തെക്കേ മലബാറില്‍ ഏറനാടിനും വള്ളുവനാടിനും ഇടയില്‍, ഭാരതപ്പുഴയുടെ തീരത്ത്, പൊന്നാനി താലൂക്കിലെ ഇന്നും ഏറെ മാറ്റമൊന്നും വന്നിട്ടില്ലാത്ത കുമരനല്ലൂര്‍ എന്ന ഗ്രാമത്തിലെ നമ്പൂതിരി ഇല്ലത്തുനിന്ന് മദിരാശി, ദില്ലി വഴി പരിഷ്‌കാരത്തിന്റെയും കലയുടെയും ലോകതലസ്ഥാനമായ ഫ്രാന്‍സിലെ പാരീസിലേക്കുള്ള പ്രയാണമാണ് അക്കിത്തം നാരായണന്റെ ജീവിതം. അവിടെ എത്തിപ്പെടുന്നതാവട്ടെ അറുപതുകളുടെ അന്ത്യത്തില്‍, പാരീസ് യൂണിവേഴ്സിറ്റിയില്‍ അരങ്ങേറിയ 'വസന്തവിപ്ലവ'ത്തിന്റെ മധ്യത്തില്‍. നാരായണന്‍ പക്ഷേ, സാക്ഷി മാത്രമായിരുന്നു.


സ്വന്തം കലയുടെ പൊരുള്‍ തേടിയുള്ള അന്വേഷണത്തില്‍ അദ്ദേഹം ചെന്നുനിന്നത് താന്ത്രിക കലയില്‍. പാരമ്പര്യത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളില്‍നിന്ന് ഊര്‍ജമാര്‍ജിച്ച് ജ്യാമിതീയ ജൈവരൂപങ്ങള്‍ക്ക് നാരായണന്‍ 'ജ്യോമട്രിക്കല്‍ അബ്സ്ട്രാക്ഷന്‍' എന്നു പേരിട്ടു. കഴിഞ്ഞ അന്‍പതോളം വര്‍ഷങ്ങളായി നിരപ്പായ ചെറിയ പ്രതലത്തില്‍, ചതുരവും ത്രികോണവും വരച്ചും മായ്ച്ചും മാറ്റിവരച്ചും അദ്ദേഹം നിശ്ശബ്ദമായി അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവസാനം, 2015-ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത കലാപുരസ്‌കാരമായ രാജാ രവിവര്‍മ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

മൂത്ത ജ്യേഷ്ഠനായ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നവതി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഈയിടെ നാരായണന്‍ നാട്ടിലെത്തി. തൊട്ടടുത്ത ദിവസം മദിരാശി ആര്‍ട്ട് സ്‌കൂളില്‍ സമകാലീനയായിരുന്ന ടി.കെ. പത്മിനിയുടെ പേരിലുള്ള ഉപഹാരവും അദ്ദേഹം സ്വീകരിച്ചു.


ജന്മദേശത്തുണ്ടായിരുന്ന ആ ഒരു വാരത്തിനിടയില്‍, പഴമയുടെ സുഗന്ധംനിറഞ്ഞ അക്കിത്തം മനയില്‍ മിത്തും ചരിത്രവും ഉറങ്ങുന്ന നാലുകെട്ടില്‍, കൊടുംവേനലിലെ പൊരിവെയിലില്‍, ഒരു പകല്‍ നീണ്ട സംസാരത്തിന് അക്കിത്തം നാരായണന്‍ തയ്യാറായി.

ചിത്രകലപോലെ പാചകകലയും നാരായണന് ഹരം പകരുന്നു. കെ.സി.എസ്. പണിക്കരുടെ കീഴില്‍ കലാപരിശീലനം സിദ്ധിച്ചതുപോലെ, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതവും നാരായണന്‍ അഭ്യസിച്ചിട്ടുണ്ട്. 

കെ.എന്‍. ഷാജി: കുട്ടിക്കാലംഎങ്ങനെയായിരുന്നു? ചിത്രകലയിലേക്ക് തിരിയാനുണ്ടായ സവിശേഷ സാഹചര്യങ്ങള്‍?മറവിയുടെ മൂടല്‍മഞ്ഞില്‍നിന്ന് ആ കാലം ഒന്ന് ഓര്‍മിച്ചെടുക്കുമോ?

അക്കിത്തം നാരായണന്‍: ഈ എട്ടുകെട്ടിന്റെ മുറ്റത്തും ചുറ്റുവട്ടത്തുമാണ് എന്റെ കുട്ടിക്കാലം കഴിഞ്ഞത്. ഇവിടെ ഇരിക്കുമ്പോള്‍, രണ്ടു കാര്യങ്ങള്‍ നഷ്ടമായതുപോലെ തോന്നുന്നു. പണ്ടിവിടെ പടിഞ്ഞാറ് ഒരു പത്തായപ്പുരയുണ്ടായിരുന്നു. തെക്കുഭാഗത്ത് മറ്റൊന്നും. ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍, ഈ ഇല്ലത്തിന്റെ ഉള്ളിലായിരുന്നു അധികവും. മൂത്ത ജ്യേഷ്ഠന്റെ (അക്കിത്തം അച്യുതന്‍ നമ്പൂതിരി) കിടപ്പും വായനയുമൊക്കെ ഈ പത്തായപ്പുരയിലായിരുന്നു. ഈ പത്തായപ്പുര പൊളിച്ചുകൊണ്ടുപോയതാണ് ഇപ്പോള്‍ അദ്ദേഹം താമസിക്കുന്ന വീട്. ആ പത്തായപ്പുരയിലായിരുന്നു ഒരു വലിയ ലൈബ്രറി ഉണ്ടായിരുന്നത്. ഏതാണ്ട് പത്തുമൂവായിരം പുസ്തകങ്ങള്‍ കാണും. താഴത്തെ നിലയിലായിരുന്നു, പഴയ ആധാരങ്ങള്‍, കണക്കുകള്‍, തെരട്ട്, നാള്‍വഴി എന്നിവയൊക്കെ എഴുതിയുണ്ടാക്കിയിരുന്നത്. രണ്ടുമൂന്ന് കാര്യസ്ഥന്മാരും അന്നുണ്ടായിരുന്നു.

