‘കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ഒരാഴ്ചയ്ക്കിടെ പതിനൊന്ന് അറസ്റ്റുകൾ’. ‘പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഓരോവർഷവും കൂടിവരുന്നു’. ഏറെ മേളക്കൊഴുപ്പോടെ ലോക വനിതാദിനം ആഘോഷിച്ചതിനു തൊട്ടു പിന്നത്തെ ആഴ്ചയിലെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട തലക്കെട്ടുകളാണിവ. 

ഏറെ വേദനയുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ഈ വാർത്തകൾ. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാ നിലവാരമുള്ള (94%) നമ്മുടെ സംസ്ഥാനത്തുനിന്നുമാണ് കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ ഉയർത്തുന്ന ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നത്. 

സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ അതിലേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതിൻ പ്രകാരം 2016 പോക്സോ നിയമപ്രകാരം 2093 കേസുകളാണത്രെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 2015-ലെ 1569, 2013 ലെ 1002 എന്നതിൽ നിന്നാണ് കുത്തനെയുള്ള ഈ വർധന. ഈ വർഷം ജനുവരിയിൽ മാത്രം 149 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ കണക്കുകൾ വിഷയത്തിന്റെ ഗൗരവത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണോ അതോ കൂടുതൽ ഭയപ്പെടുത്തുകയാണോ എന്ന് ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഒരു പ്രശ്നമുണ്ടെങ്കിൽ അതിന് കൃത്യമായ പരിഹാരവുമുണ്ടാകും അത് തീർച്ചയാണ്. ആർക്കാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുക? സർക്കാരിനാണോ? ഉദ്യോഗസ്ഥർക്കാണോ? സന്നദ്ധസംഘടനകൾക്കാണോ അതോ സമൂഹത്തിനോ? 

ഇപ്പറഞ്ഞ ഓരോരുത്തർക്കും പ്രശ്നപരിഹാരത്തിൽ അവരവരുടേതായ റോളുകൾ നിർവഹിക്കാനുണ്ടാകും. എന്നിട്ടും ഒരു കുഞ്ഞിനുകൂടി മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലോ? കുട്ടിക്കുശേഷം അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കളാണ് പിന്നെ ഏറ്റവും കൂടുതൽ വിഷമിക്കുന്നത്. മാനസികവിഷമത്തിലൂടെയും സാമൂഹികസമ്മർദത്തിലൂടെയും അവർക്ക് കടന്നുപോകേണ്ടി വരും. 

എന്റെ അഭിപ്രായത്തിൽ ഏതൊക്കെ വിധത്തിലാണ് ആളുകൾ ഉപദ്രവിക്കാൻ ഇടയുള്ളതെന്നും അതിൽനിന്ന്  എങ്ങനെ രക്ഷപ്പെടണമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. എന്റെ കുഞ്ഞിന് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവരില്ല എന്ന മുൻധാരണയോടെ, പത്രത്താളുകളിൽ പ്രത്യക്ഷപ്പെടുന്ന പലവാർത്തകളും അശ്രദ്ധയോടെ കാണുന്നവരാണ് പല മാതാപിതാക്കളും. ഞാൻ പ്രാർഥിക്കാറുണ്ട് ഒരു കുഞ്ഞിനുപോലും അത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരരുതേ എന്ന്. 

നമ്മുടെ കുഞ്ഞുങ്ങളും ഇത്തരം അപകടങ്ങളുടെ നിഴലിൽ നിന്ന് മോചിതരല്ല. അതുകൊണ്ടുതന്നെ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കാൻ നാം കുഞ്ഞുങ്ങളെ പഠിപ്പിച്ചേ മതിയാകൂ. ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമൊക്കെ സംസാരിക്കുന്നതും ലൈംഗികത എന്ന പദം ഉപയോഗിക്കുന്നതു പോലും വലിയ കുറ്റമായി കാണുന്ന പല കുടുംബങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. 

