കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ സര്‍ക്കാര്‍ തന്നെ ബോധപൂര്‍വം ഇല്ലാതാക്കുന്നതിന്റെ
ഉദാഹരണമാണ് ബി.എസ്.എല്‍.എല്‍. സ്വകാര്യ-വിദേശ കുത്തകക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ അഭിമാനമായ
ഒരു ടെലികോം കമ്പനിയെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ഇല്ലാതാക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്നു.


ഇന്ത്യന്‍ ടെലികോം മേഖലയെപ്പറ്റി ഇരുപതുവര്‍ഷം മുന്‍പ് ഗ്ലോബല്‍ ഫൈനാന്‍സ് മാസികയില്‍ വന്ന ഒരു ലേഖനം, സര്‍ക്കാറുടമസ്ഥതയിലുള്ള ടെലിഫോണ്‍സംവിധാനത്തെ കണക്കറ്റ് കളിയാക്കിക്കൊണ്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''സഹികെട്ട് ക്രുദ്ധരായ ഇന്ത്യന്‍ പൗരന്മാര്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. മിക്കവാറും അതൊന്നുംതന്നെ ചെയ്യുന്നില്ല. ചരിത്രപരമായി അതിശക്തമായ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ ടെലി-കുത്തകയുടെ ഒരണുപോലും കൈവിടാന്‍ തയ്യാറല്ല. 90 കോടി മനുഷ്യരുള്ള ഒരു രാജ്യത്ത് മൊത്തം 80 ലക്ഷം ഫോണുകള്‍ മാത്രമാവുന്നത് എന്തുകൊണ്ട് എന്നതിന് വേറെ വിശദീകരണം വേണ്ടല്ലോ.'' (ദ ട്രില്യണ്‍ ഡോളര്‍ ഫോണ്‍ ബില്‍ -ജോണ്‍ ഗോഫ്)

മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഫിബ്രവരി 22 -ലക്കം വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക


ടെലികോം: സമാനതകളില്ലാത്ത കുതിച്ചുചാട്ടം

അതേ ലേഖനത്തില്‍ വാള്‍സ്ട്രീറ്റിലെ വന്‍ നിക്ഷേപബാങ്ക് തലവനായ ഒരാള്‍, അഭിമുഖത്തില്‍ നല്‍കിയ മറുപടിയും ഉദ്ധരിക്കുന്നുണ്ട്. ദശകത്തിന്റെ അവസാനത്തോടെ എത്ര കോടിയാണ് ടെലികോം മേഖലയ്ക്ക് വേണ്ടിവരാവുന്ന നിക്ഷേപം എന്നായിരുന്നു ചോദ്യം. മറുപടി അതിശയോക്തിപരമെന്നു തോന്നിയെങ്കിലും ടെലികോം വിദഗ്ധരായ മറ്റു പലരും അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ മാത്രമാണത്രെ ലേഖകന് വിശ്വസിക്കാനായത്. ആറുവര്‍ഷംകൊണ്ട് ഒരുലക്ഷംകോടി ഡോളര്‍ വേണ്ടിവരുമെന്നായിരുന്നു കണക്ക്! ടെലികോം മേഖലയില്‍ വരാനിരിക്കുന്ന കുതിച്ചുചാട്ടം സമാനതകളില്ലാത്തതായിരിക്കും എന്ന് സ്ഥാപിക്കാന്‍ വേറെ ഒരു നിക്ഷേപബാങ്കറുടെ വാചകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട് ലേഖകന്‍: ''ടെലി കമ്യൂണിക്കേഷന്‍ വിപ്ലവം എല്ലാത്തിനെയും മാറ്റിമറിക്കാന്‍ പോവുകയാണ്. ബിസിനസ്സും ധനകാര്യവുമടക്കം എല്ലാത്തിനെയും...'' ഇങ്ങനെയുള്ള ഒരുലക്ഷംകോടി ഡോളറിന്റെ കമ്പോളം തുറന്നിട്ടു കിട്ടാനായി ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ പഠിച്ചപണി പതിനെട്ടും പുറത്തെടുത്തുകൊണ്ടിരുന്ന ഒരു കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നത് ഒരശ്ലീലപദമായി മാറിത്തീരുകയായിരുന്നു ലോകത്തെങ്ങും.

വില്യംസണ്‍ കുറിപ്പടികള്‍

1989-ല്‍ ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കായി നിര്‍ദേശിക്കപ്പെട്ട കുറിപ്പടികള്‍ വാഷിങ്ടണ്‍ സമവായത്തിന്റെപേരില്‍ ലോകത്താകെ അടിച്ചേല്പിക്കപ്പെടുകയായിരുന്നു. പിന്നീട് ആ സമവായം പൊട്ടിപ്പൊളിഞ്ഞു പാളീസായപ്പോള്‍ അതിന്റെ ഉപജ്ഞാതാവായിരുന്ന ജോണ്‍ വില്യംസിനുതന്നെ അതൊരു തകരാറിലായ ബ്രാന്‍ഡ്‌നെയിം (Damaged Brand Name) ആണെന്ന് സമ്മതിക്കേണ്ടിവന്നത് വേറെ കാര്യം. ജോണ്‍ വില്യംസിന്റെ 10 കല്‍പനകളില്‍ ഏറെ പ്രധാനം ഉദാരമായ വിദേശ പ്രത്യക്ഷ നിക്ഷേപ സൗകര്യവും സ്വകാര്യവത്കരണവും നിര്‍നിയന്ത്രണവും ധനകാര്യ ഉദാരീകരണവുമായിരുന്നല്ലോ. നിയോലിബറലിസമെന്നത് രണ്ടാം ലോകമഹായുദ്ധാനന്തരം അങ്ങേയറ്റം വലതുപക്ഷത്തുള്ള ലിബറലുകളുടെ ആശയം പ്രചരിപ്പിക്കാനായി രൂപംകൊണ്ട മോന്റ് പെലേറിന്‍ സൊസൈറ്റി മുന്നോട്ടുവെച്ച ആശയത്തില്‍നിന്ന് രൂപംകൊണ്ടതായിരുന്നു എന്ന് താന്‍ പിന്നീടാണ് തിരിച്ചറിഞ്ഞതെന്ന് വില്യംസന്‍ വിലപിക്കുന്നുണ്ട്. ഏതായാലും ലോക മൂലധന നാഥന്മാരുടെ സൗകര്യത്തിനിണങ്ങുംവിധം ദേശരാഷ്ട്രങ്ങള്‍ക്കു മേല്‍ നിയോലിബറല്‍ നയങ്ങള്‍ അടിച്ചേല്പിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ സമ്മര്‍ദം ചെലുത്തിയതിന് ഫലം കണ്ടുതുടങ്ങിയിരുന്നു.