ഉപനയനം, സമാവര്‍ത്തനം എന്നിവയൊക്കെ കഴിഞ്ഞിട്ടാണ് സ്‌കൂളില്‍ പോകാന്‍ അച്ഛന്‍ അനുവദിച്ചത്. അപ്പോഴേക്കും എനിക്ക് വയസ്സ് അധികമായി. അതുകൊണ്ട് സ്‌കൂളില്‍ ചേര്‍ക്കില്ലെന്ന് പറഞ്ഞു. രണ്ടോ മൂന്നോ വയസ്സ് കുറച്ചുപറഞ്ഞാണ് സ്‌കൂളില്‍ ചേര്‍ത്തത്. നമ്പൂതിരിമാര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പാടില്ല എന്നായിരുന്നു അന്നത്തെ സമ്പ്രദായം. ജ്യേഷ്ഠന്‍ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് അത് മറികടന്നത്. പിന്നീടതു മാറി. പക്ഷേ, ജാതിപരമായ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചതിനുശേഷമേ ഞങ്ങളെ പുറത്തുവിട്ടുള്ളൂ.

അന്ന് ജ്യേഷ്ഠനെ കാണാന്‍ പലരും വരും. ഇടശ്ശേരി ഗോവിന്ദന്‍നായര്‍, ശൂലപാണി വാര്യര്‍, വി.ടി. ഭട്ടതിരിപ്പാട്. വി.ടി.ക്ക് നമ്പൂതിരിമാരുടെ ഇടയില്‍ അന്നൊരു ഭ്രഷ്ടുണ്ടായിരുന്നു. അച്ഛനെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ഒരകലമുണ്ട്, തൊടില്ല. എന്നാല്‍ അതില്‍ വലിയ വിഷമമുണ്ടായിരുന്നുതാനും.

Akkithamഅക്കാലത്ത് ഒരുപാട് മാഗസിനുകള്‍ പുറത്തുനിന്നും വന്നിരുന്നു. സോവിയറ്റ് നാട്, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പലതരം മാസികകള്‍, അതിലൊക്കെ ഒന്നാന്തരം ചിത്രങ്ങള്‍ ഉണ്ടായിരുന്നു. റിയലിസ്റ്റിക്കാണ്. പെയിന്റിങ്ങുകളുടെ പകര്‍പ്പുകളൊക്കെ അങ്ങനെ കാണാന്‍ പറ്റി. അങ്ങനെയാണ് പെയിന്റിങ്ങിനോട് മമത തുടങ്ങുന്നത്. എന്നാലതിനുമുന്‍പും ഇവിടെ ചുവരിലും തറയിലുമൊക്കെ ഞാന്‍ ചിത്രം വരച്ചിരുന്നു. സ്‌കൂളില്‍, ഫസ്റ്റ് ഫോമില്‍ നന്നായി ചിത്രം വരയ്ക്കുന്ന ഒരു മാഷുണ്ടായിരുന്നു. പെന്‍സില്‍ ഡ്രോയിങ്ങാണ്, കാക്കയും പൂച്ചയുമൊക്കെ. പക്ഷേ, അതു നന്നായി വരച്ചിരുന്നു. പോര്‍ട്രെയ്റ്റ് വരയ്ക്കുമ്പോള്‍, ആ ആളെ വരയ്ക്കും. ആ ആള്‍ ഒരു പ്രത്യേക ആളാണ്. അയാളുടെ വ്യക്തിത്വം അതില്‍ പ്രതിഫലിക്കണം. ഫോര്‍ത്ത് ഫോമില്‍ ആയപ്പോള്‍ ഒരു ബാലകൃഷ്ണന്‍ മാഷ് വന്നു. അദ്ദേഹംമൂലം ചിത്രകലയെക്കുറിച്ച് വിപുലമായ ഒരു ജ്ഞാനമുണ്ടാവാന്‍ തുടങ്ങി. അദ്ദേഹത്തിനുകീഴില്‍ പഠിച്ച്, തൃശ്ശൂര്‍ ടെക്നിക്കല്‍ എഡ്യുക്കേഷനില്‍ പരീക്ഷയെഴുതി പാസ്സായി. ആദ്യത്തെ ചിത്രകലാപഠനം.

മദ്രാസില്‍ വലിയൊരു കോമ്പറ്റീഷന്‍ നടന്നു. മദ്രാസ് മ്യൂസിയം സെന്റിനറി എക്സിബിഷന്‍ കുട്ടികള്‍ക്കുവേണ്ടി ഒരു മത്സരം നടത്തി. എനിക്ക് അതിന് ഒന്നാം സമ്മാനം കിട്ടി. സ്‌കൂളിലേക്ക് ടെലഗ്രാം വന്നു. ഹെഡ് മാസ്റ്റര്‍ അസംബ്ലിയില്‍ അനൗണ്‍സ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് കുറച്ചു കടലാസ്സുകളും പെയിന്റും അയച്ചുകിട്ടി. അതാണ് എന്നില്‍ ഒരു വഴിത്തിരിവായത്. അന്നു ഞാന്‍ തീര്‍ച്ചയാക്കി, എന്റെ വഴി പെയിന്റിങാണ്. അതേ സമയം, സ്‌കൂളിലെ എല്ലാ കലാപരിപാടികള്‍ക്കും ഞാന്‍ ചേര്‍ന്നിരുന്നു. നാടകം, ചിത്രരചന, പ്രസംഗവും കവിതയും, സ്പോര്‍ട്സും ഒഴിച്ച്. ചിത്രകലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കാരണം, മദ്രാസില്‍ നിന്നും കിട്ടിയ പാരിതോഷികമാവാനാണു സാധ്യത. 

