"സരസ്വതിപൂജയുടെ ദിവസമായിരുന്നു അന്ന്. അടുത്തുള്ള ക്ഷേത്രത്തിൽ അതിന്റെ ചടങ്ങുകൾ നടക്കുന്നു. ഉച്ചയ്ക്കുള്ള അർച്ചന തൊഴണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. തനിച്ചുപോകാൻ മടി തോന്നിയതുകൊണ്ട് പന്ത്രണ്ടുവയസ്സുകാരിയായ മകളോട് അന്ന് ക്ലാസിൽ പോകേണ്ടെന്നും എന്റെ ഒപ്പം വരാമോയെന്നും  ചോദിച്ചു. അനുസരണശീലമുള്ളവളും കഠിനാധ്വാനിയും മാത്രമല്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അവൾ. 

ആകെ കീറി നാശമായ ഒരു നൂറുരൂപ നോട്ട് എന്റെ കൈവശം ഉണ്ടായിരുന്നു. അതൊന്ന് മാറിക്കിട്ടാൻ ഞാൻ ഒരുപാടുതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, നിർഭാഗ്യമന്നു പറയട്ടെ ആ ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയാണുണ്ടായത്. ഒന്നുകൂടി പറയട്ടെ ബാങ്കിൽ കൊടുത്ത് ആ നോട്ട്  മാറാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടുമില്ല. ബാങ്കിൽ നീണ്ട ക്യൂ എന്നെ ഭയപ്പെടുത്തിയിരുന്നു എന്നതായിരുന്നു അതിന് കാരണം.

അന്ന് ഒരു ഓട്ടോയ്ക്കായിരുന്നു ഞങ്ങൾ അമ്പലത്തിലേക്കുപോയത്. ഞാൻ ആ നൂറുരൂപ മടക്കി ഓട്ടോക്കാരന് നൽകി. അത് അയാൾ നിവർത്തി നോക്കിയില്ലെന്ന് മാത്രമല്ല, എനിക്ക് ബാക്കി തരികയും ചെയ്തു. നോട്ട് മാറിക്കിട്ടിയതിന്റെ സന്തോഷത്തിലായിരുന്ന ഞാൻ മകളെ നോക്കാൻ വിട്ടുപോയി. പിന്നീട് ഞാൻ അവളെ നോക്കിയപ്പോൾ, അവൾ എന്റെ മുഖത്തേക്ക് തുറിച്ചുനോക്കുന്നതായി എനിക്ക് മനസ്സിലായി.

അവിടെ നടന്നതൊക്കെയും വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയായിരുന്നു എന്റെ മകൾ. എന്നിട്ട് അവൾ എന്നോട് ഇങ്ങനെ പറഞ്ഞു. "അമ്മാ അയാളെ പോലെയുള്ളവർക്ക് അത്തരം നോട്ട് ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ചിലപ്പോൾ ബാങ്കുമായി ഇടപാടുകളൊന്നും നടത്താത്ത ആളായിരിക്കും. അതുകൊണ്ടുതന്നെ ബാങ്കിൽനിന്ന് മാറ്റിയെടുക്കാനും സാധിച്ചെന്നു വരില്ല. അതുകൊണ്ട് ആ നോട്ട് തിരികെ വാങ്ങൂ. നമുക്ക് അത് ബാങ്കിൽ നൽകി പുതിയ നോട്ട് വാങ്ങാം".

മകളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അപ്പോൾ തന്നെ അവളുടെ കൈവശം ഞാൻ എൺപത് രൂപ കൊടുത്തു വിട്ടു. അവൾ അതുമായി ഓട്ടോറിക്ഷാ ഡ്രൈവറുടെ അടുത്ത് ചെന്നു. അയാൾക്ക് അപ്പോഴും മനസ്സിലായിരുന്നില്ല ആ നൂറുരൂപാ നോട്ട് കീറിയതായിരുന്നെന്ന്. എന്നാൽ എന്റെ മകൾ അയാളോട് കാര്യം പറയുകയും പണം നൽകുകയും ചെയ്തപ്പോൾ അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞത് ഞാൻ കണ്ടു.

