ഇന്ത്യന്‍ കൃഷിയിടങ്ങളില്‍ ഹരിതവിപ്ലവം നടത്തിയ സര്‍വനാശത്തിന്റെ കൊയ്ത്ത് അവസാനിക്കുന്നില്ല. മണ്ണിന്റെ ജൈവഘടനയേയും വിത്തുകളുടെ അപാരമായ വൈവിധ്യങ്ങളെയും എന്നെന്നേക്കുമായി തകര്‍ത്തുകളഞ്ഞ ഹരിതവിപ്ലവത്തോട് അല്പമെങ്കിലും പ്രതിരോധിച്ചത് തനത് കൃഷിയിടങ്ങളാണ്. കേരളത്തിലെ പൊക്കാളി-കൈപ്പാട് നിലങ്ങള്‍ അത്തരത്തിലെ വലിയ ചെറുത്തുനില്‍പ്പായിരുന്നു. എന്നാല്‍ അഗ്രോണമിസ്റ്റുകളും വിത്തുഗവേഷകരും ആ നിലങ്ങളെ തകര്‍ക്കാനുള്ള ഗവേഷണത്തിലാണ്. അവര്‍ വികസിപ്പിക്കുന്ന വിത്തുകള്‍ ഹരിതവിപ്ലവം വിതച്ച നാശത്തിന്റെ അതേ വിത്തുകള്‍തന്നെയാണ്. അവശേഷിക്കുന്ന വിത്തുവൈവിധ്യം നശിപ്പിക്കപ്പെടുകയാണ്.


കണ്ടറ്കുട്ടിയെന്നത് കാസര്‍കോടന്‍ തായ്‌മൊഴിയില്‍ കടുപ്പപ്പെട്ടൊരു തെറിവാക്കാണ്. തന്തയില്ലാത്തവനെന്ന് ഒരുവിധത്തില്‍ പരാവര്‍ത്തനം ചെയ്യാം. കെട്ടനിലത്ത് കുരുത്തുപൊങ്ങി കുരുത്തംകെട്ട് വളര്‍ന്ന് അതിജീവനം നേടി പടര്‍ന്ന ഒരു ജീവിതത്തിന്റെ അടയാളവാക്കാണത്. പത്തുകൊല്ലം മുന്‍പുവരെ കണ്ടറ്കുട്ടി കാസര്‍കോടന്‍ ഓരുനിലങ്ങളിലെ കരുത്തുള്ള ഒരു നാടന്‍ നെല്ലിനത്തിന്റെ പേരുകൂടിയായിരുന്നു. വടക്കന്‍ കേരളത്തിന്റെ നൈതല്‍ത്തിണയില്‍ കണ്ടറൂട്ടിക്ക് കൂട്ടായിനിന്ന മറ്റൊരു വിത്തുണ്ടായിരുന്നു: പയ്യനാടന്‍. ''പയ്യനാടനെന്നുള്ളൊരു വിത്തിനെ കയ്യുന്നോരിതു നന്നായ് വിതച്ചാലും'' എന്നാണ് 'കൃഷിഗീത' പറയുന്നത്. പൊട്ടന്‍തെയ്യത്തിന്റെ തോറ്റംപാട്ടില്‍ ഇഹപരലോകങ്ങള്‍ക്കിടയിലെ നേര്‍ത്ത വഴിയായി താനേ മുളച്ചൊരു പൈനാടന്‍ പുഞ്ചയുണ്ട്. വിത്തറ്റുപോയെങ്കിലും 'പൈനാടന്‍ചാല്' എന്ന പേരില്‍ ഒരു പാടശേഖരം കാഞ്ഞങ്ങാട് കടപ്പുറത്തിന് സമാന്തരമായി കിടക്കുന്നുണ്ട്. ഒന്നരപ്പതിറ്റാണ്ട് മുന്‍പുവരെ പയ്യനാടന്‍ വിതച്ചതിന്റെ ഓര്‍മയുണ്ട് ആ പാടത്തിന്. പൈനാടന്‍ പുഞ്ചയെ നമ്മുടെ ഫോക്‌ലോര്‍വ്യാഖ്യാതാക്കള്‍ ചുരം കയറ്റി വയനാടന്‍ പുഞ്ചയാക്കി പാട്ടില്‍നിന്നുതന്നെ പുറത്താക്കി. ഹരിതവിപ്ലവം പൈനാടന്‍ വിത്തിനെ നാട്ടില്‍നിന്നും പുറത്താക്കി. കണ്ടറ്കുട്ടിക്ക് ഒരു തെറിവാക്കെങ്കിലുമാകാനായി. പത്തുനാല്പതു കൊല്ലം കൊണ്ട് തങ്ങളുടെ കൂടപ്പിറപ്പുകളെയൊക്കെ ഉന്മൂലനം ചെയ്ത ഹരിതവിപ്ലവത്തിന്റെ ആഘോഷപ്പുളപ്പിന്റെ നടുമുറ്റത്തേക്ക് കാര്‍ക്കിച്ചുതുപ്പി; 'കുടിയൊഴിക്ക'ലിലെ കുടിയന്റെ തെറിവാക്കുപോലൊരു പ്രതിഷേധശബ്ദമായി സ്വയം പരിവര്‍ത്തനപ്പെടുത്തി, ഈ വിത്തുപേര് ഇന്നും കാസര്‍കോടിന്റെ നാട്ടുമലയാളത്തില്‍ അതിജീവിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫിബ്രവരി 8) ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ശുദ്ധജലം ഉപ്പുനഞ്ചിനെ കഴുകിക്കളയുന്ന ഇടവമഴയുടെ തുടര്‍ച്ചയായി വിരിപ്പുകൃഷി മാത്രം സാധ്യമായ കൈപ്പാടുനിലത്തിലെ അപൂര്‍വം പുഞ്ചവിത്തുകളായിരുന്നു കണ്ടറൂട്ടിയും പൈനാടനും. നൂറ്റാണ്ടുകളായി നെല്ലും മീനും വളര്‍ത്തിയിരുന്ന മനുഷ്യനിര്‍മിതാവാസവ്യവസ്ഥയാണ് കൈപ്പാടുപാടങ്ങള്‍. മേടവിഷുവിനുശേഷം ചെമ്മീന്‍കണ്ടിയെന്നറിയപ്പെടുന്ന ചെമ്മീന്‍കെട്ടുകള്‍ അടയ്ക്കുകയും കായല്‍ബന്ധം മുറിച്ച് കണ്ടി ഉണക്കാനിടുകയും ചെയ്യും. പുതുമഴയില്‍ ഉപ്പുനഞ്ച് കഴുകിപ്പോകാനും പുഷ്ടിയുള്ള മേല്‍മണ്ണ് പിടിച്ചുനിര്‍ത്താനും വേണ്ടി കൈപ്പാടുകളില്‍ ഇക്കാലത്ത് മണ്ണ് കൂനകൂട്ടുന്നു. മുളപ്പിച്ച നെല്‍വിത്തുകള്‍ മഴക്കാലാരംഭത്തോടെ ഈ മണ്ണടരുകളില്‍ വിതറുകയാണ് കൈപ്പാടുകൃഷിയുടെ ആദ്യപടി. പ്രാവുകളും ആറ്റക്കിളികളുമെല്ലാം അവരവരുടെ പങ്ക് പകുത്തെടുത്താലും പൊടിച്ചുവരും ഈ കരുത്തന്‍ വിത്തുകള്‍.