ഏട്ടനോട് ഞാന്‍ മദിരാശിയില്‍ പഠിക്കാന്‍ പോകുന്ന കാര്യം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, എസ്.എസ്.എല്‍.സി. കഴിഞ്ഞിട്ട് പോയാല്‍ മതി. ആയിടയ്ക്ക് നാടകങ്ങളില്‍ സ്റ്റേജ് ഡിസൈനിങ്ങിനും മറ്റുമായി രംഗപടം തയ്യാറാക്കാന്‍ ഒരു അച്യുതമേനോന്റെ കൂടെ കുറേക്കാലം ചുറ്റിക്കെട്ടി നടന്നു. ആയിടെ ചിത്രകലാപരിഷത്തിന്റെ ഒരു മീറ്റിങ് ഇവിടെ കുമരനല്ലൂര്‍ വെച്ചു നടന്നു. അവിടെ പ്രസംഗിക്കാന്‍ എം.വി. ദേവനും എം.ടി. വാസുദേവന്‍നായരും വന്നു. അപ്പോള്‍ ഞാന്‍ ദേവനോട് മദിരാശിയില്‍ പോകുന്ന കാര്യം പറഞ്ഞു. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കോഴിക്കോട് വെച്ചു നടന്ന ഒരു കലോത്സവത്തില്‍ പോയപ്പോള്‍ എം.വി. ദേവന്‍ ഒരു കത്തു തന്നു. അതുമായി ഞാന്‍ മദിരാശിയില്‍ പോയി. അന്ന് നമ്പൂതിരി അവിടെയുണ്ടായിരുന്നു. കെ.സി.എസ്.  പണിക്കരെ വീട്ടില്‍ പോയി കണ്ടു. പ്രവേശന പരീക്ഷയില്‍ ഞാന്‍ ജയിച്ചു. അങ്ങനെ ആറു കൊല്ലത്തെ കോഴ്സ് നാലു കൊല്ലമായി കുറച്ചുകിട്ടി. അന്ന് പ്രിന്‍സിപ്പല്‍ റോയി ചൗധരിയായിരുന്നു. കെ.സി.എസ്., വൈസ് പ്രിന്‍സിപ്പലും. പിന്നീട് പണിക്കര്‍ പ്രിന്‍സിപ്പലായി. അപ്പോഴാണ് ഒരുപാട് മാറ്റം വന്നത്. പണിക്കരുടെ ശിഷ്യന്മാരായിരുന്ന മുനിസ്വാമി, അന്തോണിദാസ്, സന്താനരാജ് എന്നീ മൂന്നു മിടുക്കന്മാരെ അധ്യാപകരായി നിയമിച്ചു. അന്നാണ് പുറത്തുപോയി വാതില്പുറ കാഴ്ചകളൊക്കെ വരയ്ക്കാന്‍ കുട്ടികളെ അനുവദിച്ചത്. 1961-ല്‍ ഞാന്‍ ഡിപ്ലോമ എടുത്തു. തുടര്‍ന്ന് എനിക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പു കിട്ടി. രണ്ടുകൊല്ലം പണിക്കര്‍ക്കു കീഴില്‍ പഠിച്ചു. ആ സമയത്താണ് ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് ഉണ്ടാകുന്നത്.

Akkithamഅതിനു കാരണം, സ്‌കൂളില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തു വരുന്നവര്‍ എന്തു ചെയ്യും എന്ന ഒരു ഉത്കണ്ഠ കെ.സി. എസ്സിനുണ്ടായിരുന്നു. ചിലര്‍ സിനിമാ പോസ്റ്റര്‍ വരയ്ക്കാനും, ചിലര്‍ ഡ്രോയിങ് മാഷന്മാരായും മറ്റു ചിലര്‍ ഇതൊന്നുമല്ലാത്ത തൊഴിലിലുമാണ് ഏര്‍പ്പെട്ടിരുന്നത്. അതുകൊണ്ടാണ് കരകൗശല പരിശീലനം തുടങ്ങാന്‍ കെ.സി.എസ് തീരുമാനിച്ചത്. അതിന് വില്പനയുണ്ടാവും, പണവും കിട്ടും. അവിടെ ബാത്തിക് അറിയാവുന്ന ഒരു മാസ്റ്റര്‍ ഉണ്ടായിരുന്നു. അവിടെ ബാത്തിക് പഠിക്കാന്‍ ഞങ്ങളെ നിയോഗിച്ചു. അവിടെ ഒരു കൊല്ലത്തെ കോഴ്സില്‍ ചേര്‍ന്നു. പക്ഷേ, ആ ടെക്നിക്ക് പഠിച്ചപ്പോള്‍ ഞങ്ങള്‍ പോന്നു. അന്ന് മദ്രാസ് ലളിതകലാ അക്കാദമിയുടെ സെക്രട്ടറി എം.വി ദേവനായിരുന്നു. അതിന്റെ ഓഫീസ് ഒരു ചെട്ടിയാരുടെ വക പഴയ കൊട്ടാരമായിരുന്നു. ധാരാളം സ്ഥലസൗകര്യം. ഞങ്ങള്‍ ക്ലാസ്സു കഴിഞ്ഞാല്‍ അവിടെ ചെന്ന് ബാത്തിക് പരിശീലിച്ചുപോന്നു. മറ്റു കുട്ടികളെയും പഠിപ്പിച്ചു. ഒരു കൊല്ലം കൊണ്ട് ഒരുപാട് തുണികളില്‍ ബാത്തിക് ഡിസൈന്‍ ചെയ്തു. അത് എക്സിബിഷന്‍ നടത്തി. നല്ല വില്പനയുണ്ടായി. ഓരോരുത്തര്‍ക്കും ഇരുന്നൂറ്, മുന്നൂറ് രൂപ കിട്ടി. അന്നതൊരു വലിയ തുകയായിരുന്നു. പണിക്കരുടെ നിര്‍ദേശത്താല്‍ ഈ സംഖ്യ ബാങ്കിലിട്ടു. ഏതാണ്ട് മുപ്പതോളം പേരുടെ ഈ സംഖ്യ കൊണ്ടാണ് ഇന്ത്യമ്പാക്കത്ത് സ്ഥലം വാങ്ങി ചോളമണ്ഡലിന് തുടക്കം കുറിക്കുന്നത്.

