ആഴ്ചയിലെ ലേഖനത്തിലേക്ക് കടക്കുന്നതിനുമുമ്പേതന്നെ കഴിഞ്ഞയാഴ്ചത്തെ ലേഖനത്തിന് നിങ്ങളിൽനിന്നു ലഭിച്ച പ്രതികരണങ്ങൾക്ക് ഞാൻ നന്ദിപറയുകയാണ്. ഞാനെഴുതിയ കാര്യത്തെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയതിലും അതിനോട് യോജിപ്പു പ്രകടിപ്പിച്ചതിലും ഏറെ സന്തോഷമുണ്ട്. 

കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ എഴുതിയിരുന്നല്ലോ. കുട്ടികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കാൻ നാം വിട്ടുപോകുന്നത് എന്തുകൊണ്ടാണെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തു ചെയ്യാം എന്നതിനെക്കുറിച്ചുമാണ് ഞാൻ ഈയാഴ്ചയിലെ ലേഖനത്തിൽ പറയുന്നത്.

നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രക്ഷാകർത്താക്കളെന്ന നിലയിൽ ഭക്ഷണം, താമസം, വസ്ത്രം, വിദ്യാഭ്യാസം, വിനോദം തുടങ്ങി കുട്ടികളുടെ ആവശ്യങ്ങളെല്ലാം നാം ഉറപ്പാക്കാറുണ്ട്. എന്നാൽ നാം ഉറപ്പാക്കുന്നതിലും ആലോചിക്കുന്നതിൽപോലും പലപ്പോഴും പരാജയപ്പെടുന്ന ഒന്നുണ്ട്. കുട്ടികളുടെ വൈകാരികാവശ്യങ്ങൾക്ക് നാം ആവശ്യമായ പരിഗണന നൽകാറുണ്ടോ എന്നതാണ് ആ കാര്യം.

നമ്മുടെ കുട്ടികളുടെ വൈകാരികമായ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാമോ? അവ എങ്ങനെ സാധിച്ചുകൊടുക്കുമെന്ന കാര്യമോ? കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ/ പിന്തുണയെക്കുറിച്ച് ചിന്തിക്കുമ്പോൾ സ്നേഹവും കരുതലുമാണ് എന്റെ മനസ്സിലേക്കു വരുന്നത്.

ശരിയാണ്, നാം നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവർക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ഇവയെ കൂടാതെ രക്ഷാകർത്താക്കളിൽനിന്ന് കുട്ടികൾ ആവശ്യപ്പെടുന്നത് എന്താണ്?  വൈകാരിക പക്വതയും സ്വയം ബോധമുള്ളവരും ആയി മാറാൻ കുട്ടികളെ നമുക്ക് എങ്ങനെ സഹായിക്കാനാകും? 

ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളിലൂടെയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ വളർച്ചഘട്ടം കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും അവരുടെ ആവശ്യങ്ങളിലും മാറ്റം വരും. ഉദാഹരണത്തിന് കൗമാരപ്രായം കടക്കുന്നതോടെ കാർട്ടൂൺ കാണാനും കോമിക്കുകൾ വായിക്കാനും അവർ താത്പര്യപ്പെട്ടെന്നുവരില്ല. അതുപോലെതന്നെ അവരുടെ വൈകാരികമായ ആവശ്യങ്ങളിലും വ്യത്യാസമുണ്ടാവും. വ്യത്യസ്തമായ പ്രായത്തിലുള്ള കുട്ടികൾക്ക് ആവശ്യമായ വൈകാരികപിന്തുണയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇനി ഞാൻ പങ്കുവെയ്ക്കുന്നത്.

ഒന്ന്‌-മൂന്ന്‌ വയസ്സിനിടയിലുള്ള കുട്ടികൾ

ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പഠിച്ചുതുടങ്ങുന്ന പ്രായമാണ് ഒന്നു മുതൽ മൂന്നുവയസ്സുവരെയുള്ള പ്രായം. ശാരീരികവും മാനസികവും ഭാഷാപരവുമായ വികാസത്തിന്റെ സമയമാണിത്. നാം വിചാരിക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ അവർ ഇക്കാലയളവിൽ മനസ്സിലാക്കുകയും സ്വയംബോധം ആർജിക്കുകയും ചെയ്യും.

നാം മനസ്സിലാക്കേണ്ടത്- അവർക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അവരുടെ ആശയവിനിമയ ശേഷി, ശാരീരിക വൈകാരിക വികാസത്തിന് അനുസൃതമായി  വളർന്നിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ഒരു പക്ഷേ, അവർ പരാജയപ്പെട്ടേക്കാം.

കുഞ്ഞുങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മനസ്സിലാക്കാനുള്ള ശ്രമത്തിൽ തോൽവി സമ്മതിക്കാതിരിക്കുക. കുഞ്ഞുങ്ങൾ വാക്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുക. അവർ സംസാരിക്കുന്നതിനിടയിൽ കയറാതിരിക്കുക. ചിത്രങ്ങളുള്ള പുസ്തകങ്ങളുടെയും ആംഗ്യഭാഷയുടെയും സഹായം തേടാവുന്നതാണ്. എന്നാൽതന്നെയും കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുക എന്നതുതന്നെയാണ് കൂടുതൽ ഗുണകരം. 

