സാമൂഹിക മാധ്യമങ്ങളില്‍ അറിവില്ലായ്മകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്, അശ്രദ്ധമൂലമുണ്ടാകുന്നത് അതിലധികവും. സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ അശ്രദ്ധമായി ഉപയോഗിക്കുന്നത് സ്വയം പ്രശ്‌നങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. അടുത്തിടെ എന്റെ അടുത്ത് കണ്‍സള്‍ട്ടിങ്ങിന് വന്ന ഒരു സംഭവം പറയാം.

ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരിയാണ് കഥയിലെ നായിക. അവളെ നമുക്ക് താരയെന്ന് വിളിക്കാം. താര അറിയാതെ അവളുടെ ഓഫീസ് സംബന്ധമായ വ്യക്തിപരമായ വിവരങ്ങള്‍ കൃത്യമായി ഒരാള്‍ അറിയുന്നു. അതെല്ലാം കൃത്യമായി താരയെ വിളിച്ച് അറിയിക്കുന്നു. പല തവണ ഫോണ്‍ നമ്പര്‍ മാറ്റി നോക്കി. എന്നിട്ടും അയാള്‍ കൃത്യമായി താരയുടെ വിവരങ്ങള്‍ അറിയുന്നുണ്ട്, അതവളെ വിളിച്ചറിയിക്കുന്നുമുണ്ട്. താര അവളുടെ പ്രശ്‌നങ്ങള്‍ എനിക്കുമുന്നില്‍ അവതരിപ്പിച്ചു. 

താരയ്ക്ക് പെട്ടെന്ന് ഒരു മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറില്ല. അവള്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് കുറേക്കൂടി വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. ഓഫീസിലെ തിരക്കുകള്‍ മൂലം അവളുടെ നാട്ടിലേക്ക് ചെന്ന് വിവരങ്ങള്‍ തിരക്കാനുള്ള ഒരു സാഹചര്യത്തിലായിരുന്നില്ല ഞാന്‍. പക്ഷേ താര എന്നെ കണ്ടേ തീരൂ എന്ന് നിര്‍ബന്ധം പിടിച്ചു. തൃശ്ശൂരിലേക്ക് വരാമെന്നും അറിയിച്ചു. ഒടുവില്‍ അവള്‍ക്കായി ഞാന്‍ സമയം അനുവദിച്ചു. കൃത്യസമയത്ത് തന്നെ അവളെന്നെ കാണാന്‍ എത്തി. 

താരയുടെ കഥയിലേക്ക് 

താരയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് പ്രതിയായി അവള്‍ അവതരിപ്പിച്ച വ്യക്തി. അദ്ദേഹം താരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ താരയ്ക്ക് ആ ബന്ധം താല്പര്യമില്ലായിരുന്നു. ഉപരിപഠനം, ജോലി എന്നീ കാരണങ്ങള്‍ നിരത്തി അവള്‍ തന്റെ താല്പര്യമില്ലായ്മ അയാളെ അറിയിച്ചു. പക്ഷേ പ്രണയം തലയ്ക്കു പിടിച്ച അയാള്‍ അവളെ വിവാഹം കഴിച്ചേ തീരൂ എന്ന വാശിയിലും. 

അയാള്‍ താരയ്ക്കു ചുറ്റും ഒരു വലയം തീര്‍ത്തു. അയാളെക്കൊണ്ടുള്ള ശല്യവും അസ്വസ്ഥതകളും പതിയെ പതിയെ കൂടി. ചേച്ചിയെ ഓര്‍ത്തും ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴുമോ എന്ന ഭയത്താലും അവള്‍ ആരോടും കാര്യങ്ങള്‍ തുറന്നുപറഞ്ഞില്ല. താര എവിടെ പോയാലും ആരോടെല്ലാം സംസാരിച്ചാലും അയാള്‍ അത് കൃത്യമായി അറിയുകയും അതവളോട് ചോദിക്കുകയും ചെയ്യുന്നത് പതിവായി. ഓഫീസ് കാര്യങ്ങള്‍ വരെ കൃത്യമായി അയാള്‍ അറിഞ്ഞിരുന്നു. 

