യർ സെക്കൻഡറി, സീനിയർ സെക്കൻഡറി പരീക്ഷാഫലം അടുത്തുവരുമ്പോൾ രക്ഷിതാക്കളിലും കുട്ടികളിലും ഒരുപോലെ ഉത്കണ്ഠയുണ്ടാക്കുന്ന വാക്കാണ്  ' കരിയർ'. പത്താംതരം പരീക്ഷ കഴിയുമ്പോഴും പന്ത്രണ്ടാംതരം പരീക്ഷ കഴിയുമ്പോഴുമാണ് വിദ്യാർഥികൾ അവരവർക്കനുയോജ്യമായ തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിനെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത്.

ഏത്‌ തൊഴിൽമേഖല തിരഞ്ഞെടുക്കുമെന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. രക്ഷിതാക്കളുടെ പ്രതീക്ഷ എപ്പോഴും സ്വന്തം കുട്ടികളിലാണ്. നിങ്ങളുടെ കുട്ടികളുടെ ഭാവിതന്നെയാണ് നിങ്ങൾക്ക് പ്രധാനം. അവരുടെ അഭിരുചിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം അവർക്ക് നൽകണം. 

വിദ്യാർഥികൾക്ക് ഇണങ്ങുന്ന തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളിലൂടെ രക്ഷിതാക്കളും വിദ്യാർഥികളും ഇതിനോടകം ഒന്നു കണ്ണോടിച്ചു നോക്കിയിട്ടുണ്ടാകും. അതുപോലെതന്നെ തൊഴിൽ വിദഗ്ദ്ധൻമാരോടും നിങ്ങളുടെ കൂട്ടുകാരോടും ബന്ധുക്കളോടുമെല്ലാം നിങ്ങൾ ഉപദേശം തേടിയിട്ടുമുണ്ടാകും.

ഇത്തരം ഉപദേശം തേടലിനിടയിലും നിങ്ങളുടെ സ്വപ്നങ്ങൾ കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടയിലും ഏറെ പ്രധാനപ്പെട്ട ഒരു വ്യക്തിയോട് സംസാരിക്കാൻ ഒരിക്കലും മറന്നുപോകരുത്. അത്‌ നിങ്ങളുടെ സ്വന്തം കുട്ടിതന്നെയാണ്.

നിങ്ങളുടെ എല്ലാ ജിജ്ഞാസയ്ക്കും ഉത്കണ്ഠയ്ക്കുമുള്ള ഉത്തരവും അവനിലുണ്ട്. കുട്ടികളുടെ തൊഴിൽപരമായ കാഴ്ചപ്പാടിനനുസരിച്ച് എങ്ങനെ അവർക്ക് ആവശ്യമായ ഉപദേശവും പിന്തുണയും നൽകി അവരെ പ്രോത്സാഹിപ്പിക്കാമെന്നതിന് രക്ഷിതാക്കൾക്കുള്ള ചില മാർഗനിർദേശങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ശാസ്ത്രവും സാങ്കേതികവിദ്യയും കുതിച്ചുകയറുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആഗോളവത്കരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ആവിർഭാവത്തോടെ ആകർഷകമായ നിരവധി തൊഴിലവസരങ്ങളും ഉയർന്നുവന്നു. അതുപോലെതന്നെ പണ്ടുമുതലേ പലരും അനുയോജ്യമായ തൊഴിൽമേഖലയായി തിരഞ്ഞെടുത്തിരുന്ന പരമ്പരാഗതമായ പല തെഴിലുകളും അപ്രത്യക്ഷമാകുകയും ചെയ്തു. 

രക്ഷിതാക്കൾ പുതിയ കാലഘട്ടത്തിൽ തൊഴിൽമേഖലയിലുണ്ടാകുന്ന പുതിയ പ്രവണതകളെക്കുറിച്ചു ബോധവാൻമാരായാൽ മാത്രം പോര; മാറ്റങ്ങൾ ഉൾക്കൊള്ളാൻകൂടി തയ്യാറാകണം. ജോലിയെക്കുറിച്ചുള്ള സങ്കല്പംതന്നെ ഇന്ന് ഏറെ മാറിയിരിക്കുന്നു. കുറച്ചുകാലം മുമ്പുവരെ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ എഴുതിവെക്കപ്പെട്ടതായിരുന്നു നമ്മുടെ ജോലിസമയം.

അതുപോലെതന്നെ ഒരു വ്യക്തി മുപ്പതും നാൽപ്പതും വർഷങ്ങൾ ഒരേജോലിയിൽത്തന്നെ തുടരുന്ന ഒരു ചിത്രമാണ് നമുക്ക് കാണാൻ കഴിയുക. ഓവർടൈം ജോലി ചെയ്താൽ അതിനു തക്ക പ്രതിഫലം നൽകിയിരുന്നു. തൊഴിലിടങ്ങളിൽ ജോലിസുരക്ഷിതത്വവും ഉണ്ടായിരുന്നു. 

എന്നാൽ ആഗോളവത്കരണവും സ്വകാര്യവത്കരണവും സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ തൊഴിൽ മേഖലയിലും പ്രകടമാകുകയാണ്. തൊഴിൽസമയം എങ്ങനെ വേണമെങ്കിലും മാറ്റിമറിയ്ക്കാമെന്ന അവസ്ഥയിലായിരിക്കുന്നു. വർഷങ്ങളായി ഒരു ജോലിയിൽ തുടരുന്നവർ ഇന്ന് വളരെ കുറവാണ്.

