ബ്ലൂ വെയ്ൽ, പ്രണയപരാജയങ്ങൾ, വിഷാദം, മാനസികസംഘർഷം, റാഗിങ്, കോളേജിലെ പ്രശ്നങ്ങൾ, പ്രകടനം മെച്ചപ്പെടുത്താനുള്ള സമ്മർദം, കുടുംബപ്രശ്നങ്ങൾ, ലൈംഗിക ചൂഷണം, മറ്റ് മാനസിക പ്രശ്നങ്ങൾ ഇവയെ ഒക്കെ കുറ്റപ്പെടുത്തിക്കോളൂ... ഓരോ വർഷവും ആത്മഹത്യയിലൂടെ കൗമാരക്കാരായ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ വളരെ വലുതാണ്. കുഞ്ഞിന്റെ മരണം സൃഷ്ടിക്കുന്ന അവസ്ഥയെക്കാൾ വേദന നിറഞ്ഞത് മറ്റൊന്നുമില്ല.

മക്കളുടെ നഷ്ടത്തെ തുടർന്നുള്ള ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്നാലും പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പല പ്രശ്നങ്ങളും മാതാപിതാക്കൾ നേരിടുന്നുണ്ടാവും. കുഞ്ഞിനെ നഷ്ടപ്പെട്ടത് തനിക്കു നേരേയുണ്ടായ അനീതിയായി പരിഗണിക്കുന്നത് മാതാപിതാക്കളിലെ ദുഃഖത്തിന്റെ തീവ്രത വർധിപ്പിക്കും. ‘‘ജീവനോടെയുണ്ടെന്നേ ഉള്ളൂ... മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല.’’ -മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കൾ പലപ്പോഴും ഇങ്ങനെ പറയാറുണ്ട്. മക്കളുടെ മരണത്തോടും ആ നഷ്ടത്തോടും പൊരുത്തപ്പെടുക എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട കാര്യം തന്നെയാണ്.

ജീവിതത്തിലെ ഏറ്റവും തീവ്രതയുള്ള ബന്ധം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ളതാണ്. മക്കൾ മുതിർന്നാലും വീടുവിട്ടാലും അവർക്കുവേണ്ടി ആവശ്യമായ കാര്യങ്ങൾ മാതാപിതാക്കൾ ചെയ്തുകൊടുക്കാറുണ്ട്. രക്ഷാകർത്തൃത്വത്തിന്റെ വലിയൊരുഭാഗം തന്നെയാണത്. മാതാപിതാക്കളുടെ രക്ഷാകർത്തൃചുമതലകളെ കുട്ടികളുടെ മരണം അപഹരിക്കും. നിങ്ങൾ കുട്ടിക്കായി ചെയ്യുമായിരുന്നതോ ചെയ്യാൻ വിചാരിച്ചിരുന്നതോ ആയ കാര്യങ്ങൾ അപൂർണമാകും.

ഇനിമേൽ കുട്ടികളെ സംരക്ഷിക്കാനോ പരിചരിക്കാനോ നിങ്ങൾക്ക് സാധിക്കില്ലല്ലോ എന്ന ചിന്ത നിങ്ങളെ വേദനിപ്പിക്കും. വർഷങ്ങളായി ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടല്ലോ എന്ന ചിന്ത നിങ്ങളിൽ രൂപം കൊള്ളും. ഏതുപ്രായത്തിലുള്ള കുഞ്ഞാണ് നഷ്ടപ്പെടുന്നതെങ്കിലും മാതാപിതാക്കളുടെ ദുഃഖം തീവ്രമായിരിക്കും. മരണപ്പെട്ട നിങ്ങളുടെ കുഞ്ഞ് മൂന്നുവയസ്സുകാരനോ 39 വയസ്സുകാരനോ എന്നത് ദുഃഖത്തിന്റെ തീവ്രതയിൽ യാതൊരു വ്യത്യാസവും സൃഷ്ടിക്കില്ല.

നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും തീവ്രത  ഒന്നു തന്നെയായിരിക്കും. തന്റെ ഒരു ഭാഗമാണ് നഷ്ടമായതെന്ന ചിന്തയാകും മാതാപിതാക്കളിലുണ്ടാവുക. കുട്ടികളുടെ മരണത്തിന്റെ അർഥം കണ്ടെത്തുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒന്നാണ്. ജീവിതത്തിൽ മരണത്തിന്റെ സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. വിശ്വാസം ചില മാതാപിതാക്കൾക്ക് ആശ്വാസം നൽകുന്നതായി കണ്ടിട്ടുണ്ട്.