ഫോണ്‍ ടാപ്പ് ചെയ്തായിരിക്കാം വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്ന് കരുതി അവള്‍ രണ്ടോ മൂന്നോ തവണ സിം മാറ്റിനോക്കി. ഒരു രക്ഷയുമില്ല വീണ്ടും പഴയപോലെ തന്നെ. ഇതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും അവള്‍ക്കു മനസ്സിലായില്ല. മാത്രമല്ല ഓരോ ദിവസവും അയാളുടെ ശല്യം കൂടി കൂടി വന്നുകൊണ്ടിരുന്നു.

ഒരിക്കല്‍ ഒരു ഡോക്യുമെന്റ് ശരിയാക്കുന്നതിനായി മാതാപിതാക്കള്‍ക്കൊപ്പം വക്കീല്‍ ഓഫീസിലെത്തിയ താരയക്കൊണ്ട് ഡോക്യുമെന്റിന്റെ മറവില്‍ ഒരു വിവാഹഉടമ്പടിയില്‍ അയാള്‍ ഒപ്പുവെപ്പിച്ചു. ഒടുവില്‍ സത്യം മനസ്സിലാക്കിയ താര മാനസികമായി തളര്‍ന്നു. ആ ഉടമ്പടിയുടെ നിജസ്ഥിതി അറിയാനോ നിയമപരമായി അതിന് സാധുതയുണ്ടോ എന്ന് ചിന്തിക്കാനോ അന്വേഷിക്കാനോ പോലും കഴിയാതെ അവള്‍ വിഷമിച്ചു.

വീട്ടുകാര്‍ക്ക് അയാളെ കുറിച്ച് നല്ല മതിപ്പായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും അയാള്‍ സമ്മതന്‍ തന്നെ. ജോലി ഇല്ല എന്നുള്ളതായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്ന ഏക കുറവ്. നല്ല വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ളതുകൊണ്ടും അടുത്ത ബന്ധു ആയതിനാലും വീട്ടുകാരും അയാള്‍ക്കൊപ്പം ജീവിതം തുടങ്ങാന്‍ അവളെ നിര്‍ബന്ധിച്ചു. ഒടുവില്‍ അവള്‍ വഴങ്ങി. ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചു.

സ്വസ്ഥമായിരുന്നില്ല അവരുടെ ജീവിതം. ഓരോ ദിവസവും ഓരോ കാരണങ്ങള്‍ കണ്ടെത്തി അയാള്‍ അവളെ മാനസികമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. പതിയ ശാരീരിക പീഡനം തുടങ്ങി. വഴക്കും ബഹളവും നിത്യസംഭവമായി മാറി. മാനക്കേട് ഓര്‍ത്ത് വിവരങ്ങള്‍ മറ്റാരും അറിയാതിരിക്കാന്‍ അവള്‍ മൗനം പാലിച്ചു. ഒരിക്കല്‍ ശാരീരികപീഡനത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെയാണ് സഹോദരിയും വീട്ടുകാരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞത്. ഒടുവില്‍ വിവാഹമോചനത്തിന് അവള്‍ കേസുകൊടുത്തു. 

***************

ഒരു വക്കീല്‍ ഓഫീസില്‍ വെച്ച് കബളിച്ച് തയ്യാറാക്കിയ വിവാഹ ഉടമ്പടിക്ക് നിയമപരമായ സാധുതയുണ്ടോ? ഒരു വക്കീലിന്റെ ഓഫീസില്‍ വച്ച് ഒരു പേപ്പറില്‍ ഒപ്പുവെച്ചാല്‍ അത് വിവാഹം ആകുമോ? ആ രജിസ്റ്റര്‍ പരിശോധിച്ച് അതിന്റെ നിജസ്ഥിതി എന്ത് എന്ന് അറിയാന്‍ കഴിയുമോ? അയാളുമായുള്ള വിവാഹ ഉടമ്പടിക്ക് സാധുതയില്ലെങ്കില്‍ കോടതിയില്‍ കേസ് കൊടുത്തത് പ്രശ്‌നമാകുമോ? പെണ്‍കുട്ടിയുടെ വ്യക്തിപരമായ രേഖകളില്‍ അവള്‍ വിവാഹിതയാണെന്ന് രേഖപ്പെടുത്തിയത് തിരുത്താന്‍ കഴിയുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായാണ് കണ്‍സള്‍ട്ടിങ്ങിന് താര എന്നെ കാണാന്‍ എത്തിയത്.