കുതിരുവിത്താണ് കൈപ്പാടുവിത്തുകളില്‍ പ്രധാനം. തലശ്ശേരി തിരുവങ്ങാട്ടുക്ഷേത്രത്തിലെ ബലിക്കല്ലിലെ കുമുദഗള പ്രതലത്തില്‍ രേഖപ്പെടുത്തപ്പെട്ട, സഹസ്രാബ്ദപ്പഴക്കമുള്ള ശാസനത്തില്‍ ക്ഷേത്രത്തിലെ ബലിച്ചെലവിനായി കുതിരുവിത്ത് നല്‍കിയതായി പറയുന്നുണ്ട്. ആയിരത്തിലേറെ തലമുറ ഒരേ പേരില്‍ ഒരേ ആവാസവ്യവസ്ഥയില്‍ അതിജീവനം നേടിയാണ് കുതിര് ഇന്നും കൈപ്പാടിലെ പ്രധാന വിത്തായി നിലനില്‍ക്കുന്നത്. ഓര്‍ത്തടിയന്‍, ഓര്‍ക്കയമ, കുട്ടൂസന്‍, ഓര്‍പാണ്ടി, ചൊവ്വേരിയന്‍ എന്നിവയാണ് കൈപ്പാടില്‍ കൃഷിചെയ്തുപോന്ന പരമ്പരാഗത വിത്തുകള്‍. 'കവ്വായിനാട്ടിലെ ചൊവ്വേരിയന്‍ വിത്ത്' എന്നാണ് പുള്ളുവരുടെ വിത്തുപാട്ടില്‍ പറയുന്നത്. ലവണാംശത്തിന്റെയും വെള്ളക്കെട്ടിന്റെയും അസ്ഥിരത, മണ്ണിന്റെ അമ്ലത എന്നിവയെ പ്രതിരോധിക്കുന്നതില്‍ പ്രത്യേകം അനുവര്‍ത്തനം നേടിയ പരമ്പരാഗത വിത്തുകളാണ് കൈപ്പാടുകൃഷി സാധ്യമാക്കിയത്. ഉപ്പുനഞ്ചൊഴിഞ്ഞ കാലവര്‍ഷക്കാലത്ത് വിതയ്ക്കാനനുയോജ്യമായ ഒരു ഡസനോളം വിരിപ്പുവിത്തുകള്‍ കൈപ്പാട്-പൊക്കാളി നിലങ്ങളില്‍ ബാക്കിനില്‍ക്കുന്നുണ്ടെങ്കിലും മുണ്ടകന്‍ വിളയ്ക്കനുയോജ്യമായതോ ഏഴെട്ടുമാസത്തെ മൂപ്പുള്ളതോ ആയ വിത്തുകള്‍ ഇതിന്റെ നാലിലൊന്നുപോലും ബാക്കി നില്‍ക്കുന്നില്ല. 'സാഗര'യെന്ന പുതുപേരിട്ട് കൃഷിശാസ്ത്രജ്ഞര്‍ തങ്ങളുടേതാക്കി മാറ്റിയ ഓരുമുണ്ടകന്‍, വെള്ളവുമായി ഒളിച്ചേ കണ്ടേ കളിച്ച് എട്ടടിവരെ പൊക്കം വെക്കുന്ന കുട്ടാടന്‍, കോഴിക്കോട് ജില്ലയില്‍ കൃഷിചെയ്തുവരുന്ന 'ഒറീസ' എന്നു പേരുള്ള വിത്ത് എന്നിവ മാത്രമാണ് തീരദേശ മണല്‍പ്രദേശത്തെ ആഴിപ്പാടങ്ങള്‍ക്കും കൈപ്പാടുകള്‍ക്കും യോജിച്ച മുണ്ടകന്‍ വിത്തുകള്‍.

അന്യംനിന്നുകഴിഞ്ഞ പൈനാടനും കണ്ടറ്കുട്ടിയും മുണ്ടകന്‍ വിത്തുകളാണ്. ബാല്യദശയില്‍ ഉപ്പുനഞ്ചും വെള്ളക്കെട്ടും സഹിച്ച് അഴുകി വാടാന്‍ തുടങ്ങുന്ന നെല്‍നാമ്പുകള്‍ സഹനങ്ങള്‍ നല്‍കുന്ന കരുത്തിലൂടെ തിടംവെച്ച് വളരുന്നുവെന്ന ജീവിതായോധനത്തിന്റെ അനുഭവപാഠമാണ് അനാഥമായതുകൊണ്ടുതന്നെ അതിജീവിക്കാന്‍ തത്രപ്പെടുന്ന മനുഷ്യജന്മത്തിന് കണ്ടറ്കുട്ടിയെന്ന് പേരിടാന്‍ കാസര്‍കോടന്‍ ജനതയെ പ്രേരിപ്പിച്ചത്. ഒരുപക്ഷേ, ഇതു മറിച്ചുമാകാം. നെല്‍ച്ചെടി മനുഷ്യജന്മത്തിനോ മനുഷ്യജന്മം നെല്‍ച്ചെടിക്കോ രൂപകമായിത്തീര്‍ന്നതെന്ന വേര്‍തിരിക്കാന്‍ പറ്റാത്ത അഭേദം കൊണ്ടാണിവയെ ബന്ധിപ്പിച്ചിരിക്കുന്നത്. ഏതായാലും വിത്തെടുത്തു കുത്തിപ്പോയ ഗ്രാമജീവിത കഥാനാടകഭൂവില്‍ 'കണ്ടറൂട്ടി'യെന്നത് ഒരു തെറിവാക്കു മാത്രമാണിന്ന്.

ഹരിതവിപ്ലവത്തിന് മുന്‍പ് എത്രത്തോളം വൈവിധ്യപൂര്‍ണമായിരുന്നു നമ്മുടെ നാട്ടുപത്തായങ്ങള്‍! പുള്ളുവന്‍ കൊയ്ത്തുപാടങ്ങളില്‍ ചെന്ന് വീണമീട്ടിപ്പാടുന്ന കറ്റപ്പാട്ടില്‍ നൂറ്റൊന്ന് നെല്‍വിത്തുകളെ പുകഴ്ത്തുന്നുണ്ട്. പൂരക്കളിയുടെ സമാപനമായി പാടുന്ന, പള്ളുപാട്ടില്‍ അന്‍പതോളം വടക്കന്‍ വിത്തുപേരുകളുണ്ട്. പാരമ്പര്യ കൃഷിയുടെ കൈപ്പുസ്തകമായ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൃഷിഗീതയില്‍ കാമദാര, മുകിന്നാവെളുത്, ദണ്ഡന്‍, ജീരകശാല. വെട്ടുവെളിയരി, ചുരുളക്കരി, സംപതാളന്‍, വാഴക്കണ്ണന്‍ തുടങ്ങി നിരവധി വിത്തുകള്‍ പഴയ തുളുനാട്ടില്‍ കൃഷിചെയ്തതായി പറയുന്നു. ഈ വാമൊഴിച്ചെപ്പുകളാണ് യഥാര്‍ഥ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍. ബ്രിട്ടീഷ് ഭരണകാലത്ത് മൂവായിരത്തോളം നെല്‍വിത്തുകള്‍ കേരളത്തില്‍ കൃഷിചെയ്തിരുന്നുവെന്നാണ് വിവിധ ഗസറ്റിയറുകള്‍ നല്‍കുന്ന സൂചന. എന്നാലിന്ന് മുപ്പതിനം നാട്ടുനെല്ലുകള്‍പോലും കേരളത്തിലെ വയലുകളില്‍ കൃഷി ചെയ്യപ്പെടുന്നില്ല.