നല്ല കുടുംബത്തിൽനിന്ന് വരുന്നവർ ലൈംഗികതയെ കുറിച്ച് സംസാരിക്കുകയോ ചർച്ച ചെയ്യുകയോ ഇല്ലെന്ന ധാരണ നമ്മുടെ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് വീട്ടിൽനിന്നുലഭിക്കാത്ത വിവരങ്ങൾക്കായി നമ്മുടെ കുട്ടികൾ മറ്റു പലയിടങ്ങളിലും അന്വേഷണം ആരംഭിക്കുന്നത്. നിങ്ങളാണ് തീരുമാനിക്കേണ്ടത് ആർക്കാണ് ഈ വിഷയത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രാപ്തിയുള്ളവരെന്ന്. അത് ശരീരത്തെ കുറിച്ചുള്ള ആകാംക്ഷകളാകട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ടതാകട്ടെ, ആർക്കാണ് കുട്ടികൾക്ക് ആവശ്യമായ അറിവുകൾ നൽകാൻ കഴിയുന്നത്? 

മാതാപിതാക്കൾക്കാണോ അതോ ഇന്റർനെറ്റിനോ അതോ ടിവിക്കോ? ഇനി ഇതുമല്ലെങ്കിൽ കുട്ടികളുടെ സുഹൃത്തുക്കൾക്കോ അതോ ഗൂഢലക്ഷ്യങ്ങളുമായി നിങ്ങളുടെ കുട്ടികളെ തേടിയെത്തുന്ന അപരിചിതർക്കോ?

നിങ്ങൾ ആലോചിക്കുന്നുണ്ടാവും ലൈംഗിക അതിക്രമവും ലൈംഗിക വിദ്യാഭ്യാസവും തമ്മിൽ എന്താണ് ബന്ധമെന്ന്? എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്കുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കുന്നതിനുപകരം ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്നതെന്ന്. കാരണം ഇതാണ്. പീഡിപ്പിക്കപ്പെടുന്ന പല കുഞ്ഞുങ്ങൾക്കും അറിയില്ല അവർക്ക് എന്താണ് സംഭവിച്ചതെന്ന്. ഏത് അവസ്ഥയിലൂടെയാണ് അവർക്ക് കടന്നുപോകേണ്ടിവന്നതെന്ന്. അവൾക്ക് ശരിയായ സ്പർശത്തെ കുറിച്ചും മോശം സ്പർശത്തെയും കുറിച്ച് പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ, അവൾ/ അവൻ ഉപദ്രവിക്കപ്പെട്ടപ്പോൾ ഒച്ച വെയ്ക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തേനെ. 

കുട്ടികൾക്ക് അവരുടെ ശരീരത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നതിലും ശരീരത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിലും മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാലയത്തിനും നിർണായകമായ പങ്ക് വഹിക്കാനുണ്ട്. കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങളെ തടയാൻ കൂട്ടായശ്രമം ആവശ്യമാണ്. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ കുട്ടികൾക്ക് നൽകേണ്ട ചില മാർഗനിർദേശങ്ങളിതാ..

ലൈംഗികതയെ കുറിച്ച് ചെറുപ്രായത്തിൽ തന്നെ കുട്ടികളോട് സംസാരിക്കുന്നതും വളർച്ചയുടെ ഘട്ടങ്ങളിലും ആ സംസാരം തുടരുന്നതും നല്ലതാണ്. പ്രായപൂർത്തിയായ കുട്ടിയോട് ഒറ്റയടിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഏറെ ഫലപ്രദമാണ് ഈ രീതി. 

പ്രായത്തിന് അനുസരിച്ച് മറുപടി നൽകുക- കുട്ടികളുടെ ചോദ്യത്തിന് അവരുടെ പ്രായത്തിന് അനുസരിച്ച്‌ മനസ്സിലാക്കാൻ സാധിക്കുന്ന മറുപടി നൽകുക. ചോദിക്കാത്ത ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ല. മാത്രവുമല്ല ഒരുപാട് വിവരങ്ങൾ നൽകി അവരെ ബുദ്ധിമുട്ടിക്കുകയുമരുത്. 

