ഏടത്തി ഒ.വി. ശാന്തയും കുടുംബവും താമസിച്ചിരുന്ന കല്പാത്തിയിലെ വീട്ടില്‍ വെച്ചാണ് ഒ.വി. വിജയനെ ആദ്യം കാണുന്നത്. പാലക്കാട് വരുമ്പോള്‍ വിജയന് താമസിച്ചിരുന്ന വീട്. വിജയനെക്കുറിച്ച് അതിനുമുന്‍പ് വായിച്ചറിവും കേട്ടറിവും മാത്രമേയുള്ളൂ. വായനയുടെ ആനന്ദകാലങ്ങളില് ഖസാക്ക് തന്നെയായിരുന്നു ഗോപുരം. ഏതെല്ലാം പുറങ്ങളാണ് പലയാവര്‍ത്തി വായിച്ച് മനസ്സിലുറപ്പിച്ചത്, പലരോടും കഥപോലെ പറഞ്ഞുനടന്നത്, അതേപോലെ എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്! വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കുന്നു. ആ ഗോപുരത്തിന് ഇപ്പോഴും മങ്ങലോ ചെരിവോ ഏറ്റിട്ടില്ല. കൂടുതല്‍ എടുപ്പോടെ അതിപ്പോഴും തുടരുന്നു.
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിമാഷ് ഇടയ്ക്കെല്ലാം പറയുമായിരുന്നതാണ് കേട്ടറിവ്. മാഷ് വിക്ടോറിയയില്‍ പ്രീയുണിവേഴ്സിറ്റിക്ക് പഠിക്കുന്ന കാലം. വിപ്ലവനാടകങ്ങള്ക്കും മറ്റും ഗാനങ്ങളെഴുതി തിളങ്ങിനില്‍ക്കുകയാണ്. ഒരുനാള്‍ ഹെഡ്പോസ്റ്റോഫീസിനുമുന്നിലൂടെ നടന്നുപോവുമ്പോള്‍ ഒരു ചെറുപ്പക്കാരന് പരിചയപ്പെടാന്‍ വരുന്നു.
''വിപ്ലവഗാനങ്ങള്‍ എഴുതാറുള്ള മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയല്ലേ?''
''അതെ...''
''ഞാന്‍ ഒ.വി. വിജയന്...''
അന്ന് വിജയന് വിജയനായിട്ടില്ല.
ഈ കേട്ടറിവും വായിച്ചറിവും മാത്രമാണ് വിജയനെ ആദ്യമായി പരിചയപ്പെടാന്‍ പോകുമ്പോഴുള്ള എന്റെ കൈമുതല്‍. ഞാന്‍ സംസാരിക്കുന്നതല്ലാതെ വിജയന് ഒന്നും സംസാരിക്കുന്നില്ല. എന്തുപറഞ്ഞാലും ഒരു മൂളല്‍ മാത്രം. മുഖത്ത് വായിച്ചെടുക്കാന്‍ കഴിയാത്ത ഒരു ഭാവം. കുളിച്ചിട്ടില്ല. ഉറക്കത്തിന്റെ ചൂരുള്ള മുണ്ടും ജുബ്ബയുമാണ് വേഷം. കൈയില്‍ ഹുക്കയുണ്ട്. ഇടയ്ക്കിടെ അതില്‍നിന്നും പുകയെടുക്കുന്നു. ഞാന്‍ കഥയെഴുതാറുണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഒന്നു ചിരിച്ചു. ചെറിയൊരു പരിഗണന പോലുള്ള ചിരി. സംസാരത്തിനിടയിലെപ്പോഴോ എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്ക്കിടയില്ക്കൂടി പൂണൂല് പുറത്തു തൊങ്ങുന്നത് വിജയന് ശ്രദ്ധിച്ചിരിക്കണം. അല്ല, ശ്രദ്ധിച്ചു. ഞാനതു കണ്ടു. വിജയന് ചോദിച്ചു:
''തമിഴിലാണോ എഴുതാറ് ?''
