മാധ്യമപ്രവര്‍ത്തനത്തിനെന്നും ഒരു മാസ്മരികതയുണ്ട്. പേനകൊണ്ട് പൊരുതുന്ന, മൈക്ക് കൊണ്ട് ആരെയും ചോദ്യം ചെയ്യാനാവുന്ന ജേര്‍ണലിസ്റ്റുകള്‍ എത്രയോ സിനിമകളില്‍ നമ്മളെ കുളിരുകൊള്ളിച്ചു. എന്നാല്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം അത്രയ്ക്ക് കുളിരുകൊള്ളിക്കുന്നതല്ലെന്നതാണ് വാസ്തവം. അതിജീവനത്തിന്റെ ഉഷ്ണക്കാറ്റില്‍ പൊള്ളിയാണ് വലിയൊരു പങ്ക് മാധ്യമപ്രവര്‍ത്തകരുടെ ജീവിതം മുന്നോട്ട് പോകുന്നത്. വനിതാമാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ അതിലും സങ്കീര്‍ണമാണ്. തൊഴിലില്‍ കഴിവുതെളിയിക്കണമെങ്കില്‍ എത്രയെത്രയോ തലങ്ങളില്‍ പോരാടേണ്ടി വരും. സ്വന്തം കുടുംബം മുതല്‍ തുടങ്ങുന്ന ആ പോരാട്ടം സമൂഹം, സഹപ്രവര്‍ത്തകര്‍, സ്ഥാപനം അങ്ങനെ എത്രയോ തലങ്ങളിലേക്ക് നീളുന്നു.

അതിന്റെ പ്രധാനപ്പെട്ട കാരണം നിലവിലെ സാമൂഹ്യ വ്യവസ്ഥിതികള്‍ തന്നെയാണ്. ഇപ്പോഴും ഈ തൊഴില്‍മേഖലയെ കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ട്. 'തന്നിഷ്ട'ക്കാരായ ആളുകള്‍ക്കിടയിലേക്ക് മക്കളെ അയക്കാന്‍ മടിക്കുന്ന രക്ഷിതാക്കള്‍, വിവാഹക്കാര്യം വരുമ്പോള്‍ അത്തരമാളുകള്‍ക്കിടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ മടിക്കുന്ന ചെറുപ്പക്കാര്‍, അങ്ങനെയൊരു പെണ്‍കുട്ടി വന്നുകയറിയാല്‍ കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുമെന്ന് കരുതുന്ന വീട്ടുകാര്‍. ഇവരൊന്നും ഇപ്പോഴും അന്യം നിന്നുപോയിട്ടില്ലെന്നു മാത്രമല്ല, കൂടിക്കൊണ്ടേയിരിക്കുന്നു.  

ഇതൊക്കെ അറിഞ്ഞും മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അവരില്‍ എത്രപേര്‍ക്ക് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ സജീവമാധ്യമപ്രവര്‍ത്തനത്തിലേക്കെത്തുന്ന പെണ്‍കുട്ടികളുടെ കാര്യമെടുക്കുമ്പോഴാണ് വൈരുദ്ധ്യം കുറേക്കൂടി വ്യക്തമാവുക.

മാധ്യമമേഖല സ്ത്രീ സൗഹൃദമല്ലേ അപ്പോള്‍?

സത്യത്തില്‍ മാധ്യമമേഖലയ്ക്ക് മാത്രമായി അങ്ങനെയൊരു പ്രശ്‌നമൊന്നുമില്ല. നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗം തന്നെയാണ് മാധ്യമങ്ങളും. സമൂഹത്തിലുള്ള പ്രശ്‌നങ്ങളൊക്കെ അവിടെയുമുണ്ട്. ഒരേ തൊഴില്‍ ചെയ്യേണ്ടി വരുമ്പോഴും സ്ത്രീയും പുരുഷനും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ അവിടെ അതുകൊണ്ടുതന്നെ വ്യത്യസ്തമാകുന്നു.

