ന്നലെ അമ്മയുടെ ജീവനറ്റ ശരീരം ഞാന്‍ വീണ്ടും ഓര്‍മിച്ചു.ഒന്നര വര്‍ഷം മുമ്പിലത്തെ ആ നിമിഷം. പ്രാണന്‍ പോയ ഉടന്‍ ചൂടുവെള്ളത്തില്‍ ശരീരം തുടച്ച രംഗവും.ബന്ധുക്കളായ സ്ത്രീകള്‍ അമ്മയുടെ ചൂടുമാറാത്ത ശരീരത്തില്‍നിന്ന് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റി. ഞാനും എന്റെ രണ്ടുസഹോദരന്‍മാരും അമ്മിഞ്ഞ കുടിച്ച മാറിടം,ഞങ്ങള്‍ക്കു അതിവേദനയോടെ പിറവി നല്‍കിയ ഉദരം, എന്നെ കെട്ടിപ്പിടിച്ച കൈകളും ഉമ്മവച്ച ചൊടിയും...സ്പിരിറ്റിനൊപ്പം എന്റെ കണ്ണീര്‍കൂടിവീണ് കുതിര്‍ന്ന പഞ്ഞികൊണ്ട് ശരീരം തുടച്ച് പൗഡറിട്ട് ഒരുക്കിയ രംഗം.

84 വയസ്സിന്റെ ജീര്‍ണത തുടിക്കുന്ന ശരീരം. അത്തരമൊരു ശരീരത്തെയാണല്ലോ ഇന്നലെ പലര്‍ചേര്‍ന്ന് പിച്ചി ചീന്തിയത്, കടിച്ചുകുടഞ്ഞതെന്നോര്‍ത്തപ്പോള്‍ സ്വന്തം വീട്ടില്‍പ്പോലും സുരക്ഷ കിട്ടാത്ത ഈ ലോകത്തുനിന്ന് അമ്മ പോയത് നന്നായി എന്നു തോന്നി..വാര്‍ത്ത വായിച്ചു നടുങ്ങിപ്പോയ ആ നിമിഷങ്ങളില്‍, കുറ്റകൃത്യം ചെയ്തവരെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..കറിക്കത്തികൊണ്ട് സ്വാമിയെ ചെയ്ത അതേ പ്രയോഗം ഞാനും ചെയ്തു പോയേനേ

നെഞ്ചില്‍ തീപ്പൊരി വിതറിക്കൊണ്ടാണ് ഇന്നലത്തെ പത്രത്തിലെ രണ്ടു വാര്‍ത്തകളുടെ വരവ്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്തതും എണ്‍പതു വയസ്സുള്ള മുത്തശ്ശിയെ പലര്‍ചേര്‍ന്ന് പീഡിപ്പിച്ചതും.. പിഞ്ചുകുഞ്ഞുങ്ങളെ വാരിയെടുക്കാനും ലാളിക്കാനും കൗതുകം ആര്‍ക്കും തോന്നും. നിഷ്‌കളങ്കമായ ചിരിയും നോട്ടവും തന്നെ കാരണം. ആ കുഞ്ഞിനെക്കാള്‍ മുതിര്‍ന്ന കുട്ടിയുള്ള ഒരച്ഛന്‍, കുട്ടിയുടെ അകന്ന ബന്ധുതന്നെ, 28 വയസ്സുകാരന്‍ അതിനെ പിച്ചിക്കീറിയത്..ചോരയില്‍ കുളിച്ചുകിടന്ന ഗുരുതര മുറവേറ്റ കുഞ്ഞിന് മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നുവത്രേ. വയ്യ നെഞ്ചുപിടയുന്നു.

അതങ്ങു ഡല്‍ഹിയിലെന്നു സമാധാനിക്കാന്‍ വരട്ടെ, അതേ ദിവസം തന്നെ ഇങ്ങു കേരളത്തില്‍ ഒരു വയോധികയ്ക്കു നേരിട്ട പീഡനം.

പത്തനംതിട്ട നഗരത്തിനു സമീപത്തുള്ള ഗ്രാമത്തിലെ മുതുമുത്തശ്ശി..സാധാരണ നിലയില്‍ 80 വയസ്സാകുമ്പോഴക്കും നാലാം തലമുറയെ കാണാന്‍ ഭാഗ്യമുണ്ട്. പേരക്കുട്ടിയുടെ മക്കളെയും കണ്ട്, ഈശ്വരനാമം ജപിച്ച് ഒറ്റയ്ക്കു കഴിഞ്ഞുകൂടിയ മുത്തശ്ശി.. വിവാഹം കഴിപ്പിച്ചുവിട്ട  പെണ്‍മക്കളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം വീട്ടില്‍ സമാധാനത്തോടെ കഴിഞ്ഞുകൂടിയ വൃദ്ധയുടെ ജീവിതത്തെ തരിപ്പണമാക്കിയത് ആരാണ്? പുലര്‍കാല ഉറക്കത്തെ ഞെട്ടിച്ച്, ജനാല കല്ലിനിടിച്ചു തകര്‍ത്ത് ആസൂത്രിതമായി പഌന്‍ ചെയ്ത ഒരാക്രമണം ആയിരുന്നു അതെന്ന് സ്പഷ്ടം.രണ്ടുപേര്‍ചേര്‍ന്ന് കൈയ്യും കാലും കെട്ടിയിട്ട് വായില്‍ തുണിതിരുകിയ ശേഷം ബലാല്‍സംഗം ചെയ്ത ക്രൂരത.നെഞ്ചില്‍ വീണ തീപ്പൊരി ആളിപ്പടര്‍ന്നൊരു കാട്ടുതീയായി മാറുന്നതറിഞ്ഞു ഞാന്‍. 