' എപ്പോഴാണ് മദിരാശി വിട്ട് ദില്ലിക്ക് പോകുന്നത്? എന്താണ് കാരണം?

അക്കാലത്ത് അവതാര്‍ സിംഗ് എന്ന ഒരു പഞ്ചാബി ശില്പി. മദ്രാസില്‍ ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ വന്നു. ഞങ്ങള്‍ പരിചയക്കാരായി. അദ്ദേഹം എന്നെ ദില്ലിക്കു ക്ഷണിച്ചു. അങ്ങനെ ഞാന്‍ അയാള്‍ക്കൊപ്പം ദില്ലിക്കു പോയി, ഒരു വീണ്ടുവിചാരവുമില്ലാതെ.

' ദില്ലി ജീവിതം എങ്ങനെയായിരുന്നു?

1965 അവസാനമാണ് ഞാന്‍ ദില്ലിയിലെത്തിയത്. ആദ്യം അവ്താര്‍ സിങ്ങിന്റെ സഹോദരനായ ഇന്ദ്രജിത്തിന്റെ കൂടെ താമസിച്ചു. അയാള്‍ താമസിച്ചിരുന്നത് അമൃതപ്രീതം എന്ന പഞ്ചാബി കവിയത്രിയുടെ കൂടെയായിരുന്നു. പക്ഷേ, അവരുമായി അടുത്തു പെരുമാറാന്‍ സാധിച്ചിരുന്നില്ല. അവിടെ ഞങ്ങള്‍ ആറുമാസം ബാത്തിക് ചെയ്തു. ഇന്ദ്രജിത്ത് ഒരു തുന്നല്‍ക്കാരനെക്കൊണ്ട് അതെല്ലാം പലതരം വസ്ത്രങ്ങളാക്കി മാറ്റി. അതെല്ലാം വിറ്റു. നല്ല പണം കിട്ടി. പക്ഷേ, ഞാനവിടെ നിന്നില്ല. എന്റെ വഴി ചിത്രകലയാണെന്നും അതിലേക്ക് തിരിയട്ടെ എന്നു പറഞ്ഞ് അവിടം വിട്ടു.

' ദില്ലിയില്‍ പിന്നീട് ചിത്രകലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നോ?

അപ്പോഴാണ്, മദ്രാസില്‍നിന്ന് മൂര്‍ത്തി എന്നൊരാള്‍ ദില്ലിയില്‍ ഗ്യാലറി തുടങ്ങുന്നത്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ മദിരാശി ആര്‍ട്ടിസ്റ്റുകളുടെ കയ്യില്‍ നിന്നു വാങ്ങിയ ധാരാളം ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അവ ആ ഗ്യാലറിയില്‍ വില്പനയ്ക്കു വെച്ചു. സൗത്ത് എക്സ്റ്റന്‍ഷനിലായിരുന്നു ഗ്യാലറി. ഞാന്‍ അവിടെ മാനേജരായി ചുമതലയേറ്റു. അതിനടുത്ത ലജ്പത് നഗറിലായിരുന്നു, കാക്കനാടനും സഹോദരന്മാരും സുകുമാരന്‍ നായരും (ദീര്‍ഘകാലം കാശിരാജാവിന്റെ സെക്രട്ടറിയായിരുന്ന നായര്‍സാബ്) എം. മുകു ന്ദന്റെ ഏട്ടന്‍ എം. രാഘവനും താമസം. ഞങ്ങള്‍ വലിയ സുഹൃത്തുക്കളായി. പതിവായി എം.പി. നാരായണപിള്ള വരും. രാത്രി കിടന്നുറങ്ങുന്നവരെ ഉപദ്രവിക്കലാണ് നാണപ്പന്റെ വിനോദം. എഴുതുന്നത് വരെ തടസ്സപ്പെടുത്തും. നാണപ്പന്‍ പകലു മുഴുവന്‍ കിടന്നുറങ്ങും. എന്നിട്ട് രാത്രി പണിയെടുക്കുന്നവരെ ശല്യപ്പെടുത്തും. അന്ന് വി.കെ.എന്‍. ദില്ലിയിലുണ്ട്. 