വളരെ ദുര്‍ബലമായ ഒരു ജനിതക അടിത്തറയിലാണ് ഇന്നത്തെ നമ്മുടെ മുഖ്യധാരാ നെല്‍കൃഷി നില്‍ക്കുന്നത്. അത്യുത്പാദനശേഷിയുള്ളതെന്ന അന്ധവിശ്വാസത്തെ കരുതി കേരളത്തിലെ 99 ശതമാനം പാടങ്ങളിലും പൊക്കം കുറഞ്ഞ പുതുവിത്തുകളാണ് കൃഷിചെയ്തുവരുന്നത്. ഐ.ആര്‍. എട്ട്, ജയ, മഷൂറി തുടങ്ങിയ ഹരിതവിപ്ലവ സന്താനങ്ങളിലെല്ലാം ഡീ ജീ വോജെന്‍ (ഒവവഷവ്‌ന്്ര്ഷവൃ) എന്ന നെല്ലില്‍നിന്നും സങ്കരണം ചെയ്യപ്പെട്ട ഒറ്റജീനാണ് കുള്ളത്തത്തിന് കാരണം. 1970-കളില്‍ ഹരിതവിപ്ലവം സംഭവിച്ച 10 ഏഷ്യന്‍ രാജ്യങ്ങളില്‍ 64 ശതമാനം അദ്ഭുതവിത്തുകളും ഉണ്ടാക്കിയത് അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രം നല്‍കിയ ഇത്തരം വിത്തുകള്‍ ഉപയോഗിച്ചാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ മാത്രം അത്യുത്പാദനമെന്ന അദ്ഭുതകൃത്യം നിര്‍വഹിച്ചിരുന്ന ഐ.ആര്‍.എട്ടിന്റെ പിന്‍മുറക്കാര്‍ കുള്ളന്‍ജീന്‍കൊണ്ട് നിവര്‍ന്നുനിന്നപ്പോള്‍ ഒടിഞ്ഞുവീണുപോയത് ഇന്ത്യന്‍ പാടങ്ങളുടെ സ്വാശ്രയത്വവും ജനിതക വൈവിധ്യവുമായിരുന്നു. നാടന്‍ വിത്തുകളില്‍ മിക്കവയ്ക്കും അദ്ഭുതവിത്തുകളുടെയത്ര ഉത്പാദനമില്ലെന്നത് സത്യമാണ്. എന്നാല്‍ അവയ്ക്ക് ചില സവിശേഷ ദൗത്യങ്ങളുണ്ടായിരുന്നു. ഗന്ധകശാലയ്ക്ക് , കൂടിയാല്‍ ഹെക്ടറിന് രണ്ടര ടണ്‍ വിളവേ കിട്ടൂ. എന്നാല്‍ ഇത് ഒരു സുഗന്ധവിത്താണ്. കരക്കണ്ടങ്ങളില്‍ കൃഷിചെയ്യാവുന്നതും ആദ്യം കൊയ്യാനാവുന്നതുമായ തൗവ്വന്‍ കൊണ്ടാണ് കാവുകളില്‍ നിറയും പുത്തരിയും നടത്തിയിരുന്നത്. മലരുവറുക്കാന്‍ വേങ്കിയോ കുഞ്ഞിവിത്തോ രാജാകയമയോ തന്നെ വേണം.

ആഴിയില്‍ വിതേയ്ക്കണ്ട വിത്താണ് കോഴിവാലന്‍. ചരല്‍ക്കല്ലില്‍ വിതേയ്ക്കണ്ടതാണ് മലയുടുമ്പന്‍. ഓരില്‍ വിളയുന്നതാണ് ഓര്‍ക്കയമ. പുള്ളുവന്റെ പാട്ടും കൃഷിഗീതയും നാട്ടുവിത്തുകളുടെ സൂക്ഷ്മ ആവാസസ്ഥാനത്തെ അടയാളപ്പെടുത്തുന്നു. പുത്തന്‍ വിത്തുകളെപ്പോലെ എവിടെയും എക്കാലത്തും ഇവ കൃഷിചെയ്യാന്‍ പറ്റില്ല. വൃശ്ചികക്കുളിരും സൂര്യതാപത്തിന്റെ തോതുമൊക്കെയാണ് ചില മുണ്ടകന്‍വിത്തുകളെ പൂവിടീക്കുന്നത്. വിരിപ്പുകൃഷിയില്‍ കയമയ്ക്കുപകരം പുഞ്ചക്കയമ വിതച്ച് മകരമാസംവരെ കൊയ്ത്തിന് കാത്തിരിക്കേണ്ടിവന്ന കൈയബദ്ധം പരമ്പരാഗത കര്‍ഷകന്റെ മാത്രം കാര്‍ഷിക ഗുണപാഠമാണ്. കാലവും കാലാവസ്ഥയും മണ്ണിനവുമാണ് നാടന്‍ നെല്‍വിത്തുകളില്‍ പ്രതിരോധത്തിന്റെ അക്ഷൗഹണികള്‍ തീര്‍ത്തത്. അതുകൊണ്ട് രോഗങ്ങളെ ചെറുക്കാന്‍ ഇവയ്ക്ക് രാസവിഷങ്ങളാവശ്യമില്ലായിരുന്നു. രാസവളങ്ങളില്ലാതെതന്നെ മെച്ചപ്പെട്ട വിളവ് തരുന്നവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വയനാട്ടിലെ നഞ്ചവിത്തുകളായ ചെന്താടിയും ചേറ്റുവെളിയനും മുണ്ടോടനും കണ്ണൂരിലെ കരിഞ്ചനും വെള്ളച്ചെന്നെല്ലുമൊക്കെ ഹെക്ടറിന് മൂന്നര-നാല് ടണ്‍ വിളവ് തരുന്നവയാണ്. ചോളന്മാരുടെ കാലത്ത് തമിഴ്‌നാട്ടിലെ രാമനാട് ജില്ലയിലെ പാടങ്ങള്‍ ഹെക്ടറിന് 6.6 ടണ്‍ വരെ വിളവ് തന്നിരുന്നുവെന്ന് കാംബ്രിജ് ഹിസ്റ്ററി ഓഫ് ഇന്ത്യ രേഖപ്പെടുത്തുന്നു. ഹെക്ടറിന് ഏഴും എട്ടും ടണ്‍ നെല്ലുവിളയുന്ന ഇന്ത്യന്‍ വെറൈറ്റികള്‍ കാര്‍ഷിക ശാസ്ത്രജ്ഞനായ റിച്ചാരിയോയുടെ ജനിതകശേഖരത്തില്‍ ഉണ്ടായിരുന്നു. ഹരിതവിപ്ലവത്തിന്റെ തുടര്‍ച്ചയായി വിത്ത്-രാസവള-കീടനാശിനി കുത്തകകളുടെ താത്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും കൃഷിവകുപ്പും വിത്തുകളുടെ മൊത്തവിതരണം ഏറ്റെടുത്ത സിഞ്ചന്റെയെയും മോണ്‍സാന്റോയെയും പോലുള്ള ആഗോള വിത്ത് കുത്തകകളും ചേര്‍ന്ന് നമ്മുടെ പാടങ്ങളിലെ സൂക്ഷ്മാവാസസ്ഥാനങ്ങളെയും അവയ്ക്കായി പ്രകൃതി ഒരുക്കിയ പ്രത്യേക വിത്തുകളെയും ഇല്ലാതാക്കിയെങ്കിലും എവിടെയൊക്കെയോ പ്രതികൂലാവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള സവിശേഷമായ കാര്‍ഷികവൃത്തികളിലൂടെ മാത്രം കൃഷി സാധ്യമായ അപൂര്‍വം ചില ആവാസങ്ങളുണ്ടായിരുന്നു. ഇവിടങ്ങളില്‍ ബാക്കിനിന്ന കാലം പരീക്ഷിച്ചുറപ്പിച്ച ചില നാട്ടുവിത്തുകള്‍ക്കൊപ്പമെത്താന്‍ അദ്ഭുതവിത്തുകള്‍ക്കോ മനുഷ്യനുമാത്രം സാധ്യമായ നിലമൊരുക്കല്‍ രീതികള്‍ക്കൊപ്പമെത്താന്‍ മണ്ണിനോട് യുദ്ധം ചെയ്യുന്ന യന്ത്രക്കലപ്പകള്‍ക്കോ സാധിച്ചില്ല. ഇവിടങ്ങളില്‍ കൃഷി വ്യവസായമാകാതെ സംസ്‌കാരമായിത്തന്നെ നിലനിന്നു.

