കുഞ്ഞുങ്ങളെ തനിച്ചാക്കി നിങ്ങൾ യാത്ര പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? അതിനുള്ള നിർദേശങ്ങളാണ്  ലേഖനത്തിൽ

യാത്രയെക്കുറിച്ച് എപ്പോൾ പറയണം

കുഞ്ഞിന്റെ പ്രായത്തെയും മാനസികാവസ്ഥയും പരിഗണിച്ചു വേണം യാത്രയുടെ കാര്യങ്ങൾ പറയാൻ. തീരെ പ്രായംകുറഞ്ഞ കുഞ്ഞുങ്ങൾക്ക് സമയത്തെക്കുറിച്ച് ധാരണയുണ്ടാകില്ല. സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന ചില കുഞ്ഞുങ്ങൾക്കും ദിവസങ്ങളും ആഴ്ചയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല. അതുകൊണ്ട് യാത്ര പോകുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പ് ഇക്കാര്യം പറഞ്ഞാൽ മതിയാകും.

ചെറിയ  കുഞ്ഞുങ്ങളായതുകൊണ്ടുതന്നെ, അമ്മ പോകുന്നു എന്നചിന്ത അവരെ ആകുലപ്പെടുത്താനിടയുണ്ട്. അതുകൊണ്ട് ഒരുപാട്‌ സമയം മുമ്പേ യാത്രയെക്കുറിച്ച് സൂചിപ്പിക്കേണ്ടതില്ല. യാത്ര പോകുന്നതിന്റെ തലേന്നോ മറ്റോ ഇക്കാര്യംപറയുക. ഇത് അമ്മയുടെ യാത്ര ഓർത്ത് അവർ വിഷമിക്കുന്ന സമയത്തിന്റെ ദൈർഘ്യം കുറയ്ക്കും.

മുതിർന്ന കുഞ്ഞുങ്ങളും കൗമാരക്കാരും കുറച്ചുകൂടി സ്വാശ്രയത്വം നേടിയവരാണ്. അതുകൊണ്ട് യാത്രയുടെ മൂന്നോ നാലോ ദിവസംമുമ്പ് കാര്യംപറയാം. ഇനി അപ്രതീക്ഷിതമായി വളരെപ്പെട്ടെന്നാണ് യാത്ര പോകേണ്ടതെന്നു കരുതുക, എത്രയുംവേഗം കുഞ്ഞുങ്ങളോട് യാത്രയുടെ കാര്യം പറയുകയാണ് നല്ലത്.

യാത്രയുടെ വിശദാംശങ്ങൾ നൽകാം

എപ്പോഴാണ് യാത്ര തിരിക്കുന്നത്, എപ്പോൾ ഇറങ്ങും എങ്ങനെ കുട്ടികളുമായി ബന്ധപ്പെടും എന്ന് തിരികെവരും എന്നീ കാര്യങ്ങളെല്ലാം കുട്ടികളോട് പറയുക.  ഓഗസ്റ്റ് 22 ചൊവ്വാഴ്ച അമ്മയെത്തും എന്ന്‌ പറഞ്ഞാൽ അവർക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ട് തിരികെ വരുന്നദിവസം കലണ്ടറിൽ സ്കെച്ച്‌ പേന ഉപയോഗിച്ച് അടയാളപ്പെടുത്തി വെക്കുന്നത് ചെറിയ കുഞ്ഞുങ്ങൾക്ക് സഹായകമാകും.

നിങ്ങൾ യാത്ര തിരിക്കുന്ന ദിവസവും മടങ്ങിയെത്തുന്ന ദിവസവും ഇങ്ങനെ രേഖപ്പെടുത്താം. എല്ലാദിവസവും രാവിലെ ഉണർന്ന് കലണ്ടറിലെ ഓരോ തീയതിയും വെട്ടിക്കളയാനും നിറംകൊണ്ട് (വേണമെങ്കിൽ മടങ്ങിയെത്തുന്ന ദിവസം നക്ഷത്രചിഹ്നം കൊണ്ട് സൂചിപ്പിക്കാം) അടയാളപ്പെടുത്തിയ ദിവസമെത്തുമ്പോൾ അമ്മ തിരികെയെത്തുമെന്നും പറഞ്ഞുകൊടുക്കാം.

പോകുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും മാപ്പ് ഉപയോഗിച്ചും കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കാം. ഇനി മുതിർന്ന കുട്ടികൾക്കാണെങ്കിൽ പുസ്തകങ്ങളോ ഇന്റർനെറ്റിന്റെ സഹായത്തോടെയോ സ്ഥലത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാം. നിങ്ങൾ അരികിൽ ഇല്ലാത്ത സമയത്ത് അവരുടെ കാര്യങ്ങൾ ആരാണ് നോക്കുകയെന്ന കാര്യവും കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കണം. 

നിങ്ങളുടെ അഭാവത്തിലും വീട്ടിലെ കാര്യങ്ങളുടെ പതിവു തെറ്റാതെ ശ്രദ്ധിക്കുക. രക്ഷാകർത്താക്കളിൽ ഒരാളുടെ അഭാവം ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ വീട്ടിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുകയോ ഏതെങ്കിലും ബന്ധുവിന്റെഒപ്പം നിർത്തുകയോ ആണെന്നു കരുതുക. കുഞ്ഞുങ്ങൾ ഉറങ്ങുന്ന സമയം, കഴിക്കുന്ന ഭക്ഷണം, എന്തൊക്കെ കാര്യങ്ങൾ ഏതൊക്കെ സമയം ചെയ്യണം എന്നീ കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കണം. 

യാത്രപോകുന്ന രക്ഷാകർത്താവിന്റെ ഫോട്ടോയോ ടീ ഷർട്ടോ മറ്റു വസ്തുക്കളെന്തെങ്കിലുമോ കുഞ്ഞുങ്ങൾക്ക് സമ്മാനിക്കാം. ഇത് അവരുടെ അസാന്നിധ്യത്തിലും കുഞ്ഞുങ്ങൾക്ക് അവരുടെ സാന്നിധ്യം അനുഭവിക്കാൻ സഹായിക്കും. കുഞ്ഞുങ്ങളുടെ ആകാംക്ഷയും വിഷമവും കുറയ്ക്കാനും ഇവ സഹായിക്കും. സർപ്രൈസ് കുറിപ്പുകൾ ഒളിപ്പിക്കുന്നതും നല്ലതാണ്. എളുപ്പം കണ്ടെത്താൻ സാധിക്കുന്ന സ്ഥലത്തു വേണം ഇവ ഒളിപ്പിക്കാൻ. അവരുടെ ബാഗിലോ ഇഷ്ടപ്പെട്ട ഷൂസിലോ ടിഫിൻ കാരിയറിലോ ഒക്കെ കുറിപ്പുകൾ കുഞ്ഞുങ്ങൾക്കായി ഒളിപ്പിച്ചുവെയ്ക്കാം. 

കുഞ്ഞുങ്ങൾ കാണാതെ പോവുക, ഒരുപാടു നേരമെടുത്തു പോവുക, ആകാംക്ഷ നിറഞ്ഞ മുഖത്തോടെയുള്ള യാത്രപറച്ചിൽ എന്നിവ നല്ലതല്ല. പകരം യാത്രപറയുന്ന സമയത്ത്, കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുക. എന്നിട്ട് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറയാം. തിരിച്ചുവന്നിട്ട് നിന്നെ കാണാൻ ഇപ്പോഴേ കൊതിയാകുന്നു എന്നു പറയാം. മാത്രമല്ല, നീ സന്തോഷമായിരിക്കുമെന്ന് എനിക്കറിയാമെന്നും പറയുക. ശേഷം നിങ്ങൾ പോവുക.