സിനിമാതാരങ്ങളെപ്പോലെ വിവാഹത്തോടെ ഈ ജോലി ഉപേക്ഷിക്കേണ്ടി വന്ന എത്രയോ സഹപ്രവര്‍ത്തകരുണ്ട്. അവരൊക്കെ സ്വന്തം ഇഷ്ടത്തോടെ നിര്‍ത്തിപ്പോയതല്ല. ആ ഘട്ടത്തെ അതിജീവിച്ചവരും ഉണ്ട്. എന്നാല്‍ വെല്ലുവിളികള്‍ തീരുന്നില്ല. ഗര്‍ഭിണിയായാല്‍, കുഞ്ഞുണ്ടായാല്‍ ഒക്കെ മുന്നോട്ടുപോവുക അതീവ ദുഷ്‌ക്കരമാണ്. കൃത്യമായ സമയക്രമമില്ലാത്ത ജോലിയില്‍ ജീവശാസ്ത്രപരമായ എത്രയെത്ര കഷ്ടപ്പാടുകള്‍. ഇതുപോലുള്ള വലിയ കാര്യങ്ങള്‍ക്ക് പോലും പരിഗണനയൊന്നും കിട്ടാറില്ലെന്നത് സ്വന്തം അനുഭവമാണ്. 

ഒപ്പം ജോലിക്ക് കയറിയ ആണ്‍കുട്ടി മുന്നോട്ട് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ഓരോ ഘട്ടങ്ങളിലും അവള്‍ പിറകോട്ട് വലിക്കപ്പെടുന്നു. വലിയ ക്രിയാത്മക വെല്ലുവിളികള്‍ക്കൊന്നും പോകാതെ 'തട്ടിമുട്ടി' അങ്ങനെയങ്ങ് പോയാല്‍ മതിയെന്ന് അവളും കരുതിത്തുടങ്ങുന്നത് അപ്പോഴാണ്..ഇതിനെ ഒക്കെ മറികടന്നവരുമുണ്ട്. അത് വിവാഹം വേണ്ടെന്ന് വെച്ചവരോ, വിവാഹമോചിതരോ അതുമല്ലെങ്കില്‍ കുടുംബത്തിന്റെ അസാധ്യമായ പിന്തുണ കിട്ടുന്നവരോ മാത്രമാണ്. അവര്‍ വിരലില്‍ എണ്ണാവുന്നത്ര ചുരുക്കവും.

ഒരു വാര്‍ത്ത ശേഖരിക്കാന്‍ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ പുരുഷന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സോഴ്‌സ് ഉണ്ടാക്കിയെടുക്കാന്‍ അവള്‍ക്കുള്ള ആയുധം വിശ്വാസ്യതയാണ്. (അതിന്റെ കടയ്ക്കല്‍ വീണ കത്തിയാണല്ലോ ഇത്തരം ഒരു ലേഖനത്തിലേക്ക് പോലും കാര്യങ്ങളെത്തിച്ചത്.) എന്നാല്‍ അടുപ്പിച്ച് ഒരുമാസം ഒരു ഉദ്യോഗസ്ഥനെ കാണാന്‍, ഏതെങ്കിലും ഓഫീസില്‍ കയറി ഇറങ്ങിയാല്‍ തലയ്ക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാളുമായി സദാചാരക്കാര്‍ ഇറങ്ങുകയായി. ഈ സദാചാരവാളാണ് ഒരു മാധ്യമപ്രവര്‍ത്തക നേരിടുന്ന വലിയ വെല്ലുവിളി. ഒരു സഹപ്രവര്‍ത്തകനൊപ്പം അടുപ്പിച്ച് പുറത്തുപോയാല്‍, സെക്കന്‍ഡ് ഷോ സിനിമയ്ക്ക് പോയാല്‍, രാത്രി വൈകി ഭക്ഷണം കഴിക്കാന്‍ പോയാല്‍ എല്ലാം ഈ വാളിന് ഇരയാകേണ്ടി വരും.

