ശ്രേഷ്ഠമായ കഥാപാത്ര ചമത്കാരസിദ്ധി അപൂര്‍വ പ്രതിഭകള്‍ക്കേ സ്വായത്തമാവുകയുള്ളൂ. ഇവരില്‍നിന്ന് സര്‍ഗശേഷി ഒന്നൊന്നായി കുമിളപൊട്ടി പുറത്ത് വമിക്കും. അല്ലാത്തവ പതിരായി മണ്ണടിയും. പ്രകടമായ വൈകാരികതലം സ്ത്രീയിലും പുരുഷനിലും ഇടകലര്‍ത്തി നിര്‍മിക്കാന്‍ നിപുണരായിരിക്കും ഇവര്‍. ഇത്ര ലാളിത്യമാര്‍ന്ന കഥാപാത്രവത്കരണം എങ്ങിനെ നടത്തുന്നു എന്നദ്ഭുതപ്പെട്ടിട്ടുണ്ട് ചിലരുടെ രചനകളിലൂടെ കടന്നുപോകുമ്പോള്‍. വൈകാരികാനുഭവങ്ങളുടെ ലാവയാണ്  അവര്‍ കഥാപാത്രങ്ങളിലേക്ക് ചൊരിയുക. താപമേറ്റാലും ഒരു ഭാഗം കരിഞ്ഞുണങ്ങാതെ നില്‍ക്കും. ആ ഒരു പച്ചപ്പിന്റെ ബാക്കിവയ്പിലൂടെ മുറിവുകള്‍ ഉണക്കിയെടുക്കുന്നു. ഈ ഉണക്കലിന് കഥാപാത്രങ്ങളെ വിധേയമാക്കുന്നയിടത്തുള്ള പരാജയമാണ് പല രചനാതന്ത്രങ്ങളുടെയും വീണുടയലിന്റെ കാരണം.

പ്രേക്ഷകരുടെ  ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന, കത്തുന്ന അനുഭവങ്ങള്‍ അതേ രൂപങ്ങളായി സെല്ലുലോയ്ഡില്‍ തെളിയുമ്പോള്‍ അറിയാതെ ഒരിറ്റു കണ്ണീര്‍ ഭൂമി തൊടും. തങ്ങളുടെ സ്വകാര്യ അനുഭവങ്ങള്‍ സ്വായത്തമാക്കിയ മനുഷ്യനെ തേടുകയായിരിക്കും തിയേറ്റര്‍ വിട്ട ഓരോ പ്രേക്ഷകരും അപ്പോള്‍മുതല്‍. അത്തരം തേടലുകള്‍ക്ക് പാത്രമായൊരാള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുനില്‍ക്കും. നാട്ടനുഭവങ്ങളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ത്ത് പുതിയ വല തുന്നുന്ന തിരക്കിലാണയാള്‍. ലോഹിതദാസ് എന്ന സാധാരണ നാട്ടുമ്പുറത്തുകാരനായ മനുഷ്യന്‍. സ്വഭാവം കൈനോട്ടക്കാരുടേതാണ്. മുഖം നോക്കി നമ്മുടെ ഉള്ളിലെ കെട്ടുപിണഞ്ഞുകിടക്കുന്ന കഥക്കൂട്ടിനെ വലിച്ച് വെളിയിലിട്ട് കൊത്തിപ്പെറുക്കും. മുള്ളും മുരിക്കും പതിരും വേര്‍തിരിച്ച് അയാള്‍ക്ക് കൊതി തോന്നുന്ന വിഭവങ്ങള്‍ ശേഖരിക്കും. കന്മദം ഇത്തരം തീവ്രാനുഭവങ്ങളില്‍ പിറന്ന കുഞ്ഞാണ്. ജീവിക്കാന്‍ വക തേടി ബോംബെയിലേക്ക് പലായനംചെയ്ത ഒരാളുടെ ജീവിതത്തില്‍നിന്നാണ് കന്മദം പെയ്തിറങ്ങിയത്. പക്ഷേ, കന്മദം കാണിച്ചുതന്നത് മറ്റൊന്നുകൂടിയുണ്ട്. പ്രതികൂല കാലാവസ്ഥയുള്ള സാമൂഹിക ചുറ്റുപാടില്‍ തന്നെ ആശ്രയിക്കുന്ന അഞ്ച് ജീവിതങ്ങളെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകാതെ തെളിച്ചുകൊണ്ടുപോകുന്ന ചങ്കുറപ്പുള്ള ഒരു പെണ്ണിന്റെ കഥകൂടിയാകുന്നു കന്മദം. ഇവിടെ  പ്രഭചൊരിയുന്നത് നായികയാണ്. അവളുടെ വാക്കിനും നോക്കിനും മുന്നില്‍ ചൂളിപ്പോകുന്നത് നായകനടക്കമുള്ളവര്‍. സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന ഒരു സിനിമയില്‍ നായികയെ നായക സമാനമായി ഉയര്‍ത്താന്‍ ലോഹിക്കല്ലാതെ മറ്റാര്‍ക്ക് പറ്റും? ഇവിടെ കഥാകൃത്തിനാണ് മൂല്യം. കഥയും നായികയും നായകനൊപ്പം ഉയരുന്നു.

