രിക്കലും അവസാനിക്കുന്നില്ല എന്നതാണ് രക്ഷാകർതൃത്വത്തിന്റെ പ്രത്യേകത. ഒരു രക്ഷിതാവ് എല്ലാക്കാലവും രക്ഷിതാവായിരിക്കും. കുട്ടികൾ കൗമാരത്തിലായിരിക്കുമ്പോൾ രക്ഷാകർതൃത്വം കുറച്ച് ബുദ്ധിമുട്ടുള്ള ചുമതലയായിരിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ആ പ്രായം കഴിഞ്ഞാൽ ഒന്നു വിശ്രമിക്കാം എന്നാവും അധികംപേരും വിചാരിക്കുക. എന്നാൽ കുഞ്ഞുങ്ങൾ കൗമാരപ്രായം കടക്കുന്നതോടെ രക്ഷകർത്താക്കളുടെ ചുമതലയും അവസാനിച്ചു എന്നുകരുതരുത്. പകരം വ്യത്യാസങ്ങളും വെല്ലുവിളികളും മറ്റൊരു ഘട്ടത്തിലേക്ക് കടന്നു എന്നുവേണം മനസ്സിലാക്കാൻ.

കൗമാരപ്രായം കഴിഞ്ഞാൽ പിന്നെയുള്ള രക്ഷാകർതൃത്വം എങ്ങനെയാകണം? ആ സമയത്ത് കുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം? മുമ്പത്തെതിൽനിന്ന് എന്തൊക്കെ വ്യത്യാസം വരുത്തണം? എത്രവേണമെങ്കിൽ വലുതായിക്കോട്ടെ, പ്രായപൂർത്തി ആയവരായിക്കോട്ടെ, നിങ്ങൾ രക്ഷാകർത്താക്കൾ ആയിരിക്കുന്നിടത്തോളം കാലം മക്കൾ നിങ്ങൾക്ക് കുഞ്ഞുങ്ങൾ തന്നെയായിരിക്കും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം രക്ഷാകർത്വം നിരന്തരമായ മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമായ സംഗതിയാണ്. ക്ഷമ, സഹനശക്തി, തിരിച്ചടികൾ ഒക്കെ രക്ഷാകർതൃത്വത്തിന്റെ ഭാഗമാണ്. 

സഹനശക്തിയിൽനിന്നു തുടങ്ങാം. സാൻഡ്‌വിച്ച് ജനറേഷന്റെ പ്രതിനിധിയാണ് നിങ്ങളെന്ന് കരുതുക, പ്രായപൂർത്തിയായ മക്കളുടെയും പ്രായമായ മാതാപിതാക്കളുടെയും ഇടയിലാണ് നിങ്ങൾ എന്നും കരുതുക. എന്തുകൊണ്ടാണ് ചിലകാര്യങ്ങളിൽ കുട്ടികൾക്ക് നിങ്ങളുമായി ഒത്തുപോകാൻ സാധിക്കാതെ വരുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും; കാരണം ഇതേ സാഹചര്യങ്ങൾ നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കുടെയും ഇടയിലുണ്ടായിട്ടുണ്ടാകാം. 

നിങ്ങളോട് മക്കൾ എന്തുകൊണ്ടാണ് ദേഷ്യപ്പെടുന്നതെന്നും അഭിപ്രായങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതെന്നും മാതാപിതാക്കളും നിങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഒരുപക്ഷേ, ഒരു തലമുറയുടെ മൂല്യങ്ങളെ തിരസ്കരിച്ചുകൊണ്ടാവും അടുത്തതലമുറ മുന്നോട്ടുനീങ്ങുന്നത്. ഇത് കലഹങ്ങൾക്കും പരാതികൾക്കും കാരണമായേക്കാം. ഇരുകൂട്ടരുടെയും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ പരസ്പരം അംഗീകരിക്കുക. പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ ഇത് സഹായിക്കും.