സ്വകാര്യവത്കരണത്തിന്റെ പറച്ചെണ്ടകള്‍

അതുകൊണ്ടാണ് മലയാളിയായ വിനോദ് തോമസ്സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലോക ബാങ്കിന്റെ 1991-ലെ ലോകവികസന രേഖ ഇങ്ങനെ നിരീക്ഷിക്കുന്നത്: ''ഇത്രയ്‌ക്കേറെ വിഷമതകളുണ്ടായിരുന്നെങ്കിലും, സ്വകാര്യവത്കരണത്തെ സംബന്ധിച്ച് സര്‍ക്കാറുകളുടെ ആലോചനകളില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങള്‍കൊണ്ടുണ്ടാക്കാനായ നേട്ടങ്ങളാകട്ടെ, പത്തുവര്‍ഷത്തിനു മുന്‍പായിരുന്നെങ്കില്‍ സങ്കല്പിക്കാന്‍പോലുമാവാത്ത അത്രയ്ക്ക് അസാധാരണമായിരുന്നു.''

അര്‍ജന്റീനയിലെ ടെലിവിഷന്‍ സ്റ്റേഷനുകള്‍, ടെലിഫോണ്‍ കമ്പനി, എയര്‍ലൈന്‍സ്, പെട്രോളിയം കമ്പനികള്‍ എന്നിവ സ്വകാര്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും പലതും നടന്നുകൊണ്ടിരിക്കുകയാണ്. ഐവറികോസ്റ്റിലെ ജലവിതരണവും വൈദ്യുതോത്പാദനവും ടോഗോയിലെ ടെക്സ്റ്റയില്‍ സ്ഥാപനങ്ങളും വിദേശികള്‍ക്ക് വില്ക്കപ്പെട്ടുകഴിഞ്ഞു അങ്ങനെയങ്ങനെ സ്വകാര്യവത്കരണം അരങ്ങുതകര്‍ക്കുന്നതിനെക്കുറിച്ചുള്ള ആമോദപൂര്‍ണമായ വിവരണങ്ങളാണ് 1991-ലെ ലോക വികസന രേഖയില്‍. അപ്പോഴൊക്കെയും ഇന്ത്യന്‍ ടെലികോം മേഖല സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നതി നെതിരെയുള്ള ഹൈവോള്‍ട്ടേജ് പ്രചാരണങ്ങള്‍ മാധ്യമങ്ങളിലാകെ നിറയുകയായിരുന്നു.

ഗാട്ടിനു ശേഷം

ഗാട്ടിന്റെ എട്ടാംറൗണ്ട് ചര്‍ച്ചകള്‍ 1986-ല്‍ ആരംഭിച്ചപ്പോള്‍ അതില്‍ സേവനമേഖലകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതിനു പിറകില്‍ ബഹുരാഷ്ട്ര കുത്തകകളായിരുന്നു. ജനറല്‍ എഗ്രിമെന്റ് ഓണ്‍ ട്രെയ്ഡ് ഇന്‍ സര്‍വീസസ് (GATS) അടക്കം ചര്‍ച്ചചെയ്തശേഷം ഗാട്ട് കരാര്‍ ഒപ്പിടുന്നത് 1993-ലാണ്. 86-നും 93-നുമിടയ്ക്ക് ഡിജിറ്റല്‍ ടെക്‌നോളജിയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 1975-ല്‍ അന്താരാഷ്ട്ര ടെലിഫോണ്‍ വിളികള്‍ 400 കോടി മിനുട്ടുകളുടേതായിരുന്നെങ്കില്‍ 1995-ഓടെ അത് 600 കോടി മിനുട്ടുകളായി വര്‍ധിച്ചു. 1998 ആവുന്നതോടെ ടെലികോം മേഖല ലോകത്താകെ ഒരുലക്ഷംകോടി ഡോളറിന്റെ ബിസിനസ് കൈകാര്യംചെയ്യുന്ന ഒന്നായി മാറും എന്നായിരുന്നു അന്നത്തെ പ്രവചനം. കമ്പ്യൂട്ടറും ബ്രോഡ്കാസ്റ്റിങ്ങും ഇന്റര്‍നെറ്റും തമ്മിലുള്ള അത്യദ്ഭുതകരമായ ഉദ്ഗ്രഥനം സാധിതപ്രായമായതോടെ, അതിലേക്കൊഴുകിയെത്തിയ മൂലധനത്തിന് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് കുതിച്ചൊഴുകിയേ പറ്റൂ. അതിനിണങ്ങിയരീതിയില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെയും ചര്‍ച്ചാവേദികളെയുമെല്ലാം പ്രയോജനപ്പെടുത്തിയ സാഹചര്യത്തിലാണ്, ലോകത്താകെ ടെലികോം മേഖല നാടനും മറുനാടനുമായ കുത്തകകള്‍ക്കായി തുറക്കപ്പെടുന്നത്.

കടലുകള്‍ നീന്തിക്കടന്നും

അതിനു കണക്കായി പൊതുമേഖലയ്‌ക്കെതിരായി ശക്തമായ അപവാദപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. കാര്യക്ഷമതയും ലാഭക്ഷമതയും ഉത്പാദനക്ഷമതയുമില്ലാതെ 'കാട്ടിലെ മരം തേവരുടെ ആന' എന്ന മട്ടില്‍ നാഥനില്ലാകളരികളായി മാറിയിരിക്കുന്നു പൊതുമേഖല എന്നായിരുന്നു ആക്ഷേപം. എന്നാല്‍ പ്രതിദിനം 17.57 കോടി ലാഭമുണ്ടാക്കുന്ന ഇന്ത്യന്‍ ടെലികോം വകുപ്പിനെതിരെ ഈ ആക്ഷേപം നേരിട്ടുന്നയിക്കാനാവാത്തതുകൊണ്ട് വളഞ്ഞ വഴിയാണ് അതിനായി തിരഞ്ഞെടുത്തത്.