എന്നാൽ, ദൈവം വഞ്ചിച്ചു(കുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ) എന്ന് ചിന്തിക്കുന്നവരുമുണ്ട്. വിശ്വാസത്തിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ സാധാരണമാണ്. അന്നേവരെ വിശ്വസിച്ചിരുന്ന പല കാര്യങ്ങളെയും നിങ്ങൾ ചോദ്യം ചെയ്തേക്കാം. മകന്റെ മരണത്തിൽ ദുഃഖിച്ചിരുന്ന ഒരു അച്ഛൻ പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസം ആകെ നശിച്ചു എന്നായിരുന്നു. നന്മകൾ ചെയ്ത് ജീവിക്കുകയാണെങ്കിൽ നല്ലതേ വരൂ എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാൽ, മകന്റെ മരണം ആ വിശ്വാസത്തെ അദ്ദേഹത്തിൽനിന്നകറ്റി.

ഈ അച്ഛന്റെ പ്രതികരണം അസ്വാഭാവികമല്ല. ജീവിതത്തിന്റെ സമസ്ത നിയമങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്തയാണ് കുഞ്ഞിന്റെ മരണത്തോടെ മാതാപിതാക്കളിൽ രൂപം കൊള്ളുക. 

കുട്ടികളുടെ മരണത്തെ തുടർന്ന് മാതാപിതാക്കളിൽ ഉണ്ടാകാവുന്ന പ്രതികരണങ്ങൾ  കുഞ്ഞിന്റെ മരണമേൽപ്പിച്ച ആഘാതം നിങ്ങളിൽ മരവിപ്പ് സൃഷ്ടിച്ചേക്കാം. ഇത് വേദനയിൽനിന്ന് രക്ഷപ്പെടാൻ മനസ്സ് കണ്ടെത്തുന്ന മാർഗമാണ്. 

മരണത്തെ അംഗീകരിക്കാനുള്ള വിമുഖത: കുട്ടികൾ മരിച്ചതായി വിശ്വസിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. വാതിൽ കടന്ന് മകനോ മകളോ വരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും. അവരുടെ കരച്ചിൽ കേൾക്കുന്നുണ്ടോയെന്ന് ചെവിയോർക്കും.‘‘ഇങ്ങനെ ആയിരുന്നെങ്കിൽ കുഞ്ഞിനെ മരണത്തിൽനിന്ന് രക്ഷിക്കാമായിരുന്നു’’ എന്ന ചിന്ത മനസ്സിൽ ഇടംപിടിക്കും. 
കുഞ്ഞിനൊപ്പം അഞ്ചുമിനിറ്റ്‌ കൂടി ചെലവഴിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ അവനെ/ അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറയാമായിരുന്നു എന്നാവും നിങ്ങളുടെ ചിന്ത. 

ആശയക്കുഴപ്പം: കുഞ്ഞുങ്ങളുടെ മരണത്തെ തുടർന്ന് നിങ്ങളുടെ ഓർമകളിൽ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട്. എവിടേക്ക് എന്നറിയാതെയാകും നിങ്ങൾ ചിലപ്പോൾ വാഹനം ഓടിക്കുക. നേരിടേണ്ടി വന്ന കടുത്ത ആഘാതത്തെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലായിരിക്കും നിങ്ങളുടെ മനസ്സ്. അതുകൊണ്ടാണ് ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാവുന്നത്. മാനസികനിലയിൽ എന്തെങ്കിലും തകരാറുണ്ടോയെന്നുപോലും ചിലപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം.

ദുഃഖവും വേദനയും നിങ്ങളെ മാനസികമായും വൈകാരികമായും ബാധിക്കുന്നതു കൊണ്ടാണ് ഇത്തരം ചിന്തകൾ ഉടലെടുക്കുന്നത്. തെറ്റുകാരാണെന്ന ചിന്ത  കുട്ടികളുടെ മരണത്തെ തുടർന്ന്, മാതാപിതാക്കളിൽ രൂപപ്പെടുന്നത് സർവസാധാരണമാണ്. മരണത്തിനുമുമ്പുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയിൽ പലതും വേറെ വിധത്തിൽ ചെയ്യാമായിരുന്നു എന്നും മാതാപിതാക്കളിൽ പലരും വിചാരിക്കാറുമുണ്ട്. 