മകളെ കുറിച്ചുള്ള അഭിമാനമായിരുന്നു അപ്പോൾ എന്റെ മനസ്സുനിറയെ. അങ്ങനെ സരസ്വതിപൂജയുടെ ദിവസം സത്യസന്ധതയെ കുറിച്ചും വിനയത്തെ കുറിച്ചും പഠിക്കാൻ എനിക്ക് സാധിച്ചു". - ഇത് വളരെ അടുപ്പമുള്ള ഒരു സുഹൃത്ത് എന്നോടു പങ്കുവെച്ച അനുഭവമാണ്. അവൾ എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ചില ചിന്തകൾ കടന്നുവന്നു. അവ എന്നോട് പതിവുപോലെ ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

കുട്ടികളെ സത്യസന്ധരായി വളർത്തുക എന്നത് ഇന്നത്തെ കാലത്ത് എത്രമാത്രം സാധ്യമാണ്? മൂല്യങ്ങളെകുറിച്ച് സംസാരിക്കുക മാത്രമേ നമ്മൾ ചെയ്യാറുള്ളോ? അവ നിത്യജീവിതത്തിൽ പകർത്താൻ കുട്ടികളെ നാം സഹായിക്കാറില്ലേ? 

മുമ്പത്തെ കാലത്തിൽനിന്ന് വ്യത്യസ്തമായി, ഇന്ന് സത്യസന്ധതയ്ക്ക് വലിയ വിലയൊന്നും ആരും നൽകാറില്ല. വഞ്ചന ഒരു പകർച്ചവ്യാധിയെ പോലെ പടർന്നുപിടിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയും പലപ്പോഴും ഇതിന്‌ ചുക്കാൻ പിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തെറ്റായ വിവരങ്ങൾ അത് വ്യക്തിപരമായതോ അല്ലാത്തതോ ആയിക്കോട്ടെ പ്രചരിപ്പിക്കാൻ ഓൺലൈൻ മാധ്യമങ്ങൾ സഹായകമാകാറുണ്ട്.

സത്യസന്ധതയില്ലാത്ത ബിസിനസ് നടപടികൾക്കും അഴിമതി നടപ്പാക്കാനും സാങ്കേതികവിദ്യകൾ സഹായകമാകുന്നുണ്ട്. സത്യസന്ധതയോടെ ജീവിക്കുക എന്നത് ഒരു പഴഞ്ചൻ ഇടപാടായി ഇന്നു മാറിയിട്ടുണ്ട്. സത്യസന്ധരും ആത്മാർഥതയുള്ളവരുമായി നമ്മുടെ കുട്ടികൾ വളർന്നുവരണമെങ്കിൽ അതിനാവശ്യമായ നടപടികൾ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കുട്ടികൾ സത്യസന്ധരായി വളരാനുള്ള മാതൃക നിങ്ങൾ തന്നെയാകണം. എങ്കിൽ മാത്രമേ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന ബോധം കുട്ടികളിൽ വളരുകയുള്ളൂ. 

സത്യസന്ധരായി വളർത്താനുള്ള ചില മാർഗങ്ങൾ

സത്യസന്ധതയ്ക്ക് നിങ്ങളുടെ കുടുംബത്തിൽ എത്ര പ്രാധാന്യമുണ്ടെന്ന് ചെറുപ്പം മുതൽക്ക് കുട്ടികളെ ബോധ്യപ്പെടുത്തുക. എത്ര ബുദ്ധിമുട്ടുള്ളതുമായിക്കോട്ടെ പരസ്പരം സത്യസന്ധതയോടെ പെരുമാറാൻ അവരോട് നിർദേശിക്കുക. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ സത്യസന്ധതയില്ലെങ്കിൽ അത് കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും.

സത്യസന്ധതയാണ് കുടുംബത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനമെന്നും അവരെ പറഞ്ഞ് മനസ്സിലാക്കുക. എങ്കിൽ മാത്രമേ പരസ്പരവിശ്വാസവും ബഹുമാനവും കുടുംബത്തിൽ സാധ്യമാവുകയുള്ളൂവെന്നും അവരെ ബോധ്യപ്പടുത്തുക.