''ഏഷ്യയിലെ ടെലികോം കരാറുകള്‍ നേടിയെടുക്കാനായി പാശ്ചാത്യനാടുകളിലെ ധനമാനേജര്‍മാര്‍ നരഭോജിസ്രാവുകള്‍ വിഹരിക്കുന്ന കടലുകള്‍ നീന്തിക്കടക്കും'' എന്ന ആലോചനാമൃതമായ ഗ്ലോബല്‍ ഫൈനാന്‍സ് ഉദ്ധരണിയുടെ പ്രസക്തി വെളിപ്പെടുത്തുന്നതാണ് പിന്നീട് നടന്ന കാര്യങ്ങള്‍. സര്‍ക്കാര്‍ വകുപ്പിന്റെ തടവറകളില്‍നിന്ന് ടെലികോംരംഗത്തെ മോചിപ്പിക്കാനെന്ന പേരില്‍ ആ മേഖലയെ കമ്പനിവത്കരിക്കാനായി പിന്നെ നീക്കം. ലോകത്ത് മറ്റു ചില രാജ്യങ്ങളില്‍ നേരത്തേ ചെയ്തതുപോലെ പോസ്റ്റ് ടെലികോം എന്ന വകുപ്പിനെ പി-യും ടി-യും ആക്കി മാറ്റിത്തീര്‍ത്തശേഷമാണ് ഇന്ത്യയില്‍ ടെലികോം സ്വകാര്യവത്കരണത്തിന് വഴിയൊരുക്കിയത്. ജീവനക്കാര്‍ക്കായി ഒട്ടേറെ സൗജന്യങ്ങള്‍ വെച്ചുനീട്ടിയിരുന്നെങ്കിലും അന്തിമലക്ഷ്യം ഈ മേഖലയാകെ ബഹുരാഷ്ട്ര കുത്തകകള്‍ക്കായി തീറെഴുതുകയാണെന്ന് ഇതരരാഷ്ട്രങ്ങളിലെ അനുഭവം പഠിപ്പിച്ചതുകൊണ്ട് സംഘടനകള്‍ ചെറുത്തുനിന്നു.

തടസ്സങ്ങള്‍ മറികടക്കാന്‍

1997-ലെ ലോകബാങ്കിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ ''സ്വകാര്യവത്കരണത്തിനെതിരായുള്ള ആറ് തടസ്സവാദങ്ങള്‍: എങ്ങനെ മറികടക്കാം?'' എന്നൊരു ബോക്‌സ് ഐറ്റംതന്നെ നല്‍കുന്നുണ്ട്.

''വിജയകരമായ സ്വകാര്യവത്കരണത്തിന് ജീവനക്കാരുടെ പിന്തുണ നേടല്‍ അത്യന്താപേക്ഷിതമാണ്. പല രാജ്യങ്ങളും ജീവനക്കാര്‍ക്ക് ഷെയറുകള്‍ നല്‍കിക്കൊണ്ടാണ് ഇത് സാധിച്ചത്. മറ്റു പല രാജ്യങ്ങളും വളരെ ഉദാരമായ വിടുതല്‍കിഴികള്‍ (Severance pay) വാഗ്ദാനംചെയ്തു'' എന്ന നിരീക്ഷണത്തോടൊപ്പം അത് മറ്റൊരു വിലാപംകൂടി നടത്തുന്നുണ്ട്: ''നമുക്ക് പൊതുമേഖലാ ജീവനക്കാരെ തെരുവിലേക്കെറിയാനാവില്ല. 1983-ലെ ലോക വികസനരേഖ ലോകത്താകെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഒട്ടനവധി സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ 1993 ആയതോടെ അവയില്‍ ഭൂരിപക്ഷവും തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് കുത്തിയിരുന്നു!'' എന്നുവെച്ചാല്‍ ജീവനക്കാരുടെ രക്ഷയ്ക്ക് സ്വകാര്യവത്കരണം അനിവാര്യമാണ് എന്ന്! ഇത്തരം പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ ചെറുത്തുനിന്നതാണ് ഇന്ത്യയിലെ ടെലികോം മേഖലയിലെ തൊഴില്‍ശക്തി. ലോകബാങ്ക്തന്നെ ചൂണ്ടിക്കാണിച്ച ശ്രീലങ്കന്‍ അനുഭവം അവര്‍ക്കു മുന്നിലുണ്ടായിരുന്നു. അതിനും മുന്‍പെ ജമൈക്കയില്‍ പരീക്ഷിച്ചതാണീ രീതി.

അനുഭവങ്ങള്‍ പഠിപ്പിച്ചത്

ജമൈക്കയിലെ സ്വകാര്യ ടെലികോം സ്ഥാപനം 1975-ലാണ് ദേശസാത്കരിക്കപ്പെട്ടത്. എന്നാല്‍ 1987 ആവുന്നതോടെ അത് പുനര്‍ സ്വകാര്യവത്കരിക്കപ്പെട്ടു. 1991 ആയപ്പോഴേക്കും ശ്രീലങ്ക പുതിയ ടെലികമ്യൂണിക്കേഷന്‍ ആക്ട് പാസാക്കി. അതുവഴി ഒരു പുതിയ റെഗുലേറ്ററി ഏജന്‍സി നിലവില്‍വന്നു. ശ്രീലങ്കാ ടെലികോം പുതുതായി രൂപംകൊണ്ട സ്വകാര്യ കമ്പനികളുമായി മത്സരത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതമായി. എസ്.എല്‍.ടി.യുടെ ലാന്‍ഡ്‌ലൈന്‍ സംവിധാനത്തെക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെല്ലുലാര്‍ സംവിധാനത്തിലേക്ക് ഉപഭോക്താക്കള്‍ കൂട്ടത്തോടെ പലായനംചെയ്തു. 1996-ല്‍ രണ്ട് സ്വകാര്യ വയര്‍ലെസ് ഓപ്പറേറ്റര്‍മാര്‍ക്കുകൂടി അടിസ്ഥാന ടെലികോം സേവനത്തിനുള്ള അനുമതി നല്‍കിക്കൊണ്ട് 'മത്സരം' തീക്ഷ്ണമാക്കി. അതേത്തുടര്‍ന്നാണ് എസ്.എല്‍.ടി.യുടെ 34 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്ന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ഇന്‍ഡൊനീഷ്യയിലെ സ്വകാര്യവത്കരണമാകട്ടെ, മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ആദ്യമായി സര്‍ക്കാര്‍വകുപ്പിനെ പൊതുമേഖലാ സംരംഭമാക്കി മാറ്റുക, പിന്നെ അത് ഒരു കോര്‍പ്പറേഷനാക്കി മാറ്റുക. അവസാനമായി സ്വകാര്യമേഖലയ്ക്കുകൂടി പങ്കാളിത്തം നല്‍കുന്ന ലാഭാധിഷ്ഠിത സ്ഥാപനമാക്കി മാറ്റിത്തീര്‍ക്കുക!