പാതിരാത്രി കഴിഞ്ഞ് എവിടുന്നൊക്കെയോ ടാക്‌സി വിളിച്ച് വരും. കാശു കൊടുത്തിട്ടുണ്ടാവില്ല. യമുനയുടെ തീരത്ത് ഒരു ടിബറ്റന്‍ കോളനിയുണ്ട്. അവിടെ 'ഛാംഗ്' കിട്ടും (ടിബറ്റന്‍ മദ്യം) ചിലപ്പോള്‍ അവിടന്നാവും വരവ്. കാക്കനാടനെയോ, രാജനെയോ വിളിച്ച് കാശുമേടിച്ച് ടാക്‌സി പറഞ്ഞുവിടും. ഒരു തരം ബൊഹീമിയന്‍ ജീവിതമായിരുന്നു.

കാക്കനാടന്‍ റെയില്‍വേയിലും രാജന്‍ സോവിയറ്റ് ലാന്‍ഡിലും തമ്പി എയര്‍ ഇന്ത്യയിലുമായിരുന്നു ജോലി ചെയ്തിരുന്നത്. അവര്‍ കേരള ക്ലബ്ബില്‍ പോയി ചീട്ടുകളിച്ച് വരുംവഴി 'ഭാംഗ്' കഴിച്ച് കൊണാട്ട് പ്ലേസിലൊക്കെ കിടന്നുറങ്ങി. നേരം വെളുക്കുമ്പോള്‍ വരും. ഞാനിതിനൊക്കെ സാക്ഷിയായിരുന്നു.

ഞങ്ങള്‍ അധികസമയവും രാഘവന്റെ വീട്ടിലാവും ചെലവഴിക്കുക. മുകുന്ദനുണ്ട്. പകല്‍ മിക്കവാറും അവിടെ കിടന്നുറങ്ങുന്നുണ്ടാവും. തീരെ മെലിഞ്ഞ് ക്ഷീണിച്ച ഒരു പയ്യന്‍.

' പാരീസിലേക്കുള്ള യാത്രയുടെ വഴി തുറന്നത് എങ്ങനെയായിരുന്നു?

ആ സമയത്താണ് എനിക്ക് സ്‌കോളര്‍ഷിപ്പു ലഭിക്കുന്നത്. രണ്ട് സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു. ഒന്ന് ഫ്രഞ്ച്, മറ്റേത് ജര്‍മന്‍. ഞാന്‍ രണ്ടിനും ഇന്റര്‍വ്യൂവിനു പോയി. രണ്ടും കിട്ടി. ആദ്യം വന്നത് 
ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പാണ്. അത് സ്വീകരിച്ചു. അങ്ങനെ 1967 ആഗസ്തില്‍ ഞാന്‍ പാരീസിലേക്കു പോയി.

അന്ന് ദില്ലിയില്‍ എഡ്ഡി എന്ന ഒരു ജര്‍മന്‍ യുവാവ് തിരിഞ്ഞു കളിച്ചിരുന്നു. ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായാല്‍ സൈനികസേവനം നിര്‍ബന്ധമാണ്. അതില്‍നിന്നു രക്ഷപ്പെട്ട് വന്നതാണ്. ചിത്രകലയിലൊക്കെ താത്പര്യമുണ്ട്. ഇന്ത്യന്‍ ഫിലോസഫിയില്‍ കമ്പമുണ്ട്. അയാള്‍ ആനന്ദമാര്‍ഗികളുടെ കൂടെ ചെന്നുപെട്ടു. അതില്‍ നിന്നു രക്ഷപ്പെടാന്‍ ഞങ്ങള്‍ സഹായിച്ചു. തിരിച്ചുപോകാനുള്ള യാത്രാച്ചെലവൊക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ ജര്‍മനിയിലേക്ക് കയറ്റിവിട്ടു. അവിടെ വെച്ചു കാണാമെന്നു പറഞ്ഞ് പിരിഞ്ഞു. ഞങ്ങള്‍ കാണുകയും ഒരുമിച്ച് സ്‌പെയിനിലൂടെ ഒരു സാഹസിക യാത്ര നടത്തുകയും ചെയ്തു.

' പാരീസ് എന്ന അദ്ഭുതലോകം താങ്കളെ എങ്ങനെയാണ് സ്വീകരിച്ചത്?

പാരീസില്‍ വിമാനമിറങ്ങുമ്പോള്‍, ആദ്യം കാണുന്നത് മഞ്ഞുമൂടിക്കിടക്കുന്ന ഒരു പ്രദേശമാണ്. കെട്ടിടങ്ങളും മരങ്ങളും വാഹനങ്ങളും ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. അങ്ങനെയൊരു സമയത്താണ് വിമാനമിറങ്ങുന്നത്. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ആളുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ആരും വന്നില്ല. ഞാന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഒരു ടാക്‌സി പിടിച്ച് അവിടെ എത്താന്‍ വിവരം കിട്ടി. അന്ന് അറ്റാഷെയുടെ വീട്ടില്‍ കൂടി. പിറ്റേന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ എന്നെ സ്റ്റുഡന്റ്സ് സെന്ററിലാക്കി. പാരീസില്‍ എവിടെയെങ്കിലും ചേര്‍ന്ന് പഠിക്കുകയല്ലാതെ ഒരു പ്രത്യേക പരിപാടി ഇല്ലായിരുന്നു. ഞാന്‍ പ്രധാനമായി പഠിക്കാനുദ്ദേശിച്ചത് ഗ്രാഫിക് ആയിരുന്നു. വില്യം ഗ്രേറ്റര്‍ എന്ന ഒരു ഗ്രാഫിക് ആര്‍ട്ടിസ്റ്റ് അന്നവിടെ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരനാണ്. അദ്ദേഹത്തിന്റെ വര്‍ക്ക്ഷോപ്പില്‍ - അക്കാദമി എന്നാണ് പറയുക - ചേര്‍ന്നു. കൃഷ്ണറെഡ്ഢി എന്ന പ്രശസ്ത ഇന്ത്യന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് അവിടെ ഉണ്ടായിരുന്നു. അവിടെ രണ്ടുമാസം പഠിച്ചു. പിന്നെ അവിടെയുണ്ടായിരുന്ന എല്ലാ ഗ്രാഫിക് അക്കാദമികളിലും ഒന്നോ രണ്ടോ മാസം ചേര്‍ന്നു പഠിച്ചു. അതിനു ശേഷമാണ് എക്കോ ഡിബസാര്‍ എന്നു പറയുന്ന പാരീസിലെ ഏറ്റവും വലിയ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചേര്‍ന്നു പഠിച്ചത്. അവിടെ ഗ്രാഫിക്, ലിത്തോഗ്രാഫ്, മോണിമെന്റല്‍ ആര്‍ട്ട്, മൊസൈക്‌സ്, പെയിന്റിങ് എല്ലാം പഠിച്ചു, മൂന്നു കൊല്ലക്കാലം. ഈ മൂന്നു കൊല്ലവും എനിക്ക് സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു. അതായിരുന്നു പഠനം.