Kanmadhamstills

കത്തിയുടെ മൂര്‍ച്ചയുള്ള സ്വഭാവമായി എത്തുന്ന ഭാനുവായാണ് മഞ്ജുവാര്യര്‍ അഭിനയിച്ചത്. അധികം മേക്കപ്പുകളില്ലാതെ പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി കണ്ണുകള്‍ രൗദ്രതയില്‍ എത്തിച്ചപ്പോള്‍ മഞ്ജു ശരിക്കും ഭാനുവായി മാറുകയായിരുന്നു. ആ കഥാപാത്രത്തിന്റെ വിജയം ചിത്രത്തിന്റെ വിജയമായി മാറി. 55 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം. പാലക്കാട്ടെ കരിങ്കല്‍ ക്വാറിയും മലമ്പുഴയ്ക്കടുത്തുള്ള കവാ എന്ന സ്ഥലത്തും വെന്തുരുകുന്ന കാലാവസ്ഥയില്‍ തിരക്കിട്ട ചിത്രീകരണമായിരുന്നു. അതിരാവിലെ ആരംഭിച്ച ചിത്രീകരണം 11 മണിവരെ തുടരും. അപ്പോഴേക്ക് സൂര്യന്‍ വെള്ളിവാള്‍ വീശും. പിന്നെ വെയില്‍ ചായുമ്പോള്‍. ബാക്കി ഭാഗങ്ങള്‍ രാത്രിയിലും. കടുത്ത വേനലായിരുന്നതിനാല്‍ പലയിടങ്ങളും കരിഞ്ഞുണങ്ങിയിരുന്നു. കവായിലെ ഇത്തിരിയെങ്കിലും പച്ചപ്പുള്ള സ്ഥലം ആശ്വാസമേകി. ഏപ്രില്‍ 14 വിഷുവിന് റിലീസ് നിശ്ചയിച്ച് , ചിത്രീകരണം ആരംഭിച്ചത് ഫെബ്രുവരിയില്‍. ഒരു സിനിമയുടെ ചിത്രീകരണം മുഴുവനും പൂര്‍ത്തിയാക്കി റിലീസ് പ്രിന്റുമായി തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത് എന്റെ സിനിമാജീവിതത്തില്‍ ആദ്യമായിട്ടാണ്. 

ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സംവിധായകമികവ് കാട്ടിയ ലോഹിതദാസിന്റെ രണ്ടാമത്തെ ചിത്രമായ കാരുണ്യത്തിന്റെ ഛായാഗ്രാഹകനായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ ഇന്നും മായാതെകിടപ്പുണ്ട്. ചിത്രീകരണം തുടങ്ങുന്ന ദിവസം രാവിലെ ലോഹിയുടെ മുറിയില്‍ ചെന്നിരുന്നു. പെട്ടെന്ന് ലോഹി എന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. അത് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വളരെ പ്രഗല്ഭനായ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിയുടെ ഗുരുത്വവും മഹാമനസ്സും കണ്ട് എന്റെ മനസ്സ് നിറഞ്ഞു. 

Kanmadhamstills

ഈ സിനിമയുടെ ചിത്രീകരണാരംഭത്തിലും ലോഹിക്ക് സ്‌ക്രിപ്റ്റ് മുഴുവനാക്കാന്‍പറ്റിയിരുന്നില്ല. അന്നന്ന് ഷൂട്ട്‌ചെയ്യേണ്ടവ രാവിലെയാണ് എഴുതുന്നത്. യൂണിറ്റ് മുഴുവന്‍ രാവിലെ റെഡിയാകുമെങ്കിലും ഷൂട്ട് ആരംഭിക്കാന്‍ വൈകും. ഏതാണ്ട് 55 ദിവസംകൊണ്ട് ഷൂട്ടിങ്ങും എഡിറ്റിങ്ങും ഡബ്ബിങ്ങും റീ റെക്കോഡിങ്ങും പൂര്‍ത്തിയാക്കണം. സംവിധാനച്ചുമതലകൂടിയായപ്പോള്‍ ലോഹിക്ക് വളരെയധികം സമ്മര്‍ദം ഏല്‍ക്കേണ്ടിവന്നു. ലോഹിയുടെ രീതികള്‍ അറിയാവുന്ന സഹസംവിധായകനായ ബ്ലെസി ഷൂട്ടിങ് തടസ്സമില്ലാതെ കൊണ്ടുപോയി. അതേസമയം ഷൂട്ടിങ് പൂര്‍ത്തിയാകുന്നമുറയ്ക്ക് ചിത്രത്തിന്റെ ഓരോ ഭാഗങ്ങളും സംവിധായകനായ സുന്ദര്‍ദാസ് മദ്രാസിലിരുന്ന് എഡിറ്റിങ് പൂര്‍ത്തിയാക്കിക്കൊണ്ടിരുന്നു. 