ലാഭമാത്രപ്രചോദിതമായി ടെലികോം മേഖലയിലേക്ക് വന്‍തോതില്‍ മൂലധനം കുത്തിയൊഴുകാന്‍ തുടങ്ങി. സൗന്ദര്യസംവര്‍ധകമേഖലയില്‍ (ഫേഷ്യല്‍) ആധിപത്യം ഉറപ്പിച്ചിരുന്ന മെട്രോ പസിഫിക് ഫിലിപ്പീന്‍സിലും വന്‍ പ്ലാന്റേഷനുകള്‍ നടത്തിപ്പോന്ന ബേക്കറി ഇന്‍ഡൊനീഷ്യയിലും ചെമ്മീന്‍കച്ചവടക്കാരായ കറോയിന്‍ പൊക്ഹാഡ് തായ്‌ലന്‍ഡിലും ടെലികോംമേഖലയില്‍കൂടി പിടിമുറുക്കി. ഡ്യൂഷ് ടെലികോമും എ.ടി.ടി.യുമൊക്കെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള ടെലികോം കമ്പോളത്തെ നോട്ടമിട്ടു. 96-97 കാലത്തെ ഏറ്റവും വലിയ സ്വകാര്യവത്കരണമായി കണക്കാക്കപ്പെട്ടിരുന്ന ഡ്യൂഷ് ടെലികോമിനെയും കടത്തിവെട്ടുന്നതായി ഇറ്റലിയിലെ സ്വകാര്യവത്കരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'ടെലികോം ഇറ്റാലിയ'യില്‍ 1490 കോടി ഡോളറിന്റെ ഓഹരിവില്പനയാണ് നടന്നത്.

പെറുവിലെ ടെലികോം മേഖല 1970-ലാണ് ദേശസാത്കരിച്ചത്. സേവനം മോശമായതിനെത്തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ചേര്‍ത്ത് 1993-ല്‍ ടെലിഫോണിക്ക ഡെല്‍ പെറുവിന് (ടി.ഡി.പി.) രൂപംകൊടുത്തു. പിന്നീട് അതിനെ ലേലംചെയ്ത് വിറ്റപ്പോള്‍ വാങ്ങാനെത്തിയത് സ്‌പെയിനിലെ നാഷണല്‍ ടെലിഫോണ്‍ കമ്പനിയാണ്. (Annual Bank Conference on Development Economics. ABCDE 1998).

ഇന്ത്യന്‍ ടെലികോമും മാറുന്നു

ഇങ്ങനെ ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എല്ലാ ചൈനീസ് വന്‍മതിലുകളും തട്ടിത്തകര്‍ത്ത് കുതിച്ച് പരന്നൊഴുകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ആഗോള മൂലധനത്തിന്റെ താത്പര്യത്തിനനുസരിച്ചുതന്നെയാണ് ഇന്ത്യന്‍ ടെലികോം മേഖലയും സ്വകാര്യവത്കരണത്തിലേക്ക് നടന്നുനീങ്ങിയത്. ഇതിനു കണക്കാക്കിയാണ് 1994-ലെ പുതിയ ടെലികോംനയം പ്രഖ്യാപിക്കപ്പെട്ടത്. അതിനു മുന്‍പായി 1986-ല്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ടെലികോം സേവനം പുതുതായി സ്ഥാപിച്ച എം.ടി.എന്‍.എല്ലിനു കീഴിലേക്ക് മാറ്റി. വിദേശത്തേക്കുള്ള സേവനത്തിനായി വിദേശ് സഞ്ചാര്‍ നിഗം രൂപവത്കരിക്കപ്പെട്ടു. ആ വി.എസ്.എന്‍.എല്‍. ആവട്ടെ, തുച്ഛവിലയ്ക്ക് ടാറ്റയ്ക്ക് കൈമാറുകയായിരുന്നു.

മൂല്യവര്‍ധിത സേവനങ്ങള്‍ കൈകാര്യംചെയ്യാനായി സ്വകാര്യകമ്പനികള്‍ക്ക് അനുവാദം നല്‍കിയത് 94-95 കാലത്താണ്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുപോരുകയായിരുന്ന ടെലികോംവകുപ്പിന് അതിനുള്ള അവസരം നല്‍കാതെ, സ്വകാര്യ മൂലധനത്തെ കയറൂരിവിടുകയായിരുന്നു. പുതിയ ടെലികോം നയം ലാന്‍ഡ്‌ലൈന്‍ രംഗത്തും സ്വകാര്യകമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് 49 ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാമെന്ന വ്യവസ്ഥയിലാണ്. നരഭോജിസ്രാവുകള്‍ വിഹരിക്കുന്ന കടലുകള്‍ നീന്തിക്കടന്നും ലാഭംകൊയ്യാന്‍ തയ്യാറെടുക്കുകയായിരുന്ന ആഗോള മൂലധനത്തിന്റെ സമാനതകളില്ലാത്ത സമ്മര്‍ദത്തിന് ഫലംകണ്ടു എന്നര്‍ഥം.

ഉപരോധവും 'ബോംബ് പ്രൂഫ്' ടാറ്റയും

ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നിലനില്‍ക്കെ, തങ്ങളുടെ 12.3 കോടി ഡോളര്‍ വായ്പ നേടിയെടുക്കാന്‍ അക്കാലത്ത് ടെലികോം മേഖലയില്‍ പ്രവേശിച്ച ടാറ്റ കമ്യൂണിക്കേഷന്‍സിനു കഴിഞ്ഞത് യാദൃച്ഛികമല്ല. അതിന്റെ 39 ശതമാനം ഉടമസ്ഥതയുള്ള ബെല്‍ കാനഡ ഇന്റര്‍നാഷണലിന്റെ ട്രഷറര്‍ റോബര്‍ട്ട് എന്‍. ലാന്റെ ഉദ്വേഗഭരിതമായ ആ ദിവസങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വായ്പാനടപടികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയപ്പോഴാണ് അതിന്റെ 11-ാം മണിക്കൂറില്‍ പ്രഖ്യാപിക്കപ്പെട്ട ഉപരോധത്തിന്റെ പാറക്കെട്ടില്‍ തട്ടി തകരുമെന്ന നില വന്നത്. ഇടപെടല്‍ശേഷിയുള്ള ടെലിഫോണ്‍ സന്ദേശങ്ങള്‍ ഇരമ്പിപ്പാഞ്ഞു. അങ്ങനെയാണ് വൈറ്റ് ഹൗസില്‍നിന്നുതന്നെ വെള്ളപ്പുക ഉയര്‍ന്നതത്രെ! സ്വകാര്യ മുതലാളിയായതുകൊണ്ട് ടാറ്റയ്ക്ക് ഉപരോധം ബാധകമല്ല; ഇന്ത്യാഗവണ്‍മെന്റിനുള്ള വായ്പയാണങ്കിലേ അതിന്റെ പരിധിയില്‍ പെടൂ എന്ന്! സ്വകാര്യ മൂലധനത്തിന് രാജ്യാതിര്‍ത്തികളും ദേശരാഷ്ട്രനയങ്ങളും ബാധകമല്ലെന്ന്!

