ച്ഛന് ഞാൻ ഒരു ചെറിയ കുത്തിവെപ്പ് നൽകട്ടേ?....
കാൻസർ കാർന്നുതീരാറായ ബാപ്പയുടെ പ്രായമുള്ള ആളോട് ഞാൻ ചോദിച്ചു. അദ്ദേഹം എന്നെ തുറിച്ചുനോക്കി. കണ്ണുകളിൽ രൗദ്രഭാവം. ദൈവമേ എന്റെ ചോദ്യം ഇഷ്ടമായില്ലേ? കുത്തിവെപ്പു നൽകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പ്രതിഷേധിച്ചു. 'അച്ഛനെന്ന സംബോധന സദാശിവനു പിടിച്ചില്ല.'

കൂട്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ചേട്ടത്തിയമ്മ എന്നെ സമാധാനിപ്പിച്ചു. കാരണവും പിറകെ വന്നു. സദാശിവൻ അവിവാഹിതനാണ്. ഇതറിഞ്ഞ  ഞാൻ സദാശിവനോട് പിന്നീട് മാപ്പുപറഞ്ഞു. ഞങ്ങൾ ഇവിടെ വരുന്നവരെ അച്ഛനെന്നോ, അമ്മയെന്നോ, മുത്തച്ഛനെന്നോ, ബാപ്പയെന്നോ, അപ്പച്ചനെന്നോ, ഒക്കെയാണ് സംബോധന ചെയ്യാറ്.

അപ്പോൾ സ്ത്രീകളേയോ? സദാശിവന്റെ മറുചോദ്യം. അമ്മയെന്നോ, ഉമ്മയെന്നോ, മുത്തശ്ശിയെന്നോ വിളിയ്ക്കും. സാറിനെ ഞാൻ എന്തുവിളിക്കണം? സദാശിവന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ഇടറി. മറുപടിയുണ്ടായില്ല. ഞാൻ കണ്ണുകൾ തുടച്ചു. എന്തിനെന്നു അപ്പോൾ മുഴുവൻ മനസ്സിലായില്ല.

ദിവസങ്ങൾക്കുശേഷം പാലിയേറ്റിവ് കേന്ദ്രത്തിൽനിന്നും അദ്ദേഹം മാറാൻ തീരുമാനിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നില്ല. സദാശിവൻ എന്നെ അന്വേഷിച്ചുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. അദ്ദേഹത്തെ അച്ഛനെന്ന് വിളിച്ച എന്റെ കൈയിൽനിന്ന് ഒരുസ്പൂൺ ചോറ് കഴിയ്ക്കണമെന്ന മോഹം അവരോട് പറഞ്ഞുവത്രേ. ഇത് എന്നെ കൂടുതൽ ദുഃഖത്തിലാക്കി. കാൻസർ വേദനക്കുപുറമെ ഒറ്റപ്പെടലിന്റെ നീറ്റൽകൂടി നിറഞ്ഞ ആ കണ്ണുകൾ മനസ്സിലെത്തി.

കിടത്തിച്ചികിത്സാവിഭാഗത്തിൽ ജോലിചെയ്യുന്ന സമയത്ത് പെട്ടെന്നായിരുന്നു സദാശിവന്റെ പെയിൻ ക്ളിനിക്കിലേക്കുള്ള വരവ്. താഴെനിന്ന് ഡോക്ടർ ഫോണിൽ അറിയിച്ചു. എത്രയുംവേഗം ഒരു കിടക്ക ശരിയാക്കണം. വ്യാപകമായ അർബ്ബുദമുള്ള ഒരു രോഗി എത്തിക്കഴിഞ്ഞു. ആകെ അവശനാണ് രോഗി. വേദനസംഹാരികൾ കുത്തിവെച്ചശേഷമാണ് വീട്ടിൽനിന്ന് രോഗിയെ വീട്ടിലെ കിടക്കയിൽനിന്ന് ആംബുലൻസിലേയ്ക്ക് സന്നദ്ധപ്രവർത്തകർ എടുത്തുകിടത്തിയത്.

