ന്നലെ എന്റെ മകൾക്കൊപ്പം അടുത്തുള്ള ബേക്കറിയിൽ ഞാൻ പോയിരുന്നു. അവിടെ ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുറച്ച് കുട്ടികളെ കണ്ടു. വളരെ സന്തോഷത്തിലായിരുന്നു അവർ. പരസ്പരം സമ്മാനം കൊടുത്തും തമാശ പറഞ്ഞും അവർ ആഘോഷിക്കുകയായിരുന്നു. അക്കൂട്ടത്തിൽ ചിലർ എന്റെ വിദ്യാർഥികളായിരുന്നു. അവരെന്റെ അടുത്തെത്തുകയും സംസാരിക്കുകയും ചെയ്തു.

കുട്ടികളിൽ ആരുടെയെങ്കിലും പിറന്നാൾ ആയിരിക്കുമെന്നും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ് നടക്കുന്നതെന്നുമായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ആ ധാരണയുടെ അടിസ്ഥാനത്തിൽ ഞാൻ അവരോട് ചോദിച്ചു "നിങ്ങളുടെ കൂട്ടത്തിൽ ആരുടെ പിറന്നാളാണെന്ന്"? "ഏയ് ആരുടെയും പിറന്നാളൊന്നുമല്ല ഇന്ന്. ഞങ്ങൾ സഹോദരങ്ങൾക്കായുള്ള രാജ്യാന്തരദിനം ആഘോഷിക്കുകയാണ്".

അവരുടെ മറുപടി ഒരേസമയം എന്നെ ഞെട്ടിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളിൽനടക്കുന്ന ആഘോഷങ്ങളെകുറിച്ച് ഇത്ര ചെറുപ്പത്തിൽതന്നെ ധാരണയുണ്ടായിരിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. അതുമാത്രമല്ല, ബാല്യകാലത്താണ് നാം സഹോദരങ്ങളുമായി ഏറ്റവും കൂടുതൽ വഴക്കിടുന്നത്. ആ പ്രായത്തിലുള്ള കുട്ടികളാണ്‌ അവർ.

എന്നിട്ടും എത്ര സ്നേഹത്തോടെയാണ് പരസ്പരം പെരുമാറുന്നതെന്നുള്ള കാര്യവും എന്നെ ചിന്തിപ്പിച്ചു. അവിടെ കണ്ട കുട്ടികളും അവരുടെ പെരുമാറ്റവുമാണ് ഈ ആഴ്ചത്തെ ലേഖനത്തിനുള്ള വിഷയം തിരഞ്ഞെടുക്കാൻ എന്നെ സഹായിച്ചത്. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്കുവേണ്ടിയാണ് ഞാൻ ഈ ലേഖനം സമർപ്പിക്കുന്നത്. 

"എല്ലാം ആദ്യം ചെയ്തുകൊടുക്കുന്നത് അവൾക്കാണ്". "എനിക്ക് ആദ്യം ചെയ്തു താ..". "നിങ്ങളൊരിക്കലും അവളെ വഴക്ക്‌ പറയാറില്ലല്ലോ". "എപ്പോഴും വഴക്കും ചീത്തയും കിട്ടുന്നത് എനിക്കാണ്". "എന്റെ അച്ഛനും അമ്മയ്ക്കും എന്നെക്കാൾ ഇഷ്ടം എന്റെ സഹോദരിയെ ആണ്". രണ്ടോ അതിലധികമോ കുട്ടികളുള്ള മാതാപിതാക്കൾ തീർച്ചയായും കേട്ടിരിക്കാനിടയുള്ള പരാതികളാണ് ഇവ.

രണ്ടാമതൊരു കുഞ്ഞു കൂടിയെത്തുന്നു എന്നറിയുമ്പോൾ, ആദ്യത്തെ കുട്ടിക്ക് എത്ര സന്തോഷമാകുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, അതിനൊപ്പംതന്നെ അവിടെ നടക്കാൻ സാധ്യതയുള്ളവയാണ് പാവക്കുട്ടികൾക്കുവേണ്ടിയുള്ള യുദ്ധങ്ങളും തലയണകൊണ്ടുള്ള അടിയും പിടിയും തീൻമേശയിലെ വഴക്കും ബഹളവുമൊക്കെയെന്ന് മറക്കാതിരിക്കുക.

കുട്ടികൾ തമ്മിലുള്ള വഴക്കും ബഹളവും മറ്റേ ആളോട് കൂടുതൽ ഇളവ്‌ കാണിക്കുന്നുവെന്ന്‌ തുടങ്ങുന്ന ആരോപണങ്ങളും മാതാപിതാക്കളെ മാനസികസമ്മർദത്തിലേക്ക് തള്ളിവിടാനും കാരണമായേക്കാം. കുട്ടികൾ തമ്മിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ പരിഹരിക്കാനുള്ള ചില മാർഗങ്ങളിതാ.

കുട്ടികളോടുള്ള പരിഗണനയിൽ തുല്യത പുലർത്തുക

വളരെ ചെറുപ്പം മുതൽക്കുതന്നെ, മാതാപിതാക്കൾ  തന്നോട് എങ്ങനെയാണ് പെരുമാറുന്നതെന്നും സഹോദരങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്നും കുട്ടികൾ ശ്രദ്ധിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ ഒന്നിലധികം കുട്ടികളുടെ മാതാപിതാക്കളാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പരിഗണനയിൽ വ്യത്യസ്തത പുലർത്തുന്നത് ഇഷ്ടപ്പെടുന്നവരാണ് കുട്ടികളെങ്കിലും കുട്ടികളോടുള്ള പരിഗണനയിൽ തുല്യത പുലർത്തുക എന്നതാണ് ഇത്.