മലയാളത്തിലാണെന്നു പറഞ്ഞപ്പോള്‍ പാലക്കാടന്‍ ബ്രാഹ്മണരുടെ മലയാളവും തമിഴും കലര്‍ന്ന സങ്കരഭാഷയെപ്പറ്റി വാചാലനായി. ഒരനുഭവം ഓര്‍മിച്ചെടുത്തു. പണ്ട് കല്പാത്തിത്തെരുവിലൂടെ നടക്കുമ്പോള്‍ തെരുവിന്റെ ഓരത്ത് രണ്ടുകുട്ടികള്‍ തമ്മില്‍ എന്തിനോ ഒരു ശണ്ഠ. ഒരു കുട്ടി മറ്റേ കുട്ടി യോട്: ''എങ്ക്ട്ട് കളിക്കാതെ... രൊമ്പ കളിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്വേന്‍...''
ഈ കലര്പ്പുഭാഷയില് ആംഗലേയവും കടന്നു വരാറുണ്ടെന്ന് വിജയന് അനുഭവം പറഞ്ഞു. അതായിരുന്നു ആദ്യ കൂടിക്കാഴ്ച. എത്രനാള്‍ നാട്ടിലുണ്ടാവും എന്ന എന്റെ കൗതുകത്തിന് വിജയന് വ്യക്തമായ മറുപടി തന്നില്ല. ശല്യമാവണ്ട എന്നു കരുതിയാവും. നന്ത്യാര്‍വട്ടവും ചെമ്പരത്തിയും പൂത്തുനില്ക്കുന്ന ആ വീടിന്റെ മുന്‍പിലുള്ള റോഡിലൂടെ നിത്യവും വൈകീട്ട് ഞാനൊന്ന് നടക്കാനിറങ്ങും. ഉമ്മറത്തെ മുറിയില്‍ ചിലപ്പോള്‍ ഹുക്ക വലിച്ചുകൊണ്ട് ഒറ്റയ്ക്കും മറ്റു ചിലപ്പോള്‍ ആളുകളുമായി കൂടിയിരുന്നും വിജയന് സമയം ചെലവിടുന്നത് അഴികള്‍ക്കിടയിലൂടെ കണ്ടു. എന്റെയീ സായാഹ്നവ്യായാമം വിജയന് കണ്ടുവോ ആവോ? ഒരുനാള്‍ അഴികള്ക്കിടയില് ഊശാന്താടിയുള്ള ആ മുഖം കണ്ടില്ല. തലേന്ന് രാത്രി ദില്ലിക്ക് തിരിച്ചുവെന്ന് അയല്ക്കാരന് സ്വാമി പറഞ്ഞു.
ഖസാക്കിന്റെ മുതലാളിയെ പരിചയപ്പെട്ട ആനന്ദമായിരുന്നു പിന്നീടുള്ള കുറേ ദിവസങ്ങള്‍. കൂട്ടുകാരോടും പരിചയക്കാരായ വായനക്കാരോടും പറഞ്ഞുപറഞ്ഞ് ശരിക്കും ആഘോഷിച്ചു.
മലയാളനാടും കലാകൗമുദിയും വളരെ സജീവമാണന്ന്. വിജയന്റെ പല രാഷ്ട്രീയലേഖനങ്ങളും അതിലാണ് വായിച്ചത്. വിജയന് അപൂര്‍വമായി മാത്രമേ കഥകളെഴുതിയിരുന്നുള്ളൂ. ഹിന്ദുവിലും മാതൃഭൂമിയിലും ഇടയ്ക്കിടയ്ക്ക് കാര്ട്ടൂണുകള് വരും. പലതും മനസ്സിലാവില്ല. എങ്കിലും വിജയനോടുള്ള ഭ്രമംകൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കും. ചിലത് എടുത്തുവെക്കും.