'  ജീവിതച്ചെലവിന് മറ്റു വല്ല വരുമാന മാര്‍ഗവും തെളിഞ്ഞുകിട്ടിയോ?

അപ്പോഴേക്കും ജര്‍മനിയിലെ ഒരു ഗ്യാലറിയുമായി കരാറിലേര്‍പ്പെട്ടു. അവര്‍ എന്റെ പെയിന്റിങ്ങുകള്‍ വാങ്ങും. പണം മാസാമാസം അയച്ചു തരും. അവരുമായി സുദീര്‍ഘമായ ഇരുപത്തിനാലുകൊല്ലം ആ കരാര്‍ നിലനിര്‍ത്തി. ഇതിനിടെ, പാരീസിലെ ചില ഗ്യാലറികളുമായും ബന്ധപ്പെട്ടിരുന്നു. 70-ല്‍ ഒരു ഗ്യാലറിയില്‍ എക്‌സിബിഷന്‍ നടത്തി. പിന്നീട് കൊല്ലംതോറും   പാരീസില്‍  എക് സിബിഷനുകള്‍ നടത്താറുണ്ടായിരുന്നു. ജര്‍മന്‍ ഗ്യാലറി കുറേക്കൂടി ശക്തമായപ്പോള്‍ പാരീസ് ഗ്യാലറികള്‍ പതുക്കെ കൈവിട്ടു.

Akkitham

'  ജീവിതസഖിയായിത്തീര്‍ന്ന ജപ്പാന്‍കാരി സച്ചിക്കോയെ കണ്ടുമുട്ടിയതും പ്രണയിച്ചതും വിവാഹം കഴിച്ചതുമായ കാര്യങ്ങള്‍ ഒന്നു പറയാമോ?

പാരീസില്‍ സ്റ്റുഡന്റ്സ് ക്വാര്‍ട്ടേഴ്സുകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സ്ഥലമാണ്. 130 രാജ്യങ്ങളിലെ കുട്ടികള്‍ക്ക് താമസിക്കാനുള്ള ഈ കെട്ടിടങ്ങളില്‍ ഓരോന്നിലും 150 കുട്ടികള്‍ക്ക് താമസിക്കാം. ഇതില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ മൂന്ന് റെസ്റ്റോറന്റുകളുണ്ട്. ഓരോ റെസ്റ്റോറന്റുകളിലും ഒരേ സമയം 1500 കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഏര്‍പ്പാടുകളുണ്ട്. സ്റ്റുഡന്റ്സ് മുഴുവനും കണ്ടുമുട്ടുന്ന ഒരു സ്ഥലമാണിത്. സച്ചിക്കോയെ ഞാനാദ്യം കാണുന്നത് ഇവിടെവെച്ചാണ്. അവര്‍ അവിടെ മ്യൂസിക് പഠിക്കാന്‍ വന്നതാണ്. കാമ്പസില്‍ത്തന്നെയാണ് താമസിച്ചിരുന്നത്, ജപ്പാന്‍ ഹൗസില്‍. ഞാന്‍ ഇന്ത്യാ ഹൗസിലും. ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചതിനുശേഷം അവര്‍ എന്റെകൂടെ ഇന്ത്യാ ഹൗസില്‍ താമസമാക്കി. 73-ലാണ് ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. 74-ല്‍ ഞാന്‍ ജപ്പാനില്‍ പോയി. അവരുടെ അച്ഛനമ്മമാരോട് സമ്മതം ചോദിച്ചു. അവര്‍ സമ്മതിച്ചു. ഇവിടെ ഏട്ടനും സമ്മതിച്ചു. ''നാരായണന് എങ്ങനെ തോന്നുന്നോ അതു തന്നെ ചെയ്‌തോ'' എന്ന് അമ്മയും പറഞ്ഞു. ഈയിടെ അന്തരിച്ച മറ്റൊരു ചേട്ടന്‍ പരമേശ്വരന്‍ ജപ്പാനില്‍വന്ന് വിവാഹത്തില്‍ പങ്കുകൊണ്ടു.

