നിന്നെ ഞങ്ങള്‍ ബലാത്സംഗം ചെയ്തുകളയുമെന്നാണ് വലതുപക്ഷ തീവ്രവാദികള്‍ ഗുര്‍മെഹര്‍ കോറിന് നേരെ ഉയര്‍ത്തിയ ഭീഷണി. എ ബി വി പി എന്ന സംഘടനയ്‌ക്കെതിരെ ആശയപരമായ ഒരു നിലപാടെടുത്ത പെണ്‍കുട്ടിയെ ആശയം കൊണ്ട് നേരിടാതെ ആ സംഘടന അവരുടെ ആശയദാരിദ്ര്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആണാണെങ്കില്‍ ദേശദ്രോഹി, പെണ്ണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവള്‍ എന്ന മൂശയില്‍ വീഴ്ത്തിയല്ലാതെ നിലപാടുകളോട് സംവദിച്ച് പ്രതികരിക്കാന്‍ ഇനിയും പഠിച്ചില്ലെന്ന് ഗുര്‍മെഹര്‍ സംഭവത്തിലൂടെ അവര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.

'ഞാന്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ്. പക്ഷെ എ ബി വി പിയെ ഞാന്‍ ഭയക്കുന്നില്ല, ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്ക് പിറകിലുണ്ട്' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നില്‍ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ  പേരിലാണ് ഗുര്‍മെഹര്‍ വേട്ടയാടപ്പെട്ടത്. രാംജാസ് കോളേജിലെ സെമിനാറില്‍ നിന്ന് ജെ എന്‍ യു വിദ്യാര്‍ഥികളെ വിലക്കുന്നതിലേക്കെത്തിച്ച എ ബി വി പി നിലപാടും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമാണ് ഇത്തരമൊരു പോസ്റ്റിടാന്‍ ഗുര്‍മെഹറിനെ പ്രേരിപ്പിച്ചത്.

'നിങ്ങള്‍ എറിഞ്ഞ കല്ലുകള്‍ ഞങ്ങളുടെ ശരീരത്തില്‍ പതിച്ചു, പക്ഷെ ഞങ്ങള്‍ മുറുകെ പിടിക്കുന്ന ആശയങ്ങളെ ആ കല്ല് കൊണ്ട് മുറിവേല്‍പിക്കാനാവില്ലെന്ന്' പറഞ്ഞ കൊണ്ട് StudentsagainstABVP എന്ന ഹാഷ്ടാഗിലാണ് ഗുര്‍മെഹര്‍ ക്യംപെയ്ന്‍ ആരംഭിച്ചത്.

അച്ഛന്‍ ക്യാപ്റ്റന്‍ മാന്‍ദീപ് സിങ് 1999 കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷിയായതു കൊണ്ട് തന്നെ ദേശദ്രോഹി എന്ന ആരോപണം വേണ്ടത്ര വിലപ്പോവില്ലെന്ന് കണ്ടാവണം അവളിലെ സ്ത്രീ സ്വത്വത്തെ ഭയപ്പെടുത്തിയുള്ള ഇത്തരം സൈക്കോളജിക്കല്‍ മൂവ്. ലൈംഗികതയുമായല്ല പകരം ആണധികാരവുമായും ആശയ അടിത്തറകളില്ലാത്ത പുരുഷകേസരികളുടെ സ്ത്രീകള്‍ക്ക്  നേരെയുള്ള അസഹിഷ്ണുതാ പ്രയോഗവുമാണ്് ബലാത്സംഗമെന്ന് പുതിയ സംഭവവികാസങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ബലാത്സംഗ ഭീഷണികളും തേജോവധം ചെയ്യുന്ന പോസ്റ്റുകളും കൊണ്ട് തന്നെ വേട്ടയാടുന്നുവെന്ന് 20 കാരിയായ പെണ്‍കുട്ടിയാണ് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നത്. അതും അവളുടെ രാഷ്ട്രീയ നിലപാട് വെളുപ്പെടുത്തിയതിന്റെ പേരില്‍. 

പാകിസ്താനല്ല പകരം യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന നിലപാടുമായി മുമ്പും അവള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാകിസ്താനുമായുള്ള യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടയാളാണ്  ഗുര്‍മെഹറിന്റെ പിതാവ് മാന്‍ദീപ് സിങ്. വൈകാരികമായ കീഴ്‌പ്പെടലുകളില്‍ നിലപാടുകള്‍ ചായാന്‍ ഏറെ സാധ്യത നിലനില്‍ക്കെ  യുദ്ധത്തിനെതിരെ തീര്‍ത്തും പക്വമായ നിലപാടെടുത്ത് കൊണ്ടാണ് അവള്‍ വ്യത്യസ്തതയായത്. ദേശീയതയെയും ദേശസ്‌നേഹത്തെയും പാകിസ്താന്‍ വിരുദ്ധതയുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള വലിയ അടിയായിരുന്നു ഗുര്‍മെഹറിന്റെ ആ നിലപാട്. 