വാക്കിലും പ്രവൃത്തിയിലും മാതൃകകളാകുക

കുട്ടികളോടുള്ള നിങ്ങളുടെ സമീപനം സത്യസന്ധമല്ലെങ്കിൽ അവർ നിങ്ങളോടും സത്യസന്ധതയോടെ പെരുമാറുകയില്ല. എത്ര കുഴപ്പം പിടിച്ച ചോദ്യമാണ് കുട്ടികൾ ചോദിക്കുന്നതെങ്കിലും സത്യസന്ധതയോടെ അവർക്ക് ഉത്തരം നൽകുക. അവരുടെ പ്രായവും ഉത്തരം മനസ്സിലാക്കാനുള്ള പ്രാപ്തിക്കും അനുസൃതമായി വേണം ഉത്തരങ്ങൾ നൽകാൻ. ഇനി അവർക്ക് മനസ്സിലാകുന്നതിനും അപ്പുറമുള്ള കാര്യങ്ങളെ കുറിച്ചാണ് ചോദിക്കുന്നതെങ്കിൽ അതിന് അനുസൃതമായ ഉത്തരങ്ങൾ നൽകുക.

കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരവരുടേതായ സ്വകാര്യതകളുണ്ട്. ഇതിനെ മാനിക്കുക. തീർത്തും സ്വകാര്യമായ കാര്യങ്ങൾ ചോദിക്കുമ്പോഴും പറയുമ്പോഴും ഇക്കാര്യം മനസ്സിൽ ഉണ്ടാകണം. രഹസ്യങ്ങളില്ലാത്ത, എല്ലാവർക്കും സത്യസന്ധതയോടെ പെരുമാറാൻ സാധിക്കുന്ന അന്തരീക്ഷം വീട്ടിനുള്ളിൽ സൃഷ്ടിക്കുക എന്നതാവണം മാതാപിതാക്കളുടെ ലക്ഷ്യം. 

കള്ളം പറയുന്നതിനോ പ്രവർത്തിക്കുന്നതിനോ ശിക്ഷിക്കുന്നതിനെക്കാളേറെ സത്യസന്ധതയോടെ പെരുമാറുന്നതിനാണ് നിങ്ങൾ വില നൽകുന്നതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. കള്ളം പറയുന്നത് തെറ്റാണെന്നും അതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുക. അതിനൊപ്പംതന്നെ സത്യസന്ധതയോടെ പെരുമാറുന്നതിന്റെ ഗുണവും അവരെ ബോധ്യപ്പെടുത്തുക.

സത്യം പറഞ്ഞശേഷവും കുട്ടികളെ ശിക്ഷിക്കുന്നത് ആശാസ്യമല്ല. കാരണം ഇത്തരം ശിക്ഷകൾ അടുത്തതവണ സത്യം പറയുന്നതിൽനിന്ന് കുട്ടികളെ തടഞ്ഞേക്കാം. ഇനി സത്യം അറിഞ്ഞതിനുശേഷവും കുട്ടികൾക്ക് ശിക്ഷണം ആവശ്യമാണെന്ന് തോന്നുകയാണെന്നിരിക്കട്ടെ, വളരെ ശ്രദ്ധാപൂർവം വേണം അതിലേക്ക് കടക്കാൻ. ബഹുമാനത്തോടെയും കരുതലോടെയും വേണം അത് നടപ്പാക്കാൻ. നിങ്ങൾ അവരുടെ സത്യസന്ധതയെ എത്രമാത്രം വിലമതിക്കുന്നുവെന്ന് അതിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.

നല്ല അനുഭവങ്ങളെക്കുറിച്ച്‌ കുട്ടികളോട് പറയാം 

സത്യസന്ധത പാലിക്കാതിരിക്കാനും കള്ളം കാണിക്കാനും നിരവധി അവസരങ്ങളാണ്  മുതിർന്നവർക്കുമുന്നിൽ ഓരോ ദിവസവും ഉണ്ടാകുന്നത്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കുകയും സത്യസന്ധത പാലിക്കുകയും ചെയ്യുക. ഇതിലൂടെ നാം കുട്ടികൾക്ക് മാതൃകകളാകുകയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ ഇത്തരം സത്യസന്ധമായ നടപടികൾ കുട്ടികളുടെ ശ്രദ്ധയിൽ പെടണമെന്നില്ല.

