ന്റെ തന്നെ ഒരു കഥയിലൂടെയോ അല്ലെങ്കിൽ അനുഭവത്തിലൂടെയോ ആണ് സാധാരണ ഈ കോളം ഞാൻ ആരംഭിക്കാറ്. പക്ഷേ, ഇക്കുറി ഞാൻ പറയാൻപോകുന്നത് വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ്. അതിപ്രശസ്തയൊന്നുമല്ല അവർ. മാത്രവുമല്ല പ്രശസ്തി ആഗ്രഹിക്കാത്തവളുമാണ്. ഈ ലോകത്തെ അനേകം സ്ത്രീകളിൽ ഒരുവൾ, ഒരു നല്ല വീട്ടമ്മ. നിശ്ശബ്ദയായി വീട്ടുജോലികളെല്ലാം പൂർത്തിയാക്കുന്ന, ഒരു നന്ദിവാക്കുപോലും തിരികെ പ്രതീക്ഷിക്കാത്തവൾ.

കുട്ടികൾ അവളെ ബഹുമാനിക്കുന്നതിന്റെ ഒരു വലിയ കാരണം മുതിർന്നവരെ ബഹുമാനിക്കണമെന്ന ബാലപാഠമാണ്. മറ്റെന്തിനെക്കാളും ഇതാണല്ലോ ചെറുപ്പത്തിൽ കുട്ടികൾക്ക്  ഏറ്റവും കൂടുതൽ പറഞ്ഞുകൊടുക്കുന്ന പാഠം. ഒരു വ്യക്തിയായി ഒരിക്കലും അവൾ പരിഗണിക്കപ്പെടാറില്ല. അമ്മ അല്ലെങ്കിൽ ഭാര്യ അതും അല്ലെങ്കിൽ മകളോ മരുമകളോ വീട്ടമ്മയോ ഇതൊക്കെയാണ് അവളുടെ സ്ഥിരം രൂപങ്ങൾ.

വീട്ടിലെ മറ്റുള്ളവരുടെ ദിവസം ആരംഭിക്കുന്നതിനുമുമ്പ് അവളുണരും. ഏറ്റവും അവസാനം കിടക്കുന്നതും അവളാകും. അതെ ഞാൻ പറയുന്നത് ഓരോ വീട്ടിലെയും ആ അമ്മയെക്കുറിച്ചാണ്. ഏറ്റവും സാധാരണക്കാരിയായ ഒരു സ്ത്രീയെ അസാധാരണക്കാരിയാക്കിമാറ്റുന്ന ആ ചുമതല,  മാതൃത്വത്തെക്കുറിച്ച്.

ഈ ചുമതല ഓരോ സ്ത്രീയെയും അമാനുഷികശക്തിയുള്ളവളാക്കിമാറ്റും. ബോറൻ ഭക്ഷണത്തെ രുചിയുള്ളതും പോഷകസമൃദ്ധവും ആക്കുന്നതിൽ തുടങ്ങി, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്ന അമ്മയായി അവൾ മാറും. തിരിച്ചറിയപ്പെടാത്തവരായി കടന്നുപോകുന്നവരാണ് നമ്മുടെ അമ്മമാരിൽ അധികവും. 

നാളെ അന്താരാഷ്ട്ര വനിതാദിനമാണ്. ജീവിതാന്ത്യംവരെ നീണ്ടുനിൽക്കുന്നതാണ് അമ്മയെന്ന ചുമതലയും കർത്തവ്യവും. അതിനെ ഏറ്റവും മികച്ചതാക്കി മാറ്റാൻ ഓരോ ദിവസവും പരിശ്രമിക്കുന്ന എല്ലാ അമ്മമാർക്കുമായി ഞാൻ ഈ ലേഖനം സമർപ്പിക്കുകയാണ്. ഇന്നത്തെ അമ്മമാരെ രണ്ടു വിഭാഗങ്ങളായിത്തിരിക്കാം, ജോലിയുള്ളവരെന്നും വീട്ടമ്മമാരെന്നും.

കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കുറച്ചുസമയം അധികം കിട്ടിയിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നവരാണ് ജോലിക്കാരായ അമ്മമാരിൽ അധികവും. അതേസമയം വീട്ടമ്മമാരിൽ പലരും ആഗ്രഹിക്കുന്നുണ്ടാവും എനിക്ക് ഒരു ജോലിയുണ്ടായിരുന്നെങ്കിൽ എന്ന്. ചുരുക്കിപ്പറഞ്ഞാൽ ഇക്കരെനിൽക്കുമ്പോൾ അക്കരെപച്ച എന്ന അവസ്ഥ.

എന്നാൽ, അമ്മമാർ ചെയ്യുന്നതുപോലെ ചെയ്യാനോ അമ്മയെപ്പോലെ ആകാനോ മറ്റാർക്കും സാധിക്കുകയില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ജോലിയുള്ളവരോ ഇല്ലാത്തവരോ ആയിക്കോട്ടെ, എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ലഭ്യമായ സാഹചര്യങ്ങളിലൂടെ ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ഓരോ സ്ത്രീകളും ചെയ്യുന്നുണ്ട്. 

ജോലിക്കാരായ അമ്മമാർ  

നിങ്ങളുടെ കുഞ്ഞിനെ പരിചരിക്കുന്നത് വീട്ടുജോലിക്കാരാണ് എന്നുവെയ്ക്കുക. അങ്ങനെയെങ്കിൽ ‘നിങ്ങൾക്കറിയാമോ ആ കുഞ്ഞിന്റെ അമ്മ ജോലിക്കാരിയാണ്’,  ‘ആ കുഞ്ഞിനെ ആരും ശ്രദ്ധിക്കാറില്ലെന്നേ’... ഇത്തരം കുത്തുവാക്കുകൾ  നിങ്ങൾ ഉറപ്പായും പലതവണ കേട്ടിട്ടുണ്ടാകും. സമൂഹത്തിന് ചില കാര്യങ്ങളെക്കുറിച്ച് ചില മുൻവിധികളുണ്ട്. ഇത്തരം മുൻവിധികളിൽനിന്നാണ് ഇത്തരം നിഗമനങ്ങളിൽ അവർ എത്തിച്ചേരുന്നത്.

ചുരുക്കിപ്പറഞ്ഞാൽ പുറംചട്ട നോക്കി പുസ്തകത്തെ വിലയിരുത്തുന്നതിന് തുല്യമാണിത്. കുട്ടികളെ ഗർഭംധരിച്ചിരിക്കുമ്പോൾത്തന്നെ അവരെ എങ്ങനെയൊക്കെ പരിചരിക്കണമെന്ന ധാരണ അമ്മമാരുടെ മനസ്സിൽ രൂപംകൊള്ളും. ചില അമ്മമാർ ദിവസം മുഴുവൻ കുഞ്ഞിനൊപ്പം ചെലവഴിക്കുമ്പോൾ മറ്റുള്ളവർ ജോലിയെയും മാതൃത്വത്തെയും സമർഥമായി മുന്നോട്ടുകൊണ്ടുപോകും. എന്നാൽ,  നമ്മുടേതിനു സമാനമായ ചില സമൂഹങ്ങളിൽ ജോലിക്കാരായ അമ്മമാർക്ക് സ്വീകാര്യത കുറവാണ്. കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തവർ എന്ന കുറ്റം എപ്പോഴും ഇവരുടെ ചുമലിലുണ്ടാകും. ഇതിൽ പലതും അയഥാർഥ്യങ്ങളുമാകും. 