ഉപകരണ നിര്‍മാണത്തിനും വിദേശി

ടെലിഫോണ്‍ ഉപകരണ നിര്‍മാണമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിപ്പോന്നിരുന്ന ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി എന്ന ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ത്തെറിഞ്ഞത് മാത്രമാണ് ഈ മേഖലയില്‍ 100 ശതമാനം വിദേശപ്രത്യക്ഷ നിക്ഷേപം അനുവദിച്ചതിന്റെ ഏക ഫലം. നോക്കിയയും എറിക്‌സണും സീമെന്‍സും മോട്ടോറോളയുമൊക്കെ ഉപകരണ നിര്‍മാണരംഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇവിടങ്ങളിലാകട്ടെ, ഇറക്കുമതി ചെയ്ത ഘടകസാധനങ്ങളുടെ കൂട്ടിക്കെട്ടല്‍ മാത്രമാണ് മുഖ്യമായും നടക്കുന്നത്! ട്രായ് നല്‍കുന്ന കണക്കുകളനുസരിച്ച്, ഇന്ത്യയില്‍ ഉപയോഗിക്കുന്ന ടെലികോം ഉപകരണങ്ങളുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004-നും 2012-നും ഇടയ്ക്ക് ഉപകരണ ഇറക്കുമതിക്കായി ഇന്ത്യയില്‍നിന്ന് കുത്തിയൊലിച്ചുപോയ വിദേശനാണയം 3,11,714 കോടിയാണത്രെ. എന്നാല്‍ 2000 മുതല്‍ 2012 വരെയുള്ള കാലത്ത് ടെലികോം സെക്ടറിലേക്ക് ഒഴുകിയെത്തിയ വിദേശപ്രത്യക്ഷ നിക്ഷേപമാവട്ടെ, വെറും 57,585 കോടിയുടേത് മാത്രം!

സ്വകാര്യവത്കരണത്തിന്റെ തനിനിറം
1995 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിച്ചത് ടെലികോം മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ അനന്തസാധ്യതകള്‍ എന്തെന്ന് ബോധ്യപ്പെടുത്താന്‍ പോന്നതായിരുന്നു. കക്കൂസ് മുറിയിലെ നോട്ടുകെട്ടുകളും സ്വകാര്യവത്കരണവുമായുള്ള ബന്ധം മാലോകര്‍ക്കാകെ ബോധ്യമായി. ഹിമാചല്‍ ഫ്യൂചറിസ്റ്റിക് കമ്യൂണിക്കേഷന്‍സിന് വഴിവിട്ട രീതിയില്‍ സൗകര്യങ്ങള്‍ അനുവദിച്ചതിനെ തുടര്‍ന്ന് നടന്ന റെയ്ഡ്, ടെലികോം മന്ത്രി സുഖ്‌റാമിന്റെ പണി പോവുന്നതില്‍ മാത്രമല്ല, ജയില്‍വാസത്തിലേക്കും നയിച്ചു.

'അടിസ്ഥാന ടെലിഫോണ്‍ സേവനങ്ങളുടെ സ്വകാര്യവത്കരണം തീര്‍ത്തും അകാലികമാണെ'ന്ന് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് തന്നെ പ്രസ്താവിക്കേണ്ടിവന്നു. പക്ഷേ, ലോക മൂലധനനാഥന്മാരുടെ കണ്ണുരുട്ടലിനു മുന്നില്‍ ഏത് പാര്‍ലമെന്ററി സമിതി നിര്‍ദേശത്തിനും പിടിച്ചു നില്‍ക്കാനാവില്ലെന്ന് തെളിയിച്ചുകൊണ്ട് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുതന്നെ പോയി.

സ്വകാര്യമേഖലയും സര്‍ക്കാര്‍വകുപ്പും തമ്മിലുണ്ടാവുന്ന തര്‍ക്കപരിഹാരത്തിനായി റെഗുലേറ്ററി സമിതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ആഗോള ധനകാര്യസ്ഥാപനങ്ങളുടേതാണ്. കമ്പോള സൗഹൃദ സമീപനമുള്ളതാവണം ഈ റെഗുലേറ്ററി ബോഡി എന്നായിരുന്നു കല്പന. 'ടെലികോം റെഗുലേറ്റര്‍ സ്വതന്ത്രമായിരിക്കണം. അടിസ്ഥാന ടെലികോം സേവന ദാതാക്കളില്‍നിന്ന് വ്യത്യസ്തവും അവരില്‍ ആരോടും വിധേയത്വമില്ലാത്തതുമാവണം. കമ്പോളത്തിലെ പങ്കാളികളെ സംബന്ധിച്ചിടത്തോളം നിഷ്പക്ഷമായ തീരുമാനങ്ങളും നടപടികളും എടുക്കണം' (Independant telecom regulator, seperate from and not accountable to any basic telecom sector supplier. Decisions and proceedures to be impartial with respect to all market participants). അങ്ങനെയാണ് ഒരു ഓര്‍ഡിനന്‍സിലൂടെ 1996 ഫിബ്രവരിയില്‍ ടെലിഫോണ്‍ റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യക്ക് (TRAI) രൂപം നല്‍കുന്നത്. ടെലികോം വകുപ്പില്‍നിന്ന് സര്‍വതന്ത്ര സ്വതന്ത്രമായി കമ്പോളത്തിനിണങ്ങിയ ഒരു റഫറി! അന്തിമവിധി കല്പിക്കാനുള്ള സര്‍വാധികാരവുമായി ദേശരാഷ്ട്രത്തിനു മേല്‍ ഒരു കമ്പോളതാത്പര്യസംരക്ഷകന്‍!