കന്മദം സിനിമയുടെ റിലീസിനുശേഷം തിരുവനന്തപുരത്തുവെച്ചു കണ്ടപ്പോള്‍, ഇനി സ്‌ക്രിപ്റ്റ്  മുഴുവന്‍ പൂര്‍ത്തിയാകാതെ സിനിമ ചെയ്യാനില്ല എന്ന് ലോഹി നെഞ്ചത്ത് കൈവെച്ചു പറഞ്ഞു. പക്ഷേ, ഫലമേതുമില്ല. വാക്ക് വെള്ളത്തില്‍ വരച്ച വരയായി. ലോഹി സംവിധാനംചെയ്ത അടുത്ത പടമായ ഓര്‍മ്മച്ചെപ്പിന്റെ അവസ്ഥയും പതിവുപോലെ തുടര്‍ന്നു.
Kanmadhamstillsമോഹന്‍ലാലിനോടൊപ്പം അതേ പ്രാധാന്യമുള്ള കഥാപാത്രമാണ് ലാലിന്റെതും. ലാലിന്റെ അഭിനയജീവിതത്തിലെ തുടക്കകാലമാണ്. ജയരാജിന്റെ കളിയാട്ടത്തില്‍ ഗംഭീരമായ കന്നി അഭിനയം കാഴ്ചവെച്ചതിന്റെ ആവേശത്തിലാണ് കന്മദത്തിലെത്തിയത്. പക്ഷേ, ഇതില്‍ വ്യത്യസ്തമായ കഥാപാത്രം. ലാല്‍ പലപ്പോഴും കഥാപാത്രത്തിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടി. ഇത് തന്നെക്കൊണ്ട് പറ്റില്ലെന്നു പറഞ്ഞ് ഈ കഥാപാത്രത്തെ ഉപേക്ഷിക്കാന്‍തന്നെ തീരുമാനിച്ചു. പക്ഷേ, ലോഹി വിട്ടില്ല. ലാലിനെക്കൊണ്ടു മാത്രമേ ഇത് ചെയ്യാന്‍പറ്റുകയുള്ളൂ എന്നുപറഞ്ഞ് പ്രോത്സാഹിപ്പിച്ചു. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ കഥാപാത്രമായി പിന്നീട് ലാലിന്റെ ജോണി. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് മുത്തശ്ശിയുടേത്. സത്യജിത് റായിയുടെ പഥേര്‍ പാഞ്ജലിയിലെ മുത്തശ്ശിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു അത്. ഈ കഥാപാത്രത്തിനുവേണ്ടി സിനിമയില്‍ സജീവമായിരിക്കുന്ന പല നടിമാരെയും ആലോചിച്ചു. പക്ഷേ, ആരും ലോഹി വിചാരിക്കുന്ന അപ്പിയറന്‍സുമായി യോജിക്കുന്നില്ല. ഒടുവില്‍ ആരോ പറഞ്ഞതനുസരിച്ച് തത്തമംഗലത്ത് സാവിത്രിയമ്മ എന്ന ഒരമ്മൂമ്മയെ കണ്ടെത്തി. ലോഹി ഉദ്ദേശിച്ച അതേ രൂപം. വീട്ടുകാരുടെ സമ്മതം വാങ്ങിച്ച് ലൊക്കേഷനിലെത്തിച്ചു. ഒരു സിനിമയുടെ ചിത്രീകരണംപോലും കണ്ടിട്ടില്ലാത്ത അവര്‍ മുത്തശ്ശിയായി ഗംഭീര അഭിനയം കാഴ്ചവെച്ചു. സ്വാഭാവിക സംഭാഷണങ്ങള്‍ അവര്‍ വളരെ ആസ്വദിച്ചാണ് പറഞ്ഞത്. കൊച്ചുമകനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടുള്ള സംഭാഷണ രംഗങ്ങളില്‍ തഴക്കവും പഴക്കവും ചെന്ന ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് അവര്‍ പെരുമാറിയതെന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും.

'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' എന്ന ഗാനരംഗത്ത് മോഹന്‍ലാലിനൊപ്പം ആദ്യ ടേക്കില്‍തന്നെ മുത്തശ്ശി ഒ.കെ.യാക്കി.
മലമ്പുഴ ഡാമിനടുത്തുള്ള 'കവാ' ലൊക്കേഷന്‍ കണ്ടപ്പോള്‍ ട്രാക്ക് ആന്‍ഡ് ട്രോളി ഇടാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു. ഉയര്‍ന്നും താഴ്ന്നുമുള്ള പാറപ്രദേശമായതിനാല്‍ ട്രാക്ക് ഉറപ്പിക്കാന്‍പറ്റില്ല. അതിനുവേണ്ടി തടികൊണ്ട് വിവിധ വലുപ്പത്തിലുള്ള പെട്ടികള്‍ (ആപ്പിള്‍ ബോക്സ്) ഉണ്ടാക്കണമെന്ന് ആര്‍ട്ട് ഡയറക്ടര്‍ ബാവയോട് ഞാന്‍ ആവശ്യപ്പെട്ടു. അത്രയും പെട്ടികള്‍ എങ്ങനെ ഉണ്ടാക്കുമെന്ന് അദ്ദേഹം തലപുകച്ചു. അതിനു പറ്റിയ ബോക്സുകള്‍ എത്രവേണമെങ്കിലും എത്തിക്കാമെന്ന് പ്രൊഡക്ഷന്‍ വിഭാഗം പറഞ്ഞു. അതെങ്ങനെയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഷാജി എന്‍. കരുണ്‍ സംവിധാനംചെയ്ത വാനപ്രസ്ഥത്തിനുവേണ്ടി ഫ്രഞ്ച് ക്യാമറാമാന്‍ റെനാട്ടോ ബെര്‍ട്ട ധാരാളം ആപ്പിള്‍ ബോക്സുകള്‍ ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. അത് മുഴുവനും ഒരു വാനില്‍ കയറ്റിക്കൊണ്ടുവന്ന് ചിത്രീകരണസ്ഥലത്തിറക്കി. ഏത് ചരിഞ്ഞതും കുഴിയുള്ളതുമായ സ്ഥലത്തും ആപ്പിള്‍ ബോക്സും ഫോള്‍ഡിങ് പ്‌ളാറ്റ്ഫോമുകളും ഉപയോഗിച്ച് ട്രാക്ക് ആന്‍ഡ് ട്രോളിയും ക്രെയിനും കൈകാര്യംചെയ്യാം. അതോടുകൂടി ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ പിന്നെ വിശ്രമമില്ലാതെ പണിയെടുത്തുതുടങ്ങി. 