പ്രിയപ്പെട്ട ജോലിക്കാരായ അമ്മമാരേ, അമ്മമാരായതിനുശേഷവും ജോലിചെയ്യാൻ തീരുമാനിച്ചവരാണ് നിങ്ങൾ. എനിക്കറിയാം ഇത്തരമൊരു തീരുമാനമെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. നിങ്ങളുടെ കുഞ്ഞുങ്ങളെ ഏല്പിക്കുന്നത് സുരക്ഷിതമായ കരങ്ങളിലാണെന്നും കൃത്യസമയത്ത് കുഞ്ഞിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഒരു ഫോൺ കോളിന് അപ്പുറം നിങ്ങളുണ്ടെന്നും ഉറപ്പുവരുത്തുക. 

വിവിധ ഉത്തരവാദിത്വങ്ങൾ ഒരേസമയം നിർവഹിക്കുന്നവരാണല്ലോ അമ്മമാർ. അത്തരം സാഹചര്യങ്ങളെ എളുപ്പത്തിൽ കൈകാര്യംചെയ്യാൻ ചില മാർഗങ്ങളിതാ: കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുക. ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് കൃത്യമായി പ്ലാൻ ചെയ്യുക എന്നുള്ളത്. ദൈനംദിന ഉത്തരവാദിത്വങ്ങൾ, ഓരോ ആഴ്ചയും തയ്യാറാക്കുന്ന ഭക്ഷണങ്ങൾ... ഇങ്ങനെ ഓരോ കാര്യങ്ങളും തരംതിരിച്ച് ആസൂത്രണം ചെയ്യുക. ചുമതലകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ മാത്രമല്ല ഇത്തരം പ്ലാനുകൾ സഹായിക്കുക. നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ വീട്ടിലെ മറ്റുള്ളവരുടെ സഹായം ആവശ്യമാണെങ്കിൽ അതിനും ഇത്തരം പ്ലാനുകൾ ഉപകാരപ്പെടും. 

ജോലിയുടെ സമയപരിധി പാലിക്കുക

നിങ്ങൾ ഒരു മീറ്റിങ്ങിലാണെന്നു കരുതുക. "ദൈവമേ സമയം അഞ്ചരയാകുന്നു. വീട്ടിൽ പോകണ്ടേ തനിക്ക്. കുഞ്ഞുങ്ങൾ ഉള്ളതല്ലേ തനിക്ക്"  എന്ന് ആരും ചോദിക്കാനിടയില്ല. അതുകൊണ്ട് നിങ്ങളുടെ ജോലിയുടെ സമയപരിധി നിങ്ങൾതന്നെ പാലിക്കുക. കൃത്യസമയത്ത് ജോലി പൂർത്തിയാക്കുകയും മടങ്ങുകയും ചെയ്യുക. സ്മാർട്ട് ഫോണിൽ കണ്ണുനട്ടല്ല നിങ്ങളുടെ വൈകുന്നേരങ്ങൾ ചെലവഴിക്കേണ്ടതെന്ന് ചുരുക്കം.

അമ്മയുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിനൊപ്പംതന്നെ മറ്റൊരു കാര്യവും ശ്രദ്ധിക്കണം. ജോലിചെയ്യാൻ താത്പര്യമില്ലാത്തവരാണ് നിങ്ങളെന്ന തെറ്റിദ്ധാരണ അധികാരികളിൽ ഉണ്ടാകാതിരിക്കുക എന്നതാണ് അത്. കൃത്യതയോടെ ജോലിചെയ്യുക.

നിങ്ങളോട് ചെയ്യാൻ ആവശ്യപ്പെട്ടതിനേക്കാളും ഒരുചുവടു കൂടുതൽ ചെയ്യുക, നിങ്ങളുടേതായ ആശയങ്ങൾ മുന്നോട്ടുവെയ്ക്കുക. അതേസമയംതന്നെ കൃത്യമായ സമയപരിധി പാലിക്കുക. ഒപ്പംതന്നെ സഹപ്രവർത്തകരുടെ അനാവശ്യമായ പ്രതികരണങ്ങൾക്ക് ചെവികൊടുക്കാതിരിക്കുകയും ചെയ്യുക. 