കേസ് ഷീറ്റ് കിടത്തിച്ചികിത്സാ വിഭാഗത്തിലെത്തി. പ്രായം 62. അവിവാഹിതൻ. തമിഴ്‌നാട്ടിൽ ഒരു സ്വകാര്യകമ്പനിയിൽ താരതമ്യേന ഉയർന്ന പദവിയിലായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറിയെക്കുറിച്ചുപോലും കേസ് ഷീറ്റിൽ വിവരിച്ചിട്ടുണ്ട്. ഒട്ടുമിക്ക യൂറോപ്യൻ രാഷ്ട്രങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. രോഗം തിരിച്ചറിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. സമ്പാദ്യം മുഴുവൻ ചികിത്സയ്ക്ക് ചെലവിട്ടു.ഇപ്പോൾ ജ്യേഷ്ഠന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണ്. ഇനി ഒന്നും ചെയ്യാനില്ല എന്ന വാക്കുകൾ സദാശിവനെ നടുക്കി. മാനസികമായി അദ്ദേഹം തകർന്നു.

കിടത്തിച്ചികിത്സാ വിഭാഗത്തിൽ ആറാം നമ്പർ കാബിനിൽ സദാശിവനെ സന്നദ്ധപ്രവർത്തകർ എടുത്തുകിടത്തി. കാൻസർ അസ്ഥികളെ കീഴടക്കിയിട്ടുണ്ടെന്ന് സ്കാനിങ് റിപ്പോർട്ടിൽനിന്ന് വ്യക്തമാണ്. ജ്യേഷ്ഠന്റെ ഭാര്യ സദാശിവനെ പരിചരിക്കുന്നുണ്ട്.ലോകം മുഴുവൻ ചുറ്റിക്കാണണം. അതായിരുന്നു അയാളുടെ ആഗ്രഹം. കല്യാണം കഴിച്ചാൽ കുറ്റിയിൽ കെട്ടിയിട്ടതുപോലെയാകുമെന്നാണ് ചേട്ടനോടും ചേട്ടത്തിയമ്മയോടും അയാൾ പറഞ്ഞിരുന്നത്.  'ഞാൻ നിങ്ങൾക്കൊന്നും ഒരു ഭാരമാകില്ല. വയ്യാതായാൽ ഞാൻ സ്വയം എല്ലാം അവസാനിപ്പിക്കും'.

അങ്ങനെയും പറയുമായിരുന്നു സദാശിവനെന്ന്‌ കൂട്ടുനിൽക്കുന്ന ചേട്ടത്തിയമ്മ ഓർത്തു. സാന്ത്വന കേന്ദ്രത്തിലെത്തുമ്പോൾ എഴുന്നേല്ക്കാൻ കഴിയില്ല. എയർ ബെഡ്ഡിലായതിനാലും ജ്യേഷ്ഠനും കുടുംബവും ജാഗ്രതയോടെ ശുശ്രൂഷിക്കുന്നതിനാലും ശയ്യാവ്രണം പോലുമില്ല. പക്ഷേ, എല്ലും തോലുമായി. കഞ്ഞിവെള്ളം കുടിക്കും. കരിക്കിൻ വെള്ളവും. ഉച്ചയ്ക്ക് അല്പം പൊടിയരിക്കഞ്ഞി വേണം.

എല്ലാസൗകര്യങ്ങളും ഇവിടെയുണ്ടെന്നും പുറമേനിന്ന് ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നത് അനുവദനീയമല്ലെന്നും ഞാൻ അറിയിച്ചു. പുറമേനിന്ന് കരിക്കിൻ വെള്ളം വൃത്തിയുള്ള പാത്രത്തിൽ വാങ്ങിക്കൊണ്ടുവരാൻ പ്രത്യേക അനുവാദം നല്കി.സദാശിവന് സന്ദർശകർ ഏറെയായിരുന്നു. കവികൾ, എഴുത്തുകാർ, നിരൂപകർ. എല്ലാവരും ഞങ്ങളോട് വിശദവിവരങ്ങൾ ചോദിച്ചറിയും. അവരിൽ പലരെയും സദാശിവൻ സഹായിച്ചിട്ടുണ്ട്.