പാവം മുത്തശ്ശിയുടെ മാറിടം കടിച്ചുപറിച്ച നരാധമാ, മുഖം മാറിയാല്‍ അതു നിന്റ അമ്മയാണെന്ന് ഒരുനിമിഷം ഓര്‍ത്തിരുന്നെങ്കില്‍ ! ആ മാറിടത്തില്‍ കാമം ഉണര്‍ത്താന്‍ പ്രേരിപ്പിക്കുന്ന എന്തുണ്ടായിരുന്നു ?.കുഴമ്പുമണക്കുന്ന ,വാര്‍ധക്യത്തിന്റെ പടുമണം ഉയരുന്ന ആ ശരീരത്തില്‍ മോഹിപ്പിക്കുന്നതായി എന്തുണ്ട് ?പല്ലുകള്‍ കൊഴിഞ്ഞ് ,കവിള്‍ ഒട്ടിയ മുഖത്ത് നിനക്കു കടിച്ചു പരിക്കേല്‍പ്പിക്കാന്‍ മാത്രം ഉത്തേജനം നല്‍കിയതെന്തായിരുന്നു. ജരാനര ബാധിച്ച് ,മുടികൊഴിഞ്ഞ ആ വൃദ്ധശരീരത്തെ മെതിച്ച് നിന്റെ ഉത്തേജനം ശമിപ്പിച്ച ക്രൂരതയുണ്ടല്ലോ, അതു കേരളത്തിലെ എല്ലാ അമ്മമാരോടുമുള്ള വെല്ലുവിളിയാണ്. സംഭവിച്ചതിനെപ്പറ്റി ഓര്‍മിക്കാനോ സംസാരിക്കാനോ ആ മുത്തശ്ശിക്കു പറ്റുന്നില്ല, മാനസ്സികനില തെറ്റിയിരിക്കുന്നു.

കേരളത്തിലെ  പ്രിയപ്പെട്ട പോലിസ്സുകാരെ, നിങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്.മിനുട്ടുകള്‍കൊണ്ട് സത്യം തെളിയിക്കാനുള്ള നിങ്ങളുടെ കഴിവ് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

ഇന്നലെയും ഇടുക്കി ജില്ലയില്‍ ഒരു ജനമൈത്രി പോലിസ് സ്‌റ്റേഷനില്‍ ,മാധ്യമപ്പടയെ സാക്ഷിയാക്കി നിങ്ങളൊരു പ്രതിയെ മര്‍ദ്ദിച്ചവശനാക്കി തവളച്ചാട്ടം നടത്തിച്ചിരുന്നല്ലോ.പ്രതി ചെയ്ത കുറ്റം സഹിക്കാന്‍വയ്യാതെ നിയന്ത്രണം വിട്ടുചെയ്തുപോയതാണെന്ന് പിന്നീട് വിശദീകരണം നല്‍കിയിരുന്നല്ലോ. ഈ പാവം മുത്തശ്ശിയുടെ കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളുടെ ആവേശം പ്രതീക്ഷിക്കട്ടെ..കുറ്റവാളികളുടെ നേരെ ഒരുകാരണത്താലും കണ്ണടച്ച് ഇരുട്ടാക്കരുത്. നിങ്ങളുടെ കയ്യില്‍ ഈര്‍ക്കില്‍,മൊട്ടുസൂചി,ഉലക്ക പ്രയോഗങ്ങളുള്ളതായി കേട്ടിട്ടുണ്ട്. പച്ചീര്‍ക്കിലിനു പകരം പപ്പടം കുത്തി തന്നെ ആയിക്കൊള്ളട്ടെ. ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.സ്ത്രീ സമൂഹവും അമ്മയുള്ള പുരുഷന്‍മാരും നിങ്ങളെ പഴിക്കില്ല.

കേരളത്തിലെ സ്ത്രീസുരക്ഷയെപ്പറ്റി ഇനി ആരും വാചകമടിക്കരുത്. സ്വന്തം വീട്ടില്‍ കിട്ടാത്ത സുരക്ഷ  നിരത്തില്‍ എങ്ങനെ പ്രതീക്ഷിക്കാന്‍.. ഈ കേസ്സും തേഞ്ഞുമാഞ്ഞു പോകുമൊ?  പിടിക്കപ്പെട്ടാല്‍ത്തന്നെ ഗോവിന്ദചാമിയെപ്പോലെ ജയിലിലെ മട്ടനും ചിക്കനും അകത്താക്കി കൊഴുത്തുരുണ്ടാകുമല്ലോ പുറത്തു വരിക. അടുത്ത സ്ത്രീയെ പീഡിപ്പിക്കാനുള്ള എനര്‍ജിയുമായി. 

കൂട്ടിവായിക്കാന്‍ എനിക്കേറ്റവും ബഹുമാനം തോന്നിയ പുരുഷന്‍ മകളെ അപമാനിച്ചവനെ കൊന്നിട്ട് ജയിലില്‍ പോയ കൃഷ്ണപ്രിയയുടെ അച്ഛന്‍