സര്‍ക്കാര്‍ വകുപ്പും സ്വകാര്യ കമ്പനികളും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ മൂലധനതാത്പര്യത്തിനൊപ്പം നിന്നതിന്റെ പേരില്‍ ലോകബാങ്ക് രേഖ (FG*H 1998) ട്രായിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. പൊതുമേഖലക്കെതിരെ സ്വകാര്യ നിക്ഷേപകര്‍ക്കൊപ്പം നിന്ന സുഖ്‌റാമിനെപ്പോലുള്ളവര്‍ക്ക് കറവപ്പശുവായി മാറിയ പുതിയ നയമാണ് ഇതിന് ഇടവരുത്തിയത്.

ദേശീയ ടെലികോം

വാജ്‌പേയ് ഗവണ്‍മെന്റിന്റെ കാലത്ത് 1999-ല്‍ പ്രഖ്യാപിച്ച ദേശീയ ടെലികോം നയമാകട്ടെ, മുന്‍ ഗവണ്‍മെന്റിന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വകാര്യവത്കരണത്തിന് പച്ചക്കൊടി കാട്ടുകയാണ് ചെയ്തത്. സ്വകാര്യ കമ്പനികള്‍ നല്‍കിക്കൊണ്ടിരുന്ന ലൈസന്‍സ് ഫീസ് 'ഭീമ'മാണെന്ന് കണ്ടെത്തിക്കൊണ്ട് അതു വേണ്ടെന്നുവെച്ചു. പകരം റവന്യൂഷെയറിങ് സംവിധാനം ഏര്‍പ്പെടുത്തി. ഇതുവഴി പൊതുഖജനാവിന് വന്ന നഷ്ടം 43,523 കോടിയാണ്. എസ്.ടി.ഡി. സൗകര്യവും സ്വകാര്യമേഖലയ്ക്കായി തുറന്നിട്ടുകൊടുത്തു. സര്‍ക്കാര്‍ വകുപ്പിനോട് മത്സരിക്കാന്‍ നിര്‍ബന്ധിതരായ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നായി സ്വകാര്യമേഖലയുടെ സമ്മര്‍ദം. ആകയാല്‍ വകുപ്പുതന്നെ വേണ്ടെന്നു വെക്കണമെന്നായി നിര്‍ദേശം. അങ്ങനെയാണ് 2000-ത്തില്‍ ബി.എസ്.എന്‍.എല്‍. ഒരു കമ്പനിയായി രൂപം കൊള്ളുന്നത്.

വകുപ്പ് കമ്പനിയാകുമ്പോള്‍

സര്‍ക്കാര്‍ വകുപ്പ് കമ്പനിയായി മാറുമ്പോള്‍ ഉണ്ടാവുന്ന എതിര്‍പ്പിന്റെ ശക്തി കുറയ്ക്കാനായി ബി.എസ്.എന്‍.എല്ലിന് സകലവിധ പിന്തുണയും നല്‍കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഗ്രാമീണ മേഖലയിലടക്കം ടെലിഫോണ്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വഴി വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട് ഒട്ടേറെ സൗജന്യങ്ങളാണ് സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനായി മുന്നോട്ട് വെച്ചത്. സ്വകാര്യകമ്പനികള്‍ ബി.എസ്.എന്‍.എല്ലിന്റെ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിന് ആക്‌സസ് ഡെഫിസിറ്റ് ചാര്‍ജ് ഈടാക്കി നല്‍കാം, ലൈസന്‍സ് ഫീ തിരിച്ചുനല്‍കാം, വിദൂര ഗ്രാമ പ്രദേശങ്ങളിലടക്കം സേവനം നടത്തുന്നതുകൊണ്ട് യു.എസ്.ഒ. (യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍) ഫണ്ടില്‍നിന്ന് ഗ്രാന്റ് അനുവദിക്കാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ തുടക്കത്തില്‍ ചിലതൊക്കെ ചെയ്തു എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ സ്വകാര്യമേഖലാ പ്രീണനം തുടരുകയാണുണ്ടായത്.

മാത്രവുമല്ല, വര്‍ഷാവര്‍ഷം സര്‍ക്കാറിലേക്ക് വന്‍തുക ഡിവിഡന്റായി നല്‍കിപ്പോന്ന ബി.എസ്.എന്‍.എല്ലിനോട് തികഞ്ഞ ചിറ്റമ്മനയമാണ് കേന്ദ്ര ഗവണ്‍മെന്റ് പിന്തുടര്‍ന്നത്. സ്വകാര്യ കമ്പനികള്‍ക്ക് 1995-ല്‍ മൊബൈല്‍ സേവനം തുറന്നുകൊടുത്തുവെങ്കിലും ബി.എസ്.എന്‍.എല്ലിന് 2002 വരെ കാത്തു നില്‍ക്കേണ്ടിവന്നു. അപ്പോഴേക്കും വന്‍കിട കുത്തകകള്‍ മാര്‍ക്കറ്റ് കൈയടക്കിക്കഴിഞ്ഞിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് ഫീ വന്‍തോതില്‍ വെട്ടിക്കുറച്ചുകൊടുത്തു. ഈ ഇനത്തില്‍ 55,000 കോടിയുടെ ഇളവാണനുവദിച്ചത്. അതിന് ശേഷമാണ് ലൈസന്‍സ് ഫീയ്ക്ക് പകരം, കിട്ടുന്ന റവന്യൂ പങ്കുവെച്ചാല്‍ മതി എന്ന പുതിയ നിബന്ധന മുന്നോട്ടുവെച്ചത്.

ബി.എസ്.എന്‍.എല്‍ സര്‍ക്കാര്‍ തടവില്‍

ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സ്വകാര്യമേഖലയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം. ബി.എസ്.എന്‍.എല്ലിനാകട്ടെ, സര്‍ക്കാര്‍ അനുമതി വേണം. വേണ്ട സമയത്ത് ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവാദമില്ലാതെ ശ്വാസം മുട്ടുന്ന ബി.എസ്.എന്‍.എല്‍ ചൈനീസ് ഉപകരണങ്ങള്‍ വാങ്ങരുതെന്നാണ് സര്‍ക്കാര്‍ കല്പന. എന്നാല്‍ അതിനോട് മത്സരിക്കുന്ന സ്വകാര്യ കമ്പനികള്‍ മിക്കതും, ഗുണനിലവാരവും വിലക്കുറവും കാരണം ആശ്രയിക്കുന്നത് അതേ ചൈനീസ് ഉത്പന്നങ്ങളെയാണ്.