കേരളത്തിലെ പൊക്കാളി-കൈപ്പാട് നിലങ്ങളാണ് ഹരിതവിപ്ലവത്തെ ഭൗതികമായും സാംസ്‌കാരികമായും ചെറുത്തുനിന്ന അവസാനത്തെ സ്ഥലരാശി. പ്രാചീന സംസ്‌കാരത്തിലെ നൈതല്‍തിണയായ ഇവിടെയും വിനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടുകഴിഞ്ഞു. കൈപ്പാട് എന്ന സംസ്‌കാരത്തിന്റെ അന്തിമങ്ങൂഴമായി. ആ വാക്കുപോലും ആഗോള സാമ്പത്തിക കരാറുകളുടെ ഭാഗമായി കുത്തകാവകാശമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇവയ്‌ക്കെല്ലാം നേതൃത്വം നല്‍കുന്നതാകട്ടെ കാര്‍ഷിക യൂണിവേഴ്‌സിറ്റിയും കൃഷിവകുപ്പും. മാറിയ ലോകക്രമത്തില്‍ നാം ഒരു മുഴം മുന്‍പേ എന്നഭിമാനിക്കാന്‍ വരട്ടെ. നമുക്കു നേരെ പിളരില്ലെന്നു കരുതിയ ട്രിപ്‌സിന്റെയും ഗാട്ടിന്റെയും മുതലവായ്കളാണ് കുപ്പംപുഴയും വേമ്പനാട്ടുകായലും നീന്തിക്കടന്ന്; പ്രയോഗത്തില്‍ ബൗദ്ധിക സ്വത്തവകാശംതന്നെയായിത്തീര്‍ന്നിരിക്കുന്ന ഭൗമസൂചനാ പദവിയിലൂടെ നമ്മെ ഗ്രസിക്കാനെത്തിയിരിക്കുന്നത്. കേരളത്തിലെ എട്ടോളംവരുന്ന നെല്‍വയല്‍ ആവാസവ്യവസ്ഥകളില്‍ ഏഴിനും അനുയോജ്യമായ പുതുവിത്തുകള്‍ ഉരുത്തിരിച്ചെടുക്കാന്‍ ഹരിതവിപ്ലവത്തിന്റെ ആരംഭകാലത്തുതന്നെ കേരളത്തിലെ കാര്‍ഷികഗവേഷണ സ്ഥാപനങ്ങള്‍ക്കായി. എന്നാല്‍ കൈപ്പാട്- പൊക്കാളി പ്രദേശങ്ങള്‍ക്കു യോജിച്ച വിത്തുകള്‍ വികസിപ്പിച്ചെടുക്കുന്ന പരിപാടികള്‍ ഊര്‍ജിതമാകുന്നത് രണ്ടുദശാബ്ദത്തിനിപ്പുറമാണ്.

പൊക്കാളിപ്പാടങ്ങള്‍ക്കായുള്ള നെല്ലിനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച വൈറ്റിലയിലെ നെല്ലുഗവേഷണകേന്ദ്രത്തില്‍നിന്നും ചുട്ടുപൊക്കാളി എന്ന നാടന്‍ ഇനത്തിന്റെ ശുദ്ധനിര്‍ധാരണത്തിലൂടെ 1968-ല്‍ വൈറ്റില ഒന്നും ചെറുവിരിപ്പില്‍നിന്ന് 1987-ല്‍ വൈറ്റില രണ്ടും സംസ്‌കരിച്ചെടുത്തിരുന്നു. എണ്‍പത്തിയേഴിനുശേഷമാണ് കുള്ളന്‍ ഇനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള മറ്റു വൈറ്റിലയിനങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയത്. 2010 മുതല്‍ പന്നിയൂര്‍ കുരുമുളകു ഗവേഷണകേന്ദ്രം, കാര്‍ഷികസര്‍വകലാശാലയുടെ പടന്നക്കാട് പ്രാദേശികകേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ കീഴില്‍ ഡോ. ടി. വനജ ബ്രീഡ്‌ചെയ്‌തെടുത്ത് ഏഴോംഗ്രാമത്തില്‍ ഫീല്‍ഡ് പരീക്ഷണം നടത്തിയ ഏഴോം വിത്തുകള്‍ എന്നറിയപ്പെടുന്ന ഏഴോം ഒന്ന്, ഏഴോം രണ്ട്, എം.കെ. 157, ജെ.ഒ. 532 എന്നിവയാണ് മലബാറിലെ കൈപ്പാട് നിലങ്ങളില്‍ ഇപ്പോള്‍ കൃഷിചെയ്തുവരുന്ന പുതുവിത്തുകള്‍. കുതിര്, ഓര്‍ക്കയമ എന്നീ പരമ്പരാഗത കൈപ്പാട് നെല്ലുകളെ 'ജയ' എന്ന സങ്കരയിനവുമായി വര്‍ഗസങ്കരണം നടത്തിയാണ് ഏഴോം വിത്തുകള്‍ വികസിപ്പിച്ചെടുത്തത്. ഒറീസയിലെ ടി. 141 എന്ന ഇന്ത്യന്‍ ഇനവും തായ്ച്ചങ് നാറ്റീവ്-1 (ടി.എന്‍ 1) എന്ന അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിന്റെ വിത്തും തമ്മില്‍ സങ്കരണംചെയ്തുണ്ടാക്കിയ പുതുവിത്താണ് ജയ. വൈറ്റില കേന്ദ്രത്തിന്റെ വൈറ്റില ആറ് എന്ന നൂതന വിത്താകട്ടെ ഐ.ആര്‍-5, ജയ എന്നിവയുടെ വരത്തന്‍ ജീനുകള്‍ വഹിക്കുന്നു. ചെറുവിരിപ്പ് എന്ന നാട്ടിനത്തെ ഇവയുമായി സങ്കരംചെയ്താണ് ഈ വിത്ത് ഉണ്ടാക്കിയത്. കൂടിയ ഉത്പാദനമാണ് പുതുവിത്തുകളുടെ മുഖമുദ്രയായി കരുതപ്പെടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ന് കൃഷിചെയ്യപ്പെടുന്നതും ഏറ്റവും ഉത്പാദനക്ഷമതയുള്ളതെന്ന് കരുതപ്പെടുന്നതുമായ പുതുവിത്ത് 'ഉമ'യാണ്. ഐ.ആര്‍. എട്ടിനോട് ചേര്‍ക്കപ്പെട്ട കരിവെന്നലിന്റെയും പൊക്കാളിയുടെയും കരുത്തുകൂടിയാണ് ഉമയെ ഇത്രയേറെ സ്വീകാര്യയാക്കിയത്.