ബുര്‍ഖയിട്ട സ്ത്രീകളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് വരെ താന്‍ ഒരിക്കല്‍ അധപതിച്ചിരുന്നെന്ന് അവള്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്താനല്ല പകരം യുദ്ധമാണ് തന്റെ പിതാവിനെ കൊന്നതെന്ന തിരിച്ചറിവിലേക്ക് അവള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ എത്തി. യുദ്ധക്കെടുതികള്‍ ഏറ്റവും അധികം ബാധിച്ച സ്ത്രീ ജീവിതങ്ങള്‍ മുന്നില്‍ കാണുന്നവര്‍ക്കെ യുദ്ധത്തെ അകറ്റിനിര്‍ത്താനും വെറുക്കാനും സാധിക്കൂ എന്നവള്‍ പറയാതെ പറയുകയായിരുന്നു. ഒരു വിദ്യാര്‍ഥിനിയുടെ സാമാന്യ വിവേകം പോലും സമൂഹത്തിലെ അഭിപ്രായ രൂപീകരണ പദവി നിര്‍വ്വഹിക്കുന്നവര്‍ക്കില്ലെന്നത് എത്ര കഷ്ടമാണ്.

വലതുപക്ഷ തീവ്രവാദികളുടെ ബലാത്സംഗ ഭീഷണികളോടൊപ്പം ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് കൂടി രംഗത്ത് വന്നിരിക്കുന്നു ട്വീറ്റുമായി. 'ഞാനല്ല ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് പകരം എന്റെ ബാറ്റാണെന്ന' പരിഹാസ മറുപടി കൊണ്ടാണ് ഗുര്‍മെഹറിന്റെ ആശയത്തെ സെവാഗ് നേരിട്ടത്. ദേശസ്‌നേഹം തുളുമ്പുന്ന ട്വീറ്റുകളാല്‍ എന്നും ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന സെവാഗിന്റെ ഇത്തരം അപക്വമായ മറുപടികള്‍ എത്രവലിയ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. യുദ്ധത്തില്‍ അച്ഛന്‍ നഷ്ടപ്പെടുന്നവള്‍ക്ക് ഒരു പാകിസ്താന്‍ വിരോധിയായിതീരുന്നതല്ലായിരുന്നോ എളുപ്പം. എന്നിട്ടും ആ സാമാന്യവത്കരണത്തെ ആ പെണ്‍കൊടി മറികടന്ന വിവേകപൂര്‍വ്വമായ നിലപാട് പോലും സെവാഗ് വെച്ചു പുലര്‍ത്തിയില്ല.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യും എന്നു പറയുന്നവരെയായിരുന്നോ അതോ അവളുടെ നിലപാടിനെയായിരുന്നോ സെവാഗ് പിന്തുണയ്‌ക്കേണ്ടിയിരിക്കുന്നത്. ബലാത്സംഗ ഭീഷണികള്‍ ആ പെണ്‍കുട്ടിക്ക് നേരെ ഉയരുന്ന സാഹചര്യത്തില്‍ അവളുടെ വീക്ഷണങ്ങളെ അതേ സന്ദര്‍ഭത്തില്‍ ആക്രമിക്കുന്നതിലൂടെ സെവാഗ് ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അതേ സെവാഗ് എന്തേ അവള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയവരെ കണ്ടില്ലെന്ന് നടിക്കുന്നു.

Cyber Bullying

പൊതു ഇടങ്ങളില്‍ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ ഒരു സത്രീ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല. അവളുടെ പക്ഷങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാതെ ലൈംഗികതയെ വലിച്ചിഴച്ചും ധാര്‍മികതയെ ചോദ്യം ചെയ്തും തേജോവധം ചെയ്തും മാത്രമേ സമൂഹമാധ്യമങ്ങളിലെ ആള്‍ക്കൂട്ടം എന്നും പ്രതികരിച്ചിട്ടുള്ളൂ.