Kanmadhamstills

ചൂടുകാലമായതിനാല്‍ യൂണിറ്റില്‍ എല്ലാവര്‍ക്കും കുടിക്കാന്‍ ധാരാളം കുപ്പിവെള്ളവും സോഫ്റ്റ് ഡ്രിങ്ക്സും കൃത്യമായി എത്തിക്കൊണ്ടിരുന്നു. അസിസ്റ്റന്റുമാര്‍ക്കുപോലും റൂമിലേക്കാണ് കാര്‍ട്ടണ്‍ നിറയെ സോഫ്റ്റ്  ഡ്രിങ്ക്സ് എത്തിച്ചുകൊണ്ടിരുന്നത്. പതിവില്ലാത്ത ഈ പരിപാടി കണ്ട് എല്ലാവരും അന്ധാളിച്ചു. വാനപ്രസ്ഥം ചിത്രീകരണസമയത്ത് വിദേശികളായ സാങ്കേതികവിദഗ്ധര്‍ക്ക് കുടിക്കാന്‍ കൊക്കകോള കൊടുത്തില്ലെന്നു പറഞ്ഞ് ഷൂട്ടിങ് ഒരുദിവസം നിറുത്തിവെച്ച സംഭവമുണ്ടായിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനാണ് പ്രൊഡക്ഷന്‍ ടീം സജീവമായി ഇക്കാര്യത്തില്‍ നിലപാട് എടുത്തത്. 
ഒരു വലിയ പാറപ്പുറത്താണ് ഭാനു എന്ന കഥാപാത്രത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. തൊട്ടടുത്താണ് ആലയുടെ സെറ്റും. ഭാനുവിന്റെ വീട്ടില്‍നിന്ന് നോക്കിയാല്‍ വിശ്വനാഥന്റെ (മോഹന്‍ലാല്‍) വീട് കാണണം. ചില ഷോട്ടുകളില്‍ ഇത് ഒരു ഫ്രെയ്മില്‍തന്നെ കാണിക്കുകയും വേണം. രാത്രിയില്‍ രണ്ടു വീടുകളും ഒരേപോലെ ലൈറ്റപ്പ് ചെയ്തു. ഭാനുവിന്റെ വീടിന് എതിര്‍വശത്ത് ഒരു ചെറിയ കുന്നുണ്ട്. രാത്രിയില്‍ അതിന്റെ മുകളില്‍ വിശ്വനാഥന്‍ നില്‍ക്കുന്ന രംഗങ്ങളുമുണ്ട്. വീട്ടിലിരുന്ന് ഭാനു അത് കാണുന്നതുപോലെ ചിത്രീകരിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടി.

പാലക്കാട് കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലമാണ്. കൊടുംവേനലിലായിരുന്നു പാറമടയിലെ ഷൂട്ട്. വെയിലേറ്റ് ചുട്ടുപഴുത്ത പാറയില്‍ നിന്ന് പ്രതിഫലിക്കുന്ന ചൂടാണ് അതികഠിനം. രാവിലെ ചിത്രീകരണം തുടങ്ങിയാല്‍ 11 മണിയാകുമ്പോഴേക്കും തളര്‍ന്നു പോകും. പിന്നെ ചിത്രീകരിക്കുന്നത് ആലോചിക്കാന്‍ കൂടി കഴിയില്ല. എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. ചിലരുടെ ശരീരഭാഗങ്ങള്‍ വെയിലേറ്റ് പൊള്ളിപ്പോയ സംഭവവുമുണ്ട്. രാവിലത്തെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഇടവേള നല്‍കും. അടുത്തത് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് തുടങ്ങുക. ആ പൊരിവെയിലത്ത് തമിഴ് വില്ലന്‍ താരം വിമല്‍രാജുമായുള്ള സംഘട്ടന രംഗങ്ങള്‍ മോഹന്‍ലാലല്ലാതെ വേറൊരു നടനും മടികൂടാതെ ചെയ്യില്ല.