സമൂഹത്തെ വിടാം... സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതാണ് ചിലപ്പോഴെങ്കിലും ഏറ്റവും ദു:ഖകരം. ചില പൊട്ടിച്ചിരികള്‍ നമ്മെ അലോസരപ്പെടുത്തും. പ്രത്യേകിച്ച് ഒരു സ്ഥാപനത്തിനകത്ത് ആണ്‍ജീവനക്കാര്‍ മാത്രം കൂടി നിന്നാണ് ആ ചിരിയെങ്കില്‍ സ്വാഭാവികമായും അതൊരു സ്ത്രീ വിരുദ്ധതമാശയുടെ പേരിലാകും. പലപ്പോഴും അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ആ ചിരിയുടെ ബാക്കി ഏറ്റുവാങ്ങി മുഖത്തൊരു പ്ലാസ്റ്റിക് ഭാവവും ഫിറ്റ് ചെയ്ത് ഇതൊന്നും തങ്ങളെപ്പറ്റിയല്ല എന്ന് കരുതി മുന്നോട്ട് പോകുന്നതാണ് നമ്മുടെ പതിവ്. അങ്ങനെയല്ലാത്ത നല്ല സുഹൃത്തുക്കളെയും ഗുരുസ്ഥാനീയരെയും മറന്നിട്ടല്ല. പ്രതിസന്ധികളില്‍ താങ്ങായി, കരുതലോടെ കൂടെ നിന്ന സുഹൃത്തുക്കളുമുണ്ട്. പക്ഷേ മറുപക്ഷമാണ് കൂടുതല്‍.

ഒരു പെണ്‍കുട്ടി കരിയറില്‍ പെട്ടന്ന് വളര്‍ച്ച കൈവരിച്ചാല്‍ അതിനെ അവള്‍ക്ക് കിട്ടുന്ന ആനുകൂല്യമായി തരംതാഴ്ത്താനാണ് ആദ്യശ്രമമുണ്ടാകുക. അല്ലാതെ അവളുടെ കഴിവുകൊണ്ടല്ല ആ നേട്ടം എന്ന ആ പ്രചാരണം നേരിടാന്‍ വീണ്ടും വീണ്ടും മെച്ചപ്പെട്ട പ്രകടനം അവള്‍ കാഴ്ചവെക്കും. ഒരു എക്‌സ്‌ക്ലൂസീവ് അവള്‍ക്കു കിട്ടിയ ഔദാര്യമാണെന്ന് പറയുന്നവരുടെ മുന്നിലേക്ക് വീണ്ടും വീണ്ടും എക്‌സ്‌ക്ലൂസീവുകള്‍ നിരത്തിവെച്ചുകൊണ്ടാണ് പലപ്പോഴും അതിനെ നേരിടുക.

പിന്നിടുന്ന വഴിയിലെ ഓരോ മുള്ളും ചവിട്ടിയമര്‍ത്തിയാണ് ഒരു മാധ്യമപ്രവര്‍ത്തക മുന്നോട്ട് പോവുക. സഹപ്രവര്‍ത്തകര്‍ ജോലി സമയം കഴിഞ്ഞ് തന്റെ കൂട്ടായ്മകളിലേക്കും സന്തോഷങ്ങളിലേക്കും പോകുമ്പോള്‍ അവള്‍ പോകുന്നത് തന്നെ കാത്തിരിക്കുന്ന കുടുംബിനി എന്ന നിലയിലുളള ഉത്തരവാദിത്തങ്ങളുടെ ഒത്തനടുക്കിലേക്കാണ്. ഭാര്യയും അമ്മയും മരുമകളും സഹോദരിയും നല്ലകുട്ടിയും ഒക്കെ ആയശേഷമേ പലപ്പോഴും അവള്‍ക്കൊരു മാധ്യമപ്രവര്‍ത്തക ആകാന്‍ സാധിക്കൂ എന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ഉയരങ്ങളിലേക്കുളള അവളുടെ യാത്ര പതിയെയാകും.പക്ഷേ ആ ചുവടുകള്‍ക്ക് കരുത്ത് കൂടുമെന്നുറപ്പ്.