ബാലറ്റ്‌പേപ്പറിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ വന്നതിന്റെ അറുപതാം വാര്‍ഷികമാണിന്ന്. ഇതേ ദിവസം തന്നെ ഒരു മകന്റെ മരണത്തില്‍ നീതിനേടി സമരം ചെയ്യാനെത്തിയ അമ്മയെ ഏറ്റവും മൃഗീയമായ രീതിയില്‍ റോഡിലൂടെ വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണ്. അതും ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍..

ജിഷ്ണുപ്രണോയ് എന്ന നെഹ്റുകോളേജ് വിദ്യാര്‍ത്ഥി മരിച്ച് ഇന്നേക്ക് 88 ദിവസമാകുന്നു. കോളേജ് അധികൃതരുടെ മര്‍ദ്ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ നിമിഷം വരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ കേരള പോലീസിനായിട്ടില്ല. മരിച്ചുപോയ മകനു നീതിലഭിക്കാന്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ ഏതറ്റം വരെയും പോകാന്‍ ജിഷ്ണുവിന്റെ കുടുംബത്തിന് അവകാശമുണ്ട്. ആ അവകാശമാണ് ഇന്ന് ഹീനമായ രീതിയില്‍ റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ടത്.6

ജിഷയുടെ കൊലപാതകിയെ കിട്ടാന്‍ ദിവസങ്ങളോളം ഇരുട്ടത്ത് തപ്പിയപോലീസ്..പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികോടതിയിലെത്താന്‍ വരെ കാത്തുനിന്ന പോലീസ്..വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിരയായി കൊല്ലപ്പെട്ടപ്പോള്‍ അത് പീഡനമാണോ കൊലപാതകമാണോയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടിട്ടുപോലും മനസിലാകാതിരുന്ന പോലീസ്. കുണ്ടറ പീഡനകേസില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടപ്പോള്‍  പെണ്‍കുട്ടി മരിച്ചുവെന്ന വിവരം പോലും മറച്ചുവെച്ച  പോലീസ്.

കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയപ്പോള്‍ വൈദികനെ സംരക്ഷിക്കാന്‍ നിലപാടെടുത്ത പോലീസ്..എല്ലാത്തിലുമുപരി  ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റുകോളേജ് മാനേജ്‌മെന്റിന് വ്യക്തമായ പങ്കുണ്ടെന്നു ബോധ്യപ്പെട്ടിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത പോലീസ്... ആ പോലീസ് ആണ് കൃത്യനിര്‍വ്വഹണത്തില്‍ ആവേശം കാണിച്ച് മഹിജയെന്ന അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനില്‍ കയറ്റിയത്

എന്തായിരുന്നു കേരള പോലീസേ ഇവര്‍ ചെയ്ത കുറ്റം.. മഹിജയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ ഒരു പാവം മകന്റെ മരണത്തില്‍ നീതിതേടി സമരത്തിനിറങ്ങിപ്പുറപ്പെട്ടതോ?    പോലീസിനെതിരെ പരാതിയുണ്ടെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കലല്ല ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ തന്നെയാണ് സമരം ചെയ്യേണ്ടത്. അറസ്റ്റ് ചെയ്തു നീക്കാന്‍ മാത്രം അവര്‍ ഡിജിപി ഓഫീസിനു നേരെ കല്ലെറിഞ്ഞോ? 'പോടാ പുല്ലെ പോലീസെ നിന്നെ പിന്നെ കണ്ടോളാം' എന്നു മുദ്രാവാക്യം വിളിച്ചോ? തികച്ചും സമാധാനപരമായി സമരം ചെയ്ത ഒരു സ്ത്രീയെ, ഒരമ്മയെ, പ്രായമായ അവരുടെ ഭര്‍ത്താവിനെ - ജിഷ്ണുവിന്റെ അച്ഛനെയാണ് കേരളം നോക്കിനില്‍ക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് വലിച്ചും ഇഴച്ചും റോഡില്‍ കൂടി ഉരുട്ടിയും പോലീസ് വാനില്‍ കയറ്റിയത്.