നിങ്ങൾ ഒരു മനുഷ്യനാണെന്നകാര്യം മറക്കാതിരിക്കുക. എല്ലാ കാര്യങ്ങളും കൃത്യതയോടെ എപ്പോഴും പാലിക്കാൻ കഴിഞ്ഞുവെന്നും വരില്ല. ഒരു കുന്ന് തുണി അലക്കാനുണ്ടെന്നത് ഒരു വലിയ പോരായ്മയായി കണക്കാക്കേണ്ട. ഒരാഴ്ചയായി തറ വൃത്തിയാക്കാത്തതോ ആ തറയിലൂടെ കുഞ്ഞ് കളിച്ചുനടക്കുന്നതോ അക്ഷന്ത്യവമായ കുറ്റമല്ല. നിങ്ങൾക്കും പരിമിതികളുണ്ട്. ആ പരിമിതികളെ നിങ്ങളുടെ കുടുംബാംഗങ്ങൾ മനസ്സിലാക്കേണ്ടതുതന്നെയാണ്. 

ചില നല്ല ഓർമകൾ കൈയിൽക്കരുതാം: നിങ്ങളുടെ ജോലി അനുവദിക്കുന്നെങ്കിൽ, അവധിക്കാല യാത്രൾക്കുപോകാം. കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനും അവരുമായുള്ള ബന്ധം ദൃഢമാകാനും ഇത്തരം യാത്രകൾ സഹായകമാകും. 

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും. അത്തരം സന്ദർഭങ്ങൾ കൈകാര്യംചെയ്യാനും അതിനനുസരിച്ച് നീങ്ങാനും പഠിക്കുക. പദ്ധതികൾ അതിനനുസരിച്ച് മാറ്റംവരുത്താനും ശ്രദ്ധിക്കുക. 

ചിലപ്പോൾ മനസ്സ് ചില ദുഷ്ചിന്തകൾ ഉയർത്തിക്കൊണ്ടുവരും. പാതിമനസ്സോടെയാണ് ഞാൻ ഓഫീസ് ജോലികൾ പൂർത്തിയാക്കുന്നതെന്നും വീട്ടിലായിരിക്കുമ്പോഴും പാതിമനസ്സ് ഓഫീസിലാണെന്നുമൊക്കെ തോന്നും. കുഞ്ഞ് വളരുമ്പോൾ അവന് അല്ലെങ്കിൽ അവൾക്ക്‌ ഒപ്പം ഞാനില്ലല്ലോ എന്നും ചിലപ്പോൾ ചിന്തകൾ ഉയർന്നുവന്നേക്കാം. ഇത്തരം ചിന്തകളെ അപ്പാടെ പുറത്താക്കുക. പകരം ശുഭാപ്തിവിശ്വാസമുള്ള ചിന്തകളെ മനസ്സിൽ കൊണ്ടുവരിക. 

നിങ്ങളിൽത്തന്നെ അഭിമാനമുള്ളവരായിരിക്കുക

ചിലപ്പോൾ സാമ്പത്തികബുദ്ധിമുട്ടാകാം നിങ്ങളെ ജോലിചെയ്യാൻ നിർബന്ധിതരാക്കുന്നത്. അല്ലെങ്കിൽ ജോലിയോടുള്ള താത്പര്യക്കൂടുതലാകാം. കാരണമെന്താണെങ്കിലും പണം സമ്പാദിക്കുകയും വീട്ടുജോലികൾ യഥാരീതിയിൽ നിർവഹിക്കുകയും കുഞ്ഞുങ്ങളെ ശ്രദ്ധയോടെ പരിചരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക്  മാതൃകയാണ് ഓരോ അമ്മമാരും. അതിൽ നിങ്ങൾക്ക് അഭിമാനിക്കുകയും ചെയ്യാം. വീട്ടമ്മമാരും വിഷമിക്കേണ്ടതില്ല, കാരണം മറ്റുള്ളവരെക്കാളേറെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നവരാണ് നിങ്ങൾ. അതേക്കുറിച്ച് അടുത്ത ലേഖനത്തിൽ...

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)