സമൂഹത്തിലെ ഉറച്ച സ്ത്രീ ശബ്ദങ്ങളെയും നിലപാടുകളെയും ബലാത്സംഗമെന്നവാക്കുപയോഗിച്ച് മുറിവേല്‍പിക്കുന്ന അരാഷ്ട്രീയ സ്വഭാവം സോഷ്യല്‍ മീഡിയ അതിന്റെ ജനനകാലം മുതല്‍ വെച്ചു പുലര്‍ത്തുന്നതാണ്. മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ് , എഴുത്തുകാരി മീന കന്തസാമി, ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍ എന്നിങ്ങനെയെത്രപേര്‍ നേരിട്ടിരിക്കുന്നു ഈ ബലാത്സംഗ ഭീഷണികള്‍. അവരിലേക്ക് ഒടുവില്‍ ചേര്‍ക്കപ്പെടാന്‍ ഒരു ഇരുപതുകാരിയുടെ പേരു കൂടി. ഗുര്‍മെഹര്‍ കോര്‍.

sagarika
courtesy : wikipedia

1.77 ലക്ഷം പേര്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സാഗരിഗ ഘോഷിന് തന്റെ ട്വീറ്റുകള്‍ ഇടക്കാലത്ത് നിർത്തേണ്ടി വന്നത് തന്റെ സ്ത്രീ സ്വത്വത്തെ ഉയര്‍ത്തി കാട്ടിയുള്ള ബലാത്സംഗ ഭീഷണികളെത്തുടര്‍ന്നാണ്. മാധ്യമ പക്ഷാപാതിത്വത്തെയോ രാഷ്ട്രീയ ചായ്‌വുകളെയോ മുന്‍നിര്‍ത്തിയല്ല പകരം ഘോഷിന്റെ സ്ത്രീ എന്ന സ്വത്വമാണ് അന്ന് ആക്രമങ്ങളേറ്റുവാങ്ങിയതത്രയും.

സ്വതന്ത്രയും  മതേതരവാദിയുമായി പ്രത്യക്ഷപ്പെടുന്ന  സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് നാല് വര്‍ഷം മുമ്പ് തന്നെ ഘോഷ് ചൂണ്ടിക്കാട്ടിയതാണ്. ആക്രമണങ്ങള്‍ കൂടിയതല്ലാതെ അല്‍പം പോലും കുറഞ്ഞില്ല.

സ്വന്തം മകളുടെ പേരും സ്‌കൂളിന്റെയും ക്ലാസ്സിന്റെയും മറ്റ് അനുബന്ധ വിവരങ്ങളും വര്‍ണിച്ചു കൊണ്ടുള്ള മറുപടി ട്വീറ്റുകളിലൂടെയാണ് രാജ്യത്തെ വലതുപക്ഷ സമൂഹം സാഗരിക ഘോഷിനെ അന്ന് നേരിട്ടത്. തന്റെ ട്വിറ്ററിലെ വാക് പോര് അവസാനിപ്പിച്ച് സോഷ്യല്‍ മീഡിയ ജീവിതം ഘോഷ് അവസാനിപ്പിച്ചത് ഈ ഭീഷണിയെത്തുടര്‍ന്നാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ആക്ടിവിസ്റ്റ് കവിത കൃഷ്ണനും നേരിട്ടത് ബലാത്സംഗ ഭീഷണിയാണ്. ആശയം കൊണ്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബലാത്സംഗത്തിലൂടെയോ അതോ ലൈംഗികച്ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചോ ആ സ്ത്രീയെ കീഴ്‌പ്പെടുത്തികളയാമെന്ന വിചാരമാണോ ഇത്തരം പ്രേരണകളുടെ മന:ശ്ശാസ്ത്രം.

meena kandaswamy at malayalam universityബീഫ് നിരോധനത്തിനെതിരെയുള്ള ബീഫ് ഫെസ്റ്റിന്റെ ഭാഗമായി നിന്ന് സംസാരിച്ചതിന് എഴുത്തുകാരി മീന കന്തസാമിയും നേരിട്ടത് ലൈംഗികച്ചുവയുള്ള വാക്കുകളും ബലാത്സംഗ ഭീഷണികളുമായിരുന്നു. ഗുര്‍മെഹറിനെ ആക്രമിച്ച പോഷക സംഘടനകള്‍ തന്നെയായിരുന്നു മീന കന്തസാമിയെയും അന്നാക്രമിച്ചത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു പ്രതികരണങ്ങളില്‍ ഭൂരിഭാഗമെങ്കിലും അവളുടെ തൊഴിലും രാത്രി സഞ്ചാരവും കുറ്റമായും തെറ്റായും കണ്ടവരും കൂട്ടത്തിലുണ്ടായിരുന്നു. 

ഇന്ത്യയുടെ പാട്രിയാര്‍ക്കല്‍ മൈന്‍ഡ് സെറ്റിന്റെ പ്രതിഫലനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്ന ഈ ഓരോ പ്രതികരണങ്ങളും. സമൂഹമാധ്യമം കൂടുതലും ഉപയോഗിക്കുന്നത് യുവതയാണെന്നത് കൊണ്ട് തന്നെ വരും തലമുറ എത്രമാത്രം അരാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടുണ്ടെന്നും സ്ത്രീ വിരുദ്ധത വെച്ചു പുലര്‍ത്തുന്നുണ്ടെന്നും നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ ആലോചിക്കേണ്ടതാണ്.