വര്‍ഷങ്ങള്‍ കടന്നുപോകുന്നു. അതിനിടയില്‍ പലപ്പോഴായി വിജയന് കല്പാത്തിയിലെ വീട്ടില്‍ വന്നുപോയിട്ടുണ്ടാവണം. മോത്തിലാല്‍ ഹൈസ്കൂളില്‍ പഠിച്ചിരുന്ന, ശാന്തട്ടീച്ചറുടെ മകന് സൂരജ് എന്റെ സുഹൃത്താണ്. ഒരിക്കല്‍ കണ്ടപ്പോള്‍ ചോദിച്ചു:
''വിജയന് ഇടയ്ക്ക് വരാറുണ്ടോ?''
വളരെ ലാഘവത്തോടെ അവന് പറഞ്ഞു:
''അമ്മാവന് ഇന്നലെ പോയതേയുള്ളൂ...''
എനിക്ക് വലിയ വിഷമമായി. വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോകുന്നതിനിടെ മാതൃഭൂമിയില്‍ ഗുരുസാഗരം വരുന്നു. കലാകൗമുദിയില്‍ പ്രവാചകന്റെ വഴി. ഇതിഹാസത്തിന്റെ ഇതിഹാസം ആസ്വാദക മനസ്സുകളില്‍ അമൃതാകുന്നു. തലമുറകള്‍ എന്ന വലിയൊരു നോവലിന്റെ പണിപ്പുരയിലാണ് വിജയന് എന്ന് വാര്‍ത്തകള്‍.
വിജയന് ദില്ലി വിട്ട് ഹൈദരാബാദിലും പിന്നെ തിരുവനന്തപുരത്തും ഒടുവില്‍ ഒ.വി. ഉഷയുടെ കൂടെ കോട്ടയത്തും ഉണ്ടെന്നറിയുന്നു. 'പാര്‍ക്കിന്‍സണ്‍സ്' രോഗത്തിന്റെ പിടിയിലാണദ്ദേഹം. സുമേഷ് എന്നൊരു പയ്യനെ വെച്ച് എഴുതിക്കുകയാണ്. വിജയനില്‍നിന്നു വരുന്ന എഴുത്തിനുവേണ്ടി മറ്റനേകം വായനക്കാരെപ്പോലെ ഞാനും കാത്തിരുന്നു. തലമുറകള്‍ ഇറങ്ങി. പത്മാസനം എന്ന പേരില്‍ ഒരു മാസ്റ്റര്പീസെഴുതുന്നു എന്ന വാര്‍ത്ത മനസ്സിനെ ശരിക്കും വിജൃംഭിപ്പിച്ചു.
ഒരുനാള്‍ സുഹൃത്തും നിമിഷകവിയുമായ മേലേപ്പാട്ട് വാസു വഴിയരികില്‍വെച്ച് തടഞ്ഞുനിര്‍ത്തുന്നു:
''അറിഞ്ഞില്ലേ?''
''എന്ത്?''
''വിജയന് പാലക്കാട്ടെത്തിയിരിക്കുന്നു...''