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന പാട്ട് ആദ്യമായി ലൊക്കേഷനില്‍ വെച്ച് കേട്ടപ്പോള്‍ പലരും നെറ്റി ചുളിച്ചു. കാരണം, അത് രവീന്ദ്രന്‍ മാസ്റ്ററുടെ പരുക്കന്‍ ശബ്ദത്തില്‍ ട്രാക്ക് പാടിയതായിരുന്നു. പിന്നീട് അത് യേശുദാസ് അദ്ദേഹത്തിന്റെ മധുരമനോഹരമായ ആലാപനം കൊണ്ട് അനശ്വരമായി മാറ്റിയെടുത്തു. കൊടുംവേനല്‍ ചൂടില്‍ ഭൂമിയാകെ എങ്ങും വരണ്ടുണങ്ങിക്കിടന്നു. ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ സമയക്കുറവ്. നോക്കിയപ്പോള്‍ മലമ്പുഴ ഡാമിനുള്ളില്‍ വറ്റിവരണ്ട് വിണ്ടുകീറിയ ചില ഭാഗങ്ങളില്‍ പച്ചത്തുരുത്തുകള്‍ കണ്ടു. പിന്നീട് അവിടെ വെച്ചായിരുന്നു ഗാനചിത്രീകരണം. ഷൂട്ടിങ്ങിന്റെ അവസാന ദിവസം പായ്ക്കപ്പ് പറഞ്ഞ് വണ്ടികള്‍ പുറപ്പെടാന്‍സമയം അതിഗംഭീര മഴയായിരുന്നു. അല്‍പ്പം കൂടി ഷൂട്ടിങ് നീണ്ടുപോയിരുന്നെങ്കില്‍ മഴ കാരണമുണ്ടായ ചെളിയില്‍ പുതഞ്ഞ് വണ്ടികള്‍ മുന്നോട്ട് എടുക്കാന്‍ പറ്റാതെ കുടുങ്ങിപ്പോയേനെ. മാത്രമല്ല പലര്‍ക്കും മദ്രാസിലേക്ക് അന്ന് രാത്രിയുള്ള ട്രെയിന്‍ കിട്ടാതെ പോകുമായിരുന്നു.
മലമ്പുഴയിലെ ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ മദ്രാസിലേക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിനായി യാത്ര തിരിച്ചു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സ്റ്റുഡിയോയില്‍ പ്രൊസസിങ്ങിനായി കൊടുത്ത് ബോംബെയിലെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ഫ്‌ളൈറ്റില്‍ യാത്ര തിരിച്ചു. രണ്ട് ദിവസത്തെ ഷൂട്ടാണ് അവിടെ പ്ലാന്‍ ചെയ്തിരുന്നത്.

ഭാര്യയുടെ മരണശേഷം നടന്‍ സിദ്ദിഖ് സിനിമയില്‍നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് കന്മദത്തില്‍ ഒരു വേഷം ഉണ്ടെന്ന് പറഞ്ഞ് ലോഹിതദാസ് വിളിക്കുന്നത്. ആദ്യം സിദ്ദിഖ് എതിര്‍ത്തു. ഒറ്റ സീനാണെന്നും അത് സിദ്ദിഖ് തന്നെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോഴും താത്പര്യം കാണിച്ചില്ല. എന്നാല്‍ താങ്കള്‍ അങ്ങനെ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളല്ല എന്നൊക്കെ ലോഹി പറഞ്ഞതോടെ വരാന്‍ സന്നദ്ധനായി. അങ്ങനെ ബോംബെയിലെത്തി. യൂണിറ്റ് താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രണ്ട് മണിക്കൂറോളം യാത്രയുണ്ട് ലൊക്കേഷനിലേക്ക്. മോഹന്‍ലാലിനൊപ്പമാണ് സിദ്ദിഖ് ലൊക്കേഷനിലേക്ക് പോയത്. രണ്ടുപേരും ദീര്‍ഘമായി സംസാരിച്ചു. അവസാനം ലാല്‍ സിദ്ദിഖിനോട് ചോദിച്ചു:  ''ഇനിയൊരു വിവാഹം കഴിക്കണ്ടേ?'' ലാലിന്റെ ചോദ്യം കേട്ട് സിദ്ദിഖ് അമ്പരപ്പോടെ ചോദിച്ചു ''ഇനിയോ?'' ''ഇനിയെന്താ കുഴപ്പം?'' എന്നായി ലാല്‍. ഇനിയും പ്രശ്‌നമുണ്ടായാല്‍ അത് താങ്ങാന്‍ കഴിയില്ല എന്ന് സിദ്ദിഖ് പറഞ്ഞപ്പോള്‍ ലാല്‍ വാചാലനായി: ''ഒരാളുടെ ജീവിതത്തില്‍ എന്നും ഒരേ പ്രശ്നങ്ങളുണ്ടാകുമോ? അല്ലെങ്കിലും സിദ്ദിഖിന് മാത്രമേയുള്ളോ ഇത്തരം പ്രശ്‌നങ്ങള്‍? ഇതിനെക്കാള്‍ വലിയ അനുഭവമുള്ളവര്‍ അതൊക്കെ മറന്ന് ഇവിടെ ജീവിക്കുന്നില്ലേ? ഇതൊന്നും നിങ്ങള്‍ ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോഴേ ഇതെല്ലാം എഴുതിവെച്ചിട്ടുണ്ട്. അതാര്‍ക്കും മാറ്റിമറിക്കാനാകില്ല.''

മോഹന്‍ലാലിന്റെ വാക്കുകള്‍ സിദ്ദിഖിന്റെ കഠിനമായ വേദനകളെ അലിയിച്ചുകളഞ്ഞു. അതുവരെ ഉണ്ടായിരുന്ന ബാലിശമായ ചിന്തകളെല്ലാം വിട്ടുപോയി. സിദ്ദിഖ് ആശ്വസിച്ചു. 