ടെലികോം മേഖലയിലുള്ള തര്‍ക്കപരിഹാര സമിതിയായ ടെലികോം ഡിസ്​പ്യൂട്‌സ് സെറ്റ്ല്‍മെന്റ് അപ്പലറ്റ് ട്രിബ്യൂണലിനെ (THSFT) സമീപിച്ച് സ്വകാര്യമേഖല ലൈസന്‍സ് ഫീസ് കുറച്ചുകൊണ്ടുള്ള ഉത്തരവ് നേടുന്നു. അങ്ങനെ അവര്‍ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിന് മാത്രം ലൈസന്‍സ് ഫീ നല്‍കുമ്പോള്‍ ബി.എസ്.എന്‍.എല്‍ വന്‍തുക നല്‍കാന്‍ നിര്‍ബന്ധിതമാവുകയാണ്. ഇത്തരം സൗജന്യങ്ങള്‍ക്കായി ടി.ഡി.എസ്.എ.ടിയെ സമീപിക്കരുതെന്നാണ് ബി.എസ്.എന്‍.എല്ലിനുള്ള നിര്‍ദേശം.

സ്‌പെക്ട്രം മാര്‍ജിന്റെ കാര്യത്തിലും കാണാം ഈ വിവേചനം. ആദ്യം നിശ്ചയിച്ചുറപ്പിച്ച സംഖ്യയാണ് സ്വകാര്യ കമ്പനികളില്‍നിന്ന് ഈടാക്കുക. എന്നാല്‍ ബി.എസ്.എന്‍.എല്ലാകട്ടെ, ട്രായ് (TRFI) നിര്‍ദേശിക്കുന്ന അധികസംഖ്യ നല്‍കാന്‍ ബാധ്യസ്ഥമാവുകയാണ്. ഇതുവഴി ഒരു പൊതുമേഖലാ സ്ഥാപനത്തെ ഞെക്കിക്കൊല്ലാന്‍ കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍.

എന്നിട്ടും കാര്യക്ഷമത കാട്ടി പിടിച്ചു നിന്ന ബി.എസ്.എന്‍.എല്‍ മൊബൈല്‍ മേഖലയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. 2006 ആവുന്നതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തില്‍ നാലരക്കോടിയിലേറെ മൊബൈല്‍ കണക്ഷന്‍ നല്‍കാനുള്ള പദ്ധതിയിട്ടപ്പോള്‍, മോട്ടോറോള കോടതി കയറ്റി. അതിനെയും മറികടന്നാണ് 4.55 കോടി കണക്ഷനുള്ള പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ പുറപ്പെടുവിക്കാനിരുന്നത്. ആ നിര്‍ണായകഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അവസാന നിമിഷം ടെണ്ടര്‍ റദ്ദാക്കി. അതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ 2007 ജൂലായ് 11 ന് പണിമുടക്കിയതിനെത്തുടര്‍ന്നാണ് ടെണ്ടറിന്റെ പാതിയെങ്കിലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പക്ഷേ, അപ്പോഴേക്കും സ്വകാര്യമേഖല കൂടുതല്‍ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. വിഭവ ദാരിദ്ര്യം കൊണ്ട് ശ്വാസം മുട്ടുകയായിരുന്ന ബി.എസ്.എന്‍.എല്‍. എന്നും 'പരിധിക്ക് പുറത്തു' തന്നെ നില്‍ക്കേണ്ടി വന്നു.

ഒരു ബൊളീവിയന്‍ അനുഭവം

1996-ലാണ്, അന്നത്തെ ബൊളീവിയന്‍ ഗവണ്‍മെന്റ് പൊതുമേഖലാ ടെലികോം കമ്പനിയായിരുന്ന എന്റലിന്റെ 50 ശതമാനം ഉടമസ്ഥത ഇറ്റാലിയന്‍ ടെലികോം കമ്പനിയായ ഇ.ടി.ഐക്ക് വിറ്റത്. ബാക്കിയുള്ളതിന്റെ 44 ശതമാനം മാത്രം സര്‍ക്കാര്‍ ഉടമസ്ഥതയില്‍; ആറുശതമാനം ഷെയറുകള്‍ തൊഴിലാളികള്‍ക്കും.

ഷെയറുകള്‍ കൈക്കലായതോടെ, ഇ.ടി.ഐയുടെ മട്ട് മാറി. വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളൊന്നും തന്നെ ടെലികോം മേഖലയില്‍ നടത്താതെ സ്വകാര്യവത്കരണക്കരാറിനെ കാറ്റില്‍ പറത്തുകയായിരുന്നു ഇറ്റാലിയന്‍ കമ്പനി. മാത്രവുമല്ല, അടയ്ക്കാനുള്ള നികുതിയൊന്നും അടച്ചതുമില്ല. ഈയൊരു സാഹചര്യത്തിലാണ് ഇ.ടി.ഐയുടെ കൈയിലുള്ള ഷെയറുകള്‍ തങ്ങള്‍ക്ക് തിരിച്ചു കിട്ടണമെന്ന് ഇവാ മൊറയില്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2007-ല്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇ.ടി.ഐ. ആകട്ടെ, സര്‍ക്കാറിനോട് പോരിനിറങ്ങുകയാണ് ചെയ്തത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ സെറ്റില്‍മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ഡിസ്​പ്യൂട്ട്‌സ് എന്ന സംവിധാനം വഴി ബൊളീവിയക്കെതിരെ കേസ് കൊടുത്തുകൊണ്ട് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ വെല്ലുവിളിക്കുകയായിരുന്നു ഇറ്റാലിയന്‍ കുത്തകക്കമ്പനി. ഈ തര്‍ക്കപരിഹാര സമിതിയാകട്ടെ, ബൊളീവിയന്‍ വ്യാപാര അംബാസിഡര്‍ പാബ്ലോ സൊളോണ്‍ വിശേഷിപ്പിച്ചതനുസരിച്ച്, നില തെറ്റിയ ആര്‍ബിട്രേഷന്‍ ട്രിബ്യൂണലിനെപ്പോലെയാണ് പെരുമാറിപ്പോന്നിരുന്നത്. ദേശരാഷ്ട്രങ്ങളെ വെല്ലുവിളിക്കുകയായിരുന്നു അതിന്റെ പണി. ഐ.സി.എസ്.ഐ.ഡി. കൈകാര്യം ചെയ്ത 232 കേസുകളില്‍ 230 എണ്ണത്തിലും സര്‍ക്കാരുകള്‍ക്കെതിരായി ബഹുരാഷ്ട്ര കുത്തകകള്‍ക്കനുകൂലമായാണ് അത് വിധിയെഴുതിയത്. അടഞ്ഞ വാതിലുകള്‍ക്കപ്പുറത്തിരുന്ന് സ്വകാര്യമായി നിയമങ്ങളും തീരുമാനങ്ങളും എഴുതിയുണ്ടാക്കുന്ന പ്രസ്തുത സംവിധാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബൊളീവിയ ഐ.സി.എസ്.ഐ.ഡിയില്‍ നിന്ന് പിന്‍വാങ്ങുകയാണ് ചെയ്തത്. അങ്ങനെ പിന്മാറിയ ബൊളീവിയക്കെതിരെ നടപടികളുമായി മുന്നോട്ടു പോവരുതെന്ന് പ്രസ്തുത തര്‍ക്ക പരിഹാര സമിതിയുടെ അധ്യക്ഷനായിരുന്ന ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സൊള്ളിക്കിനോട് ലോകത്തെങ്ങുമുള്ള നൂറുകണക്കിലേറെ സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടു. മൂലധന താത്പര്യത്തിനെതിരായുള്ള ഒരു അന്തര്‍ദേശീയ കൂട്ടായ്മയായി മാറി അത്.