സാഹചര്യത്തിനനുസരിച്ച് തൊഴിലുകൾ മാറി മാറി സ്വീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പരിശീലനം സിദ്ധിച്ച പുതിയ ആളുകൾക്കും ജോലിയിൽ മുൻപരിചയമുള്ളവർക്കും ഇന്ന് അവസരങ്ങളുണ്ട്. സാങ്കേതികമായി വൈദഗ്ദ്ധ്യമുള്ളവരെ ആവശ്യമുള്ള തൊഴിൽമേഖലയും ഇന്നുണ്ട്.

കുട്ടികൾക്ക് മുന്നിലുള്ള യാഥാർഥ്യമെന്താണെന്ന് രക്ഷിതാക്കൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. ഒരിക്കലും രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള തൊഴിൽമേഖല തിരഞ്ഞെടുക്കാൻ അവരെ നിർബന്ധിക്കരുത്. അതുപോലെതന്നെ അവരുടെ സ്വപ്നങ്ങളിലുള്ള ജോലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ പൂർണമായും ശരിയാണെന്ന് കരുതുന്ന രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കരുത്. 

വ്യക്തിപരമായ താത്പര്യങ്ങൾക്കനുസരിച്ചുള്ള തൊഴിൽമേഖല തിരഞ്ഞെടുക്കുകയെന്നത് ഓരോരുത്തരുടെയും വെല്ലുവിളിയാണ്. 
അനുയോജ്യമായ തൊഴിൽമേഖല തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കാനുള്ള ചില നിർദേശങ്ങളാണ് ഇവിടെ 

1 കുട്ടികൾക്ക് താത്പര്യമുള്ള തൊഴിൽമേഖലയെക്കുറിച്ച് സമയാസമയങ്ങളിൽ അവരോട് സംസാരിക്കണം. എന്തുകൊണ്ടാണ് ആ ജോലിയിൽ ആകൃഷ്ടരായതെന്നതിനെക്കുറിച്ചൊക്കെ അവരോട് ചോദിച്ച്‌ മനസ്സിലാക്കുന്നത് നല്ലതായിരിക്കും. വളരെ സൗഹൃദപരമായ സമീപനത്തിൽ അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയാൽ പല ആശയങ്ങളും ലഭിക്കും. കുട്ടിയെ നിർബന്ധിച്ച് പറയിപ്പിക്കുന്നതുപോലെ തോന്നരുത്.

2  കുടുംബത്തിലുള്ള മുതിർന്ന അംഗങ്ങൾ ഏർപ്പെട്ടിരുന്ന തൊഴിൽമേഖലകളെക്കുറിച്ച് ഏകദേശ ധാരണ കുട്ടികൾക്ക് നൽകുന്നത് നല്ലതാണ്. 

3 അനുയോജ്യമായ തൊഴിൽമേഖല കണ്ടെത്താനായി സ്കൂൾ ലൈബ്രറിയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്നും മാർഗനിർദേശങ്ങൾ നൽകാൻ സ്പെഷ്യൽ ക്ലാസ് ഏർപ്പെടുത്തിയിട്ടുണ്ടോയെന്നുമൊക്കെ കുട്ടികളോട് ചോദിച്ചു മനസ്സിലാക്കണം. 

4  ചില സ്കൂളുകൾ കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാനും ഇഷ്ടപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്താനുമുള്ള ചോദ്യാവലി തയ്യാറാക്കി നൽകാറുണ്ട്. ഇത് നിങ്ങളുടെ കുട്ടിയുടെ സ്കൂളിൽ നടക്കുന്നുണ്ടെങ്കിൽ അവർക്ക് ജീവിതത്തിൽ ലഭിക്കാവുന്ന നല്ലൊരു അവസരമായി കണക്കാക്കാം.

5 നിങ്ങളുടെ പ്രാദേശികമായ സ്ഥലത്തുള്ള തൊഴിൽദാതാക്കളെയും തൊഴിൽ പരിശീലകരെയും കോഴ്‌സുകളെയും കണ്ടെത്താനാവശ്യമായ മാർഗനിർദേശങ്ങൾ കുട്ടികൾക്ക് നൽകണം. പ്രാദേശികമായ വെബ്‌സൈറ്റുകളിൽനിന്ന് ധാരാളം വിവരങ്ങൾ കണ്ടെത്താൻ കഴിയും. സ്കൂളുകളിൽ സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളിൽ വിദ്യാർഥികളുടെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്നത് നല്ലതാണ്. 

6 സ്കൂളിൽ നടക്കുന്ന പാഠ്യേതരപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇത്തരം പ്രവർത്തനങ്ങളിൽ മികവുണ്ടാകുന്നത് തൊഴിൽദാതാക്കൾക്കും അധ്യാപകർക്കും കുട്ടികളിൽ മതിപ്പുണ്ടാക്കാൻ  സഹായിക്കും.

7 തൊഴിൽ സംബന്ധമായ ഉപദേശം നൽകാൻ കഴിയുന്നവരെ കണ്ടെത്താനും കുട്ടികൾക്ക് പ്രോത്സാഹനം നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം
എല്ലാറ്റിനുമുപരി, ഏതു തൊഴിൽമേഖല തിരഞ്ഞെടുത്താലും അശ്രാന്ത പരിശ്രമത്താൽ ഉന്നതപദവിയിലെത്താൻ ശ്രമിക്കണം. വിജയത്തിനായി എഴുതിവെക്കപ്പെട്ട കുറുക്കുവഴികൾ ഒന്നുമില്ല. വരച്ച വരയിലൂടെതന്നെ പോകണമെന്നുമില്ല. ഒരു വ്യക്തിയുടെ തൊഴിലിനോടുള്ള മനോഭാവത്തെയും സമീപനത്തെയും ആത്മവിശ്വാസത്തെയും ആശ്രയിച്ചാണ് അയാളുടെ വിജയം. 

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)