എത്രയോ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം കുന്നത്തൂര്‍മേട്ടിലുള്ള ഒരു വീട്ടില്‍ വിജയനെ കാണാന്‍ ചെല്ലുന്നു. ഗോപിനാഥന് എന്നൊരാളുടെ സ്വാതി എന്നു പേരുള്ള വീട്. വിശ്രമത്തിലാണദ്ദേഹം. പണ്ട് കല്പാത്തിയിലെ വീട്ടില്‍വെച്ച് കാണുമ്പോഴുള്ള വിജയനല്ല. കുളിച്ച് വൃത്തിയായിരിക്കുന്നു. മുട്ടോളമെത്തുന്ന ചെറിയ മുണ്ടും ജുബ്ബയും. കൈയില്‍ വാക്കിങ് സ്റ്റിക്കുണ്ട്. നരബാധിച്ച നീണ്ടമുടി പിറകിലേക്ക് ചീകിവെച്ചിരിക്കുന്നു. ഒട്ടിയ കവിള്, കട്ടിക്കണ്ണടക്കുള്ളില്‍ നിരാശയോ ദുഃഖമോ മുറ്റുന്ന കണ്ണുകള്‍. ഏതോ കുഴമ്പിന്റെ മണം അന്തരീക്ഷത്തില്‍ തങ്ങിനിന്നു. വിജയന് എന്നെ തിരിച്ചറിഞ്ഞില്ല. എത്രയോ നേരമായിട്ടും ഒന്നും സംസാരിച്ചതുമില്ല. ഇരിക്കുന്ന ചെയറിനോട് ചേര്‍ന്നുള്ള സ്റ്റൂളില്‍ ചെറിയൊരു പാഡും പേനയും. അതെടുത്ത് അദ്ദേഹം എഴുതി.
'I am not well...'
തൊട്ടടുത്തുള്ള മേശപ്പുറത്ത് കുറേ മരുന്നുപാളികള്. അതില്‍ Pacitane 2 mg എന്നെഴുതിയ ഒരു സ്ട്രിപ്പ് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ ജോലിചെയ്യുന്ന കമ്പനി (ലെഡര്‍ലെ) നിര്‍മിക്കുന്ന മരുന്നാണത്. Tryhexyphenidyl എന്നാണ് രാസനാമം. പാര്‍ക്കിന്‍സണ്‍സ് അസുഖത്തിന് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലം നിയന്ത്രിക്കാനാണ് Pacitane. ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുകയും നാവ് ഒട്ടുകയും ചെയ്യും. വിജയന് സംസാരിക്കാത്തതിന് കാരണം അതുമാവാം. ഏതായാലും വിജയനുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാന്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് എന്ന എന്റെ തൊഴിലും Pacitane എന്ന മരുന്നും സംയുക്തമായി സഹായിച്ചു. ഏതാണ്ട് ഒരു മാസത്തോളം മിക്കവാറും വൈകുന്നേരങ്ങളില്‍ ഞാന്‍ കുന്നത്തൂര്‍മേട്ടിലെ വീട്ടിലെത്തി. വിജയനെ കുളിപ്പിച്ച് ഉമ്മറത്തെ മുറിയില്‍ കൊണ്ടിരുത്തുന്ന സമയമാണത്.
എന്റെ ചോദ്യങ്ങള്‍ക്ക് വിറയുന്ന കൈയാല്‍ കടലാസില്‍ മറുപടി കുത്തിക്കുറിക്കും. പരിചയത്തില്‍ വല്ല ന്യൂറോ ഫിസിഷ്യനുണ്ടോ എന്ന് ഒരുനാള്‍ എഴുതിച്ചോദിച്ചു. പാലക്കാട് അന്ന് സ്പെഷ്യലിസ്റ്റുകളൊന്നുമായിട്ടില്ല. കോയമ്പത്തൂരാണ് ശരണം. മറുപടി എഴുതിയപ്പോള്‍ വിജയന് ആ ശ്രമം ഉപേക്ഷിച്ചു. ഓരോ ദിവസം യാത്ര പറഞ്ഞിറങ്ങുമ്പോഴും ഞാന്‍ വിജയന്റെ പാദങ്ങളില്‍ തൊട്ടുവന്ദിക്കുമായിരുന്നു. വിശക്കുന്നവന്റെ മുമ്പില്‍ ഭക്ഷണം ദൈവമെന്നപോലെ എഴുത്തില്‍ പലവിധ അരിഷ്ടതകളുള്ള എനിക്ക് വിജയന് ഭാഷയിലെ ഏറ്റവും ബലപ്പെട്ട ശിഖരമായിരുന്നു.