ഹെക്ടറിന് ഏഴുടണ്ണാണ് ഉമയുടെ പ്രതീക്ഷിതോത്പാദനം. ഇതിന്റെ മൂന്നിലൊന്നു കിട്ടിയാല്‍തന്നെ ദേശീയ ശരാശരിയോടടുത്ത ഉത്പാദനമായി. സ്ഥലവിസ്തൃതി കൂടാത്തതുകൊണ്ട് കുറഞ്ഞ പരപ്പളവില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കണമെന്നാണ് അഗ്രോണമിസ്റ്റുകള്‍ പറയുക. നെല്ലോലയിലെ അന്നജനിര്‍മാണ ഫാക്ടറിക്ക് ഉണ്ടാക്കാന്‍പറ്റുന്ന അന്നരസത്തിനും ഒരു കണക്കൊക്കെയുണ്ട്. ടണ്‍കണക്കിന് രാസവളങ്ങള്‍ ചെലുത്തുമ്പോഴേ പുതിയ നെല്ലിനങ്ങളില്‍ കതിര്‍ കനംവെക്കൂ. പാടത്തിന്റെ കണ്ണായ ഭാഗത്തെ ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്തെ നെല്ലുലഭ്യതയെ പെരുക്കി ഗണിച്ചാണ് നെല്ലിന്റെ പ്രതിഹെക്ടര്‍ ഉത്പാദനം കാണുന്നത്. യഥാര്‍ഥത്തില്‍ ഈ ഉത്പാദനക്ഷമത ഇന്നും നിലനില്‍ക്കുന്ന ഒരു പാടശേഖരം തൊട്ടുകാണിക്കാന്‍ കൃഷിവകുപ്പിനാകുമോ?

നവംബര്‍-ഏപ്രില്‍ മാസങ്ങളില്‍ കൈപ്പാട്-പൊക്കാളി നിലങ്ങളില്‍ പോളിക്കീറ്റ് വിരകള്‍ എന്ന ഉപ്പുമണ്ണിരകള്‍ സജീവമാകുന്നു. ഒരു ചതുരശ്ര മീറ്ററില്‍ അയ്യായിരത്തിലേറെ വിരകളുണ്ടായിരിക്കും. മൃതാവശിഷ്ടങ്ങളും സൂക്ഷ്മജീവികളെയും ആഹരിച്ച് മണ്ണില്‍ കുത്തിമറയുന്ന പോളിക്കീറ്റുകള്‍ വിസര്‍ജ്യത്തിന്റെ കുക്കരിക്കട്ടകളെ മണ്ണിലിളക്കിച്ചേര്‍ത്തും സഞ്ചാരവഴികളെ ചെളിയട്ടിയിലേക്കുള്ള വായുമാര്‍ഗങ്ങളാക്കിയും നടത്തുന്ന യഥാര്‍ഥ ഉഴവാണ് കൈപ്പാടിന്റെ വളക്കൂറ്. ഈ വിരകളെ തിന്നാനെത്തുന്ന ദേശാടകരായ ചുണ്ടന്‍ കാടകളും ചെറുകക്കകളെ തിന്നാനെത്തുന്ന മണല്‍ക്കോഴികളും അഴുകിയ സസ്യാവശിഷ്ടങ്ങള്‍ ആഹരിക്കുന്ന മത്സ്യങ്ങളും മത്സ്യഭോജികളായ പക്ഷികളും ഒക്കെ പുറത്തേക്കു കൊടുക്കുന്ന ക്ലേദാംശത്തെ ഉപജീവിച്ച് പുഷ്ടിപ്രാപിക്കുന്നവയാണ് കൈപ്പാടിലെ നെല്ലും ചെറുകാട്ടുധാന്യങ്ങളും. ഉപ്പിലഴുകിച്ചേരുന്ന മുള്ളന്‍പായലിന്റെയും വെണ്ണപ്പായലിന്റെയും നൂല്‍പ്പായലിന്റെയും സമുദ്രാവാസസ്ഥാനങ്ങളില്‍ മാത്രം കാണപ്പെടുന്ന മുപ്പതിലേറെ ശവോപജീവികളായ ഫംഗസ്സുകളുടെയും സാന്നിധ്യം ഇവിടത്തെ ഭക്ഷ്യ-ഭക്ഷക-വിഘാടക കൂട്ടായ്മയെ സുദൃഢമാക്കുന്നു. ഈ പാരസ്​പര്യം മാറ്റംവരുത്താന്‍ വയ്യാത്തവിധം ഉച്ചകോടിയിലെത്തിച്ചിരിക്കുന്നു കൈപ്പാട് തിണയെ. അദ്ഭുതനെല്ലുകളുടെ ജീനുകള്‍ അമിതോത്പാദനത്തിലേക്ക് ഉത്തേജിപ്പിക്കപ്പെടുക രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ മാത്രമാണ്. കൈപ്പാട്-പൊക്കാളി നിലങ്ങളില്‍ പരമാവധി ഉത്പാദനക്ഷമത, നെല്ലിന്റെയായാലും മീനിന്റെതായാലും കൂട്ടിക്കൊണ്ടിരിക്കാന്‍ ശ്രമിക്കുന്നത് ഈ സൂക്ഷ്മ ആവാസസ്ഥാനത്തിന്റെ ആത്യന്തികമായ നാശത്തിലാണ് അവസാനിക്കുക. ഉപ്പിനും നെല്ലിനും തുല്യമൂല്യമുണ്ടായിരുന്ന പഴന്തമിഴ് കാലം മുതല്‍ ഉമണന്റെയും ഉഴവന്റെയും 'മെയ്‌വാഴുമുപ്പ്' വീണ നൈതല്‍ത്തിണ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കൃഷിപരീക്ഷണങ്ങള്‍ നടത്താനും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വനാമിച്ചെമ്മീനും ജനിതകമെച്ചം വരുത്തിയ തിലോപ്പിയയും പരീക്ഷിക്കാനും വിട്ടുകൊടുക്കും മുന്‍പ് ഒന്നോര്‍ക്കണം; പ്രകൃതിയില്‍ നേട്ടവും കോട്ടവുമില്ല, ഭവിഷ്യത്തുക്കളെയുള്ളൂവെന്ന്.

