ഒളിഞ്ഞു നോട്ടവും ഒളിച്ച് ഇക്കിളി പുസ്തകം വായിക്കലും ഒക്കെയുണ്ടായിരുന്നു. എങ്കിലും കൂടെ പഠിക്കുന്ന കൂട്ടുകാരിയെ ആ കണ്ണോടെ കണ്ടിരുന്നില്ല, ഞങ്ങളുടെ കലാലയ കാലം. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹസിക്കും പോല്‍ ആങ്ങള ചമയല്‍ അല്ല, പാതിരായ്ക്കും ഞങ്ങളില്‍ വിശ്വാസമായിരുന്നു അവര്‍ക്ക്. കണ്ണിമ ചിമ്മാതെ കാത്തിട്ടുണ്ട് ദു:ഖങ്ങളില്‍, ദുരിതങ്ങളില്‍ പരസ്പരം. അരികത്തിരുന്നിട്ടുണ്ട്, തോളോട് തോള്‍ ചേര്‍ന്നും, അല്ലാതെയും. യാത്രകള്‍ പോയിട്ടുണ്ട്, കൂട്ടായും പല സംഘങ്ങളായും. 

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലായിരുന്നു പ്രീഡിഗ്രിക്കാലം. സമീപത്താണ് കോവിലന്റെ തട്ടകം കണ്ടാണിശ്ശേരി. നോക്കിയാല്‍ കാണാവുന്ന ദൂരത്ത് കുടക്കല്ലുകള്‍. അല്‍പം അകലെയായി പൊന്മല. ഗ്രാമീണര്‍ മാത്രം വസിക്കുന്ന താഴ്‌വര. അരികില്‍ വയലുകള്‍, ചെറുതോടുകള്‍, കുറ്റിക്കാടുകള്‍. നട്ടുച്ചക്കും നാട്ടുകാര്‍ക്കിടയിലൂടെ താഴ്‌വര താണ്ടി പോയിട്ടുണ്ട് ഞങ്ങളൊന്നിച്ച് മലയിലേക്ക്. ആരും തടഞ്ഞിട്ടില്ല, അനാശാസ്യം ആരോപിച്ചിട്ടില്ല. സൗഹൃദത്തിനും പ്രണയത്തിനും സാമാന്യം സ്വാതന്ത്യം അനുവദിച്ചിരുന്നു, അനുഭവിച്ചിരുന്നു. 

ആഭാസന്മാര്‍ ഏതു കാലത്തും ഉണ്ട്. വഴിയരികിലെ കലുങ്കിലിരുന്ന് കമന്റടിക്കുന്നവര്‍ അന്നുമുണ്ട്, ഇന്നും. എങ്കിലും, പെണ്ണില്‍ ഇത്ര ആര്‍ത്തി അന്നില്ല ആണിന്. ബസ്സിറങ്ങി വയല്‍ വരമ്പിലൂടെ മാറത്ത് പുസ്തകം ചേര്‍ത്തു പിടിച്ച് വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്ന പാവാടക്കാരിയെ നോക്കി നില്‍ക്കുമെങ്കിലും, പെണ്ണേ നിന്നെ ആരെങ്കിലും തൊട്ടാല്‍ ഞങ്ങളുണ്ട് കൂടെ എന്ന ആങ്ങള ഭാവം അമിതമായിരുന്നു നാട്ടിലെ ആണുങ്ങളില്‍. ഉള്ളില്‍ പറയുക മാത്രമല്ല, ഉശിരോടെ ചെയ്ത് കാണിച്ചിട്ടുമുണ്ട് മിടുക്കന്മാര്‍. 