നിങ്ങൾ വീട്ടിൽനിന്ന്‌ പുറപ്പെട്ടതിനു ശേഷം എല്ലാദിവസവും കുഞ്ഞുമായും കുഞ്ഞിനൊപ്പമുള്ള വ്യക്തിയുമായും സംസാരിക്കണം. എല്ലാദിവസവും നിങ്ങളുടെശബ്ദം കേൾക്കുന്നതും ഓരോദിവസത്തെയും കാര്യങ്ങൾ പറയുന്നതും കുഞ്ഞിന്‌ സന്തോഷം നൽകും. മൊബൈൽ മാത്രമല്ല, സ്കൈപ്പിന്റെയും മറ്റ് വീഡിയോ ചാറ്റിന്റെയും സാധ്യതകളും പ്രയോജനപ്പെടുത്താം. 

കുഞ്ഞുങ്ങളുമായി സംസാരിച്ചോളൂ... പക്ഷേ അവരെ എപ്പോഴും വിളിച്ചു കൊണ്ടിരിക്കരുത്. എപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ ദൂരെയാണെന്ന ചിന്ത കുഞ്ഞുങ്ങളിൽ ശക്തമാകാൻ കാരണമാകും.  ഇത് അവരെ വിഷമത്തിലാക്കാൻ ഇടയുണ്ട്. മാത്രമല്ല, ഇടമുറിയാത്ത വിളികൾ നിങ്ങളുടെ പങ്കാളിയെയും അലോസരപ്പെടുത്തിയേക്കാം. വീട്ടിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ജോലിയിലുള്ള നിങ്ങളുടെ ശ്രദ്ധ കുറയാൻ കാരണമാകും. കുഞ്ഞുങ്ങളെ എപ്പോഴും വിളിച്ചു കൊണ്ടിരുന്നാൽ ഓരോ കൊച്ചുകാര്യത്തിനും അവർ നിങ്ങളെ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, നിങ്ങളുടെ പങ്കാളി കുഞ്ഞിനെയും വീട്ടിലെ മറ്റു കാര്യങ്ങളും നന്നായിനോക്കുമെന്നുള്ള വിശ്വാസവും മനസ്സിലുണ്ടാകണം. 

സ്നേഹത്തോടെ തിരിച്ചു വരിക

ദിവസങ്ങൾ നീണ്ട ഔദ്യോഗിക ആവശ്യങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തി ഒന്നു വിശ്രമിക്കണം എന്ന ചിന്തയിലാകും നിങ്ങൾ വരുന്നത്. പക്ഷേ കുറേ ദിവസത്തിനുശേഷമാണ് കുഞ്ഞുങ്ങൾ നിങ്ങളെ കാണുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് വിശേഷങ്ങൾ അവർക്ക് നിങ്ങളോട്‌ പറയാനുണ്ടാവും. മാത്രമല്ല നിങ്ങളുടെ യാത്രാവിശേഷങ്ങളും നിങ്ങൾ കൊണ്ടുവന്ന വസ്തുക്കളുമൊക്കെ കാണാൻ അവർ ഓടിയെത്തും. 

തനിച്ചിരിക്കാൻ കുറച്ചുസമയം തരൂ എന്ന് നിങ്ങൾ കുഞ്ഞിനോടു പറയുന്നത് അവർക്ക് വിഷമമുണ്ടാകാൻ കാരണമാകും. തനിക്ക് അമ്മയുടെ ജീവിതത്തിൽ പ്രാധാന്യമില്ലേ എന്ന ചിന്തയിലേക്ക് കുഞ്ഞിനെ നയിച്ചേക്കാം. അതുകൊണ്ട് കുഞ്ഞുമായി സമയം ചെലവഴിക്കുക. നിങ്ങളുടെ സമയം കുഞ്ഞുങ്ങൾ അപഹരിക്കും എന്നു വിചാരിക്കരുത്. മടങ്ങിയെത്തിയുള്ള നിങ്ങളുടെ സമീപനവും പെരുമാറ്റവും പരമാവധി സന്തോഷകരമാക്കുക. എങ്കിൽ മാത്രമേ നിങ്ങൾ അടുത്തയാത്ര പുറപ്പെടുമ്പോൾ വാടാത്ത മുഖത്തോടെ അവർ കൈ വീശിക്കാണിക്കുകയുള്ളു.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)