സ്വന്തം തെറ്റുകളിൽനിന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക് അവസരം നൽകുക 

കുട്ടികൾ ഓരോ തവണയും വീഴുമ്പോൾ പിടിച്ച് എഴുന്നേൽപ്പിക്കുന്നതും എന്തെങ്കിലും സാധനം താഴെയിടുമ്പോൾ അതു വിലക്കുന്നതും സ്വാഭാവികമാണ്. എന്നാൽ വീണിടത്തുനിന്ന് തനിയെ എണീക്കാൻ കുട്ടിയെ അനുവദിക്കുന്നതിലൂടെ സ്വാതന്ത്ര്യ ബോധത്തിലേക്കുള്ള പ്രാഥമിക ചുവടുവെപ്പിനാണ് നിങ്ങൾ തുടക്കമിടുന്നത് എന്ന് മനസ്സിലാക്കുക.

കുട്ടികളെ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ തീർച്ചയായും ഒഴിവാക്കുകതന്നെ വേണം. എന്നാൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാത്ത ചെറിയ തെറ്റുകൾ ചെയ്യാനും അവയിൽനിന്ന് പാഠം പഠിക്കാനും കുഞ്ഞുങ്ങളെ അനുവദിക്കണം. 

മാതൃകകൾ ആവശ്യമാണ്- നിങ്ങൾ ചെയ്യുന്ന ഓരോ കാര്യവും കുഞ്ഞുങ്ങൾ ശ്രദ്ധിക്കുന്നുണ്ടാവും. അവർ ചെറിയ ശാസ്ത്രജ്ഞന്മാരാണ് എന്നുതന്നെ പറയാം. അവർ നിങ്ങളുടെ പ്രവൃത്തികളെ കാണുന്നു, ശ്രദ്ധിക്കുന്നു, അതേപോലെ പകർത്താൻ ശ്രമിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷവും നിങ്ങളുടെ പെരുമാറ്റം അതേപടി ആവർത്തിക്കാൻ കുഞ്ഞുങ്ങൾക്ക് സാധിക്കും.

ചിലപ്പോൾ ഫോൺ ചെവിയിൽ ചേർത്തും പുസ്തകം വായിക്കുന്നതു പോലെയുമൊക്കെ കുഞ്ഞുങ്ങൾ നിൽക്കാനിടയുണ്ട്. ഇതൊന്നും നിങ്ങൾ അപ്പോൾ ചെയ്തകാര്യത്തെ അനുകരിക്കുന്നതായിരിക്കണമെന്നില്ല. മുമ്പ് എപ്പോഴെങ്കിലും നിങ്ങൾ ചെയ്തതാവാം അവർ ഇപ്പോൾ പ്രകടിപ്പിക്കുന്നെന്നു മാത്രം. ഇത് സൂചിപ്പിക്കുന്നത് കുട്ടികൾക്ക് നിങ്ങൾ നല്ല മാതൃകകളാകണമെന്നാണ്.

അവർക്ക് പകർത്താനുള്ള നല്ല പെരുമാറ്റങ്ങളാകണം നിങ്ങളിൽനിന്നുണ്ടാകേണ്ടത്. സത്യം ചെയ്യുക, പുകവലിക്കുക, ദേഷ്യപ്പെടുക തുടങ്ങിയ കാര്യങ്ങൾ അവർക്കുമുന്നിൽ വെച്ച് ചെയ്യാതിരിക്കുക. നിങ്ങളുടെ കുട്ടി ഒരു കാര്യം ചെയ്യരുതെന്ന് ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ സമീപത്തുവെച്ച് നിങ്ങളും ചെയ്യാതിരിക്കുക. 

പ്രോത്സാഹിപ്പിക്കുക അഭിനന്ദിക്കുക- ജിജ്ഞാസ നിറഞ്ഞ മനസ്സിന്റെ ഉടമകളായിരിക്കും കുഞ്ഞുങ്ങൾ. അവരിലെ ഈ ഗുണത്തെ പ്രോത്സാഹിപ്പിക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്യുക. മാതാപിതാക്കളിൽനിന്ന് അംഗീകാരം ലഭിക്കാനും അവരെ സന്തോഷിപ്പിക്കാനുമുള്ള ശ്രമത്തിലായിരിക്കും അധികം കുഞ്ഞുങ്ങളും.

അതുകൊണ്ടു തന്നെ അവരുടെ പ്രവൃത്തികളോടുള്ള നിങ്ങളുടെ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ പ്രാധാന്യമുള്ള ഒരു ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. നല്ല പെരുമാറ്റത്തിന് കുട്ടികളെ അഭിനന്ദിക്കുന്നതിൽ പ്രായഭേദം വിചാരിക്കേണ്ടതില്ല. എന്നാൽ ക്രിയാത്മകതയ്ക്കോ മികച്ചൊരു തീരുമാനമെടുത്തതിനോ കുഞ്ഞുങ്ങളെ അഭിനന്ദിക്കുന്നതിലൂടെ അവരിൽ ചിന്താശക്തിക്കുള്ള അടിത്തറ പാകുകയാണ് നിങ്ങൾ ചെയ്യുന്നത്. 4-11 വയസ്സുകാര്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ വൈകാരിക പിന്തുണയെ കുറിച്ചുള്ള കാര്യങ്ങള്‍ അടുത്ത ലേഖനത്തില്‍

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)