എന്നാല്‍ ഇന്ത്യ ചെയ്തത്

ടെലികോം മേഖലയിലെ യന്ത്രോപകരണ നിര്‍മാണത്തില്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനത്തെപ്പറ്റി കാര്യബോധമുള്ളവര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചതാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മില്‍, അതല്ലെങ്കില്‍ സേനാമേധാവികള്‍ തമ്മില്‍ത്തമ്മില്‍ നടത്തുന്ന അതീവരഹസ്യസ്വഭാവമുള്ള സംഭാഷണങ്ങള്‍ സ്വകാര്യ ടെലിഫോണ്‍ സംവിധാനം വഴിയായാലുള്ള ആപത്ത് പണ്ടേ കണ്ടറിഞ്ഞതാണ്. എന്നാല്‍ അടുത്തിടെ, സ്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്ന കാര്യം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതാണ്.

ഇന്ത്യന്‍ ടെലിഫോണ്‍ നിര്‍മാണവേളയില്‍ ആഭ്യന്തര ഉള്ളടക്കം ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം 2012 ഡിസംബറില്‍ ശുപാര്‍ശ ചെയ്തത് ഈ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ്. ഘട്ടംഘട്ടമായി ഇന്ത്യന്‍ നിര്‍മിത ഉപകരണങ്ങളുടെ ശതമാനത്തോത് വര്‍ധിപ്പിച്ചുകൊണ്ടു വരണമെന്ന് ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കപ്പെട്ടു. എന്നാല്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വളരെ ഉദാര വ്യവസ്ഥകളാണ് നിര്‍ദേശിക്കപ്പെട്ടത്. അതീവ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് ഇട നല്‍കാവുന്ന 14 തരം ഉപകരണങ്ങളുടെ കാര്യത്തില്‍ മതി നിയന്ത്രണം എന്നായിരുന്നു സൗജന്യം.

'ഇതു കൊണ്ടരിശം തീരാതെ' വിദേശ കുത്തകക്കമ്പനികള്‍ സര്‍ക്കാറിനോട് കൊമ്പ് കോര്‍ക്കാന്‍ തയ്യാറെടുത്തു. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് സ്റ്റെയ്റ്റ്‌സ് - ഇന്ത്യാ ബിസിനസ് കൗണ്‍സിലും , ഇന്ത്യയിലെയും അമേരിക്കയിലെയും വന്‍കിട കുത്തകക്കമ്പനികളും സട കുടഞ്ഞെണീറ്റു. മൈക്രോസോഫ്റ്റും മോട്ടോറോളയും ആപ്പിളും സോണിയും മാത്രമല്ല, ടെലികോം ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് അമേരിക്കക്കൊപ്പം അണിനിരന്നത്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വകാര്യ ടെലികോം കമ്പനികളും രംഗത്തെത്തി. തങ്ങളുടെ നിക്ഷേപ താത്പര്യം ദേശസുരക്ഷയ്ക്ക് കീഴിലാവരുതെന്ന് മാത്രമായിരുന്നു ആവശ്യം. പ്രധാനമന്ത്രിയുടെ ഓഫീസിനു മേലായി സമ്മര്‍ദം.

പി.എം.ഓയും പി.എം.എയും

ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രിഫറന്‍ഷ്യല്‍ മാര്‍ക്കറ്റ് ആക്‌സസ്(PMA) ഒഴിവാക്കിക്കിട്ടാന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ് (PMO) ഇടപെടണം എന്നായി മുറവിളി! സമ്മര്‍ദം മുറുകിവന്നപ്പോള്‍ പ്രധാനമന്ത്രി കാര്യാലയം 2013 ജൂലായ് 8-ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു (http://pmindia.nic.in/ pressdetails.php?nodeid =1660). മുന്‍ നിര്‍ദേശം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു എന്ന്! അതു മാത്രവുമല്ല, 'സെക്യുരിറ്റി'ക്ക് ഒരു പുനര്‍ നിര്‍വചനം കണ്ടെത്തണമെന്ന നിര്‍ദേശം ദേശീയ സുരക്ഷാ കൗണ്‍സിലിന് നല്‍കുകയും ചെയ്തു. നാടന്‍-മറുനാടന്‍ സ്വകാര്യ കമ്പനികള്‍ക്ക് അലോസരമുണ്ടാക്കാത്ത രീതിയില്‍ 'സുരക്ഷ' പുനഃസംവിധാനം ചെയ്യണമെന്ന്! ഒപ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് മറ്റൊരുപദേശവും: ആഭ്യന്തര ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പി.എം.എ. നിര്‍ദേശം സ്വകാര്യ സേവന ദാതാക്കള്‍ക്ക് ബാധകമല്ല എന്ന ഭേദഗതിയോടെ ഒരു മാസത്തിനകം മന്ത്രിസഭാ പരിഗണനയ്ക്കായി പുതുക്കി തയ്യാറാക്കണമെന്ന്! ദേശസുരക്ഷയിലും പ്രധാനം തന്നെ നിക്ഷേപക സൗഹൃദ സമീപനം! ലോക വാണിജ്യ സംഘടനയുടെ(WTO) തര്‍ക്ക പരിഹാര സമിതിയെ പേടിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നും അമേരിക്കയിലും മറ്റു വികസിത സമ്പന്ന രാജ്യങ്ങളിലും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടെന്നും ടെലികോം എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം നാസ്തി. മുന്‍ ഉത്തരവ് പെട്ടെന്ന് പൊട്ടിമുളച്ചതായിരുന്നില്ലല്ലോ. ട