ഞങ്ങളുടെ പരിചരണത്തിൽ സദാശിവൻ സംതൃപ്തനായിരുന്നു. വേദന തീരെയില്ല എന്നു പറഞ്ഞു. പക്ഷേ, സദാശിവന്റെ പരാതി എയർകണ്ടീഷൻ സൗകര്യമില്ലെന്നതായിരുന്നു. വേദന കുറഞ്ഞതോടെ അദ്ദേഹം ഉദ്യോഗസ്ഥപ്രമാണിയുടെ മനോഭാവം കൈവരിക്കാൻ തുടങ്ങി. മുഖത്ത് പുഞ്ചിരി വരുമെങ്കിലും അത് ഗൗരവത്തിൽ പൊതിഞ്ഞ ചിരിയായിരുന്നു.

രണ്ടുനാൾ കഴിഞ്ഞ് സദാശിവനെ ഒരു സ്വകാര്യാസ്‌പത്രിയിലേയ്ക്ക് ജ്യേഷ്ഠനും കുടുംബവും കൊണ്ടുപോകാൻ തയ്യാറായി. എ.സി.റൂം വേണമെന്ന വാശി നിറവേറ്റാൻ വേറെ വഴിയുണ്ടായിരുന്നില്ല. തൃശ്ശൂരിലെ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ എയർകണ്ടീഷൻ സൗകര്യമില്ലല്ലോ. നമ്മുടേത് സാധാരണക്കാരുടെ അഭയകേന്ദ്രമല്ലേ.

രണ്ടുദിവസം ഞാൻ ലീവിലായിരുന്നു. മൂന്നാം ദിവസം ഡ്യൂട്ടിക്കെത്തിയപ്പോൾ സദാശിവനെ ഒരു സ്വകാര്യാസ്‌പത്രിയിലെ എ.സി. റൂമിൽ അഡ്മിറ്റ് ചെയ്തുവെന്നും പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ ഡോക്ടർമാർ നിർദ്ദേശിച്ച ഔഷധങ്ങൾതന്നെ തുടർന്നു നൽകാൻ ആ ആസ്‌പത്രിയുടെ മേധാവിയായ ഡോക്ടർ അനുവദിച്ചുവെന്നും അറിഞ്ഞു. ഒറ്റപ്പെട്ടുപോയതിന്റെ വേദനനിറഞ്ഞ കണ്ണുകൾ ഓർമ്മയിൽ വന്നു.

ബന്ധുക്കൾ നിർബ്ബന്ധിച്ച കാലത്ത് വിവാഹം കഴിച്ചിരുന്നെങ്കിൽ എന്റെ പ്രായത്തിലുള്ള മകൾ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നോ? ഒരുസ്പൂൺ ചോറിന്റെ കടം ഞാൻ എങ്ങനെ വീട്ടിത്തീർക്കും? എന്തായാലും ആ സ്വകാര്യാസ്‌പത്രിയിൽ പോയി സദാശിവനെ കാണണമെന്ന് ഞാൻ നിശ്ചയിച്ചു. അപ്പോഴാണ് ഫോൺ സന്ദേശമെത്തിയത്. സദാശിവൻ വിടപറഞ്ഞിരിക്കുന്നു. മരിക്കുന്നതിനുമുമ്പ് സുബൈദയെ വീണ്ടും അന്വേഷിച്ചു. നഴ്‌സുമാരുടെ സ്വകാര്യമുറിയിലേയ്ക്ക് ഞാൻ ഓടിപ്പോയി. മുഖം കഴുകി. കണ്ണുനിറഞ്ഞത് ആരും കാണേണ്ടെന്നുകരുതി.