നികുതിവെട്ടിപ്പ് നടത്താതിരിക്കുകയും ഓരോ വർഷവും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളെന്ന് ഇരിക്കട്ടെ. കുട്ടികൾ ഇത് ശ്രദ്ധിക്കണമെന്നില്ല. ഇതിനൊരു പരിഹാരമുണ്ട്. എന്താണ് നികുതിയെന്നും എന്തിനാണ് നികുതി അടയ്ക്കുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടികളോട് സംസാരിക്കുക. നികുതി അടയ്ക്കാതിരുന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അവർക്ക് പറഞ്ഞുകൊടുക്കുക.

പിന്നെ എന്തുകൊണ്ടാണ് നികുതി അടയ്ക്കുന്നതിൽ നിങ്ങൾ വിമുഖത കാട്ടാത്തതെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. നിത്യജീവിതത്തിൽ സത്യസന്ധരല്ലായിരിക്കാൻ അവസരങ്ങളുണ്ടായിട്ടും അതിനു മുതിരാതെ മൂല്യബോധത്തോടെ ജീവിക്കാൻ നിങ്ങൾ താരുമാനിച്ചതിനെക്കുറിച്ചും കുട്ടികളോട് പറയുക. അച്ഛനും അമ്മയും സത്യസന്ധമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന ബോധ്യം സത്യസന്ധത പാലിക്കാൻ കുട്ടികളെയും പ്രേരിപ്പിക്കും. 

സംഭാഷണങ്ങളിൽ പരമാവധി സത്യസന്ധത പുലർത്തുക

ഒരു രക്ഷിതാവെന്നനിലയിൽ ഞാൻ ഏറെ ചിന്തിക്കുകയും ശ്രദ്ധ പുലർത്തുകയും ചെയ്യുന്ന കാര്യമാണിത്. എന്തെങ്കിലും കാര്യം ചെയ്യാമെന്ന് നിങ്ങൾ കുട്ടികൾക്ക് വാക്കു നൽകിയെന്നിരിക്കട്ടെ. അത് തീർച്ചയായും ചെയ്യുക. ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾക്ക് വാക്ക് നൽകാതിരിക്കുക. അച്ഛനെയാണോ അമ്മയെ ആണോ വിശ്വസിക്കേണ്ടതെന്ന് കുട്ടികൾ മനസ്സിലാക്കുന്നത് കൗമാരത്തോടെയാണ്. നിങ്ങൾ പറയുന്ന ഒരു ചെറിയ കള്ളംപോലും കുട്ടികളുടെ കാഴ്ചപ്പാടിനെ പ്രതികൂലമായി ബാധിച്ചേക്കാം. 

അതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെ വേണം കുട്ടികളുമായി സംസാരിക്കാൻ. എന്തൊക്കെ മൂല്യങ്ങൾ സ്വീകരിച്ചാണ് കുട്ടികൾ വളരേണ്ടതെന്ന ബോധപൂർവമായ തിരഞ്ഞെടുപ്പ് മാതാപിതാക്കൾ നടത്താറുണ്ട്. കുട്ടികൾ മുതിർന്നവരാകുമ്പോഴും ആ ഗുണങ്ങൾ അവർക്കൊപ്പമുണ്ടാകും. എങ്കിലും എന്തൊക്കെ ഗുണങ്ങളാണ് സ്വാംശീകരിക്കേണ്ടതെന്നും അംഗീകരിക്കേണ്ടതെന്നുമുള്ള അവസാന തീരുമാനം കുട്ടികളുടേതാണ്. അതേസമയം തന്നെ മൂല്യങ്ങൾ സത്യസന്ധതയോടെ പാലിക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസവും യുക്തിബോധവും മറ്റൊരിടത്തുനിന്നും അവർക്ക് ലഭിക്കില്ല.

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)

പേരന്റിങ്ങുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കൂ...