നന്മകള്‍ എല്ലാം പഴയ കാലത്ത്, പുതിയ കാലം തിന്മകള്‍ നിറഞ്ഞത് എന്ന് വരുത്തി തീര്‍ക്കല്‍ ഈ കുറിപ്പിന് പിറകിലെ ലക്ഷ്യമേയല്ല. എങ്കിലും, അക്രമം, ആഭാസം, കൊല, സദാചാര ഗുണ്ടായിസം അത്രമേല്‍ ഇല്ലായിരുന്നു അന്ന് എന്നോര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം. മുട്ടത്തു വര്‍ക്കിയുടെ നായകനെ പോലെ വഴിയരികില്‍ കാത്തു നിന്ന് കാമുകിക്ക് കത്ത് കൈമാറിയ അന്നത്തെ പൊടി മീശക്കാരന്റെ പ്രണയ ധീരതക്ക്, പുതിയ കാലത്തെങ്കില്‍ സദാചാര ഗുണ്ടകള്‍ വെല്ലുവിളിയായേനെ. ശരിയാണ്, ജാതി, മതം, കുടുംബ മഹിമ ഇവയെല്ലാം അന്നും പ്രണയത്തിന് പരിമിതികള്‍ കല്‍പിച്ചിരുന്നു. കാലം മുന്നോട്ട് സഞ്ചരിക്കവെ മാറണമായിരുന്നു ആ വിലക്കുകള്‍. പക്ഷെ, മാറിയില്ല, കൂടുതല്‍ മാരകമായി മതം ഏല്‍പിക്കുന്ന മുറിവുകള്‍. കാലം ഉയര്‍ത്തുന്ന പുതിയ ഭീഷണിയായി സദാചാര ഗുണ്ടായിസവും.

എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായത് ആരും ഒളിഞ്ഞു നോക്കാതിരുന്ന അക്കാലം. പ്രണയത്തിന് അരുചി കല്‍പിക്കാതിരുന്ന ആര്‍ദ്ര വാനം. ആ രാഗം, മുകിലുകള്‍, നിന്റെ കണ്ണിലെ നീലിമ.

കേരളത്തിലെ പെണ്‍കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ സുരക്ഷക്ക് റൈഫിള്‍ കരുതേണ്ടി വരുന്ന സാഹചര്യം ആണിന് അപമാനകരമാണ്. സാരിത്തലപ്പ് അല്‍പ്പമൊന്ന് ഉയര്‍ന്നാല്‍ കണങ്കാലിലേക്ക് തുറിച്ചെത്തുന്ന ആയിരം ആര്‍ത്തി നോട്ടങ്ങളെ പിച്ചാത്തി കൊണ്ട് നേരിടാന്‍ പഠിക്കേണ്ടി വരുന്ന അവസ്ഥ ഖേദകരമാണ്. 

വാളയാര്‍ പിന്നിട്ട് ബസ് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചാല്‍ ഈ പ്രശ്‌നമില്ല. അവിടെ പെണ്ണിനെ പിറകില്‍ നിന്ന് ആരും തോണ്ടുന്നില്ല.തമിഴന്റെ രാഷ്ട്രീയ നിലവാരത്തെ പരിഹസിച്ചോളൂ, പക്ഷെ പെണ്ണെന്നാല്‍ അവര്‍ക്ക് അമ്മയാണ്. മാരിയമ്മന്‍ മാതിരി കണ്‍കണ്ട ദൈവം. പെണ്ണിനെ തോണ്ടുന്ന കേരളം അക്കാര്യത്തില്‍ തമിഴനെ കണ്ട് പഠിക്കണം. 

പുതിയ കാലത്ത് പെണ്ണിനും പ്രണയത്തിനും വേണം സുരക്ഷ. പിറകില്‍ തോണ്ടാനാരുമില്ലാത്ത ഒരു ബസ്സില്‍ അവള്‍ക്ക് യാത്ര പോകണം. പ്രണയികള്‍ തോളോട് ചേര്‍ന്നിരുന്നാല്‍ പൊലിസ് പെറ്റിക്കേസ് ചാര്‍ജ് ചെയ്യാത്ത ഒരു ഉദ്യാനം വേണം. ആരും ആക്രമിക്കാന്‍ വരാത്ത ഒരു കടല്‍ത്തീരത്തിരുന്ന് കാറ്റ് കൊള്ളണം. ഒന്നുമ്മ വെച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ ഒരായിരം ശലഭങ്ങള്‍ പറന്നുയരണം. ഇതിനെല്ലാം ഉത്തരം നമുക്ക് കേരളം വിടണം എന്നാകരുത്. 

പെണ്ണും പ്രണയവും തേടുന്നു ഒരു മുദ്രാവാക്യം, പോരാട്ടം. ഒന്നിച്ചിരിക്കാന്‍ ഒരിടം. ഒക്ടോവിയോ പാസിന്റെ വരികളിലേതു പോലെ ആവശ്യമാണ് ആള്‍ക്കണ്ണുകളേല്‍ക്കാത്ത ഉദ്യാനം.