ഒരേപോലെയാണല്ലോ കുട്ടികളോട് പെരുമാറുന്നതെന്ന് മാതാപിതാക്കൾമാത്രം അറിയേണ്ട കാര്യമല്ല. കുട്ടികളും അത് തിരിച്ചറിയുകയും മനസ്സിലാക്കുകയും വേണം. തന്നോടും സഹോദരനോടും അല്ലെങ്കിൽ സഹോദരിയോടും ഒരേപോലെയാണ് മാതാപിതാക്കൾ പെരുമാറുന്നതെന്നറിയുന്നത് കുട്ടികൾ തമ്മിലുള്ള അടുപ്പം വർധിക്കാൻ സഹായകമാകും.

സഹോദരങ്ങളുമായി വൈകാരികാടുപ്പം പുലർത്താൻ കുട്ടികളെ പഠിപ്പിക്കുക

സഹോദരങ്ങളോടുള്ള അടുപ്പത്തെ തിരിച്ചറിയാനും വിലയിരുത്താനും മെച്ചപ്പെടുത്താനും കുട്ടികൾക്ക് പരിശീലനം (emotional coaching)നൽകുന്നത് അവർ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകാൻ സഹായിക്കും. സഹോദരങ്ങൾ തമ്മിലുള്ള ആശയവിനിമയം നന്നാകാനും ഈ ഇമോഷണൽ കോച്ചിങ് നല്ലതാണ്. 

കളിക്കാനുള്ള അവസരം നൽകാം

ഒരുമിച്ച് കളിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നതും അവർ തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. സഹോദരങ്ങൾക്കൊരുമിച്ച് ആസ്വദിക്കാൻ സാധിക്കുംവിധത്തിലുള്ള വിനോദങ്ങളിലേർപ്പെടുന്നത് അവരുടെ ബന്ധത്തെ ശക്തമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചിലപ്പോൾ സഹോദരങ്ങൾക്ക് പൊതുവായൊരു ഇഷ്ടം ഉണ്ടാവില്ല. എന്നിരുന്നാൽക്കൂടിയും അവരൊരുമിച്ച് സമയം ചെലവിടുന്നതും കളിക്കുന്നതും ആരോഗ്യകരമായ ബന്ധം വളർത്തുന്നതിന്‌ ഏറെ സഹായകമാകും. ചിലപ്പോൾ കളിക്കിടയിൽ വാഗ്വാദങ്ങൾ കടന്നുവന്നേക്കാം. അതിനെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക. 

വഴക്കിനെ പരിഹരിക്കാൻ പഠിപ്പിക്കാം

സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാവുക സാധാരണമാണ്. അതുകൊണ്ടുതന്നെ അത്തരം വഴക്കുകളെ പരിഹരിക്കാനും അവരെ പഠിപ്പിക്കണം. വഴക്കുകളെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നത് അവർ തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനാദ്യം ചെയ്യാവുന്ന കാര്യം കുട്ടികൾ വഴക്കിടുമ്പോൾ ചാടിക്കയറി പ്രതികരിക്കാതിരിക്കുക എന്നതാണ്.

സമാധാനപൂർവം ഒരു ദീർഘനിശ്വാസത്തിനുശേഷം പ്രശ്നപരിഹാരത്തിലേക്ക് കടക്കുക. വൈകാരിക അസന്തുലിതാവസ്ഥ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കുട്ടികൾക്ക്‌ പഠിപ്പിച്ചുകൊടുക്കുകയാണല്ലോ നാം. അപ്പോൾ തീർച്ചയായും ഈ മിതത്വം പാലിക്കാനും ശ്രദ്ധിക്കണം. 

കുട്ടികളുടെ വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനു മുമ്പേ...

കുട്ടികൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ഇറങ്ങുന്നതിനുമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കളാണ് നിങ്ങളെങ്കിൽ. കാരണം, വഴക്ക് പരിഹരിക്കാൻ ഇടപെട്ട് അവസാനമത് വലിയ വഴക്കായി മാറ്റരുത്.

നിങ്ങളുടെ ചില ഇടപെടൽ മറ്റേയാളോടുള്ള താത്പര്യക്കൂടുതലായി രണ്ടാമത്തെയാൾ വിചാരിച്ചേക്കാം. ഇത് പ്രശ്നം വഷളാക്കും. മാത്രമല്ല കുട്ടികൾ തമ്മിലുള്ള ബന്ധത്തെയും ദോഷകരമായി ബാധിച്ചേക്കാം.

ചെറിയ പ്രായത്തിലുള്ള സഹോദരങ്ങൾ തമ്മിലുള്ള വഴക്കുകളിൽ മാതാപിതാക്കൾ ഇടപെടുന്നത് ഗുണകരമാണെങ്കിലും മുതിർന്ന കുട്ടികളുടെ വഴക്കിൽ മാതാപിതാക്കൾ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നുണ്ട്. 

കുട്ടികൾ തമ്മിൽ സ്നേഹത്തോടെ വളരുകയെന്നതാണ് പല മാതാപിതാക്കളുടെയും ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്. സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ വളരുമ്പോള്‍ മാത്രമേ മാതാപിതാക്കളുടെ ഈ ആവശ്യം സഫലീകരിക്കപ്പെടുകയുള്ളു.

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)