാശവുമില്ലെന്നും മനസ്സിലാക്കുക. 

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)