മറ്റൊന്ന് പൂർണതയുള്ള മാതാപിതാക്കളായിരുന്നില്ല നിങ്ങളുടെത്. അതുകൊണ്ടുതന്നെ നിങ്ങളും പൂർണതയുള്ള മാതാപിതാക്കളല്ല. നിങ്ങളുടെ മക്കളും അങ്ങനെ ആയിരിക്കില്ല. ഈ വസ്തുത അംഗീകരിക്കുക. ലഭിച്ച രക്ഷാകർതൃത്വത്തിന് അനുസൃതമായാണ് നിങ്ങൾ വളർന്നത്. ചില പോരായ്മകൾ നിങ്ങളിലുമുണ്ടാവും. അതേക്കുറിച്ച് കുട്ടികളോട് പറയുക. ആ പോരായ്മകൾ കുട്ടികൾ മനസ്സിലാക്കിക്കൊള്ളും. എത്ര കഷ്ടപ്പെട്ടാലും ബുദ്ധിമുട്ടിയാലും ചില പരാജയങ്ങളെ ആർക്കും ഒഴിവാക്കാൻ സാധിക്കില്ല. ഇത്തരം പരാജയങ്ങളെ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കുക. 

തിരിച്ചടികളുമായി പൊരുത്തപ്പെട്ടുപോവുക എന്നത് വെല്ലുവിളിയാണ്. കുട്ടികൾ ചെറുതായിരിക്കുമ്പോൾ നമ്മുടെ ജീവിതത്തോട് അവരെ ചേർത്തു നിർത്തുകയാണ് നാം ചെയ്യുക. എന്തു ചെയ്യണം, എങ്ങനെ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമായിരിക്കും നടക്കുക. എന്നാൽ കുട്ടികൾ പ്രായപൂർത്തിയാകുന്നതോടെ, മാതാപിതാക്കൾക്ക് അവരുടെ ജീവിതത്തിലെ റോൾ താരതമ്യേന കുറയും. പകരം അവരുടെ ജീവിതവുമായി നാം പൊരുത്തപ്പെടേണ്ടതായി വരും. അവരുടെ വിശ്വാസങ്ങൾ, അവരുടെ താത്പര്യങ്ങൾ എന്നിവയ്ക്ക് നാം പ്രാമുഖ്യംനൽകേണ്ടിവരും. മക്കളുടെ ജീവിതത്തിലെ പരമ്പരാഗതമൂല്യങ്ങളുടെ ശോഷണം ചില മാതാപിതാക്കളെയെങ്കിവും വിഷമത്തിലാക്കും.

പ്രായപൂർത്തിയാകുന്നതോടെ മക്കൾ പുതിയ ജീവിതവഴിയും ശൈലിയും തിരഞ്ഞെടുത്തേക്കാം. രക്ഷിതാക്കൾക്ക് താത്പര്യമില്ലാത്തയാളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തേക്കാം. ഇവയെ മാതാപിതാക്കൾ ചോദ്യംചെയ്താൽ ഇതെന്റെ ജീവിതമാണ്. എനിക്കു സൗകര്യമുള്ളതു പോലെ ജീവിക്കും എന്ന മറുപടിയായിരിക്കും അവർ ചിലപ്പോൾ നൽകുക. അപ്പോൾ ഈ പഴയ തത്ത്വം വാസ്തവമാകുന്നതായി കാണാൻ സാധിക്കും.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മത്സരത്തിൽ പ്രായപൂർത്തിയായ മക്കളെ പരാജയപ്പെടുത്തുക എന്നത് മാതാപിതാക്കൾക്ക് അസാധ്യമാണ്. മക്കൾക്കുമുന്നിൽ മാതാപിതാക്കൾ പരാജയപ്പെടുകയാണ് ചെയ്യുക. മാതാപിതാക്കളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധത്തിൽ വ്യത്യാസംവരുന്നത് മാതാപിതാക്കൾക്ക് പ്രായമാകുന്നതോടെയാണ്. അപ്പോൾ മാതാപിതാക്കൾ മക്കളെ ആശ്രയിക്കാൻ തുടങ്ങും. ചെറുപ്പത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ അവരുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്വവും. 