പരമ്പരാഗത നെല്‍വിത്തുകള്‍ക്കില്ലാത്ത നേട്ടങ്ങള്‍ ഉണ്ടെന്നും അവയ്ക്കുള്ള കോട്ടങ്ങള്‍ ഇല്ലെന്നും ആണ് പുതിയ വിത്തുകളുടെ മേന്മകളായി ബ്രീഡര്‍മാര്‍ അവകാശപ്പെട്ടുവരാറുള്ളത്. ഈ അവകാശവാദത്തെ പ്രകൃതിപക്ഷത്ത് നിന്നുകൊണ്ട് പരിശോധിക്കേണ്ടതുണ്ട്. കൈപ്പാടുനിലത്തിനായി കാര്‍ഷികയൂണിവേഴ്‌സിറ്റി രൂപപ്പെടുത്തിയ പുതുവിത്തിന്റെ നേട്ടമായി അവകാശപ്പെടുന്നത് ഒടിഞ്ഞുവീഴില്ല, കതിര്‍മണികള്‍ക്ക് ഓവ് ഇല്ല, ജൈവരീതിയില്‍ കൃഷിചെയ്യാവുന്നത്, പരമ്പരാഗത ഇനങ്ങളെക്കാള്‍ വിളവുതരുന്നത് തുടങ്ങിയ പ്രത്യേകതകളാണ്.

കൃഷിശാസ്ത്രജ്ഞര്‍ കോട്ടമായെണ്ണുന്ന പ്രത്യേകതകളാണ് യഥാര്‍ഥത്തില്‍ പാരമ്പര്യവിത്തുകളുടെ പ്രകൃതി നല്‍കിയ നേട്ടങ്ങള്‍. കുതിരിനും ചൊവ്വേരിയനും 'ഓവ്' എന്നു വിളിക്കപ്പെടുന്ന മീശയുണ്ട്. വേലിയിറക്കത്തില്‍ ഒഴുകിപ്പോകാതെ ചെളിയില്‍ കുത്തിനില്‍ക്കാന്‍, വന്യാവസ്ഥയിലും അതിജീവനം നേടാന്‍ പ്രകൃതി നല്‍കിയ അനുവര്‍ത്തനമാണിത്. പക്ഷികള്‍ക്ക് കൊയ്യാനായി ആരും വിതയ്ക്കാതെ കുരുത്തു പൊങ്ങിയിരുന്ന പ്രാചീന വ്രീഹികളുടെ ഗോത്രവേരുകളിലാണ് ഈ ഓവുകള്‍ കുത്തിനില്‍ക്കുന്നത്. ആറ്റക്കുരുവികള്‍ നെല്ലിനെക്കാള്‍ പഥ്യം കാണിക്കുന്നത് കൈപ്പാടില്‍ നെല്ലിനൊപ്പം വളരുന്ന പുല്ലിന്റെ അരിയോടാണ്. ഓവുള്ളവ തിന്നാന്‍ പക്ഷികള്‍ കൂടുതല്‍ നേരമെടുക്കുന്നതിനാല്‍ ധാന്യനഷ്ടം കുറയുന്നു. കൃഷിക്കാരന് ഓവ് യാതൊരു പ്രയാസവും വരുത്തുന്നില്ല പ്രത്യേകിച്ച് മെതി, യന്ത്രം ഏറ്റെടുത്തതോടെ.

കൈപ്പാടിലെ തെങ്ങോലകളില്‍ നൂറുകണക്കിന് തൂക്കണാംകുരുവികള്‍ തൂങ്ങിയാടുന്നുണ്ടാകും. പ്രജനനകാലത്ത് തൂക്കണാംകുരുവികള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് നെല്‍ച്ചെടിയിലെ പുഴുക്കളെയാണ്. അതിന്റെ ഒരു ചെറിയ കൂലി മാത്രമാണ് ധാന്യരൂപത്തില്‍ ഇവര്‍ കൊത്തിയെടുക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ കാര്‍ഷികോപദേശപ്രകാരം കുരുവിക്കൂടുകള്‍ പറിച്ചുകളഞ്ഞ് ധാന്യരക്ഷ ഉറപ്പാക്കിയ ക്രൂരതകൂടി പോയവര്‍ഷങ്ങളില്‍ ഏഴോംവയലില്‍ നടന്നിട്ടുണ്ട്.

കൈപ്പാട് വിത്തുകളെ സംബന്ധിച്ചിടത്തോളം ഉയരമെന്നത് കായല്‍പാടത്തിലെ അവയുടെ അതിജീവനത്തിന്റെ ഏറ്റവും പ്രധാനമായ അനുവര്‍ത്തനമാണ്. പ്രത്യേകിച്ച് തീരജലനിരപ്പ് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കെ. ഏഴോംവിത്തുകള്‍ക്ക് 100 മുതല്‍ 132 സെ.മീ.വരെയാണ് ഉയരം. എന്നാല്‍ അവയുടെ മാതൃസസ്യങ്ങളായ കുതിരിനും ഓര്‍ക്കയമയ്ക്കും 145 സെ.മീറ്ററോളം ഉയരമുണ്ട് എന്നാണ് കാര്‍ഷികയൂണിവേഴ്‌സിറ്റിതന്നെ പറയുന്നത്. കുതിരിന് ആറടിവരെ ഉയരമുണ്ടാകുമെന്ന് ഡോ. ദിനേശന്‍ ചെറുവാട്ട് തന്റെ ഗവേഷണപ്രബന്ധത്തില്‍ പറയുന്നു. ഈ ഉയരക്കൂടുതല്‍ കതിരിന് കനംവെക്കുമ്പോള്‍ ചെടിയെ നിലംപതിപ്പിക്കുന്നു. ഈ വീഴ്ച കൊയ്‌തെടുക്കുന്നതിന് അസൗകര്യവും ധാന്യനഷ്ടത്തിന് കാരണവുമാകുന്നുവെന്നത് സത്യമാണ്. പക്ഷേ, ഇതിലേറെ പ്രധാനമാണ് പൊക്കാളിവിത്തുകളെ പൊക്കാളികളാക്കിത്തന്നെ നിലനിര്‍ത്തുകയെന്നത്. ഒരുനൂറ്റാണ്ടിനകം സമുദ്രനിരപ്പുയര്‍ന്ന് നമ്മുടെ കൈപ്പാട് നിലങ്ങള്‍ മിക്കവയും വെള്ളത്തിനടിയില്‍തന്നെയാകാന്‍ സാധ്യതയുള്ളപ്പോഴാണ് ഗവേഷണസ്ഥാപനങ്ങള്‍ 'കുള്ളന്‍പൊക്കാളി'കള്‍ ഉണ്ടാക്കി കളിക്കുന്നത്. പൊക്കാളിവിത്തായ ചെറുവിരിപ്പിനോട് ഐ.ആര്‍.അഞ്ചും ജയയും ചേര്‍ത്തുണ്ടാക്കിയ വൈറ്റില-ആറിന് നാല് അടി മാത്രമാണ് ഉയരമുള്ളത്. ഏഴോം വിത്തുകളില്‍ മണികളുടെ എണ്ണം അവയുടെ മാതൃനെല്ലില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയോളം വരും. എന്നാല്‍ നാട്ടുവിത്തുകള്‍ക്കാണ് മണികളുടെ തൂക്കം കൂടുതല്‍. പോഷകാംശത്തിലും നാടന്‍വിത്തുകള്‍തന്നെയാണ് മുന്‍പന്‍. ഒരു കി.ഗ്രാം ഓര്‍ക്കയമ വിത്തില്‍ 303 മി.ഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുമ്പോള്‍ ഓര്‍ക്കയമ മാതൃസസ്യമായ സങ്കരയിനത്തില്‍ ഇതിന്റെ നാലിലൊന്ന് ഇരുമ്പേയുള്ളൂ. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും പരമ്പരാഗത വിത്തുകളിലാണ് കൂടുതല്‍ എന്ന് ഭൗമസൂചനാപദവിക്കായി സര്‍വകലാശാല സമര്‍പ്പിച്ച രേഖതന്നെ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥന്‍തന്നെ അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ഗുണസ്ഥിരതയെക്കുറിച്ച് സംശയാലുവായിരുന്നു. 'മാസിംഗിര'യില്‍ അദ്ദേഹം എഴുതി ''ഉഷ്ണമേഖലാ കാലാവസ്ഥയില്‍ അഞ്ചോ ആറോ കൊല്ലത്തില്‍ കൂടുതല്‍ ഗുണമേന്മ നിലനിര്‍ത്താന്‍ കൂടുതല്‍ സ്ഥിരമായ ജീനുകള്‍ ഇല്ലെങ്കില്‍ സാധ്യമല്ല. നെല്‍പ്പാടങ്ങളിലെ വര്‍ഷം മുഴുവന്‍ നീളുന്ന കാര്‍ഷികവൃത്തി തലമുറകളുടെ സങ്കരണത്തിലൂടെ കീടങ്ങളില്‍ പുതിയ ഉപവിഭാഗം അതിജീവനം നേടുന്നതിന് കാരണമാകുന്നു.''

