ന്തുകൊണ്ടാണ് സ്ത്രീകളും അവരുടെ വസ്ത്രധാരണവും നിരന്തരം ചര്‍ച്ചയാവുന്നത്. പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ആരാധാനാലയങ്ങളിലും അവര്‍ക്ക് മാത്രമായി ഡ്രസ്കോഡുകള്‍ സൃഷ്ടിക്കപ്പെടുന്നത്. സിനിമയില്‍ അഭിനയിക്കേണ്ടതില്ല; ഇറക്കം കുറഞ്ഞ കുപ്പായങ്ങള്‍ ധരിച്ച് ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെടുന്നത്.

ഈ ചോദ്യങ്ങളെല്ലാം 'സമൂഹത്തിന്റെ തന്നെ ഭാഗമായ' സ്ത്രീകള്‍ സമൂഹത്തോട് ചോദിക്കുന്നവയാണ്. വസ്ത്രസ്വാതന്ത്ര്യം എന്ന വ്യക്തിപരമായ അവകാശത്തിലേക്ക് കടന്നുകയറുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. കേരളത്തിനകത്തും പുറത്തും ഇത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

നിങ്ങള്‍ പ്രശസ്തരോ അപ്രശസ്തരോ വിദ്യാര്‍ഥികളോ ആരുമാകട്ടെ, ധരിച്ചിരിക്കുന്ന വസ്ത്രത്തിന് അനുസൃതമായി നിങ്ങള്‍ നിര്‍വചിക്കപ്പെടും. നിങ്ങള്‍ക്കു നേരെയുള്ള പരാമര്‍ശങ്ങളും അതിനെ അടിസ്ഥാനമാക്കിയായിരിക്കും

കൈയില്ലാത്ത കുപ്പായമിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട ഹസിന്‍ മുഹമ്മദിന്റെ വാര്‍ത്ത(ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ) പുറത്തു വന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. 

Mohammed Shami and Wife
ഭാര്യ ഹസിനുമൊത്ത് മുഹമ്മദ് ഷമി
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

ഹസിന്റെ വസ്ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍, ഷമിയുടെ ഫെയ്‌സ്ബുക്ക്  പോസ്റ്റിനു താഴെ അഭിപ്രായം രേഖപ്പെടുത്താനെത്തി. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രമല്ലേ എന്നായിരുന്നു ചിലരുടെ സംശയം. സാമാന്യ മര്യാദയുടെ സീമ ലംഘിക്കുന്നവയായിരുന്നു അതില്‍ പല അഭിപ്രായങ്ങളും. മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്, ജ്വാലാ ഗുട്ട തുടങ്ങിയവര്‍ പിന്തുണയുമായി രംഗത്തെത്തി.

ഇതിനു തൊട്ടു പിന്നാലെയാണ് കത്തിസണ്ടൈ എന്ന തമിഴ് സിനിമയുടെ സംവിധായകന്‍ സൂരജ്, നായികയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള അഭിപ്രായപ്രകടനം നടത്തിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നായികമാര്‍ അഭിനയിക്കേണ്ട കാര്യമില്ലത്രെ. പ്രേക്ഷകന് ആവശ്യം ഇറക്കം കുറഞ്ഞ കുട്ടിയുടുപ്പിട്ട നായികയുടെ ഗ്ലാമര്‍ മാത്രമാണ്.

'എപ്പോഴെങ്കിലും എന്റെ വസ്ത്രാലങ്കാരക്കാരന്‍ നടികള്‍ക്ക് മുട്ടോളമെത്തുന്ന വസ്ത്രം തയ്ച്ച് കൊണ്ടുവന്നാല്‍, അതിന്റെ ഇറക്കം കറയ്ക്കാന്‍ ഞാന്‍ പറയും. ഇതില്‍ നടികള്‍ ക്ഷുഭിതരായാല്‍, വെറുതെയല്ല നിങ്ങള്‍ക്ക് ഇത്രയും പണം തരുന്നതെന്നും അവരോട് പറയും.

ആളുകള്‍ സിനിമയ്ക്ക് വരുന്നത് നായകന്‍ അടിയുണ്ടാക്കുന്നതും നായികമാര്‍ ഗ്ലാമര്‍ കാട്ടുന്നതും കാണാനാണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ നായികമാരെ സാരിയുടുത്ത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ സിനിമ കാണാന്‍ പണം കൊടുക്കുന്നുണ്ടെങ്കില്‍ നമ്മള്‍ തമന്നയെ ഗ്ലാമര്‍വേഷത്തിലാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലാമര്‍ വാണിജ്യസിനിമയുടെ അവിഭാജ്യഘടകമാണ്'-ഇതായിരുന്നു സൂരജിന്റെ അഭിപ്രായം. സംവിധായകന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച്  തെന്നിന്ത്യന്‍ താരസുന്ദരികള്‍ തമന്നയും നയന്‍താരയും രംഗത്തെത്തി. 

ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട തമന്നയുടെ പ്രതിഷേധക്കുറിപ്പ്

സംവിധായകന്‍ മാപ്പു പറഞ്ഞെങ്കിലും, പ്രദര്‍ശനത്തിനുള്ള ഒരു വസ്തുവായി മാത്രം സ്ത്രീയെ കാണുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. വിവാഹമോചിതരായ സ്ത്രീകളുടെ വസ്ത്രധാരണവും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. സംവിധായകന്‍ വിജയുമായുള്ള വിവാഹമോചനത്തിനു ശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ നടി അമലാ പോള്‍ ട്രോള്‍ ആക്രമണത്തിനിരയായിരുന്നു.

സിനിമയില്‍ മാത്രമല്ല സ്ത്രീകളുടെ വസ്ത്രധാരണത്തിനു നിയന്ത്രണങ്ങളുണ്ടാകുന്നത്. തിരുവനന്തപുരം അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാനുള്ള അവകാശത്തിനായി കോടതിയെ സമീപിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. ആദ്യം അനുകൂല നിലപാട് കൈക്കൊണ്ടെങ്കിലും ചുരിദാര്‍ ധരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള വിലക്ക് താല്‍ക്കാലികമായി തുടരട്ടെ എന്ന് കോടതി നിലപാട് സ്വീകരിക്കുകയായിരുന്നു. അഭിഭാഷക സംഗീത ലക്ഷ്മണയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

വര: മനോജ് തലയമ്പലത്ത്