പെണ്‍കുട്ടിക്ക് താല്പര്യമില്ല എന്നറിഞ്ഞിട്ടും ചതിയിലൂടെ അവളെ സ്വന്തമാക്കി അയാള്‍ പകവീട്ടുകയായിരുന്നു. പുറമെ മാന്യനായി ചമഞ്ഞ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ നല്ല ഇമേജ് സൃഷ്ടിച്ച് പെണ്‍കുട്ടിയെ വളരെ തന്ത്രപരമായി സ്വന്തമാക്കി. 

വില്ലനായത് ചാറ്റിങ്‌​

ഫെയ്‌സ്ബുക്കില്‍ വളരെ ആക്ടീവായിരുന്നു താര. ഓഫീസ് സുഹൃത്തുക്കളും കൂടെ പഠിച്ചവരും അടുത്ത ബന്ധുക്കളുമായിരുന്നു അവളുടെ സൗഹൃദവലത്തില്‍. വീട്ടിലെയും ഓഫീസിലെയും വിശേഷങ്ങള്‍ അവള്‍ അടുത്ത കൂട്ടുകാരുമായി പങ്കുവെയ്ക്കുമായിരുന്നു. അതുമനസ്സിലാക്കിയ അയാള്‍ താരയുടെ സുഹൃത്തുക്കളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അവളുമായി സൗഹൃദം സ്ഥാപിക്കുകയും ചാറ്റ് തുടങ്ങുകയും ചെയ്തു.

സത്യം തിരിച്ചറിയാതെ താര അയാളോട് വിവരങ്ങളെല്ലാം പങ്കുവെച്ചു. അയാളെ സംബന്ധിച്ച് മറ്റുജോലിയൊന്നും ഇല്ലാത്തതിനാല്‍ ഇതൊരു ജോലിയാക്കി എടുത്തു എന്നുതന്നെ പറയാം.കുറച്ചുകൂടി ശ്രദ്ധയോടെ സുഹൃത്തുക്കളുമായി  ഇടപെട്ടിരുന്നു എങ്കില്‍ താരയ്ക്ക്  ചതി തിരിച്ചറിയാന്‍ കഴിയുമായിരുന്നു.സുഹൃത്തുക്കളുടെ പേരിലും അടുത്ത ബന്ധുക്കളുടെ പേരിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിക്കൊണ്ടാണ് ഇവിടെ ചതി നടന്നത്. 

ഇത്തരത്തിലുള്ള വ്യാജ പ്രൊഫൈലുകളില്‍ ഒരുപക്ഷെ ഒന്നില്‍ കൂടുതല്‍ ഫോട്ടോ, മറ്റു ഡീറ്റെയില്‍സ് ഒന്നും തന്നെ ഉണ്ടാകാന്‍ വഴിയില്ല. ഇനി ഉണ്ടെങ്കില്‍ പോലും അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഒരിക്കലെങ്കിലും സംസാരിക്കാന്‍ ശ്രമിക്കുകയോ അവരുടെ മറ്റു ഫോട്ടോകളും വ്യക്തിപരമായ കാര്യങ്ങളും കാണാനോ അറിയാനോ ശ്രമിക്കുകയോ ചെയ്താല്‍ ഒരു പരിധിവരെ ചതികള്‍ തിരിച്ചറിയാന്‍ കഴിയും.

ഇന്‍ബോക്‌സുകളുടെ ആകര്‍ഷണത്തില്‍ കുടുങ്ങരുത് 

എത്ര അടുത്ത സുഹൃത്തുക്കളായാലും വ്യക്തിപരമായ കാര്യങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഫെയ്‌സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ കൂടി കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം സാമൂഹികമാധ്യമളുടെ ഇന്‍ബോക്‌സുകള്‍ക്ക് ആകര്‍ഷണ ശക്തി വളരെ കൂടുതലാണ്. ചാറ്റുകളുടെ സമയപരിധി, വിവരങ്ങള്‍ കൈമാറുന്നതിലുള്ള നിയന്ത്രണങ്ങള്‍ ഇതെല്ലാം തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. 


ഇന്ത്യയിലെ ആദ്യ വനിതാ സൈബര്‍ ക്രൈം സ്‌പെഷ്യലിസ്റ്റ് ആണ് ലേഖിക.