'പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട് 
ഒരു പക്ഷി
ദിക്കുമാറി തെക്കോട്ട് പറക്കും
അപ്പോഴേക്കും
പരിചയമുള്ള ആരുടെയോ 
കുപ്പിവള പൊട്ടിയിരിക്കും
ഒരു മുറിവ് വിരിഞ്ഞിരിക്കും' 
പൂമരം ബ്ലോഗിലെ ഈ വരികളിലൂടെ വായിച്ചുപോവുമ്പോള്‍ കണ്ണുടക്കിയത് കുപ്പിവളയിലാണ്. 

കുപ്പിവള കൈവെള്ളയില്‍ വച്ച് പൊട്ടിച്ച് പ്രണയമളന്ന കൗമാരം തന്നെയാകും ഏതൊരു പെണ്ണിന്റെയും പ്രിയപ്പെട്ട കുപ്പിവള ഓര്‍മ്മ. അല്ലെങ്കില്‍ പ്രണയസമ്മാനമായി കൈത്തണ്ടയിലേക്ക് ഒഴുകിയിറങ്ങിയ ആ കുപ്പിവളക്കിലുക്കം. ഉത്സവപ്പറമ്പുകളിലെ ചിന്തിക്കടകളിലേക്ക് ദാവണിപ്പെണ്ണിനെ വിളിച്ചുകയറ്റിയിരുന്നത് നിറക്കൂട്ടുകളില്‍ സ്വയം മറന്ന് തിളങ്ങിക്കൊതിപ്പിക്കുന്ന കുപ്പിവളക്കൂട്ടങ്ങളായിരുന്നു. ചുവപ്പും പച്ചയും മഞ്ഞും നീലയുമൊക്കെ ഗമയിലിങ്ങനെ നിരന്നിരിക്കുമ്പോഴും ഇടയ്ക്കെങ്കിലും അവളുടെ നോട്ടം കരിമഷിക്കറുപ്പുള്ള ആ വളക്കൂട്ടത്തിലേക്ക് എത്തും. കണ്ണുകളില്‍ കുസൃതിയൊളിപ്പിച്ച് അപ്പോള്‍ അവളോര്‍ത്തത് അവനെക്കുറിച്ച് മാത്രമായിരിക്കും. ഉത്സവപ്പിറ്റേന്ന് അവനെ കാത്ത് നടവഴിയിലെ മാഞ്ചോട്ടിലോ വീട്ടുവേലിക്കലോ ഒളിഞ്ഞുനില്‍ക്കുമ്പോഴും മനസ്സില്‍ കുപ്പിവളപ്പെരുക്കമായിരിക്കും. വിശേഷങ്ങളുമായി കൂട്ടുകാരികളുടെയടുത്തേക്ക് ഓടുമ്പോള്‍ കൈത്തണ്ടയില്‍ കുപ്പിവളകള്‍ കലപില പറയും.

kupivala
courtesy:fb/anjalimadhavigopinath

ബാല്യത്തിന്റെ ഓര്‍മ്മകളിലെ അത്ഭുതമാണ് കുപ്പിവളകള്‍. 'മുതിര്‍ന്നവരാ കുപ്പിവള ഇടുക' എന്ന് പറയുന്ന സ്നേഹം നിറഞ്ഞ ശാസനകള്‍ക്ക് മുമ്പില്‍ കുപ്പിവളകളില്‍ നിന്ന് കയ്യെടുക്കുമ്പോള്‍ മനസ്സില്‍ ആഗ്രഹിച്ചിരിക്കുക പെട്ടന്നൊന്ന് വലുതായിരുന്നെങ്കില്‍ എന്നാവും. ചേച്ചിമാരുടെ വളപ്പൊട്ടുകള്‍ ചോദിച്ചു വാങ്ങിയും പെറുക്കിക്കൂട്ടിയും വളമുറി കളിക്കാന്‍ എത്തിയിരുന്ന ഒരു പെണ്‍കൂട്ടമുണ്ട്. കുപ്പിവളകള്‍ ഒന്നോടെ കൂട്ടിയിട്ട് ഒരേ നിറമുള്ളവ മാത്രം കയ്യിലെടുക്കണം.അതും മറ്റുള്ളവ അനങ്ങാതെ. അല്ലെങ്കില്‍ പിന്നെയുള്ളത് സെറ്റ് കളിയാണ്. ഓരോ നിറത്തിലുമുള്ളത് ഓരോരുത്തരും ഇറക്കിക്കളിക്കണം. ഒരേ നിറത്തിലുള്ളവ കൈവെള്ളയില്‍ നിന്ന് കളിക്കളത്തിലേക്ക് പോകും. ഒടുവില്‍ ഒറ്റവളപ്പൊട്ടുകളുമായി അവശേഷിക്കുന്നവര്‍ കളിയില്‍ പരാജയപ്പെടുകയും ചെയ്യും. 

