2003- ലാണ് 'ആലാഹയുടെ പെണ്‍മക്കള്‍'ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടുന്നത്. വേഷംകൊണ്ടും ഭാഷകൊണ്ടും ജാതി, മത, വര്‍ഗ, വര്‍ണ, വംശ, ലിംഗഭേദംകൊണ്ടും വ്യത്യസ്തരും എന്നാല്‍ ഇന്ത്യന്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ഒരേ ദേശാഭിമാനത്താല്‍ വികാരഭരിതരുമായ എഴുത്തുകാര്‍ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങായിരുന്നു അത്. എനിക്ക് മുമ്പും പിമ്പും ഈ അവാര്‍ഡ് സ്വീകരിച്ച എഴുത്തുകാരെല്ലാംതന്നെ ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചുള്ള ഇതേ അഭിമാനമുഹൂര്‍ത്തത്തിലൂടെ കടന്നുപോയിട്ടുണ്ടാവണം. 

മേല്പറഞ്ഞ വ്യത്യസ്തതകളാല്‍ത്തന്നെ ഇന്ത്യയില്‍ കലഹങ്ങളും കലാപങ്ങളും എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത സ്വതന്ത്ര ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ലാത്തതും ഭയപ്പെടുത്തുന്നതുമായ ഒന്നാണ്. ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അതിശക്തമായ ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്കുള്ളതെന്നും അത് ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമാണെന്നുമുള്ള ബോധ്യം എനിക്കുണ്ട്. ഞാന്‍ എന്റെ സ്വാതന്ത്ര്യത്തെ വിലയിരുത്തുന്നത് എന്റെ സഹജീവിയുടെ കൂടി അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ഭരണഘടന എനിക്കെന്നപോലെ അയാള്‍ക്കും വാഗ്ദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യം ഏതെങ്കിലും വിധത്തില്‍ ഹനിക്കപ്പെടുന്നുണ്ടെങ്കില്‍ ഞാന്‍ ജീവിക്കുന്നത് സ്വതന്ത്ര ഇന്ത്യയിലല്ലെന്ന തോന്നല്‍ അതിശക്തമായി എന്നെ വേട്ടയാടും. പ്രത്യേകിച്ചും അത് മതപരമായ അസഹിഷ്ണുതയുടെ പേരിലാകുമ്പോള്‍.

Sara Joseph

ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തുടര്‍ച്ചയായ സ്വാതന്ത്ര്യനിഷേധങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുന്നു എന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നേര്‍ക്ക് ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് അരക്ഷിതത്വവും ഭയവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തുടക്കത്തില്‍ത്തന്നെ ഉണ്ടായി. അത് കെട്ടടങ്ങും മുമ്പുതന്നെ സാധ്വി പ്രാചിയെയും മോഹന്‍ ഭാഗവതിനെയും ഡോ: പ്രവീണ്‍ തൊഗാഡിയയെയും പോലുള്ള വ്യക്തികളും സംഘപരിവാര്‍ പോലുള്ള സംഘടിത ശക്തികളും നടത്തിയ വെറുപ്പുളവാക്കുന്ന പ്രസ്താവനകളും വിദ്വേഷജനകമായ പ്രസംഗങ്ങളും ഘര്‍വാപസികളും മതസഹിഷ്ണുതയെയും മതസൗഹാര്‍ദത്തെയും തകര്‍ക്കുംവിധത്തിലുള്ളതായിരുന്നു. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ കെട്ടഴിച്ചുവിട്ട ആക്രമണങ്ങള്‍ നിരവധിയായിരുന്നു. 

ഇന്ത്യയുടെ പലഭാഗങ്ങളിലായി പലതരത്തില്‍ പൊട്ടിപ്പുറപ്പെട്ട ഭരണഘടനാപരമായ സ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് അനുസ്യൂതിയും വ്യാപ്തിയും കൈവരുന്നതായിട്ടാണ് പിന്നീട് കണ്ടത്. ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ വെറുപ്പ്, വിദ്വേഷം, ഭയം, അരക്ഷിതത്വം എന്നിവ ജനിപ്പിക്കുന്നതിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ബോധപൂര്‍വമായ അത്തരം ശ്രമങ്ങള്‍ ഇന്നെത്തിനില്ക്കുന്നത് ഹീനമായ ദാദ്രിസംഭവത്തിലാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, അതിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടിരിക്കുകയാണ്.

എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ കൊലയില്‍ ഇതുവരേക്കും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ദാദ്രി സംഭവത്തിലും സമാനമായ രിതിയില്‍ മൗനം പാലിച്ച പ്രധാനമന്ത്രിക്ക് ഇന്നലെ (ഒക്ടോബര്‍ 14) അതിനെ അപലപിക്കേണ്ടിവന്നത് എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മീഡിയയുടെയും അതിശക്തമായ ഇടപെടല്‍കൊണ്ടുതന്നെയാണ്. മതപരമായ അസഹിഷ്ണുതയില്‍നിന്ന് ഉടലെടുക്കുന്ന അക്രമങ്ങളേയും ഹിംസയേയും അതത് സമയത്ത് പ്രതിരോധിക്കാതിരുന്നാല്‍ നാം വലിയ വിപത്തിലേക്ക് എത്തിച്ചേരുമെന്നുകൂടി സാഹിത്യ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെ അപലപിച്ച അനുപം ഖേറിനേയും ചേതന്‍ ഭഗത്തിനേയും പോലുള്ളവര്‍ അറിയുന്നത് നന്നായിരിക്കും.