നിലത്ത് കൂടി പോലീസ് വലിച്ചിഴക്കുമ്പോഴും ആ അമ്മ പറയുന്നുണ്ടായിരുന്നു. 'ജിഷ്ണുവിന്റെ അമ്മയല്ലേ ഞാന്‍ കുഴപ്പമുണ്ടാക്കാന്‍ വന്നതല്ലല്ലോ..'എന്ന്. കേള്‍ക്കാമായിരുന്നു ഇത്.. കേള്‍ക്കേണ്ടത് പലതും കേള്‍ക്കാതിരിക്കുന്ന കേരളാപോലീസ് ഇതുകേള്‍ക്കേണ്ടത് തന്നെയായിരുന്നു. ഒരു മകന്റെ മരണത്തിന് ഉത്തരം തേടി കണ്ണൂരില്‍ നിന്ന് തലസ്ഥാനത്തേക്ക് എത്തിച്ച സാഹചര്യം അവരുടെ ഗതികേടുകൂടിയായിരുന്നുവല്ലോ... പോലീസിന്റെ കൃത്യവിലോപത്തിന് അവര്‍ നേരിടേണ്ടി വന്ന വലിയ ഗതികേട്. ജിഷ്ണുവിന്റെ അമ്മയ്ക്ക് പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി......

സെക്രട്ടറിയേറ്റിനും കെഎസ്ആര്‍ടിസി ബസിനും കല്ലെറിയുന്ന പാര്‍ട്ടി പിള്ളേരെ നേരിടുന്ന രീതിയില്‍  വീടിനപ്പുറം പുറം ലോകം കണ്ടിട്ടില്ലാത്ത സ്ത്രീയെ നേരിടരുതായിരുന്നു. മാധ്യമ, രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിച്ച ഒരു കേസില്‍ നീതി തേടിയെത്തിയവരെ ഇത്ര ക്രൂരമായാണ് പോലീസ് നേരിടുന്നതെങ്കില്‍ സാധാരണക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പോകാതിരിക്കുന്നതായിരിക്കും നല്ലത്.. നെഹ്‌റുകോളേജ് മാനേജ്‌മെന്റ് പ്രതിനിധിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ച പോലീസിന്റെ ആതിഥ്യമര്യാദ ഈ അവസരത്തില്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്ന വികാരം പങ്കുവെക്കാന്‍ വാക്കുപോലും കിട്ടുന്നില്ല... നട്ടെല്ലില്ലാത്ത പോലീസിനെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍  പുതിയ പദം കണ്ടെത്തേണ്ടിയിരിക്കുന്നു..

WhatsApp-Image-2017-04-05-at-11.01.01.jpg

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട്.. നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഇനിയും പോലീസ് അങ്ങയെ ഒരുപാട് ചീത്തകേള്‍പ്പിക്കും.. അധികാരത്തില്‍ നിന്നും താഴെ ഇറങ്ങുന്ന ദിവസം വരെയും വീഴ്ച്ചപറ്റി വീഴ്ച്ചപറ്റി എന്ന് പരിതപിക്കാനെ ആഭ്യന്തര മന്ത്രികൂടിയായ അങ്ങേയ്ക്ക് കഴിയു. നടി അക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും പള്‍സര്‍ സുനിയെ പൊക്കിയെടുത്ത് പോലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ ഇത് താന്‍ട്ര പോലീസ് എന്നുപറഞ്ഞ് കൈയടിച്ചവരാണ്‌ കേരളത്തിലെ ജനങ്ങള്‍ എന്ന് മറന്നുപോകരുത്...

ജിഷ്ണു പ്രണോയിയുടെ അമ്മ ആദ്യമായാകും പോലീസ് ജീപ്പില്‍ കയറുന്നത്.. ഇത് അവസാനത്തേതും ആയിരിക്കില്ല.. കാരണം പത്ത് മാസം ചുമന്നു നടന്നു പ്രസവിച്ച മകനുവേണ്ടിയാണ് ആ അമ്മയുടെ പോരാട്ടം. അതിനിടെയാണ് മര്‍ദ്ദനമേറ്റത്..ഇതിന് നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. 

പ്രമുഖരുടെ പ്രതികരണങ്ങള്‍

Joy Mathew