പെണ്‍മനസ്സുകളില്‍ കൗതുകം വിതറിയ അതേ കുപ്പിവളക്കിലുക്കം മുറിപ്പാവാടയും മുക്കാല്‍പ്പാവാടയും ദാവണിയും കടന്ന് അവള്‍ സാരിയിലെത്തുമ്പോഴും ഒപ്പമുണ്ടാകും. കല്ല്യാണസാരിയുടെ നിറത്തിന് ചേരുന്ന കുപ്പിവള തേടി ലേഡീസ് സ്റ്റോറുകള്‍ കയറിയിറങ്ങാന്‍ ഒരു മടിയുമില്ലാതിരുന്ന യുവത്വം. പിന്നെ ആണൊരുത്തന്റെ വീട്ടകത്തേക്ക് പറിച്ചുനടുമ്പോഴേക്കും കുപ്പിവളകള്‍ പരിഭവിച്ചു തുടങ്ങും. അടുക്കളപ്പണിയ്ക്കിടെയും തുണിയലക്ക് യുദ്ധത്തിനിടെയും പൊട്ടിപ്പോയ വളകളെയോര്‍ത്ത് അവളും പരിഭവിക്കും. പിന്നെപ്പിന്നെ അമ്മേയെന്ന വിളിയുടെ കുസൃതിയില്‍ അലിഞ്ഞ് കുഞ്ഞിക്കൈകളില്‍ കരിവള ഇടുവിക്കുന്നതിലാവും  അവള്‍ക്ക് കമ്പം. അങ്ങനെ മാറിയും മറിഞ്ഞും ഏറിയും കുറഞ്ഞും പെണ്ണിന്റെ ഉള്ളിലെ കുപ്പിവള ഓര്‍മ്മകളും തീരാമോഹവും നെടുവീര്‍പ്പുകളിലൊടുങ്ങും.

kupivala
courtesy:fb/anjalimadhavigopinath

എങ്കിലും ആ വര്‍ണവളക്കിലുക്കത്തോളം പെണ്ണിനെ പ്രണയാതുരമാക്കുന്ന മറ്റെന്ത് കാല്പനികതയാണുള്ളത്. മഴപ്പെയ്ത്തില്‍ കുപ്പിവളക്കിലുക്കത്തെ ചേര്‍ത്ത് പിടിച്ച് സ്വപ്നം കാണുന്ന പെണ്ണിന്റെ കണ്ണുകളിലെ തിളക്കം വേറെ എവിടെ കാണാന്‍! ഇന്നോ ഇന്നലെയോ അല്ല ഈ വളക്കിലുക്കം പെണ്ണിനെ മത്തുപിടിപ്പിച്ചുതുടങ്ങിയത്.

അങ്ങ് സിന്ധുനദീതട സംസ്‌കാരം മുതല്‍ തുടങ്ങിയതാണ് പെണ്ണും വളയും കിന്നാരം പറയാന്‍. സംസ്‌കാരത്തിന്റെ തിരുശേഷിപ്പായി കണ്ടെത്തിയ ആ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ? അവളും അണിഞ്ഞിരുന്നു വള. ദക്ഷിണേഷ്യന്‍ പെണ്ണുങ്ങള്‍ക്കാണ് വളപ്രേമം കൂടുതലെന്ന് ചരിത്രം പറയുന്നു. ഇന്ത്യ,നേപ്പാള്‍,പാകിസ്താന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വളയിടാത്ത കൈകളെക്കുറിച്ച് ആലോചിക്കാന്‍ പോലും പെണ്ണിന് കഴിയുമായിരുന്നില്ലത്രേ! 