കുട്ടികൾക്ക് എന്തറിയാം എന്നു കൂടി മനസ്സിലാക്കുക- കുട്ടികൾ ലൈംഗികതയെ കുറിച്ച് ചോദിക്കുന്നുവെന്നിരിക്കട്ടെ, അവർക്ക് ആ സംശയം എങ്ങിനെയുണ്ടായി എന്നു തിരികെ ചോദിക്കാം. എപ്പോഴാണ് ആ വാക്ക് ആദ്യമായി കേട്ടതെന്നും അന്വേഷിക്കുക. എന്തെങ്കിലും തെറ്റിധാരണ കുട്ടിയുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ തിരുത്താൻ ഇത് സഹായകമാകും. 

സത്യസന്ധമായി സംസാരിക്കുക- മാതാപിതാക്കൾ പറയുന്നത് സത്യമല്ലെങ്കിൽ അത് തിരിച്ചറിയാനുള്ള കഴിവ് കുട്ടികൾക്കുണ്ട്. അതുകൊണ്ട് കുട്ടികളോട് കള്ളം പറയാതിരിക്കുക. മാത്രമല്ല നിങ്ങൾ കുട്ടിയോട് പറഞ്ഞത് കളവാണെന്ന് മനസ്സിലായാൽ കുട്ടി മനസ്സുതുറന്ന് സംസാരിക്കുന്നത് നിർത്താനും സാധ്യതയുണ്ട്. ഇനി ചിലപ്പോൾ ചോദ്യത്തിന് ഉത്തരം നിങ്ങളുടെ പക്കൽ ഉണ്ടാകാനിടയില്ല എന്നു കരുതുക. അങ്ങനെയെങ്കിൽ  അക്കാര്യം തുറന്നുപറയുക. എന്നിട്ട് കുട്ടിയും നിങ്ങളും ചേർന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. 

ഓരോ ദിവസവും സംസാരിക്കാം- നിത്യജീവിതത്തിലെ പല സന്ദർഭങ്ങളും ലൈംഗികതയെ കുറിച്ച് കുട്ടികളോട് സംസാരിക്കാൻ യോജിക്കുന്നവയായിരിക്കും. ഉദാഹരണത്തിന്‌വീട്ടിൽ ഒരു ഗർഭിണി ഉണ്ടെന്നിരിക്കട്ടെ, എങ്ങനെയാണ് ആ അമ്മയുടെ ഉദരത്തിൽ ആ കുഞ്ഞ്  രൂപം കൊണ്ടതെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കാം. ഇനി സാനിറ്ററി പാഡുകളെ കുറിച്ചുള്ള പരസ്യം കാണുകയാണെന്നിരിക്കട്ടെ, ആർത്തവത്തെ കുറിച്ച് കുട്ടിക്ക് പറഞ്ഞുകൊടുക്കാം.

ഡേറ്റിങ്ങിനെ കുറിച്ച് ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയാണെന്നിരിക്കട്ടെ, പ്രണയത്തെ കുറിച്ചും മറ്റും പറഞ്ഞുകൊടുക്കാനുള്ള അവസരമായി ഇതിനെ കാണാം. മാതാപിതാക്കളെന്ന നിലയിൽ കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകേണ്ടതിന്റെ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റുക. ഒപ്പം കുട്ടികളെ സ്വന്തം ശരീരത്തിന്റെ സുരക്ഷയെ കുറിച്ച് ചിന്തയുള്ളവരും ആത്മാഭിമാനമുള്ളവരുമാക്കി മാറ്റുക.

കുട്ടികളോട് ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് നിങ്ങളിൽ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം നമ്മളിൽ പലർക്കും പരിചയമുള്ള സമീപനമല്ല ഇത്. എങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിലും മുന്നോട്ടു പോവുക. കാരണം വലിയൊരു മാറ്റത്തിന് നാന്ദി കുറിക്കുകയും വരുംകാലത്തിന് മാതൃകകളാവുകയുമാണ് ഇത്തരം തുറന്ന സംഭാഷണങ്ങളിലൂടെ നിങ്ങൾ ചെയ്യുന്നത്. ലൈംഗികഅതിക്രമങ്ങളെ കുറിച്ച് കുട്ടികൾക്ക് എങ്ങനെ പറഞ്ഞുകൊടുക്കാം? നല്ല സ്പർശത്തെയും ചീത്തസ്പർശത്തെയും എങ്ങനെ തിരിച്ചറിയാൻ പഠിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ അടുത്ത ലേഖനത്തിൽ. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒ ആണ് ലേഖിക)