1966-ല്‍ രംഗത്തെത്തിയ ഐ.ആര്‍.എട്ട് എന്ന അദ്ഭുതവിത്തിനെ ബാക്ടീരിയാ ബ്ലൈറ്റ് രോഗം പരാജയപ്പെടുത്തിയപ്പോള്‍ ഐ.ആര്‍. ഇരുപത് വന്നു. ബ്രൗണ്‍ പ്ലാന്റ് ഹോപ്പര്‍ മൂലം 1973-ഓടെ ഈ വിത്ത് ഫിലിപ്പീന്‍സില്‍ നാമാവശേഷമായി. പിന്നീടു വന്ന ഐ.ആര്‍. ഇരുപത്തിയാറ് 1975 വരെ ഫിലിപ്പീന്‍സില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതേ വിട്ടില്‍പ്രാണിയുടെ ഒരു ബയോടൈപ്പ് ക.ഞ. 26-നെ നശിപ്പിച്ചപ്പോഴാണ് ഐ.ആര്‍. 36 വയലിലിറങ്ങിയത്. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളെന്ന് കരുതപ്പെട്ടവയെല്ലാം ഐ.ആര്‍.എട്ടിന്റെയും ടി.എന്‍. വണ്ണിന്റെയും മറിച്ചും തിരിച്ചുമുള്ള പ്രയോഗങ്ങളായിരുന്നു. ശുഷ്‌കമായ ഒരു ജനിതക അടിത്തറയിലാണ് തങ്ങളുടെ ഞാണിന്മേല്‍ കളിയെന്ന് തിരിച്ചറിഞ്ഞ അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രം ഭാരതത്തിലെ ഇന്‍ഡിക്കാ നെല്ലിനങ്ങളുടെ ജനിതകമൂലദ്രവ്യത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ കാര്‍ഷികനയങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന സ്വാമിനാഥനെത്തന്നെ തങ്ങളുടെ മേധാവിയാക്കി വെച്ചത്. ആഗോളതാപനംമൂലം സമുദ്രനിരപ്പ് ഉയരുകയും ശാസ്ത്രജ്ഞര്‍ തീരവയലുകള്‍ക്കായി കരുതിവെച്ച വൈറ്റില-ഏഴോം വിത്തുകളുടെ അനുവര്‍ത്തനങ്ങള്‍ പിന്മടങ്ങുകയും ചെയ്യുമ്പോള്‍, അവ ഐ.ആര്‍.എട്ടായും ജയയായും പ്രതിക്രമിച്ച് തനിസ്വഭാവം കാട്ടിത്തുടങ്ങിയാല്‍ എന്തുചെയ്യും? 'ഒറൈസാ നീവാര' എന്ന ഇന്ത്യന്‍ കാട്ടുനെല്ലിന്റെ ജീന്‍ കടമെടുത്തിട്ടാണ് അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രത്തിന്റെ അദ്ഭുതവിത്ത് കീടബാധയെ അതിജീവിച്ചത്. ഏഴോം-വൈറ്റില വിത്തുകള്‍ക്ക് വന്‍ പ്രചാരം കൊടുക്കുന്ന സര്‍വകലാശാല അവയ്ക്കു ജന്മംനല്കിയ നാട്ടുവിത്തുകളെ സംരക്ഷിക്കാന്‍ എന്താണ് ചെയ്തത്? ഇടനാട്ടിലെയും മലനാട്ടിലെയും മുഴുവന്‍ വിത്തുകളും എടുത്ത് കുത്തിക്കഴിഞ്ഞപ്പോഴും തീരദേശം മാത്രം അതിന്റെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ സവിശേഷ വിവേകംമൂലം കാത്തുസൂക്ഷിച്ച കുതിരും ഓര്‍ക്കയമയും പൊക്കാളി വിത്തുകളും ഉപയോഗിച്ചാണ് ഏഴോം-വൈറ്റില വിത്തുകള്‍ ഉണ്ടാക്കപ്പെട്ടത്. ഹരിതവിപ്ലവത്തിന്റെ അന്തിമങ്ങൂഴകാലത്ത് കാര്‍ഷികബിരുദം നേടിയിറങ്ങിയവരാണ് ഈ വിത്തുകളുടെ ബ്രീഡര്‍മാര്‍. ഹരിതവിപ്ലവത്തിന്റെ സാമൂഹിക-പാരിസ്ഥിതിക ബാധ്യതകളെക്കുറിച്ച് ശരിക്കറിയേണ്ടവരാണിവര്‍. ഒരു പ്രദേശത്തിന്റെ കാര്‍ഷിക ജൈവവൈവിധ്യമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് തിരിച്ചറിവു നേടിക്കഴിഞ്ഞ ഇക്കാലത്തും കാര്‍ഷിക യൂണിവേഴ്‌സിറ്റികളില്‍നിന്ന് പഠിപ്പുകഴിഞ്ഞ് ധാരാളം പേര്‍ പുറത്തിറങ്ങുന്നുണ്ട്. ഇവരിലും ചിലരെങ്കിലും പ്ലാന്റ് ബ്രീഡര്‍മാര്‍ എന്ന ബ്രഹ്മാക്കളായി മാറേണ്ടവരാണ്. പക്ഷേ, ഏത് വിത്തെടുത്താണ് ഇവര്‍ നാളെ സൃഷ്ടി നടത്തുക. പട്ടാമ്പിയില്‍ 1934 മുതല്‍ 1960 വരെ നിര്‍ധാരണംചെയ്‌തെടുത്ത 34 ഇനം നാട്ടുവിത്തുകളില്‍ വല്ലതും ഇപ്പോഴും നട്ടാല്‍ മുളയ്ക്കുന്ന പരുവത്തിലുണ്ടെങ്കില്‍ അവയില്‍ മുദ്രണം ചെയ്യപ്പെട്ട പി.ടി.ബി. പരമ്പരയില്‍ പെട്ട അക്കച്ചാപ്പകള്‍ എടുത്തുകളഞ്ഞ് ആര്യനെന്നും എരവപ്പാണ്ടിയെന്നും വെള്ളരിയെന്നും വെളുത്തരിക്കയമയെന്നും ഉള്ള മലയാളത്തായ്‌മൊഴി അവയ്ക്ക് തിരിച്ചുനല്കണം. അവയെ കര്‍ഷകര്‍ക്ക് കൈമാറണം. അന്താരാഷ്ട്ര ബീജബാങ്കുകളില്‍ ലാമിനേറ്റ് ചെയ്തുവെക്കപ്പെട്ട വിത്തുകള്‍ക്കെല്ലാം അങ്കുരണശേഷിയുണ്ടെന്നത് ശാസ്ത്രം പറഞ്ഞുപഠിപ്പിച്ച അന്ധവിശ്വാസം മാത്രമാണ്. വയനാട്ടിലെ വിത്തുകാവല്‍ക്കാരായ ചെറുവയല്‍ രാമേട്ടന്റെയോ 'തണലി'ലെ ലെനീഷിന്റെയോ തിരിച്ചറിവുകള്‍ എന്നാണ് നമ്മുടെ കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടാവുക? അന്നംചെറുകിളിയാണ് വിത്തുകള്‍ ഭൂമിയിലേക്കു കൊണ്ടുവന്നതെന്ന് പുലയരുടെ വിത്തുപാട്ട് പറയുന്നു. അതൊരിക്കലും യൂണിവേഴ്‌സിറ്റികളിലെ ബ്രീഡര്‍മാര്‍ക്കു കൊണ്ടുക്കൊടുക്കാനാകില്ല. കര്‍ഷകനാണ്- കര്‍ഷകനായിരിക്കണം വിത്തുകളുടെ ബ്രഹ്മാക്കള്‍. വിത്തിന്റെ ശുദ്ധി കാക്കാന്‍ വിത്തുകണ്ടത്തില്‍ നിന്നും 'പെരോലുകള്‍' പറിച്ചുമാറ്റും കൃഷിക്കാരന്‍. പെരോലുകള്‍ക്ക് പ്രത്യേകത കണ്ടാല്‍ അതൊരു പ്രത്യേകയിനമായി സംരക്ഷിക്കും. വയനാട്ടിലെ 'വലിച്ചൂരി'യും കണ്ണൂരിലെ 'നമ്പ്യാരമ്പനും' ഏതാനും പതിറ്റാണ്ടുകള്‍മുന്‍പ് കര്‍ഷകര്‍ നിര്‍ധാരണം ചെയ്‌തെടുത്ത വിത്തുകളാണ്. ''സത്യമുണ്ടാക കാരണം വിത്തുകള്‍, സത്യമായി വിളയുന്നു ഭൂമിയില്‍'' എന്നു കൃഷിഗീത പറയുന്നുണ്ട്. കൈപ്പാട്-പൊക്കാളിക്കൃഷി വികസനത്തിന് കൃഷിവകുപ്പും ഫിഷറീസ് വകുപ്പും കുട്ടാടന്‍ നെല്ലും വെള്ളവും കളിക്കുന്നതുപോലെ ഒന്നിനൊന്നു മത്സരിച്ച് പദ്ധതികളാവിഷ്‌കരിക്കുകയാണ്. ഉത്തരകേരളത്തിലെ അയ്യായിരം ഹെക്ടര്‍ കൈപ്പാട് നിലത്തിലെ സമഗ്ര കൃഷിവികസനത്തിനായി കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച ദിവസം തന്നെയാണ് സര്‍ക്കാരിന്റെ മത്സ്യക്കൃഷി ഏജന്‍സിയായ അഡാക്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന 'നെല്ലും മീനും' പദ്ധതിക്ക് ഒരുകോടി രൂപ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് അനുവദിച്ചത്. കേരളത്തിലെ ഇരുപത്തിനാലായിരം ഹെക്ടറോളം വരുന്ന പൊക്കാളി കൃഷിയിടത്തിന്റെ വികസനത്തിനായി അറുപതുകോടി രൂപ വകയിരുത്തിയതായി മധ്യകേരള വാര്‍ത്ത.