Kanmadhamstills

''എനിക്കൊരു പ്രശ്നമുണ്ടായപ്പോള്‍ പലരുമെന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നു. പക്ഷേ, ഈ മനുഷ്യന്‍ എന്റെ മനസ്സുതന്നെ മാറ്റിയിരിക്കുന്നു''. നിസ്സംശയം പറയട്ടെ പിന്നീടുള്ള ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്തുപാകിയത് അന്ന് ലാലായിരുന്നുവെന്ന് സിദ്ദിഖ് ഓര്‍ക്കുന്നു. 
ഒരു ടാക്സിയില്‍ ലാലും മോഹന്‍ലാലുമായുള്ള രാത്രിരംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. ഞങ്ങള്‍ ക്യാമറയും ലൈറ്റും ഒരു വണ്ടിയില്‍ സെറ്റ്ചെയ്ത് വിവിധസ്ഥലങ്ങളില്‍ ഷൂട്ട് ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു പൊലീസ് ജീപ്പ് വന്ന് ഞങ്ങളെ തടഞ്ഞുനിര്‍ത്തി. മോഹന്‍ലാലാണ് വണ്ടി ഓടിക്കുന്നത്. ഞങ്ങള്‍ ഷൂട്ടിങ്ങാണെന്ന് പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഓഫീസര്‍ ഹിന്ദിയില്‍ എന്തൊക്കയോ ചോദിക്കുന്നു. ഞങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരുന്ന വണ്ടിയില്‍ ബോംബെയിലെ മാനേജര്‍ ഓടി വന്ന് കൈമടക്ക് കൊടുത്തതും പൊലീസ് അപ്പോഴേക്കും പോയി. പിന്നീടാണ് അറിഞ്ഞത് ഞങ്ങള്‍ ഷൂട്ടിങ്ങിന്റെ അനുവാദം വാങ്ങിയ സ്റ്റേഷന്റെ അതിര്‍ത്തി കഴിഞ്ഞുപോയിരുന്നു. ഇനിയും മുന്നോട്ടു പോയാല്‍ വീണ്ടും പുതിയ ആള്‍ക്കാര്‍ കാശിനായി വരുമെന്ന മുന്നറിയിപ്പും കിട്ടി. എന്തായാലും ഷൂട്ടിങ് വേഗംപൂര്‍ത്തിയാക്കി ഞങ്ങള്‍ സ്ഥലംവിട്ടു. ഇതുകൊണ്ടുതന്നെയാണ് ഹിന്ദി സിനിമകള്‍ ബോംബെ നഗരവീഥികളില്‍ അധികം ഷൂട്ട്ചെയ്യാത്തത്. ഔട്ട്ഡോര്‍ പകല്‍ രംഗങ്ങളും വേഗത്തില്‍ തീര്‍ത്ത് ഞങ്ങള്‍ മദ്രാസിലേക്ക് തിരിച്ചു. അവിടെ സ്റ്റുഡിയോയില്‍ ബോംബെയിലെ ഇന്‍ഡോര്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. ഒപ്പം ചില പഴയകെട്ടിടങ്ങളുടെ പുറം വാതില്‍കാഴ്ചകളും. ലോക്കപ്പിലിട്ട് പൊലീസുകാര്‍ മോഹന്‍ലാലിനെ മര്‍ദിക്കുന്നരംഗം മദ്രാസില്‍ സെറ്റിട്ട് ചിത്രീകരിക്കുകയായുന്നു.