നിസ്സഹായാവസ്ഥ: കുട്ടികളുടെ മരണത്തെ തുടർന്ന് തെറ്റുകാരാണെന്ന ചിന്തയ്ക്കൊപ്പം മാതാപിതാക്കളിൽ നിസ്സഹായാവസ്ഥയും രൂപപ്പെടാറുണ്ട്. മരണത്തിന്റെ പിടിയിൽനിന്ന് കുട്ടിയെ രക്ഷിക്കാനായില്ലല്ലോ എന്ന ചിന്തയാണ് ഈ നിസ്സഹായാവസ്ഥയ്ക്കു കാരണം. 

ദേഷ്യം: കുട്ടികൾ മരണപ്പെട്ട മാതാപിതാക്കൾ ദേഷ്യവും അമർഷവും പ്രകടിപ്പിക്കുക പതിവാണ്. അപ്രതീക്ഷിതമാണ് കുട്ടികളുടെ മരണമെങ്കിൽ ഇതിന്റെ തീവ്രത വളരെ കൂടുതലുമായിരിക്കും. 
പ്രതീക്ഷ നഷ്ടപ്പെടൽ: കുഞ്ഞുങ്ങളുടെ മരണശേഷം നിങ്ങൾ ദുഃഖിക്കുന്നത് ആ വലിയ നഷ്ടത്തെക്കുറിച്ച് ഓർത്തു മാത്രമല്ല, ഇല്ലാതായിപ്പോയ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കൂടി ഓർത്തുകൊണ്ടാണ്. ദുഃഖത്തിന്റെ തീവ്രത കുറയ്ക്കാൻ കാലത്തിന് സാധിക്കണമെന്നില്ല. കുട്ടികൾ സ്കൂളിൽ പോകേണ്ട സമയമാകുമ്പോൾ, അവർ പഠനം പൂർത്തിയാക്കുമായിരുന്ന സമയമെത്തുമ്പോൾ, വിവാഹിതരാകുമായിരുന്ന സമയമാകുമ്പോൾ ഒക്കെ ഈ ദുഃഖം മാതാപിതാക്കളിൽ ഉയർന്നുവരാം.

ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ മാതാപിതാക്കൾ തയ്യാറായിരിക്കില്ല പലപ്പോഴും. ഇത്തരത്തിൽ ദുഃഖം ഉയർന്നുവരാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മനസ്സിലാക്കുക. മനസ്സിനെ ദുഃഖിക്കാൻ അനുവദിക്കുക. കാരണം ഇത് സാധാരണമായ പ്രക്രിയയാണ്. 
മനസ്സിന് ആശ്വാസം ലഭിക്കാനുള്ള മാർഗംകൂടിയാണ് ഇവ.

ഒരു കുഞ്ഞിന്റെ മരണത്തെയും അതുമൂലമുണ്ടാകുന്ന നഷ്ടത്തെയും അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഭാവിയിലേക്കുള്ള വാഗ്ദാനത്തിനാണ് ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങൾ ജന്മം നൽകിയത്. എന്നാൽ, ഇന്ന് നിങ്ങൾ മറ്റൊന്നുമായി(അവരുടെ മരണവുമായി) സമരസപ്പെടേണ്ടി വരുന്നു. ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല ഇത്. 
നിങ്ങളുടെ ദുഃഖം വ്യക്തിപരമാണ്. കുട്ടികളുടെ മരണത്തെ തുടർന്നുള്ള വിഷമത്തെ നിങ്ങൾ അതിജീവിക്കുന്നത് മറ്റള്ളവരിൽനിന്ന്‌ തീർത്തും വ്യത്യസ്തമായിരിക്കും എന്ന വസ്തുത മനസ്സിലാക്കുക. നിങ്ങളുടെ ദുഃഖത്തെ നിങ്ങളുടെതായ രീതിയിൽ ഉൾക്കൊള്ളാൻ ശ്രമിക്കുക.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)