ആയിടയ്ക്ക് മള്‍ബറി എന്റെ ഇലച്ചക്രം എന്ന നോവല്‍ പുറത്തിറക്കി. പ്രകാശനത്തെക്കുറിച്ചും മറ്റും ഷെല്‍വി ചോദിച്ചപ്പോള്‍ എന്റെ മനസ്സില്‍ നടക്കാനിടയില്ലാത്ത ഒരു മോഹം. കടലാസില്‍ എഴുതിച്ചോദിച്ചപ്പോള്‍ വിജയന് ഒന്നാലോചിച്ചു. അടുത്തുനില്ക്കുന്ന ഭാര്യ തെരേസയോട് എന്തോ എഴുതിക്കാണിച്ചു. തെരേസ കലണ്ടറില്‍ തീയതികള്‍ നോക്കിയശേഷം 'March 3' എന്നു കുറിച്ചു. വിജയന് 'OK' എന്നെഴുതി. 2002 മാര്‍ച്ച് മൂന്നാംതീയതി ഫോര്‍ട്ട് പാലസ് ഓഡിറ്റോറിയത്തില്‍വെച്ച് വിജയന് ഇലച്ചക്രം പ്രകാശനം ചെയ്തു.
അങ്ങനെയിരിക്കെ ഒരുനാള്‍ പാലക്കാട് വിടുന്നു. ഹൈദരാബാദിലെ വെസ്റ്റ് മറഡപ്പള്ളിയിലേക്ക് എന്നാണോര്‍മ. പത്മാസനത്തിന്റെ ആദ്യ ചില അധ്യായങ്ങള്‍ എഴുതിക്കഴിഞ്ഞു എന്ന് വാര്‍ത്ത വരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ അസുഖം കൂടിയതായുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങി.
ഹൈദരാബാദിലായിരുന്നു മരണം. ഭൗതികശരീരം പാലക്കാട്ട് കൊണ്ടുവരുമ്പോള്‍ ഞാന്‍ മഞ്ചേരിയിലാണ്. റീജണല്‍ മാനേജരോടൊപ്പം വര്‍ക്ക്. എനിക്ക് പക്ഷേ, ജോലിയില്‍ മനസ്സുറയ്ക്കുന്നില്ല. ഉന്മേഷം നശിച്ച എന്റെ മുഖം കണ്ട് ആര്.എം. ചോദിച്ചു:
''What happened?''''
എന്റെ എഴുത്തുകാരന് ഈ ലോകം വിട്ടുപോയിരിക്കുന്നു. അതു പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവില്ല.
''I am not well...''
''Than you may take leave...''
സൂപ്പര്‍ഫാസ്റ്റ് പിടിച്ച് പാലക്കാട് ടൗണ്ഹാളിലെത്തുമ്പോള് പൊതുദര്‍ശനം കഴിഞ്ഞ് ഭൗതികശരീരം എടുക്കാനുള്ള പുറപ്പാടിലാണ്. രോഗങ്ങള്‍ കീഴടക്കി എല്ലും തൊലിയുമായ വിജയനെ ഒരു നോക്കുകണ്ടു.
തൊഴിലിന്റെ ഭാഗമായും അല്ലാതെയും പാലക്കാടിനു പുറത്തേക്ക് പോകുന്നു. പല സംസ്ഥാനങ്ങളില്‍ കമ്പനിയുടെ കോണ്‍ഫറന്‍സുകള്‍, ദേശാടനങ്ങള്‍, യാത്രകള്‍... ഒളിഞ്ഞും തെളിഞ്ഞും വിജയന്റെ സാന്നിധ്യം പലപ്പോഴുമുണ്ടായി.