ഒരു ഭാഗത്ത് റീ റെക്കോഡിങ്. എ.വി.എം. സ്റ്റുഡിയോയില്‍ സുന്ദര്‍ദാസിന്റെ നേതൃത്വത്തില്‍ എഡിറ്റിങ്ങും മറ്റൊരിടത്ത് ഡബ്ബിങ്ങും. ലോഹിതദാസ് നാലുഭാഗത്തും ഓടിനടന്ന് നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. പാട്ടിന്റെ ശേഷിച്ച ചില കട്ട്സുകള്‍ എ.വി.എമ്മിലെ ഗാര്‍ഡനില്‍ ചിത്രീകരിച്ചു. ഇതിനിടയില്‍ മറ്റൊരുപ്രശ്നം തല പൊക്കി. മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ രണ്ടാനച്ഛനെ കാണാന്‍ പോകുന്ന സീന്‍. മൂന്നോ നാലോ മിനുട്ട് നീളുന്ന പ്രധാനരംഗമാണത്. നെല്ലായില്‍ അത് പ്ലാന്‍ചെയ്തു. ഉച്ചയോടുകൂടിഅവിടെഎത്തിയപ്പോഴാണ് ചിത്രീകരണത്തിനായി കണ്ടുവെച്ച വീടിന് അനുമതിയില്ലെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ബ്ലസി അറിയിച്ചത്. കാരണം, വീട്ടുടമസ്ഥന്റെ ബന്ധുമരണപ്പെട്ടതിനാല്‍ വീടുപൂട്ടി അവര്‍ക്കുപോകേണ്ടതുണ്ട്. ഉടമസ്ഥനില്ലാതെ വീട് ഷൂട്ടിന് വിട്ടുതരാന്‍ അവര്‍ക്ക് താത്പര്യവുമില്ല. അന്നത്തെ ഷൂട്ട് പായ്ക്കപ്പ് പറയുമെന്ന് യൂണിറ്റംഗങ്ങള്‍ എല്ലാവരും സന്തോഷത്തോടെ പ്രതീക്ഷിച്ചു. പക്ഷേ, ബ്ലസി ഉടനെ കുറച്ചകലെ മറ്റൊരുസ്ഥലം കണ്ടെത്തി ഏഴുമണിയോടുകൂടി അവിടേക്ക് ഷിഫ്റ്റ്ചെയ്തു. സെറ്റ് ലൈറ്റപ്പ്ചെയ്ത് മോഹന്‍ലാലിനോടൊപ്പം ആ സീന്‍ നേരംവെളുക്കുവോളം ഷൂട്ട് ചെയ്തു. പ്രധാനരംഗമായിട്ടും ലാലിന്റെ രണ്ടാനച്ഛനായിവന്ന ആളിന്റെ അഭിനയത്തില്‍ വളരെ ഇഴച്ചില്‍ അനുഭവപ്പെട്ടു. അത് അഭംഗിയായിതോന്നി. അത് കളയാന്‍പറ്റാത്ത അവസ്ഥയില്‍ ലോഹി ചിത്രത്തിന്റെ എഡിറ്ററുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹം ഒരുപായം പറഞ്ഞു. മോഹന്‍ലാലിന്റെ ബസ്യാത്രയുടെ ക്ലോസപ്പ് ഷോട്ടില്‍ ഡയലോഗ് ഓവര്‍ ലാപ്പിങ് ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് നിര്‍ദേശിച്ചു. ലാലിന്റെ വേര്‍ഷനില്‍ അച്ഛന്റെ സാന്നിധ്യം അറിയിച്ചാല്‍ മതിയാകും. അങ്ങനെ ഒരു ഷോട്ട് ഇല്ലാത്തതുകൊണ്ട് ആ ക്ലോസപ്പ്ഷോട്ട് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആസമയത്ത് ഞാന്‍ മോഹന്‍ലാലിനെ വെച്ച്പാട്ടിന്റെ കട്ട്സ് എടുത്തുകൊണ്ടിരിക്കുകയാണ്. പറ്റിയ ബസ് എവിടെയും കിട്ടിയില്ല. അവസാനം യൂണിറ്റ് വണ്ടിയില്‍ മോഹന്‍ലാലിനെ ഇരുത്തി ഓടിച്ച് ക്ലോസപ്പ് ഷൂട്ട് ചെയ്യാമെന്നു തീരമാനിച്ചു. പക്ഷേ, മറ്റൊരു പ്രശ്‌നം. മദ്രാസിലാണ് ഷൂട്ട്ചെയ്യുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയും മദ്രാസും തമ്മില്‍ വ്യത്യാസമുണ്ട്. ബാക് ഗ്രൗണ്ടില്‍ മദ്രാസ് തിരിച്ചറിയപ്പെടും. ഒടുവില്‍ അതിനും വഴികണ്ടു. എ.വി.എം. സ്റ്റുഡിയോയ്ക്കുള്ളില്‍ റോഡും തെങ്ങുകളുമുണ്ട്. അതുവെച്ച് പലആംഗിളില്‍ യൂണിറ്റ് വണ്ടി ഓടിച്ച് ആഭാഗം ചിത്രീകരിച്ചു. ബസ്സില്‍നിന്നും ഇറങ്ങുന്ന രംഗം പാലക്കാടുവെച്ച്നേരത്തെ എടുത്ത ഷോട്ട് ഉണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു. അതുപോലെ മറ്റൊരു സാങ്കേതികപ്രശ്‌നം ഉടലെടുത്ത ഒരു രംഗവുംചിത്രീകരിക്കേണ്ടിവന്നു. മഞ്ജുവാര്യരുടെകഥാപാത്രമായ ഭാനു താമസിക്കുന്ന വീട് ഒരു പാറയുടെ മുകളിലാണ്. ഓടുന്ന ജീപ്പിനകത്താണ് ക്യാമറ. ഗ്ലാസില്‍കൂടി വീട് കാണണം. ജീപ്പ്നില്‍ക്കുമ്പോള്‍ ക്യാമറ വീടിനെ ടൈറ്റ് ചെയ്ത് മുന്നോട്ടുവരണം. മഞ്ജുവാര്യരും സഹോദരിമാരും ജീപ്പ് വരുന്നതുകണ്ട് ആകാംക്ഷയോടെനോക്കുന്നതാണ് ചിത്രീകരിക്കേണ്ടത്. ലോഹി എന്നോട് ഈരീതിയില്‍ എടുക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. സെറ്റ്ചെയ്യാന്‍ ആവശ്യമായ സമയം തരികയാണെങ്കില്‍ ചെയ്തുതരാമെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. ലോഹി അതനുവദിച്ചു. ജീപ്പിനകത്ത് ട്രാക്കും ട്രോളിയും ഫിക്‌സ് ചെയ്തു. ട്രോളി ജീപ്പുമായി കയറുകൊണ്ട് ബന്ധിച്ചു. സ്റ്റൂളും ക്യാമറയും ട്രോളിയുമായും. ജീപ്പ് കുലുങ്ങി