കേരളത്തില്‍ 4200 ഹെക്ടര്‍ കണ്ടല്‍ക്കാടുകളുണ്ടെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. പരിസ്ഥിതി സംരക്ഷണ നിയമവും തീരപരിപാലന നിയമവും അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ട തീരഹരിതവനങ്ങളുള്‍പ്പെടുന്ന കൈപ്പാട് , പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്യപ്പെടാന്‍ യോഗ്യതയുള്ള ആവാസവ്യവസ്ഥയുമാണ്. ഓരോ വര്‍ഷവും 250 ഏക്കര്‍ കൈപ്പാട് നിലം നെല്ലും മീനും കൃഷിക്കായി ഒരുക്കിയെടുക്കുകയെന്നത് അഡാക്കിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കൃഷിചെയ്യാതെ അഞ്ചുവര്‍ഷം തരിശിട്ട കൈപ്പാടുപാടം കണ്ടല്‍ക്കാടായി മാറും. പത്തുകൊല്ലം കൊണ്ട് നിബിഡവനമായി മാറും. പിന്നീട് കണ്ടല്‍ വെട്ടിയാല്‍ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി മാറും. ചുരുക്കത്തില്‍ വനം വകുപ്പിന് കണ്ടല്‍ച്ചെടി സംരക്ഷിക്കേണ്ടതും കല്ലേന്‍ പൊക്കുടന് കണ്ടല്‍ച്ചെടി വെച്ചുപിടിപ്പിക്കേണ്ടതും അഡാക്കിന് മീന്‍ വളര്‍ത്തേണ്ടതും കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് വിത്തുകള്‍ പരീക്ഷിക്കേണ്ടതും ഏച്ചിക്കാനം കഥയിലെ 'രാജേന്ദ്രമൈതാനം' പോലെ ബാക്കിനില്ക്കുന്ന വിസ്തൃതി എത്രയെന്ന് ആര്‍ക്കും തിട്ടം പോരാത്ത ഒരേ സ്ഥലത്തുതന്നെ. ഏഴോം വിത്തിന് ഹെക്ടറിന് 4.2 ടണ്‍ ഉല്പാദനം ഉണ്ടെന്നും ഏഴായിരം ടണ്‍ കൈപ്പാടുനെല്ല് വടക്കന്‍ കേരളത്തിലെ കൈപ്പാടുനിലത്തില്‍ നിന്ന് ഉല്പാദിപ്പിക്കാനാവുമെന്നും പടന്നക്കാട് കാര്‍ഷിക കോളേജിലെ സസ്യ പ്രജനന ജനിതക വിഭാഗം അസോസിയേറ്റ് ഡീന്‍ എം. ഗോവിന്ദന്‍ പറയുന്നു. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം 2500 ഹെക്ടറോളം കൈപ്പാട് നിലമാണ് ബാക്കിനില്ക്കുന്നത്. ഇത്രയും ഉല്പാദനത്തിന് 1700ഓളം ഹെക്ടര്‍ കൈപ്പാട് പ്രദേശം കൃഷിയോഗ്യമാക്കണം. കൈപ്പാട് സമഗ്ര വികസന പദ്ധതിയുടെ പേരില്‍ കാര്‍ഷിക സര്‍വകലാശാല ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. കൈപ്പാടിലെ കൃഷിപ്പണിക്ക് പ്രത്യേകം തൊഴില്‍സേന തന്നെ ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഇവര്‍ എത്ര ഹെക്ടര്‍ പുതുതായി കൃഷിയോഗ്യമാക്കി എന്ന ചോദ്യ