അവസാനമായി മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട മറ്റൊന്നു കൂടി. നിങ്ങളുടെ കുഞ്ഞ് പ്രായപൂർത്തിയായ വ്യക്തിയായി മാറിക്കഴിയുമ്പോൾ, അവരുടെ ആ ജീവിതത്തെ കൈകാര്യംചെയ്യാൻ മാതാപിതാക്കൾ പഠിക്കണം. വിവാഹിതരായി കഴിയുമ്പോൾ അവരുടെ ജീവിതപങ്കാളിക്കാകും മക്കളുടെ ജീവിതത്തിൽ നിങ്ങളെക്കാൾ പ്രാധാന്യം. ഇനി മക്കൾക്ക് കുട്ടികളായെന്നിരിക്കട്ടെ, അവരുടെ ജീവിതത്തിലെ നിങ്ങളുടെ പ്രാധാന്യം പിന്നെയും കുറഞ്ഞേക്കാം. പ്രാധാന്യം കുറയുന്നു എന്നതിന്റെ അർഥം സ്നേഹം കുറയുന്നുവെന്നല്ല എന്നു മനസ്സിലാക്കുക.

മക്കൾ ആഴ്ചയിലൊരിക്കൽ ഫോൺ ചെയ്യുന്നതോ ഇടയ്ക്ക് സന്ദർശിക്കുന്നതോ വിശേഷവാസരങ്ങളിൽ ആംശംസകൾ അറിയിക്കുന്നതോ ചിലപ്പോഴൊക്കെ ഒരു കർത്തവ്യനിർവഹണമാണെന്ന് മാതാപിതാക്കൾക്ക് തോന്നിയേക്കാം. നിങ്ങളുടെ രക്ഷാകർതൃത്വത്തിന്റെ ഫലം തന്നെയാണത്. സ്വതന്ത്രരായി വളരാനുള്ള പരിശീലനമാണ് നിങ്ങൾ കുട്ടികൾക്കു നൽകിയത്. അതനുസരിച്ച് അവർ വളർന്നു. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുന്നു. അതിനെ അങ്ങനെ പരിഗണിച്ചാല്‍ മതിയാകും

മാതാപിതാക്കളുടെ റോൾ അങ്ങനെ അവസാനിക്കുന്നവയല്ല. നിങ്ങൾ മാതാപിതാക്കളായിരിക്കുന്നിടത്തോളം കാലം ആ ഉത്തരവാദിത്വം നിങ്ങളിലുണ്ടാവും. ഓർക്കുന്നില്ലേ ചെറുപ്പത്തിൽ എന്നെ നോക്കൂ... ഒന്നു കേൾക്കൂ... നോക്ക് ഞാൻ ചെയ്തത് എന്താണെന്നു കണ്ടോ? ഞാൻ എന്താ ചെയ്തെന്നു പറയട്ടെ എന്നൊക്കെ നിങ്ങളുടെ കുഞ്ഞ് പറഞ്ഞിരുന്നത്. എന്തായിരുന്നു ആ കുഞ്ഞ് നിങ്ങളോട് ആവശ്യപ്പെട്ടിരുന്നത്? മാതാപിതാക്കളുടെ ശ്രദ്ധയും താത്പര്യവും പരിഗണനയുമായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. പ്രായപൂർത്തിയായവരും മുതിർന്നവരുമായ മക്കൾക്ക് വൈകാരിക പിന്തുണ നൽകുന്നവരായും നല്ല കേൾവിക്കാരായും മടുപ്പില്ലാതെ പ്രോത്സാഹിപ്പിക്കുന്നവരായും മാതാപിതാക്കൾ മാറുക.