നേപ്പാളികള്‍ക്ക് വളയെന്നാല്‍ 'ചുരാ' ആണ്. ബംഗാളിയിലെത്തുമ്പോള്‍ അത് 'ചുരി' ആകും. ഹിന്ദിയില്‍ 'ചൂഡി'യും. തമിഴകത്തിന് വളയെന്നാല്‍ 'വളയല്‍' ആണ്. മറാത്തിയില്‍ 'ബംഗാഡി'യും. വടക്കേഇന്ത്യയില്‍ കുപ്പിവള കിലുങ്ങാത്ത വിവാഹാഘോഷം ഇല്ലെന്ന് തന്നെ പറയാം. കൈ അളവിന് കൃത്യം പാകത്തിലുള്ള കുപ്പിവളകളാണ് വധുവിനെ അണിയി്ക്കുക. അങ്ങനെയുള്ള വളകള്‍ ഉടയാന്‍ പാടാണ്. ഇതിന് പിന്നില്‍ രസകരമായൊരു വിശ്വാസവുമുണ്ട്. അവസാനത്തെ കുപ്പിവളയും ഉടയുമ്പോഴാണ്രേത ആ പെണ്‍കുട്ടിയുടെ മധുവിധു അവസാനിക്കുക!

കുപ്പിവളകള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തില്‍ സുമംഗലികളുമായാണ് കൂടുതല്‍ ബന്ധം. ഭര്‍ത്താവിന്റെ മരണശേഷം കുപ്പിവളകള്‍ ഉടച്ചുകളയുകയും പിന്നീടൊരിക്കലും അണിയാതിരിക്കുകയും ചെയ്യുന്നത് തമിഴ് ആചാരങ്ങളുടെ ഭാഗമാണ്. ഭര്‍ത്താവിന്റെ ഐശ്വര്യത്തിനാണ് കുപ്പിവളകള്‍ അണിയുന്നതെന്നാണ് വിശ്വാസം. 

kupivala
pic:google

കുപ്പിവളകളുടെ നിറത്തിനു പിന്നിലുമുണ്ട് ഇതുപോലൊരു വിശ്വാസം. ചുവപ്പ് വളകള്‍ എശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. പച്ച ഭാഗ്യവും സന്താനസൗഭാഗ്യവും കൊണ്ടുവരുമെന്ന് കരുതിപ്പോരുന്നു. മഞ്ഞ സന്തോഷത്തിന്റെ നിറമാണ്. വെള്ള പുതിയ തുടക്കത്തിന്റെ പ്രതീകമാണ്. ഓറഞ്ച് നിറത്തിലുള്ള കുപ്പിവളകള്‍ അണിയുന്നത് വിജയത്തിനു വേണ്ടിയാണത്രേ.

എന്തായാലും മാറിമറിയുന്ന ട്രെന്‍ഡുകളുടെ പിറകേ പോവുമ്പോഴും ആഭരണക്കൂട്ടത്തില്‍ ഒരു സെറ്റ് കുപ്പിവളകള്‍ എങ്കിലും നിധി പോലെ സൂക്ഷിക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ!

കുപ്പിവള
pic:google

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ആണ് ഇന്ത്യയുടെ കുപ്പിവള നഗരം. മുഗളന്മാരുടെ കാലം മുതല്‍ പ്രസിദ്ധമാണ് ഇവിടുത്തെ കുപ്പിവളകള്‍. കണ്ണാടിച്ചില്ലുകളില്‍ നിന്ന് കൈവളകളിലേക്കുള്ള ആ രസകരമായ യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പിന്നീടൊരിക്കലാവട്ടെ.