മുന്നോട്ടു പോകുന്നതിനാല്‍ ക്യാമറയും ട്രോളിയും മറിഞ്ഞുവീഴാതിരിക്കാന്‍ മുന്‍കരുതലായാണ് ഇതുചെയ്തത്. ജീപ്പ് വീടിനുസമീപം വന്ന് നിശ്ചലമായി. ക്യാമറ ട്രാക്കും ട്രോളിയുംഉപയോഗിച്ച് മെല്ലെമുന്നോട്ടുനീങ്ങി. ലോഹി ആവശ്യപ്പെട്ട പ്രകാരം ചിത്രീകരിച്ചു. ഈഭാഗം എഡിറ്റ് ചെയ്യു ന്ന സമയത്ത് സ്റ്റുഡിയോയില്‍ ഞാനും സന്നിഹിതനായിരുന്നു. ഈരംഗം കണ്ടപ്പോള്‍ എഡിറ്റര്‍ക്ക് ഇഴച്ചില്‍ തോന്നി. തീവ്രവും ചടുലവുമായ ദൃശ്യങ്ങള്‍ക്കുശേഷം ഈരംഗത്തെ ഇഴച്ചില്‍ ചിത്രത്തെ കാര്യമായി ബാധിക്കുമെന്ന് എഡിറ്റര്‍ ശ്രീകര്‍പ്രസാദ്. ഏറെ കഷ്ടപ്പെട്ടെടുത്ത രംഗമാണ്. എങ്ങനെ ഒഴിവാക്കും? ലോഹിക്ക് സങ്കടമായി. ഷോട്ട് എടുത്ത ഞാനും അവിടെയുണ്ട്. നമ്മുടെ ബുദ്ധിമുട്ട് നോക്കേണ്ടതില്ല. പടത്തിനാവശ്യമില്ലെന്ന് കണ്ടാല്‍ ആഭാഗം വെട്ടിക്കളയാന്‍ യാതൊരു സങ്കോചവും കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു. നമ്മള്‍ ബുദ്ധിമുട്ടി എടുത്തതാണെന്ന് കാണികള്‍ക്ക് അറിയേണ്ട ആവശ്യമൊന്നുമില്ല. ഇഴച്ചില്‍ തോന്നിയാല്‍ അവര്‍തള്ളിക്കളയും. എന്റെ ഉറച്ച അഭിപ്രായത്തില്‍ ലോഹിസമ്മതിച്ചു. അതുവെട്ടിമാറ്റി. ജീപ്പ് വീടിനു മുന്നില്‍വന്ന് നില്‍ക്കുന്നമറ്റൊരു ഷോട്ട് അവിടെ ചേര്‍ത്തുവെച്ചു. ഞാന്‍ ലാബില്‍ കളര്‍ ഗ്രേഡിങ്ങിനും എഡിറ്റിങ്റൂമിലും റെക്കോര്‍ഡിങ് തിയേറ്ററിലും ഇടയ്ക്ക്പാട്ടിന്റെ ഷൂട്ടിങ്ങുമായി ഓടിനടന്നിരുന്നു. ഞാനും ലാലും എഡിറ്റര്‍ ശ്രീകര്‍പ്രസാദിനൊപ്പമിരുന്ന് റീലുകള്‍ ഫൈനല്‍ ചെയ്ത് ലോഹിക്ക് അയച്ചുകൊടുക്കും. അവിടെ ലോഹിയും എസ്.പി.വെങ്കിടേഷും അതുകണ്ട് പശ്ചാത്തലസംഗീതം കംപോസിങ്ങും റെക്കോഡിങ്ങും നടത്തും. ചിത്രത്തിന്റെ ഓരോ റീലും റീറെക്കോഡിങ്ങിനും കളറിങ്ങിനും മിക്സിങ്ങിനുമായുള്ള പലവര്‍ക്കിനായി പലഭാഗത്തായിനിന്നതിനാല്‍ ലോഹിക്ക് സിനിമ മുഴുവനായി ഒരിക്കല്‍പോലും കാണാന്‍ സാധിച്ചില്ല. അവസാനം മൊത്തം റീലും കിട്ടിയത് കേരളത്തിലേക്കായികൊണ്ടുപോകാനുള്ള ഫ്‌ളൈറ്റിന്റെസമയത്താണ്. ഏപ്രില്‍ 14 വിഷുവിന് പ്ലാന്‍ ചെയ്തിരുന്നെങ്കിലും റിലീസ് മൂന്ന് ദിവസത്തേക്ക്മാറ്റി 17- നുപ്രദര്‍ശനം നടത്തി. ഷൂട്ടിങ്ങിനു വീട്ടില്‍ നിന്ന് പോയ ഞാന്‍ പ്രിന്റുമായിട്ടാണ് തിരുവനന്തപുരത്തു തിരിച്ചെത്തിയത്. തിയേറ്ററില്‍ പോയാണ് കന്മദം മുഴുവനായി കാണാന്‍പറ്റിയത്. 'തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരുഗ്രാമം', 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ', 'മൂവന്തിത്താഴ്വരയില്‍.' മൂന്നു മനോഹരമായപാട്ടുകള്‍. ഗിരീഷ്പുത്തഞ്ചേരിയുടെവരികള്‍ക്ക് രവീന്ദ്രന്‍മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്. എസ്.പി. വെങ്കിടേഷിന്റെപശ്ചാത്തലസംഗീതവും സിനിമയുടെ മികവിന് മാറ്റുകൂട്ടി. നല്ലകഥയും പാട്ടും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കൂടി യായപ്പോള്‍ പടം തിയേറ്ററില്‍ തകര്‍ത്തോടി. പ്രണവത്തിന്റെ ബാനറില്‍മോഹന്‍ലാലായിരുന്നുചിത്രം നിര്‍മിച്ചത്. ആദ്യമായി കേരളത്തില്‍ ഒരു സാറ്റലൈറ്റ്ചാനല്‍ ഫിലിം അവാര്‍ഡ്കൊടുത്തുതുടങ്ങിയത് ലക്സ് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡോടുകൂടിയാണ്. ആ പ്രഥമ അവാര്‍ഡ്ദാനചടങ്ങില്‍ മഞ്ജുവിന് മികച്ച നടിക്കും എനിക്ക് ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരങ്ങളും ലഭിച്ചു. ആ വര്‍ഷം തന്നെ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു സിനിമയോട് തത്കാലം വിടവാങ്ങുകയായിരുന്നു. എന്നാലും ഭാനു എന്നകഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ എന്നുംഒരു നൊമ്പരമായി നിലകൊള്ളുന്നു. പ്രണവംസ് നിര്‍മിച്ചതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍നേടിയചിത്രവും കന്മദമാണ്.


തയ്യാറാക്കിയത്: ജിതേഷ് ദാമോദര്‍