ഹൈദരാബാദില്‍ മീറ്റിങ്ങിന് ചെല്ലുമ്പോള്‍ കെ.ആര്. വിനയനെ കാണും. വിജയന് ഹൈദരാബാദിലുള്ളപ്പോള്‍ വിനയനുമായി അടുപ്പത്തിലായിരുന്നു. വിജയന്റെ അപൂര്‍വ ഫോട്ടോകള്‍ വിനയന് എടുത്തിട്ടുണ്ട്. ഒരുനാള്‍ ഫ്ളാറ്റില്‍ കൊണ്ടുപോയി ഡിന്നറും അതുകഴിഞ്ഞ് ഹാളില്‍തന്നെ സജ്ജീകരിച്ച ചെറിയ
സ്ക്രീനില്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് കുറേ ഫോട്ടോകളും കാണിച്ചുതന്നു. ആ ശേഖരത്തില്‍ വിജയന്റെ ഗംഭീര ഫോട്ടോകളുണ്ടായിരുന്നു. ഹൈദരാബാദിലെ തണുപ്പില്‍ ഐസ് കട്ടകളിടാതെ സ്നേഹം പങ്കുവെക്കുമ്പോള്‍ സ്വാഭാവികമായും വിജയന്റെ സാഹിത്യം സംഭാഷണ വിഷയമായി.
ദില്ലിയിലെ മയൂര്‍ വിഹാറില്‍ താമസിക്കുന്ന പല്ലശ്ശേനക്കാരന് ദാമോദരന്‍ വര്‍ഷങ്ങളായി അടുത്ത സുഹൃത്താണ്. നാട്ടില്‍ വരുമ്പോള്‍ കാണും. 'വിജയന് മാനിയ' അല്പം കടുപ്പത്തിലുണ്ട്. ദില്ലിയില്‍ ചെന്നപ്പോള്‍ ദാമുവിനെ കണ്ടു. നല്ല ചൂടുള്ള കാലം. ഐസ് കട്ടകള്‍ വേണ്ടിവന്നു. ശരീരം പതുക്കെ വിയര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ദാമുവില്നിന്നും വിജയന് സാഹിത്യം പുറത്തുവരും. അതു കേട്ടിരിക്കാന്‍ വലിയ സുഖമാണ്. നമ്മളും നമ്മുടെ പഴയ വായനനാളുകളിലേക്ക് തിരിച്ചുപോകും.
''പാതക്കിരുവശവും ആശീര്‍വദിക്കാന്‍ പടര്‍ന്നുനിന്ന വഴിമരങ്ങള്‍. ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാര്... സല്ലാപംപോലെ കാറ്റു പതിഞ്ഞുവീശിയ അരയാലുകള്‍. നീലഞരമ്പോടിയ പരന്ന തണലുകള്‍. ആകസ്മികതയുടെ പുള്ളിവെയിലുകള്...''
ദില്ലിയില്‍ വിജയന് പണ്ട് താമസിച്ചിരുന്ന വീട് കാണണോ എന്ന് ദാമു ചോദിച്ചു. വളരെ താത്പര്യത്തോടെ ഞാന്‍ ചാടിപ്പുറപ്പെട്ടു. പോകാന്‍ നിശ്ചയിച്ചിരുന്ന ദിവസം ദാമുവിന്റെ മകന് ബൈക്കില്‍നിന്ന് വീണ് മുറിവുപറ്റിയതിനാല് ആശുപത്രിയിലും മറ്റും പെട്ട് ആ സന്ദര്‍ശനം മുടങ്ങി. ദാമു ഫ്രീയാവുമ്പോഴേക്കും എനിക്ക് മടങ്ങാനും സമയമായി.
കുഴല്‍മന്ദത്തുകാരനായ അച്ചുതന്‍കുട്ടിയെ പരിചയപ്പെടുന്നത് മാട്ടുങ്കയിലെ സൊസൈറ്റിയില്‍ വെച്ചാണ്. പാലക്കാട് അയ്യര്‍മാര്‍ നടത്തിയിരുന്ന മോഡല്‍ കോ-ഓപ്പറേറ്റീവ് ഹോസ്റ്റല്‍ സൊസൈറ്റി. ഞാനന്ന് സയണ്‍ കോളിവാഡയിലാണ് താമസം. രാത്രി ശാപ്പാട് കഴിക്കാനെത്തുന്നത് സൊസൈറ്റിയില്‍. പാലക്കാട്ടുകാര്‍ വൈകാതെ സുഹൃത്തുക്കളായി. സൗഹൃദം സാഹിത്യസംസാരത്തിലേക്ക് ചുവടുവെച്ചു. അച്ചു നല്ല വായനക്കാരനും വിമര്‍ശകനുമാണ്. ലേശം രാഷ്ട്രീയമുണ്ട്. ഒരു കാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. അക്കാലത്ത് ചില്ലറ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇസങ്ങളൊന്നുമില്ല. ഞായറാഴ്ചകളില്‍ വഡാലയിലെ സുഹൃത്തിന്റെ ഫ്ളാറ്റിലും ബോറിവിലി നാഷണല്‍ പാര്‍ക്കിലും മാഹിം ബീച്ചിലും ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയിലും ഞങ്ങള്‍ കണ്ടുമുട്ടി.
ദാമുവിന് വിജയന്റെ സാഹിത്യമായിരുന്നു വിഷയമെങ്കില്‍ അച്ചുവിനത് വിജയന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമായിരുന്നു. വിജയന്റെ ആദ്യകാല ഇടതുപക്ഷ അനുഭാവം, പിന്നീട് ആ ചായ്വിന് ഇടിവ് തട്ടിയത്, അവസാനകാലത്ത് വിജയനില്‍ ആരോപിക്കപ്പെട്ട അതിഹൈന്ദവത, അതിന്റെ പേരില്‍ ചില സൈദ്ധാന്തികന്മാരില് നിന്നും കേട്ട ചീത്തവിളി, അത് അദ്ദേഹത്തിനേല്പ്പിച്ച മുറിവുകള്‍... ഫലിതം എന്ന മട്ടില്‍ അച്ചു എപ്പോഴും ഒരു പൊതുതത്ത്വം പറയും: ''20 വയസ്സിനുള്ളില്‍ കമ്യൂണിസ്റ്റാകാത്തവന് ഒരു മനുഷ്യനല്ല. 30 വയസ്സിനുമേല്‍ കമ്യൂണിസ്റ്റായി തുടരുന്നവനും മനുഷ്യനല്ല...''
വിജയന്റെ പ്രസിദ്ധങ്ങളായ കാര്ട്ടൂണുകള് വെട്ടിയെടുത്ത് ഒട്ടിച്ചുവെച്ച ഒരു വലിയ ബൗണ്ട് ബുക്ക് അച്ചു കാണിച്ചു തന്നു.
ദുബായിലെ ഷറാഫ് DG മൊബൈല്‍ ഷോറൂമില്‍ വെച്ച് പേരാമ്പ്രക്കാരന് വഹാബുമായി ചങ്ങാത്തമാവുമ്പോള് വിജയന്റെ എഴുത്തിനെ ഇത്ര ജാഗ്രത്തോടെ പിന്തുടര്‍ന്ന ഒരാള്‍ അയാളുടെ അകത്തുണ്ടെന്ന് ഒരിക്കലും വിചാരിച്ചതല്ല. ബിസിനസ്സാണ് ജീവിതമാര്ഗമെങ്കിലും ഗൗരവവായനക്കാരന്, വിജയന്റെ സകലതും തേടിപ്പിടിച്ച് വായിച്ചവന്. ഷോറൂം അടച്ച് തിരക്കുകുറഞ്ഞ റോഡിലൂടെ നടക്കുമ്പോഴും ഹോട്ടലില്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴുമെല്ലാം വഹാബ് പറഞ്ഞുകൊണ്ടിരുന്നത് വിജയന്റെ ഭാഷയെക്കുറിച്ചാണ്. രണ്ടു പഴയ/സാധാരണ വാക്കുകള്‍ കൂട്ടിമുട്ടിച്ച് ഉണ്ടാക്കുന്ന ഒരു പുതിയ/ അസാധാരണ വാക്ക്, ഉപയോഗിച്ചു പഴകിയ ഒരു വാക്കിന് വിജയന് ഉപയോഗിക്കുമ്പോള്‍ മാത്രം കിട്ടുന്ന ധ്വനിയും മുഴക്കവും, വാക്കുകളുടെ അര്‍ഥം സൂക്ഷ്മവും കൃത്യവുമാവുന്ന പ്ലേസ്മെന്റ്, വാചകങ്ങള്‍ രൂപപ്പെടു ത്തുന്ന വിധം, അത് പ്രയോഗിക്കുന്ന രീതി... എഴുതപ്പെടുന്ന ഓരോ വാക്കിനും ഒരു വിധിയുണ്ട് എന്ന തോന്നലുണ്ടായത് വിജയനെ വായിച്ചപ്പോഴാണ്. തുടര്‍ന്നുള്ള ദുബായ് ദിനങ്ങളില്‍ എങ്ങനെയെങ്കിലും വഹാബിനെ കാണാനും സമയം ചെലവഴിക്കാനും ഞാന്‍ തിടുക്കം കൂട്ടി.
പുതുവര്‍ഷത്തലേന്ന് ഷെയ്ക് സായിദ് റോഡിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ബുര്‍ജ് ഖലീഫയില്‍ LED പടക്കങ്ങള്‍ പൊട്ടുന്നത് നോക്കിയിരിക്കുമ്പോള്‍ ഒരു സ്വകാര്യംപോലെ വഹാബ് മന്ത്രിച്ചു: ''കുട്ടിക്കാലത്തിന്റെ അപ്രാപ്യമായ ദൂരങ്ങളില്‍ മുഴങ്ങിയ വെടിക്കെട്ട്...''
പാലക്കാടുള്ളപ്പോഴും ബാംഗ്ലൂരിലെ ബാനസവാഡിയിലുമതെ, മേതിലുമൊത്ത് ചെലവിട്ട സമയങ്ങളില്‍ വിജയസല്ലാപങ്ങള്ക്കു തന്നെയായിരുന്നു മുന്നേറ്റം. 38 തവണ ഖസാക്ക് വായിച്ച മേതിലിന് 'പഥികന്റെ കാലിലെ വ്രണം നൊന്തു' എന്ന ഭാഗം ഉരുവിടുമ്പോള്‍ മുഖത്ത് വരുന്ന ഒരു നോവ് അല്ലെങ്കില്‍ അങ്ങനെ എന്തോ ഒന്ന് എത്ര തവണ കണ്ടു!
പ്രപഞ്ചത്തിന്റെ ഏതു തീരത്തു നില്‍ക്കുമ്പോഴും സാഹിത്യം സംസാരവിഷയമാവുമ്പോള് വിജയന് ഒരു സാഗരമാണ്. പല വിതാനങ്ങളുള്ള ഗുരുസാഗരം. പാലക്കാടിനകത്തും പുറത്തും സാഹിത്യബന്ധങ്ങള്‍ രൂപപ്പെടുന്നതില്‍ വിജയന് പലപ്പോഴും കാരണമായിത്തീര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ ദിവാകരേട്ടന് ഈയിടെ കണ്ടപ്പോഴും പറഞ്ഞു: ''അടുത്ത തവണ നാട്ടിലേക്ക് വരുമ്പോള്‍ എന്നെ തസ്രാക്കിലേക്ക് കൊണ്ടുപോണം...''
വിജയനെപ്പോലെ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു സാഹിത്യപ്രേമികള്‍ക്കിടയില്‍ ഖസാക്കിന്റെ മൂലഗ്രാമവും.
(2016 ആഗസ്ത് 14 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)