75-ല്‍ ആയിരുന്നു വിവാഹം. 77-ല്‍ ഞങ്ങള്‍ക്ക് ഒരു മകന്‍ പിറന്നു. അവന് അഗ്‌നിശര്‍മന്‍ എന്നു പേരിട്ടു. ഞങ്ങളുടെ കുടുംബത്തില്‍ പണ്ടൊരു അഗ്‌നിശര്‍മന്‍ ഉണ്ടായിരുന്നുവത്രെ, കേട്ടുകേള്‍വിയാണ്. വളരെ പഴയ പേരാണ്. സച്ചിക്കോയുടെ കുടുംബക്കാര്‍ക്കും ഈ പേരിഷ്ടമായി. അവനിപ്പോള്‍ 38 വയസ്സായി. സൗണ്ട് എഞ്ചിനിയറാണ്. അവന്റെ ഭാര്യ ഫ്രഞ്ചുകാരിയാണ്- ഫെയ്സി. അവരുടെ വിവാഹത്തിന് ഞങ്ങള്‍ നാട്ടില്‍വെച്ച് പേരിന് ഒരു 'കുടിയിരിപ്പ്' ചടങ്ങുനടത്തി. അവരിപ്പോള്‍ ടോക്കിയോവില്‍ താമസിക്കുന്നു.

' പാരീസിലെത്തുമ്പോള്‍ അവിടത്തെ കലാലോകം താങ്കളെ എങ്ങനെയാണ് ആകര്‍ഷിച്ചത്? സ്വാധീനിച്ചത്?

പാരീസില്‍ അന്നത്തെ ട്രെന്‍ഡ്, കണ്ടംപററി ആര്‍ട്ട് കൂടാതെ സെനറ്റിയ ആര്‍ട്ട്, അതായത് മൂവ് ചെയ്യുന്ന കല എന്നുപറയും. അതായിരുന്നു പ്രധാന ട്രെന്‍ഡ്. ഇന്നു നമ്മള്‍ കാണുന്ന ഇന്‍സ്റ്റെലേഷസിന്റെ തുടക്കം അക്കാലത്താണ്, 67, 68 കാലത്ത്. അന്ന് പാരീസ് ബെനാലെ എന്ന പ്രദര്‍ശനം ഉണ്ടായിരുന്നു. അവിടെ അന്നു കണ്ടതൊക്കെ നമ്മള്‍ കാണാന്‍ തുടങ്ങുന്നത് ഇന്നാണ്; നാല്പത്തഞ്ചു കൊല്ലത്തിനുശേഷം. അന്ന് ധാരാളം പ്രശസ്തരായ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. ഒരുപാട് പെയിന്റേഴ്സും സ്‌കള്‍പ്ടേഴ്സും. പലരും മരിച്ചു. പണ്ട് വളരെ കേമന്മാരായ ഒന്നോ രണ്ടോ പേരേ കാണൂ. ഇന്നങ്ങനെയല്ല. എല്ലാവരും കേമന്മാരാണ്. അല്ലെങ്കില്‍ ആരും കേമന്മാരല്ല. ആരെയാണ് എടുത്തുപറയേണ്ടത് എന്നറിയില്ല. ഓരോരുത്തര്‍ക്കും ഓരോ വ്യക്തിത്വമുണ്ട്. കലകളില്‍ നിന്ന് പണ്ടത്തെ ആരാധനാ മനോഭാവം നഷ്ടമായിട്ടുണ്ട്. പിക്കാസോ, വാന്‍ഗോഗ്, സെസാന്‍ എന്നിങ്ങനെ ആ പിരീഡില്‍ ഓരോരുത്തര്‍ക്കും പുതുമയുണ്ടായിരുന്നു. ഇന്ന് ഒരുപാട് പുതുമയാണ്. എല്ലാം പുതുമ.

'  താങ്കളുടെ പെയിന്റിങ്ങുകള്‍ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്?

Akkithamഎന്റെ പെയിന്റിങ്ങുകള്‍ എന്നും വളരെ വ്യത്യസ്തമായിരുന്നു. അവിടെ ചെന്നകാലത്ത്, ഫിഗറേറ്റീവ് ചിത്രങ്ങളാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഒരുതരം ക്യൂബിസ്റ്റിക് ടൈപ്പ്. ധാരാളം ഡ്രോയിങ്ങുകള്‍- ബ്ലാക്ക് ല്ക്ക വൈറ്റ്- ഉണ്ടായിരുന്നു. പൊതുവേ പറഞ്ഞാല്‍, ജര്‍മന്‍ ഇംപ്രഷനിസത്തില്‍ പെടുത്താവുന്ന തരം പെയിന്റിങ്ങുകള്‍. 68-ല്‍ അതു നിര്‍ത്തി. പിന്നെ ചെറിയ പെയിന്റിങ്ങുകള്‍ ചെയ്തുതുടങ്ങി. ആയിടെ അജിത് മുഖര്‍ജിയുടെ ഒരു പുസ്തകമിറങ്ങി- താന്ത്രിക് ആര്‍ട്ട്. അത്തരം ചിത്രങ്ങള്‍ ഞാനും ചെയ്തുതുടങ്ങി. വിശ്വനാഥനും ഏതാണ്ടിങ്ങനെയാണ് ചെയ്തത്. പക്ഷേ, അതു കുറേക്കൂടി വലുതായിരുന്നു. അക്കാലത്ത് കെ.സി.എസ്. പണിക്കരുടെ ഒരു കത്തുവന്നു. ''നിങ്ങള്‍ അവിടെപ്പോയിട്ട് അവരുടെ കല ചെയ്യേണ്ടതുണ്ടോ? സ്വന്തമായി എന്തെങ്കിലും ചെയ്തുകൂടെ?'' അത് പുതിയ ഒരു രൂപം കണ്ടുപിടിക്കാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. പണിക്കരുടെ ആഹ്വാനങ്ങള്‍ ശരിക്കും ഒരു പ്രചോദനമായിരുന്നു. ഞാനും വിശ്വനാഥനും ഇത്തരം ചിത്രങ്ങള്‍ ചെയ്തുതുടങ്ങി. ഏതായാലും വിശ്വനാഥന്റെത് കുറേക്കൂടി വലുതാണ്. ഞാന്‍ ഇപ്പോഴും ചെറിയ പെയിന്റിങ്ങുകള്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.

' പാരീസ് കലാജീവിതം തൃപ്തികരമാണോ?

ഞാന്‍ പ്രധാനമായും ജര്‍മന്‍ ഗ്യാലറികളിലായിരുന്നു എക്‌സിബിറ്റ് ചെയ്തിരുന്നത്. എനിക്ക് ബന്ധമുണ്ടായിരുന്ന ഗ്യാലറി കൂടാതെ മറ്റു ഗ്യാലറികളിലും മൂന്നോ നാലോ മാസം കൂടുമ്പോള്‍ എക്‌സിബിഷനുകള്‍ നടത്തിയിരുന്നു. അതുകൊണ്ട് സാമ്പത്തികനില വളരെ ഭദ്രമായിരുന്നു. നന്നായി ജീവിക്കാന്‍ കഴിഞ്ഞു.

'  സ്വന്തം കലാസങ്കല്പങ്ങള്‍ ഒന്നു വിശദീകരിക്കാമോ?

ഇന്ത്യയിലെ നാടന്‍കലകളില്‍ നിന്നും ഉയിര്‍കൊണ്ട, താന്ത്രികകലയില്‍ ആചാരങ്ങളും മന്ത്രവാദം, കളം/കോലം പോലുള്ളവ വരയ്ക്കല്‍, എന്നീ അനുഷ്ഠാനങ്ങളും സമ്മേളിക്കുന്നു. തമിഴ്നാട്ടില്‍ കോലം എന്നും തെലുങ്കില്‍ മുഗ്ഗു എന്നും ഹിന്ദിയില്‍ രംഗോലി എന്നും മലയാളത്തില്‍ കളം എന്നും പറയുന്ന സമ്പ്രദായത്തിലാണ് ഇതിന്റെ അടിവേരുകള്‍. നമ്മുടെ ഭാഷയില്‍ പത്മമിടുക എന്നു പറയും- കറുപ്പ്, വെളുപ്പ്, മഞ്ഞ. ഗണപതിക്കൊക്കെ സ്വസ്തിക വരയ്ക്കാന്‍ ഈ നിറങ്ങളാണുപയോഗിക്കുക. ഈ ചെറിയ ഡയഗ്രമുകള്‍ക്ക് ഓരോ അര്‍ഥം കല്പിച്ചിരുന്നു, അതിഭൗതികമാനങ്ങള്‍. ചതുരം, ത്രികോണം എന്നിവയ്ക്കൊക്കെ ഓരോ അര്‍ഥങ്ങളുണ്ട്. ഗണപതിക്ക് സ്വസ്തിക എന്നു പറഞ്ഞില്ലേ, വിഗ്രഹങ്ങള്‍ക്കു പകരം, സ്വസ്തിക വരച്ചാല്‍ മതി. ഇത് ഒരുതരം ആരാധനാസാധനയായിവന്നു. ഒരു ഇമേജിന്റെ സിംബലായി ഇതു മാറി. എന്നെ സംബന്ധിച്ചിടത്തോളം താന്ത്രിക് ആര്‍ട്ട് ഒരു വിഷ്വല്‍ ആണ്. അതിന്റെ ആത്മീയതലങ്ങളെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. വെറും ദൃശ്യരൂപം എന്നതിലേക്കാണ് ഞാനിതിനെ കാണുന്നത്. ഒന്നാന്തരം അമൂര്‍ത്തചിത്രങ്ങളാണ് താന്ത്രിക് ആര്‍ട്ട്. ഞാനീ രൂപങ്ങള്‍ നേരിട്ട് എടുക്കുകയല്ല ചെയ്തത്. അത് ഉള്‍ക്കൊണ്ട്, പുതിയത് കൂട്ടിച്ചേര്‍ത്ത് അതായത് ഇംപ്രൊവൈസ് ചെയ്ത്, അല്ലെങ്കില്‍ ഉള്ളത് കുറച്ചിട്ടോ ആണ് ഞാന്‍ പുതിയ രൂപങ്ങള്‍ ഉണ്ടാക്കിയത്. അപ്രകാരമാണ് താന്ത്രികത എന്റെ ചിത്രങ്ങളില്‍ പ്രകടമാകുന്നത്.  താന്ത്രിക് ആര്‍ട്ടില്‍ ശക്തമായ രൂപം സൃഷ്ടിച്ചത് കെ.വി. ഹരിദാസനാണ്. സ്വന്തം ചിത്രങ്ങള്‍ക്ക് താന്ത്രിക് ആര്‍ട്ട് എന്ന് ഉപയോഗിച്ചതുതന്നെ ഹരിദാസനാണ്. പഞ്ചഭൂതങ്ങളുടെ അംശം എന്റെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. ക്രമേണ, അതിന്റെ സിംബോളിക് രൂപങ്ങളൊക്കെ പോയിട്ട്, ഇപ്പോള്‍ അബ്സ്ട്രാക്റ്റ് ജ്യോമട്രിയായി എന്നു ഞാന്‍ വിചാരിക്കുന്നു. ജ്യോമട്രിക്കല്‍ അബ്സ്ട്രാക്ഷനില്‍ ഒരു ശക്തി, ഒരു ചൈതന്യം, ഒരുതരം വൈബ്രേഷന്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ തനത് അനുഷ്ഠാനങ്ങളുടെയൊക്കെ ഒരു വൈകാരികതലം എന്റെ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം.