1982-ലെ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയ ഒരു പത്രസമ്മേളനത്തില്‍, 'അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ ഉണ്ടാകുമെന്ന്' ഒരു പത്രലേഖകന്‍ ചോദിച്ചു. 'ദൈവത്തിനറിയാം' എന്നായിരുന്നു ഇ.എം.എസ്സിന്റെ മറുപടി. 'അങ്ങനെ എന്റെ നേതാവ് പറയുകയില്ല' എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്കാരന്‍ ഇ.എം.എസ്സിന് കത്തെഴുതി ചോദിച്ചു; നേതാവ് ഇങ്ങനെ പറഞ്ഞുവെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. എനിക്കപ്പോള്‍ ശുണ്ഠി വന്നു. പിറ്റേന്ന് അയാള്‍ മലയാളം എക്സ്പ്രസ് കൊണ്ടുവന്നുകാണിച്ചു. അയാള്‍ പറഞ്ഞത് ശരിയായിരുന്നു. ഇതിന് ഒരു വിശദീകരണം തന്നാലും. 

ഇ.എം.എസ്സിന്റെ മറുപടി: 'ദൈവത്തിനറിയാം എന്നത് മലയാളത്തിലെ ഒരു ശൈലീപ്രയോഗമാണ്. ദൈവവിശ്വാസികളും അല്ലാത്തവരുമായ ആര്‍ക്കും അതുപയോഗിക്കാം. എല്ലാവരും അതുപയോഗിക്കുന്നുമുണ്ട്. ഈ ശൈലി പ്രയോഗിക്കുന്നത്, അതുകൊണ്ടുദ്ദേശിക്കുന്നത്, ''നമുക്കാര്‍ക്കും അറിയില്ല' എന്നാണല്ലോ. നമുക്കാര്‍ക്കും അറിയാത്ത കാര്യമറിയുന്ന ഒരു ദൈവമുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രശ്നമല്ല. ദൈവമില്ലെന്ന് വിശ്വസിക്കുന്നവര്‍ ആ പദപ്രയോഗം നടത്തുമ്പോള്‍ 'ആര്‍ക്കുമറിയില്ല' എന്നാണതിനര്‍ഥം. ദൈവവിശ്വാസികള്‍ അതേ പദപ്രയോഗം നടത്തുമ്പോഴാകട്ടെ, അതിനര്‍ഥം, 'എല്ലാം അറിയുന്ന ഒരാളുണ്ട്' എന്നാണ്. എത്രയും ലളിതമായ ഈ സത്യം കുഴഞ്ഞുമറിഞ്ഞതാക്കി ചോദ്യകര്‍ത്താവിനെ വിഷമിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ്വിരുദ്ധനായ അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രമിച്ചതില്‍ അദ്ഭുതപ്പെടാനില്ല. സുഹൃത്തിന്റെ ആ പ്രചാരവേലയില്‍ ചോദ്യകര്‍ത്താവ് കുടുങ്ങിയതാണ് അദ്ഭുതം.''

മാര്‍ക്‌സിസത്തിന്റെ വിശദീകരണത്തിന് എളുപ്പം വഴങ്ങാത്ത ഒരു പ്രതീകത്തെ സുന്ദരമായി വ്യാഖ്യാനിക്കുകയായിരുന്നു 'വരട്ടുതത്ത്വവാദി'യായ ചോദ്യകര്‍ത്താവിന് നല്‍കിയ മറുപടിയിലൂടെ ഇ.എം.എസ്. പ്രത്യയശാസ്ത്രത്തിന്റെയും പ്രായോഗികതയുടെയും സര്‍ഗാത്മക വ്യാഖ്യാനങ്ങളും അതിന് പ്രാപ്തരായ വ്യാഖ്യാതാക്കളും ഇല്ലാതായത് കേരളത്തിലെ മാത്രമല്ല, ഇന്ത്യന്‍ മുഖ്യധാരാ ഇടതുപക്ഷത്തെതന്നെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നുണ്ട്. കാലാനുസൃതമായി നവീകരിക്കുന്നതിലും പുതിയ പരിപാടികള്‍ ഏറ്റെടുക്കുന്നതിലും മറ്റും ഇടതുപക്ഷം ദുര്‍ബലമാകുന്നു. മുഖ്യധാരാ ഇടതുപക്ഷത്തിന് ഇതേ ജീര്‍ണതകളുമായി എത്ര കാലം നിലനില്‍ക്കാനാകുമെന്ന ചോദ്യം പോലും അപ്രസക്തമാക്കുംവിധം അതിന്റെ വാതിലുകള്‍ അടഞ്ഞുപോയിരിക്കുകയാണ്. 

ഇടതുപക്ഷത്തിന്റെ അനവധി സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന നിരവധി പേരുണ്ടാകാം. എന്നാല്‍, ആ സാധ്യതകളെ വെറും പ്രതീക്ഷയില്‍ പരിമിതപ്പെടുത്താതെ, അതേക്കുറിച്ച് കൃത്യമായ രാഷ്ട്രീയബോധ്യത്തോടെയുള്ള കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാന്‍ സര്‍ഗാത്മക പ്രാപ്തിയുള്ള ഇന്ത്യയിലെതന്നെ അപൂര്‍വം പേരില്‍ ഒരാളാണ് ഡോ. എം.പി. പരമേശ്വരന്‍. പൗരസമൂഹത്തെ രാഷ്ട്രീയവത്കരിക്കാനാണ് എണ്‍പതാം വയസ്സിലും എം.പിയുടെ ഓരോ നിമിഷവും ചെലവഴിക്കപ്പെടുന്നത്. സി.പി.എം അംഗമായിരുന്നപ്പോഴും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടശേഷവും ഈ സമര്‍പ്പിതജീവിതം അണുവിട വ്യതിചലിച്ചിട്ടില്ല. 'പാര്‍ട്ടിയെയല്ല, ജനങ്ങളെയാണ് ഞാന്‍ സ്നേഹിച്ചിരുന്നത്, അതുകൊണ്ട് പുറത്താക്കപ്പെട്ടതില്‍ എനിക്ക് വിഷമമില്ല' എന്ന് ഈ അഭിമുഖത്തിലൊരിടത്ത് അദ്ദേഹം തുറന്നുപറയുന്നുണ്ട്. 

MP Parameswaran 05പരിഷത്തിലുള്ളവരും മറ്റു ഇടതുപക്ഷ അനുഭാവമുള്ള സുഹൃത്തുക്കളും. ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം പോപ്പുലറായ ആള്‍ ഇന്ന് ഐസക്കാണ്. കാരണം. വി.എസ്സിന് ഒറ്റയ്ക്ക് ആലോചിക്കാന്‍ വശമില്ല. രണ്ട്, അങ്ങനെ ആലോചിക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്താനും വശമില്ല. അദ്ദേഹത്തിന് വിവരമുള്ള ഉപദേശകന്മാര്‍ ആരുമില്ല. ഐസക്കിനാകട്ടെ പരിഷത്തിന്റെ അനുഭാവികളായ എല്ലാവരുടെയും പിന്തുണ കിട്ടും. ഇന്റലക്ച്വലി ഏറ്റവുമധികം സപ്പോര്‍ട്ട്ചെയ്യാന്‍ കഴിയുന്ന പരിഷത്ത് ഗ്രൂപ്പ് ഐസക്കിന് പിന്തുണ നല്‍കും.

സ്ഥിതപ്രജ്ഞമായ ഈ ബുദ്ധിജീവിതത്തോട് പാര്‍ട്ടി കാണിച്ച ക്രൂരമായ തിരസ്‌കാരവും അവഗണനയും പാര്‍ട്ടിയുടെതന്നെ അനവധി അപരിഹാര്യമായ പിഴവുകളില്‍ ഒന്നുമാത്രമാണ്. അദ്ദേഹം ഇപ്പോള്‍ ഭാഗമായ ശാസ്ത്രസാഹിത്യ പരിഷത്തുമായും വിമര്‍ശകാത്മകമായ ബന്ധമാണുള്ളത്. എന്നാല്‍, വിമര്‍ശനങ്ങളെ പാകതയോടെ സമീപിക്കാനുള്ള ഇടം പരിഷത്ത് ബാക്കിവെക്കുന്നതിനാല്‍ എം.പി ഇന്നും ഒരു പരിഷത്തുകാരന്‍ കൂടിയായി തുടരുന്നു. അടിസ്ഥാനവര്‍ഗത്തോടുള്ള കൂറിന്റെ പേരില്‍ എം.പി ഒരു ഇടതുപക്ഷക്കാരനും കൂടിയാണ്. 

തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജില്‍നിന്ന് എം.പി എഞ്ചിനിയറിങ് ബിരുദം നേടിയ വര്‍ഷത്തിലാണ് കേരളസംസ്ഥാനത്തിന്റെ പിറവിയും. 1957-ല്‍ കേരളത്തിന് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടമുണ്ടാകുന്നു. കേരളത്തിന്റെ സവിശേഷമായ വികസനമാതൃകയ്ക്ക് അടിത്തറ പാകപ്പെടുന്നു. പാട്ടക്കാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുന്ന ഓര്‍ഡിനന്‍സ്, സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തിനുള്ള മുന്‍കൈ, വിദ്യാഭ്യാസ ബില്‍ തുടങ്ങി പൊതുസമൂഹത്തെ ചലനാത്മകമാക്കിയ നിരവധി നടപടികള്‍. ഒരു മാസത്തെ ശമ്പളത്തോടെയുള്ള നോട്ടീസ് നല്‍കിയാല്‍ ഏത് അധ്യാപകരെയും പിരിച്ചുവിടാവുന്ന നിയമം റദ്ദാക്കപ്പെടുന്നു. മലബാറില്‍ ഒരു കിലോമീറ്റര്‍ നടന്നാല്‍ പഠിക്കാന്‍ കഴിയുംവിധം എല്‍.പി സ്‌കൂളുകളുണ്ടാകുന്നു. അവിടെ ഉച്ചക്കഞ്ഞി വിളമ്പുന്നു. 35 ലക്ഷം പാട്ടകൃഷിക്കാരെ കൃഷിഭൂമിയുടെ ഉടമകളാക്കിയ കാര്‍ഷിക പരിഷ്‌കരണനിയമം, കാര്‍ഷികമേഖലയിലെ യന്ത്രവത്കരണം, വൈദ്യുതി സ്വയം പര്യാപ്തത തുടങ്ങി ഒരു സ്വയംനിര്‍ണിത സമൂഹത്തിനുവേണ്ട നിരവധി തീരുമാനങ്ങള്‍ തുടര്‍ന്നു വന്ന ഇടതുപക്ഷ സര്‍ക്കാറുകള്‍ നടപ്പാക്കി. ഉത്തരവാദബോധമുള്ള ഒരു പൗരസമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള സാഹചര്യം അന്നത്തെ കേരളത്തിന്റെ സവിശേഷതയായിരുന്നു. പലതലങ്ങളില്‍നിന്ന്, പലമട്ടിലും പല അളവുകളിലുമുള്ള ഇടതുപക്ഷങ്ങളുടെ സക്രിയത. എന്നാല്‍, എവിടെയോ വെച്ച് ഈയൊരു രാഷ്ട്രീയത്തുടര്‍ച്ച നഷ്ടമാകുന്നു. (കാരണം, എം.പി വിശദീകരിക്കുന്നുണ്ട്).

ഇടതുപക്ഷത്തിന്റെ നഷ്ടലോകത്തുനിന്ന്, 60 വയസ്സായ കേരളത്തിനുവേണ്ടിയുള്ള ഒരു പുതിയ ഇടതുപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷ എം.പി അടക്കം പലരും ഇന്ന് ഉന്നയിക്കുന്നുണ്ട്. പലതരം തനിമകളെയും ഡിസ്‌കോഴ്സുകളെയും ഉള്‍ക്കൊള്ളുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളില്‍നിന്ന് മുക്തമായ, പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ഭ്രഷ്ടരെയും അസ്പൃശ്യരെയും പ്രതിനിധീകരിക്കുന്ന, ഫാസിസത്തെ ചെറുക്കുന്ന, സഹിഷ്ണുതയുള്ള, ജനകീയമുന്‍കൈയുള്ള ഒരു വിശാലഇടതുപക്ഷം. ഇന്നത്തെ ഇന്ത്യനവസ്ഥ തന്നെ ഇത്തരമൊരു വിചാരത്തിനുള്ള പ്രേരണയാണ്. കോര്‍പ്പറേറ്റിസവും ഫാസിസവും തമ്മിലുള്ള സ്വാഭാവികസഖ്യമാണ് പുതിയ സാധ്യതകളുടെ ഇടം വിപുലമാക്കുന്നത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്തത് ഒരു ഇടതുപക്ഷ സര്‍ക്കാറായിരിക്കും വരിക എന്ന നിഗമനം പ്രബലമാണ്. ആ സര്‍ക്കാറിന്റേത് ഏതുതരം ഇടതുപക്ഷമായിരിക്കും എന്നതാണ് പ്രധാന ചോദ്യം. അതിന്റെ നേതൃത്വത്തിലേക്ക് എം.പി പരമേശ്വരന്‍ ഒരു പേര് ഉന്നയിക്കുന്നുണ്ട്; മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റേത്. ഈയൊരു നേതൃത്വത്തിന് ആധാരമായ വസ്തുതകളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

MP Parameswaran 03പിണറായിക്ക് മനുഷ്യരുമായി ബന്ധമില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രൊജക്ട്ചെയ്യുകയാണെങ്കില്‍ അത് ദോഷമേചെയ്യൂ. അതേസമയം, കാര്യങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനും കഴിവുണ്ട്. എന്നാല്‍, അഹങ്കാരത്തിന്റെ, പാര്‍ട്ടി അഹങ്കാരത്തിന്റെ കാര്യത്തില്‍ ഒട്ടും കുറവില്ല. നല്ലൊരു കമ്യൂണിസ്റ്റിന് ലാളിത്യവും വിനയവും ആവശ്യമാണ്. പിണറായിക്ക് അതില്ല.

നിരവധി ജനകീയ വിഷയങ്ങളില്‍ പ്രായോഗികരീതികള്‍ വികസിപ്പിച്ചെടുക്കുന്ന അദ്ദേഹം, പല കാര്യങ്ങളോടും തന്ത്രപരമായ മൗനവും അകലവും പുലര്‍ത്തുന്നു. അങ്ങനെ, മുഖ്യമന്ത്രിയാകാന്‍ വേണ്ട ഒരുതരം രാഷ്ട്രീയസാമര്‍ഥ്യം ഇതിനകം തോമസ് ഐസക് കൈവരിച്ചുകഴിഞ്ഞു എന്നര്‍ഥം.

കെ.കണ്ണന്‍:  കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും നേടിയ വോട്ട് തമ്മിലുള്ള വ്യത്യാസം 24,408 ആണ്. ഗ്രാമങ്ങളില്‍ എല്‍.ഡി.എഫിനും നഗരങ്ങളില്‍ യു.ഡി.എഫിനും നേരിയ മുന്‍തൂക്കം. കക്ഷിരാഷ്ട്രീയത്തിനതീതമായ രാഷ്ട്രീയ കാരണങ്ങള്‍ തദ്ദേശസ്ഥാപന ഭരണകൂടങ്ങളുടെ നിര്‍മിതിയില്‍ ഇല്ല എന്നാണല്ലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ കണക്ക് സൂചിപ്പിക്കുന്നത്? 

എം.പി പരമേശ്വരന്‍: ശരിയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്നും ഭരണകൂടങ്ങളെ നിശ്ചയിക്കുന്നത്. ചില കക്ഷികളോടുള്ള എതിര്‍പ്പോ സ്വാര്‍ഥതയോ മൂലം, അല്ലെങ്കില്‍ പ്രത്യേക സ്ഥാപിതതാത്പര്യം മൂലം ജനകീയ മുന്നണി, ഹൈറേഞ്ച്, ട്വന്റി 20 തുടങ്ങിയ സംവിധാനങ്ങള്‍ രംഗത്തുവരുന്നു. ഇവയ്ക്ക് ജനകീയതയില്ല. മറ്റുള്ളവരോടുള്ള എതിര്‍പ്പുമൂലം ഇവര്‍ ജയിക്കുന്നുവെന്നുമാത്രം. ജനങ്ങളുടെ ഒരു മുന്‍കൈ ഇപ്പോഴും രൂപപ്പെട്ടിട്ടില്ല. ജനകീയ ഇച്ഛ നടപ്പാക്കാന്‍ ഒരു സംവിധാനം വേണം. ജനങ്ങള്‍ക്ക് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള സംവിധാനം. അയല്‍ക്കൂട്ടങ്ങളോ ഗ്രാമസഭകളോ കൂടി ജനങ്ങള്‍ സ്വന്തം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക. ഇപ്പോള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ കളികളില്‍ ജനങ്ങള്‍ അണിനിരക്കുക എന്നതല്ലാതെ ജനകീയ രാഷ്ട്രീയം എന്നൊന്ന് ജനങ്ങള്‍ക്ക് അറിഞ്ഞുകൂടാ. ജനകീയാസൂത്രണം തുടങ്ങിയപ്പോഴുണ്ടായിരുന്ന മുദ്രാവാക്യം അധികാരം ജനങ്ങള്‍ക്ക് എന്നതായിരുന്നു. അതിന് അര്‍ഥം അധികാരം പഞ്ചായത്തിന്, രാഷ്ട്രീയപ്രതിനിധികള്‍ക്ക് എന്നായി മാറി. ജനങ്ങള്‍ക്ക് അധികാരം വേണമെങ്കില്‍ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ അടക്കമുള്ള അധികാരങ്ങള്‍ വേണം. ഇതിലൊന്നും ഒരു മാറ്റവുമുണ്ടായില്ല. ഇടതുപക്ഷത്തിന് ഇത്തരം താത്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളല്ല ജനങ്ങള്‍; തങ്ങളാണ് ജനങ്ങള്‍ എന്നാണ് അവര്‍ കരുതുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്യലാണ് ജനങ്ങളുടെ കടമ. ഇടതുപക്ഷത്തിന് ഈയൊരു നിലപാടേയുള്ളൂ.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തദ്ദേശഭരണകൂടങ്ങളുടെ പ്രകടനം ശ്രദ്ധിച്ചിരുന്നുവോ?

നമ്മുടെ തദ്ദേശ ഭരണകൂടങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത്? 50 ലക്ഷമോ ഒരു കോടിയോ വിതരണം ചെയ്യും എന്നല്ലാതെ അടിസ്ഥാനപരമായി ഒരു പഞ്ചായത്തിന്റെ വികസനത്തിന് എന്തുവേണം, ഏറ്റവും ദരിദ്രരായവരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തണം, വിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്തണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ഒന്നും ചെയ്തിട്ടില്ല. ഇത് യു.ഡി.എഫ് ഭരിക്കുമ്പോഴത്തെ മാത്രം അവസ്ഥയല്ല, എല്‍.ഡി.എഫ് ഭരിക്കുമ്പോഴും ഇതായിരുന്നു സ്ഥിതി. അവിടെയുമിവിടെയും ചില പരീക്ഷണങ്ങള്‍ നടന്നുവെന്നല്ലാതെ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ടുവോ? ഇതിന് ഒരു സമഗ്രമായ ഇടപെടല്‍ ഒരു പഞ്ചായത്തും എടുത്തിട്ടില്ല. പിന്നാക്കം പോയിക്കൊണ്ടിരിക്കുകയാണ് നമ്മുടെ പഞ്ചായത്തുകള്‍.

MP Parameswaran 02പുരോഗമനം എന്നാല്‍ എന്താണ്? കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതോ കൂടുതല്‍ പേരെ ഐ.ടി. ജോലിയിലേക്ക് പറഞ്ഞയയ്ക്കലോ? ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരോടുള്ള മനോഭാവം. അവരോടുള്ള അനുതാപം. അതിനെ പുരോഗമനം എന്നു പറയാം.

അതായത്, തദ്ദേശീയ പൗരസമൂഹത്തെ നവീകരിക്കാന്‍ പര്യാപ്തമായ രാഷ്ട്രീയ ഇടപെടല്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു.

ഇത്തരമൊരു രാഷ്ട്രീയ ഇടപെടല്‍ എവിടെയും നടന്നിട്ടില്ല. അതിന് ഒരു ബൃഹദാഖ്യാനം, ഒരു ഫിലോസഫി വേണം. അതിന്റെ അടിസ്ഥാനത്തിലേ ജനങ്ങള്‍ക്ക് കൂടാന്‍ കഴിയൂ. അത്തരമൊരു ഫിലോസഫിക്ക് രൂപംകൊടുക്കാനായിട്ടില്ല ഇടതുപക്ഷത്തിനടക്കം ആര്‍ക്കും. ശാസ്ത്രസാഹിത്യപരിഷത്ത് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, പരിഷത്ത് രാഷ്ട്രീയ കക്ഷി അല്ലാത്തതിനാലും മറ്റ് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യം മൂലവും വേണ്ടത്ര ഫലവത്തായില്ല. ആഖ്യാനങ്ങളെപ്പറ്റി പറയുമ്പോള്‍ നാം മാര്‍ക്‌സിസത്തെക്കുറിച്ചുമാത്രമേ പറയാറുള്ളൂ. ഫാസിസവും ഒരു ബൃഹദാഖ്യാനമാണ്. ഇത് മോശമാണെന്ന് എല്ലാവരും പറയാറുണ്ട്. മാര്‍ക്‌സിസം കാലഹരണപ്പെട്ടുവെന്നും എല്ലാവരും പറയുന്നുണ്ട്. എന്താണ് മാര്‍ക്‌സിസം എന്ന് അറിഞ്ഞിട്ടല്ല ഇത്തരം വാദങ്ങള്‍. തദ്ദേശ പൗരസമൂഹത്തെ രാഷ്ട്രീയമായി നവീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് പാളിച്ച സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് പുതിയ രാഷ്ട്രീയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. പുതിയ രാഷ്ട്രീയം എന്നുപറയുമ്പോള്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നത് ത്യജിക്കേണ്ടിവരും. മുകളില്‍നിന്ന് താഴേക്ക് എന്നതിനുപകരം താഴെ നിന്ന് മുകളിലേക്ക് എന്നുവരും. പുതിയ വ്യാഖ്യാനങ്ങള്‍ വേണ്ടിവരും. ഇതില്‍ പലതും മാര്‍ക്സ് പറഞ്ഞതുതന്നെയാണ്. മാര്‍ക്സ് പറഞ്ഞതിന്റെ വികലമായ വ്യാഖ്യാനങ്ങളാണ് ഇപ്പോഴുള്ളത്. മാര്‍ക്സ് പറഞ്ഞതിനെ ഇങ്ങനെയും വ്യാഖ്യാനിക്കാം; താഴെ നിന്ന് മുകളിലേക്കാണ് വിപഌവം നടത്തേണ്ടത്. പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തിലാണ് പുതിയ സമൂഹം വളരുക എന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ഫ്യൂഡലിസത്തിന്റെ ഉള്ളിലാണ് മുതലാളിത്തം വളര്‍ന്നിട്ടുള്ളത്. അത് വളര്‍ന്ന് ഒരു ഘട്ടത്തിലെത്തുമ്പോള്‍ പൊട്ടിത്തെറി സംഭവിച്ച്, പുതിയൊരു സമൂഹം, ഗര്‍ഭപാത്രം ഭേദിച്ച് പുറത്തുവരും. നിര്‍ഭാഗ്യവശാല്‍ ആദ്യം റഷ്യയില്‍ അധികാരം പിടിക്കേണ്ടിവന്നു. മുകളില്‍നിന്ന് താഴേക്ക് വേണ്ടിവന്നു വിപഌവം. എന്നാല്‍ അതല്ല ശാസ്ത്രീയരീതി. അവര്‍ക്ക് അത് ഒഴിവാക്കാനാകുമായിരുന്നില്ല. ഇവിടെ മുകളില്‍നിന്ന് താഴേക്ക് എന്ന രീതിയേ അറിയൂ. പ്രമേയം പാസാക്കല്‍ അല്ലാതെ ഇവിടെ ഇടതുപക്ഷത്തിന് പ്രായോഗിക അജന്‍ഡയില്ല. 

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ബി.ജെ.പി നേടിയ വോട്ടാണ്. 2010-ല്‍ ബി.ജെ.പിക്ക് 6.26 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ ഇരട്ടിയായി; 13.28. പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കാന്‍ പോകുന്ന ഒരു വോട്ടര്‍ കൃത്യമായ രാഷ്ട്രീയബോധത്തോടെ പടിക്കുപുറത്തുനിര്‍ത്തിയിരുന്ന ബി.ജെ.പിക്ക് ഇത്ര ഇടം ലഭിക്കാനുണ്ടായ സാഹചര്യം സവിശേഷശ്രദ്ധയര്‍ഹിക്കുന്നുണ്ട്. എല്‍.ഡി.എഫിന്റെയാണോ യു.ഡി.എഫിന്റെയാണോ വോട്ട് ചോര്‍ന്നത് എന്ന തര്‍ക്കത്തിനപ്പുറം ഈ വിഷയം വിശദീകരിക്കപ്പെടേണ്ടതുണ്ട്.

അതെ; ബി.ജെ.പി കഴിഞ്ഞ 30 വര്‍ഷമായി ഇഞ്ചിഞ്ചായി, പടിപടിയായി വളരുകയാണ്. ഒരു ഫാസിസ്റ്റ് പാര്‍ട്ടിക്കുവേണ്ട എല്ലാ ഗുണഗണവും അതിനുണ്ട്. ആദ്യം ശ്രദ്ധിക്കപ്പെടാതെ വളരുക. വിദ്യാഭ്യാസത്തിലൂടെ, ചെറിയ നാട്ടുകൂട്ടങ്ങളിലൂടെ, ബാലഗോകുലം പോലുള്ള കൂട്ടായ്മകളിലൂടെ... ഒരിഞ്ച് ഒരിഞ്ച്... അങ്ങനെ... 40 വര്‍ഷമായി വിദ്യാഭ്യാസരംഗത്ത് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നു. പുനെയില്‍ ജ്ഞാനപ്രബോധിനി എന്ന സ്‌കൂള്‍ സംവിധാനമുണ്ട്. അത് പിന്നെ കോളേജായി, എഞ്ചിനിയറിങ് കോളജും മെഡിക്കല്‍ കോളജുമായി. കിര്‍ലോസ്‌കര്‍ ആദ്യം അവര്‍ക്ക് പിന്തുണ നല്‍കി. പിന്നെ അവര്‍ക്കായി ഫാക്ടറികളുണ്ടായി. അങ്ങനെ പുതിയൊരു വ്യവസായ സമൂഹമുണ്ടാക്കി. ഹിന്ദു സമുദായത്തിലെ ഉന്നത ശ്രേണിയിലുള്ളവരെ ഐ.എ.എസ്, ഐ.പി.എസുകാരാക്കി പ്രതിഷ്ഠിക്കുക. മേലേക്കിടയിലുള്ള നല്ലൊരു ശതമാനം പേര്‍ ഈ മനോഭാവമുള്ളവരായി മാറുന്നു. കേരളത്തിലും സരസ്വതി വിദ്യാലയങ്ങള്‍ വളരുകതന്നെയാണ്. ഹരിശ്രീ തുടങ്ങിയ വിദ്യാലയങ്ങള്‍. 
നരേന്ദ്രമോഡി സര്‍ക്കാര്‍ വന്നശേഷം അവര്‍ക്ക് ഒരു ആത്മവിശ്വാസമുണ്ടായിട്ടുണ്ട്. വളര്‍ച്ചയുടെ വേഗം കൂടിയെന്നുപറയാം. മോഡിയാണ് രക്ഷ എന്ന തോന്നലിനൊപ്പം ഇടതുപക്ഷത്തിന്റെ കടുത്ത ആക്രമണവും ഇതിന് കാരണമായി. ഈ വളര്‍ച്ചയിലേക്ക് വലിയൊരു സംഭാവന നല്‍കിയത് കേരളത്തില്‍ ഇടതുപക്ഷമാണ്. ഫാസിസം എന്നാല്‍ ഇടതുപക്ഷത്തിന് ഹിന്ദു ഫാസിസമേയുള്ളൂ. അതിനെതിരായി പറയുമ്പോള്‍ ഹിന്ദുക്കളുടെ ഐക്യം കൂടുതലായുണ്ടാകും. ഹിന്ദുക്കളെ ബി.ജെ.പി. ലൈനിലേക്ക് തള്ളി അവരുടെ ക്യാമ്പിലേക്ക് വിടുന്നതില്‍ ഈ അശാസ്ത്രീയ വിമര്‍ശനം പങ്കുവഹിച്ചിട്ടുണ്ട്. യുക്തിവാദപരമായ ഇത്തരം വിമര്‍ശനം ഇടതുപക്ഷം മാത്രമല്ല, അതിന്റെ ഭാഗമായ പരിഷത്തും നടത്തിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ യുക്തിവാദമല്ല, യാന്ത്രിക യുക്തിവാദം. 
കേരളം ചെകുത്താന്മാരുടെ നാടായി എന്ന ഓര്‍ഗനൈസര്‍ ലേഖനത്തിലെ അഭിപ്രായം ശരിയാണ്. ചെകുത്താന്‍ എന്നുപറയുന്നത് ഓര്‍ഗനൈസര്‍ ആണ് എന്നുമാത്രം. ബി.ജെ.പിക്ക് ഇത്രയും വോട്ട് കിട്ടിയില്ലേ? അതുകൊണ്ട് കേരളം ചെകുത്താന്മാരുടെ നാടായി എന്നുപറയാം. കാരണം, ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്നത് ചെകുത്താന്‍ സ്വഭാവത്തെയാണ്. അസഹിഷ്ണുതയെയാണ്. 

അപ്പോള്‍ ബി.ജെ.പിയെ ദയാരഹിതമായി ആക്രമിക്കേണ്ട എന്നാണോ?'

ആക്രമിക്കേണ്ടതുതന്നെയാണ്. എങ്ങനെ? ഹിന്ദുക്കളെയാണ് ആക്രമിക്കുന്നത് എന്ന തോന്നലുണ്ടായാലോ? നരേന്ദ്രമോഡിയെ ഹിന്ദു എന്ന നിലയ്ക്കല്ല ആക്രമിക്കേണ്ടത്. മന്‍മോഹന്‍സിങ്ങിനേക്കാളും കടുത്ത സാമ്രാജ്യത്വവാദി എന്ന നിലയ്ക്കാണ് മോഡിയെ ആക്രമിക്കേണ്ടത്. ആ നിയോലിബറലിസത്തിനെയാണ് ആക്രമിക്കേണ്ടത്. എന്നാല്‍, നിയോലിബറലിസത്തെ ആക്രമിക്കാനുള്ള അജന്‍ഡ ഇടതുപക്ഷത്തിനില്ല. 

ഇത്തവണ ദാദ്രി മുതല്‍ കെ.എം മാണിവരെ ഉന്നയിക്കപ്പെട്ടു. എന്നാല്‍, നമ്മുടെ പഞ്ചായത്തുകളുടെ യഥാര്‍ഥ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അവതരിപ്പിച്ചുവോ?

പഞ്ചായത്ത് തലത്തില്‍, പഞ്ചായത്ത് അംഗത്തിന് എന്ത് രാഷ്ട്രീയതീരുമാനമാണ് എടുക്കാന്‍ കഴിയുക? ഒരു രാഷ്ട്രീയതീരുമാനവും എടുക്കാനാകില്ല. രാഷ്ട്രീയതീരുമാനം എടുക്കാന്‍ കഴിയുന്നത് പാര്‍ലമെന്റില്‍ മാത്രമാണ്. നിയമസഭക്കുകൂടി ഇതിന് കഴിയില്ല. പഞ്ചായത്തില്‍ വികസനരാഷ്ട്രീയം മാത്രമേയുള്ളൂ. അഴിമതിയാണ് ഒരു പ്രധാന ഇഷ്യൂ. അത് വന്നിട്ടുണ്ട്. സംസ്ഥാന ഭരണകൂടത്തിന്റെ അഴിമതി മാത്രമാണ് വന്നത്, പ്രാദേശികമായ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി പറയില്ല, പകരം കെ.എം മാണിയുടെ അഴിമതി പറയും. പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ഉന്നയിച്ചാല്‍ അത് സമാസമം ആകും. അത് ജനങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും. അതുകൊണ്ട് അതേക്കുറിച്ച് രണ്ടുകൂട്ടരും മിണ്ടാതിരിക്കും. 

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ട്വന്റി 20 എന്നൊരു അരാഷ്ട്രീയസംവിധാനത്തിന് വന്‍ഭൂരിപക്ഷം ലഭിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ?

ട്വന്റി 20-ക്കുപിന്നില്‍ കോര്‍പറേറ്റ് താത്പര്യമാണുള്ളത്. അതേസമയം അവിടെ ജനങ്ങള്‍ക്കും താത്പര്യമുള്ള കാര്യങ്ങളുണ്ട്. റോഡ്, സ്‌കൂള്‍, ആശുപത്രി... ഇതിനൊക്കെ ഇയാള്‍ പണം കൊടുത്താല്‍... ഇത് ആശാസ്യകരമല്ല. എന്നാല്‍, പിന്നെ അവിടെ ജനം ആരെയാണ് തിരഞ്ഞെടുക്കേണ്ടത്? യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും തിരഞ്ഞെടുത്തിട്ട് കാര്യമില്ല. രണ്ടു മുന്നണികളും കോര്‍പറേറ്റ് താത്പര്യത്തിന് വഴങ്ങുന്നവരുമാണ്. അവരുടെ കോര്‍പറേറ്റ് താത്പര്യങ്ങളുടെ ഇടനിലക്കാരാകുന്നതിനുപകരം നേരെ അധികാരം പിടിച്ചെടുത്താല്‍ പോരേ എന്നായിരിക്കും ആ കമ്പനി കരുതിയിരിക്കുക. കോര്‍പറേറ്റ് താത്പര്യം യു.ഡി.എഫ് വഴി ചാനല്‍ ചെയ്യണോ എല്‍.ഡി.എഫ് വഴി ചാനല്‍ ചെയ്യണോ? വേണ്ട, നേരെ ചെയ്യാം. അപ്പോള്‍ ജനങ്ങള്‍ക്കും സന്തോഷമായി. ജനങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലേ ഇത് ഒഴിവാക്കാനാകൂ. കേരളത്തില്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ജനങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കില്‍ അവര്‍ക്ക് ഒരു വികസനകാഴ്ചപ്പാടുണ്ടാകണം. ഉണ്ട്, ഇപ്പോഴുള്ളത് കൂടുതല്‍ ഉപഭോഗം, കൂടുതല്‍ പണം, കൂടുതല്‍ സ്വര്‍ണം, വസ്ത്രം, വലിയ വീട്... ഈ വികസന കാഴ്ചപ്പാടുതന്നെയാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും കിറ്റെക്‌സിനും. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ മറ്റൊരു കാഴ്ചപ്പാടുള്ള ആരുമില്ല. മറ്റൊരു കാഴ്ചപ്പാട് വളര്‍ത്തിക്കൊണ്ടുവരാനും ആരുമില്ല. 

അപ്പോള്‍ വ്യാജ അജന്‍ഡയുടെ പുറത്ത് രൂപവത്കരിക്കപ്പെട്ടവയാണ് നമ്മുടെ തദ്ദേശ ഭരണകൂടങ്ങള്‍.

വ്യാജ അജന്‍ഡയല്ല. ലോകത്തെല്ലായിടത്തും ഒരു അജന്‍ഡ തന്നെയാണുള്ളത്. ആ അജന്‍ഡ തന്നെയാണ് കേരളത്തിലുമുള്ളത്. സോവിയറ്റ് യൂണിയനിലും ഇതേ കാഴ്ചപ്പാടായിരുന്നു. മോര്‍ ആന്‍ഡ് മോര്‍... അമേരിക്കയെ കടത്തിവെട്ടുക. അല്ലാതെ അമേരിക്കയില്‍നിന്ന് വ്യത്യസ്തമായ ഒരു വികസനം എന്നല്ല. ഉത്പാദനം വര്‍ധിപ്പിക്കാതെ മുതലാളിത്തത്തിന് നിലനില്‍ക്കാനാകില്ല. മുതലാളിത്തത്തെ നശിപ്പിച്ച് പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ട ആള്‍ക്കാരും ഉത്പാദനം വര്‍ധിപ്പിക്കുക എന്ന പ്രലോഭനത്തില്‍ കുടുങ്ങി. അപ്പോള്‍, അവസാനം രണ്ടും ഒന്നായി മാറി. റഷ്യയിലും ചൈനയിലും വിയറ്റ്നാമിലും ഒക്കെ ഒന്നുതന്നെയാണ്.

തദ്ദേശീയ സ്ഥാപനങ്ങള്‍ക്കായി ഒരു ഇടതുപക്ഷ അജന്‍ഡ നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ് എന്നാണോ കരുതേണ്ടത്? ജനപക്ഷ വികസനം, ദുര്‍ബലരുടെ പങ്കാളിത്തം, ജനാധിപത്യ കാഴ്ചപ്പാട്, മതേതര സമൂഹം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ഇടതുപക്ഷ അജന്‍ഡ എങ്ങനെ വികസിപ്പിക്കാനാകും?

ആദ്യമായി ഇടതുപക്ഷ അജന്‍ഡ എന്നതിന് ഒരു നിര്‍വചനം വേണം. താങ്കള്‍ പറഞ്ഞവയില്‍ മതേതര സമൂഹം എന്നതിനെ സഹിഷ്ണുതയുള്ള സമൂഹം എന്നാക്കി തിരുത്താം. കാരണം, മതം മാത്രമല്ല ഇവിടെ പ്രശ്‌നകാരണം. എല്ലാ പഞ്ചായത്തിലും ഇത് നടക്കില്ല. സാധ്യമാകുന്ന പഞ്ചായത്തുകളില്‍ പഞ്ചായത്ത് അംഗങ്ങളും പൗരസമൂഹത്തില്‍നിന്നുള്ളവരും ചേര്‍ന്ന് തീരുമാനിക്കുക... ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല. ജനങ്ങളുടെ പക്ഷമേ ഉള്ളൂ. ജനങ്ങള്‍ക്ക് ദ്രോഹകരമായ ഒന്നും സമ്മതിക്കില്ല. അവര്‍ക്ക് ഗുണകരമായത് നടത്തുകയും ചെയ്യും. സ്‌കൂളായാലും ആശുപത്രിയായാലും മൃഗാശുപത്രിയായാലും ജനങ്ങള്‍ക്ക് പൂര്‍ണനിയന്ത്രണം. പണ്ട് പരീക്ഷിച്ച് മുന്നോട്ടുപോകാതിരുന്ന പരീക്ഷണമുണ്ട്; 30-40പേരെ വെച്ച് അയല്‍ക്കൂട്ടങ്ങളുണ്ടാക്കുക. ഇവരെ വെച്ച് വാര്‍ഡ് വികസന സമിതി, പഞ്ചായത്ത് വികസന സമിതി എന്നിവയിലേക്ക് വികസിപ്പിക്കുക. പഞ്ചായത്ത് വികസന സമിതി രജിസ്റ്റര്‍ ചെയ്താല്‍ ഇതിന്റെ പേരില്‍ പണം വാങ്ങാം. കമ്പനി നടത്താം. ഒരു പഞ്ചായത്തില്‍ എല്ലാ ചെലവും കഴിച്ച് ഒരു വര്‍ഷം ഉത്പാദനക്ഷമമായ 30 കോടി രൂപ ഉണ്ടാകുന്നുണ്ട്. അത് ആ പഞ്ചായത്തില്‍ത്തന്നെ നിക്ഷേപിക്കാന്‍ അവസരമുണ്ടാക്കണം. അതിനാവശ്യമായ പദ്ധതികളുണ്ടാക്കുക. ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളുമുണ്ട്. ജനങ്ങളോടുള്ള ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം. അവര്‍ ജനങ്ങളുടെ സേവകരാണ് എന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുക. മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക പുരോഗതി... ഇതൊക്കെയായാല്‍ ജനപക്ഷ അജന്‍ഡയായി. തൊഴിലുറപ്പുപദ്ധതി ആവശ്യമില്ലാതാകുംവിധം തൊഴിലവസരങ്ങള്‍ ഉണ്ടാകണം. 

നിയമസഭാതിരഞ്ഞെടുപ്പിന് ആറുമാസമേയുള്ളൂ. തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടതുകക്ഷികളുടെ സംഘാടനത്തില്‍ ഒരു പൊളിച്ചെഴുത്ത് സാധ്യമാണോ? വര്‍ഗീയവും സാമുദായികവും വോട്ടുബാങ്കില്‍ അധിഷ്ഠിതവുമായ മുന്നണി സംഘാടനത്തെ നിലവിലെ സാഹചര്യത്തില്‍ എങ്ങനെ ജനപക്ഷത്തേക്ക് അടുപ്പിക്കാം?

ഒരു കൂട്ടര്‍ അവിടേക്കും മറ്റുചിലര്‍ ഇവിടേക്കും വന്നാല്‍ എന്തുമാറ്റമാണ് സംഭവിക്കുക? നമ്പൂതിരിമാരുടെ ഇടയില്‍ ഒരു ചൊല്ലുണ്ട്; നായ്ക്കാട്ടം അതിന്റെ കടയോ തലയോ ആണ് നല്ലത്? രണ്ടും ചീത്തയാണ്. ജാതീയതയെ എത്രകണ്ട് ആശ്രയിക്കുന്നുവോ അത്രകണ്ട് അവര്‍ക്ക് തോല്‍വിയാണ് സംഭവിക്കുക. ജാതീയത, വര്‍ഗീയത എന്നാല്‍, ഞാനൊഴികെ മറ്റുള്ളവരെല്ലാം ശത്രുക്കളാണ് എന്ന മനോഭാവമാണ്. എല്ലാവരും എല്ലാവരെയും ശത്രുക്കളായി കാണുന്ന അവസ്ഥ. അവിടെ ജനാധിപത്യം ഇല്ലാതാകുന്നു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യത്തിന് എതിരാണ്. അസംഘടിതരുടെ ധീരമായ സംഘശക്തി, പ്രത്യേകിച്ച് സ്ത്രീകളുടെ മുന്‍കൈയിലുള്ളവ, പലയിടത്തും ലക്ഷ്യം കാണുകയോ മുന്നേറുകയോ ചെയ്യുന്നുണ്ട്. ഈ സമരങ്ങള്‍ക്കെല്ലാം ഒരു ഇടതുപക്ഷം കൂടിയുണ്ട്, അത് അടിസ്ഥാനവര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ളത് എന്ന അര്‍ഥത്തില്‍. എന്നാല്‍, വിചിത്രമെന്നുപറയട്ടെ, ഈ സമരമുഖങ്ങളില്‍ കേരളത്തിന്റെ മുഖ്യധാരാ ഇടതുപക്ഷമില്ല. തൃശ്ശൂരിലെ കല്യാണില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിയ ഇരിപ്പുസമരത്തെ അവിടത്തെ വ്യവസ്ഥാപിത ഇടതുപക്ഷം തിരിഞ്ഞുനോക്കിയില്ല. എന്നാല്‍, ആലപ്പുഴ സീമാസില്‍ സഖാക്കള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. അതേപോലെ, അന്യസംസ്ഥാനത്തൊഴിലാളികളുടെ യൂണിയനുണ്ടാക്കാന്‍ ചില ഇടതുപാര്‍ട്ടികളുടെ പ്രാദേശികഘടകങ്ങള്‍ മുന്‍കൈയെടുക്കുന്നു. എന്നാല്‍, പാര്‍ട്ടി ഒന്നടങ്കം മുഖംതിരിഞ്ഞുനില്‍ക്കുന്നു. ഒരു നിലപാടില്ലായ്മ പ്രകടമാണ്.
അസംഘടിതരുടെ പ്രശ്നങ്ങളോടുള്ള ഇടതുപക്ഷ സമീപനം ഉപരിപ്ളവമാണ്. ഇടതുപക്ഷത്തിന്റെ ശക്തി ആധുനിക സംഘടിത തൊഴിലാളിവര്‍ഗമാണ്. ആധുനിക തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വം എന്ന ആശയം വിടാത്തിടത്തോളം കാലം ഇടതുപക്ഷത്തിന് 95 ശതമാനം വരുന്ന അസംഘടിതരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന സംഘടിതരുടെ ദൗര്‍ബല്യം തിരിച്ചറിയുന്നില്ല. മാനിഫെസ്റ്റോ എഴുതുമ്പോള്‍ യൂറോപ്പിലെ പ്രത്യേക സാഹചര്യത്തില്‍ സംഘടിത തൊഴിലാളിവര്‍ഗം ശക്തിപ്പെട്ടുവരുകയാണ്. മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്; സമൂഹമാകെ രണ്ട് ഗംഭീര പാളയങ്ങള്‍. ബൂര്‍ഷ്വാസികളും തൊഴിലാളികളും; പിളര്‍ന്നുകൊണ്ടിരിക്കുന്നു... അങ്ങനെയല്ല ലോകത്ത് സംഭവിച്ചത്. 
സംഘടിതവിഭാഗത്തിനാണ് നിലനില്‍പ്പ്. അധികാരത്തിന്റെയും ഭരണത്തിന്റെയും കാര്യത്തില്‍. അതുകൊണ്ടാണ് ഇത്തരം സമരങ്ങളെ ഇടതുപക്ഷം കാണാതെ പോകുന്നത്. പാര്‍ട്ടി ഒന്നും ഏറ്റെടുത്തിട്ടില്ല. സാക്ഷരത, ജനകീയാസൂത്രണം എന്നിവപോലും പാര്‍ട്ടി ഏറ്റെടുത്തിട്ടില്ല. ചിലത് ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ആളുകള്‍ ഏറ്റെടുക്കുന്നതാണ്. അതേസമയം, സമരങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പല സമരങ്ങളും അടിസ്ഥാനപരമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ല. ആദിവാസി സമരം ഉദാഹരണം. സമരം ചെയ്യുന്ന ആദിവാസികളില്‍ 90 ശതമാനവും രണ്ടും മൂന്നും വട്ടം ഭൂമി കിട്ടിയവരാകും എന്നാണ് എന്റെ വിശ്വാസം. ഇതിന്റെ കണക്ക് എന്റെ കൈയിലില്ല. അട്ടപ്പാടിയിലെ കണക്ക് എനിക്കറിയാം. അട്ടപ്പാടിയില്‍ നല്‍കിയ പണം ബാങ്കിലിട്ടാല്‍ പട്ടണത്തില്‍ ഫ്‌ളാറ്റില്‍ താമസിക്കാനുള്ള പണമുണ്ടാകും ഓരോരുത്തരുടെയും കൈയില്‍. ഇവരുടെ കൈയില്‍ ഈ പണം മുഴുവന്‍ കിട്ടിയിട്ടില്ല എന്നത് ശരിയാണ്, അതേസമയം, പണം മുഴുവനായി കിട്ടിയവരുമുണ്ട്. വയനാട്ടിലൊക്കെ പലര്‍ക്കും ഭൂമി കിട്ടിയിട്ട് അത് രണ്ടും മൂന്നും വട്ടം കൈമറിഞ്ഞുപോയവരുണ്ട്. അതിന് പല കാരണങ്ങളുണ്ട്. 
ഇന്ന് ആദിവാസി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന 95 ശതമാനവും ആദിവാസികളെ ചൂഷണം ചെയ്യുന്നവര്‍ തന്നെയാണ്. സി.കെ. ജാനുവിനെപ്പോലുള്ളവര്‍ ആദിവാസികളെ ചതിക്കണം എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്നു എന്നല്ല പറയുന്നത്. എങ്ങനെയാണ് ആദിവാസികളുടെ വളര്‍ച്ച വേണ്ടത്? ഇത്ര ഏക്കര്‍ ഭൂമി കിട്ടിയാല്‍ അവര്‍ രക്ഷപ്പെടുമോ? ഇല്ല. സമരനേതൃത്വത്തിന്റെ ഡിമാന്‍ഡുകള്‍ ഒക്കെ ആദിവാസികളെ ചൂഷണം ചെയ്യുന്നവരുടെ ഡിമാന്‍ഡുകളാണ്. ആദിവാസികളുടെ കൈയില്‍ ഭൂമി കിട്ടിയാലേ ഈ ചൂഷകരുടെ കൈവശം ഭൂമി വന്നുചേരൂ. ഗീതാനന്ദനോടും ജാനുവിനോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ആദിവാസികളുടെ വിമോചനത്തിന് ചിട്ടപ്പെടുത്തിയ സമരം വേണം. എന്തുവേണം, എങ്ങനെ വേണം, അവര്‍ ആദിവാസികളായിത്തന്നെ തുടരുമോ? ആചാരങ്ങള്‍ തുടരുമോ? വിദ്യാഭ്യാസം മെച്ചപ്പെടുത്തണോ? അവര്‍ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും ആകണോ? ആദിവാസികളും മുഖ്യസമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇവര്‍ മിണ്ടുന്നതേയില്ല. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാത്തിടത്തോളം കാലം ആ നേതൃത്വം കപടമാണ് എന്ന് പറയേണ്ടിവരും. ആദിവാസികളുടെ സ്ഥായിയായ വികസനത്തിന് ഒരു പരിപാടിയും ഇവര്‍ക്കില്ല. 
മറ്റൊന്ന്, ഇതര സംസ്ഥാനത്തൊഴിലാളികളുടെ വിഷയമാണ്. നിര്‍മാണത്തൊഴിലാളികളാണ് ഏറെയും. നിര്‍മാണങ്ങളില്‍ 80 ശതമാനം വീടും ഫ്‌ളാറ്റുമാണ്. 35 ലക്ഷം ഫ്‌ളാറ്റുകള്‍ കേരളത്തില്‍ ആളില്ലാതെ കിടക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് വ്യവസായം ഭൂമിയുടെ വില കൂട്ടി, നിര്‍മാണസാമഗ്രികളുടെ വില കൂട്ടി. കൂലി കൂടി, വീടില്ലാത്തവര്‍ക്ക് വീട് വെക്കാന്‍ പറ്റാതായി. പാടം മുഴുവന്‍ പോയി. കുന്നുമുഴുവന്‍ ഇടിച്ചു. കാട് വെട്ടിത്തെളിയിച്ചു. പാരിസ്ഥിതികമായി കേരളത്തെ മുഴുവന്‍ നശിപ്പിക്കുന്നത് പൂര്‍ണമായും ഒരൊറ്റ വ്യവസായമാണ്; റിയല്‍ എസ്റ്റേറ്റ്. ഇത് പൂര്‍ണമായും നിര്‍ത്തിയാലും ആര്‍ക്കും ഒന്നും സംഭവിക്കില്ല. ഇതില്‍ നിക്ഷേപിക്കുന്ന കള്ളപ്പണക്കാര്‍ക്കുമാത്രമേ ദോഷം വരൂ. പിന്നെ തൊഴിലാളികള്‍ക്കും. ഇവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ഈ വ്യവസായം നിലനില്‍ക്കണമെന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല. ഈ തൊഴില്‍ ഇല്ലാതായാല്‍ അവരൊക്കെ തിരിച്ചുപോകും. മലയാളികള്‍ അവരുടെ തൊഴിലുകളിലേക്ക് തിരിച്ചുവരും. ഇവിടെ ഇനിയും ജനസാന്ദ്രത കൂട്ടാനാകില്ല. അതുകൊണ്ട് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഭാരമേറ്റെടുക്കാന്‍ കേരളത്തിന് കഴിയില്ല. 
1957-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാറാണ് കേരളീയ വികസനമാതൃകയ്ക്ക് അടിത്തറയിട്ടത്. ജാതി മത പരിഷ്‌കരണങ്ങളില്‍ പരിമിതപ്പെട്ടെങ്കിലും നവോത്ഥാനമുന്നേറ്റം നല്‍കിയ ഊര്‍ജം, ജനകീയ സമരങ്ങള്‍, പുരോഗമന കാഴ്ചപ്പാടുള്ള പൊതുസമൂഹം തുടങ്ങിയവ രൂപപ്പെടുത്തിയ രാഷ്ട്രീയ സമൂഹത്തിന്റെ അധികാരത്തിലേക്കുള്ള സ്വാഭാവിക പരിണതിയായിരുന്നു 57-ലെ സര്‍ക്കാര്‍.

MP Parameswaran 04

അത്തരമൊരു തുടര്‍ച്ചയില്ലാതെ, വിച്ഛേദിക്കപ്പെട്ട ഒരു ഭൂതകാലത്തുനിന്നാണ് ഇന്നത്തെ ഇടതുപക്ഷത്തിന് കാലുറപ്പിക്കേണ്ടിവരുന്നത്. എവിടെവെച്ചാണ് 57-ലെ തുടര്‍ച്ചയ്ക്ക് ബ്രേക്ക് സംഭവിച്ചത്?

വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അന്നേ ഒരു പ്രശ്‌നമായിരുന്നു. വ്യവസായവത്കരിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം വന്നു. അങ്ങനെയാണ് റയോണ്‍സ് ഒക്കെ വരുന്നത്. എന്തുവിലകൊടുത്തും ആധുനിക വ്യവസായം വേണം എന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാഴ്ചപ്പാട്. അവരാണ് ഭരിക്കുന്നത്. അവരാണ് വിപഌവം നടത്തുന്നത്. വിപഌവം നടത്തണമെങ്കില്‍ ആധുനിക വ്യവസായം വേണം. അപ്പോഴേ തെറ്റിക്കഴിഞ്ഞു. ഈ തെറ്റിന്റെ തുടര്‍ച്ചയാണ് ഭരണകൂടങ്ങള്‍ക്ക് സംഭവിച്ചത്. കര്‍ഷകപ്രധാനമായ കാഴ്ചപ്പാട് ഭൂപരിഷ്‌കരണത്തിന്റെ കാര്യത്തില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിലും പ്രശ്‌നങ്ങളുണ്ട്. കുടിയാന്മാര്‍ക്കാണ് ഭൂമി ലഭിച്ചത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കിട്ടിയില്ല. അത് വലിയ തെറ്റായിപ്പോയി. ഭൂമി കിട്ടിയ കുടിയാന്മാര്‍ ജന്മിമാരായി കഴിഞ്ഞിരുന്നു. 20-കളിലും 30-കളിലും കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും ഒന്നുതന്നെയായിരുന്നു. കര്‍ഷകനും കൈക്കോട്ട് എടുത്ത് കിളയ്ക്കും. പിന്നീട് കുടിയാന്മാര്‍ കര്‍ഷകരായി മാറി. കേരളത്തില്‍ കൃഷിക്കാര്‍ എന്ന വര്‍ഗം ഒരു ശതമാനത്തിലേറെയില്ല. എല്ലാം കൂലിക്കാരെ വെച്ച് പണിയെടുപ്പിക്കുന്നവരാണ്. എനിക്ക് ഭൂമിയുണ്ട്. ഞാന്‍ കൃഷിക്കാരനാണ്. ഞാന്‍ പാട്ടം കൊടുക്കുന്നുണ്ട്. എന്നാല്‍, ഞാന്‍ പണിയെടുക്കുന്നില്ല. പണിയെടുപ്പിക്കുകയാണ്. ആ എനിക്കാണ് ഭൂമി കിട്ടിയത്. പണിയെടുക്കുന്ന ആള്‍ക്കല്ല. ഇതാണ് സംഭവിച്ച തെറ്റ്. ഇത് വലിയ തെറ്റായിരുന്നു. ഇതുമൂലം കാര്‍ഷികരംഗത്തും പുരോഗതിയുണ്ടായില്ല. കാരണം എനിക്ക് ഭൂമി വില്‍ക്കാനുള്ളതാണ്. 

അറുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരളത്തില്‍, അത്രയ്ക്കും പ്രായമായ ഇടതുപക്ഷത്തിന്റെ വര്‍ഗഘടനയില്‍ സംഭവിച്ച മാറ്റവുമായി ഈ വിച്ഛേദത്തെ ചേര്‍ത്തുവെക്കാമോ?

കേരളം ആകെ മധ്യവര്‍ഗമായിക്കൊണ്ടിരിക്കുകയാണ്. മേലനങ്ങിയുള്ള പണിയില്ല. 75 ശതമാനവും വൈറ്റ് കോളര്‍ ജോലിയിലേക്ക് പോകുന്നു. അസംഘടിതരോടും കര്‍ഷകത്തൊഴിലാളികളോടും നമുക്ക് ബന്ധം കുറവാണ്. അതില്‍നിന്ന് ആളുകള്‍ വരുന്നുമില്ല. വ്യവസായ തൊഴിലാളി വര്‍ഗത്തില്‍ ലക്ഷ്യങ്ങള്‍ എല്ലാം ഒന്നായിക്കഴിഞ്ഞപ്പോള്‍ രണ്ട് കക്ഷികള്‍ മാത്രമായി മാറി, ഐ.പി.എല്‍. ലീഗിലെ ടീമുകളെപ്പോലെ. ആ ടീമുകളെപ്പോലെയായി ഐ.എന്‍.ടി.യു.സി.യും ഐ.ഐ.ടി.യു.സി.യും സി.ഐ.ടി.യു.വും. നമ്മുടെ ആളുകള്‍ക്ക് കൂടുതല്‍ വാങ്ങിക്കൊടുക്കുക മാത്രമായി ലക്ഷ്യം. അവര്‍ക്ക് ഒരു പാന്‍ ഇന്ത്യന്‍ ഫിലസോഫിക്കല്‍ കാഴ്ചപ്പാട് ഇല്ലാതായി. കമ്യൂണിസം വന്നാല്‍ തങ്ങളാണ് പ്രധാനമന്ത്രിമാര്‍ എന്ന വിചാരത്തിലേക്കൊതുങ്ങി. അത് .ജനങ്ങള്‍ അംഗീകരിക്കണം. 
ആദ്യകാല ഇടതുപക്ഷ നേതാക്കള്‍ ആരൊക്കെയായിരുന്നു? ഡീ ക്ളാസിഫൈഡ് ഫ്യൂഡല്‍ വിഭാഗക്കാരായിരുന്നു, ഇ.എം.എസ്സിനെയും എ.കെ.ജിയെയും പോലെ. ബേസിക് ക്ളാസില്‍നിന്ന് അഴീക്കോടന്‍ രാഘവന്‍, കൃഷ്ണപ്പിള്ള, വി.എസ്. എന്നിങ്ങനെ ചുരുക്കംപേര്‍ മാത്രം. ബേസിക് ക്ളാസിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ആര്‍ക്കാണ് താത്പര്യം? 

പാര്‍ട്ടി നേതൃത്വത്തിന്റെ ക്ളാസ് ബേസ് ആണോ അപ്പോള്‍ പ്രശ്നം?

നേതൃത്വത്തിന്റെ ക്ളാസ് ബേസ് എന്നതിനേക്കാളേറെ കാഴ്ചപ്പാടിലെ തകരാറാണ്. കുറേപ്പേരെങ്കിലും തുടക്കകാലത്ത് ഡീ 
ക്ളാസിഫൈഡ് ആളുകള്‍ തന്നെയാണ്. അങ്ങനെയായാല്‍ പിന്നെ ക്ളാസ് ബേസില്ല. ഇ.എം.എസ്. ഒക്കെ മോചിപ്പിക്കപ്പെട്ടവരാണ്. അവര്‍ തൊഴിലാളിവര്‍ഗത്തിന്റെ ക്ലാസ് ബേസ് ഉള്ളവരാണ്. പക്ഷേ, എങ്ങനെ വളര്‍ത്തിക്കൊണ്ടുവരണം? ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്... വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്... അത് റഷ്യന്‍ കാഴ്ചപ്പാടായിരുന്നു. അത് അള്‍ട്ടിമേറ്റിലി മുതലാളിത്ത കാഴ്ചപ്പാടായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല, ലോകസാഹചര്യത്തില്‍തന്നെ നിലനില്‍ക്കാത്ത കാഴ്ചപ്പാടായിരുന്നു അത്. മാര്‍ക്സിസത്തില്‍ സമൂഹത്തില്‍ പുതിയ പൗരന്‍ വേണം. പുതിയ കാഴ്ചപ്പാട് വേണം. പുതിയ സംസ്‌കാരം വേണം. അതൊന്നും ഉണ്ടായില്ല. 

ബംഗാളിനോട് ഉപമിച്ചുതുടങ്ങിയിട്ടുണ്ട്, കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യങ്ങള്‍ കേരളത്തെ.

ബംഗാളിലെ അവസ്ഥ അത്രത്തോളം കേരളത്തില്‍ ഉണ്ടാകില്ല. സോവിയറ്റ് യൂണിയനില്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിരോധം തുടര്‍ച്ചയായി വര്‍ധിച്ചുവന്നുകൊണ്ടിരുന്നു. ഞാന്‍ അവിടെയുള്ള കാലത്ത്, 1962 മുതല്‍ 65 വരെ; ജനങ്ങള്‍ക്ക് പാര്‍ട്ടിയെ പുച്ഛമാണ്. കമ്യൂണിസത്തെ പുച്ഛമല്ല. പാര്‍ട്ടിനേതാക്കള്‍ അനധികൃതമായ ആനുകൂല്യങ്ങള്‍ തട്ടുന്നവരാണ് എന്ന് ജനം കരുതി. ഈ വികാരം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഈ വികാരത്തിന്റെ കൂടെ, കേരളത്തിന്റെ കാര്യത്തില്‍, ഇവിടെ നല്ലതരം മധ്യവര്‍ഗവും കൂടെയുള്ളതുകൊണ്ട് രണ്ടുതരത്തിലുള്ള തര്‍ക്കം വരുമ്പോള്‍ പൂര്‍ണമായും ബംഗാളില്‍ ചെയ്തപോലെ ചെയ്യാന്‍ കഴിയില്ല. ബംഗാളില്‍ മിഡില്‍ ക്ലാസ് അല്ല, ഇന്റലിജന്‍ഷ്യ അഥവാ ഭദ്രലോക് ആണ് നേതൃത്വം. അതും, കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ധാര്‍മികമായി ഇതിനെല്ലാം ഉത്തരവാദപ്പെട്ടത് എന്നൊരു ധാര്‍മികബോധമോ അതില്‍നിന്ന് വരുന്ന ഒരു അധികാരബോധമോ ഒക്കെവെച്ച് വളരെ 'അരഗന്റ്' ആയാണ് ജനങ്ങളോട് പെരുമാറിയത്. സോവിയറ്റ് യൂണിയനില്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് പാര്‍ട്ടിയോട് വിരോധമുണ്ടായി, അതേകാരണം ബംഗാളില്‍ ശക്തമായി വളര്‍ന്നുവന്നു. കേരളത്തില്‍ അത്ര വന്നിട്ടില്ല. കേരളത്തില്‍ പാര്‍ട്ടി അത്ര ജനവിരുദ്ധമായിട്ടില്ല. 

നിലവിലെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് പുതിയ ഉള്ളടക്കത്തോടെ ഒരു കേരള മോഡല്‍ സാധ്യമാണോ? 60-ലെത്തിയ കേരളത്തിന് ഒരു പുതിയ കേരള മോഡല്‍?

ഇന്ന് വികസനത്തിന്റെ 60 ശതമാനമെങ്കിലും പഞ്ചായത്ത് തലത്തില്‍ ചെയ്യാനാകും. ജനങ്ങള്‍ക്ക് തീരുമാനിച്ച് ചെയ്യാം. എന്നാല്‍, ജനങ്ങള്‍ക്ക് തീരുമാനിച്ച് ചെയ്യണമെങ്കില്‍ ഒരു ഫ്രെയിംവര്‍ക്ക് വേണം. അത് ഒരു പാര്‍ട്ടിയോ സംഘടനയോ ആയി വരാം. ലാറ്റിനമേരിക്കയില്‍ വന്നപോലെ അത്തരത്തിലുള്ള ഫ്രെയിംവര്‍ക്കുകള്‍ അത്തരത്തിലുള്ള പൗരസമൂഹങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയില്ല. കാരണം, അവിടെ അതിനനുയോജ്യമായ രാഷ്ട്രീയസമൂഹവും മറ്റുമൊക്കെയുണ്ടായിരുന്നു. ഇടതുപക്ഷം ഇത്തരമൊരു മോഡല്‍ ഏറ്റെടുക്കാന്‍ തയ്യാറില്ല. എന്നാല്‍, അവര്‍ക്ക് പ്രാപ്തിയുണ്ടുതാനും.

മധ്യവര്‍ഗമാണ് വര്‍ഗീയതയുടെ സാമൂഹിക അടിത്തറ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളീയ സമൂഹം അപകടകരമാംവിധം മധ്യവര്‍ഗവത്കരണത്തിനും വര്‍ഗീയവത്കരണത്തിനും വിധേയമാകുകയാണ്.

ആദ്യമായി സൂചിപ്പിക്കട്ടെ; മധ്യവര്‍ഗത്തിന്റെ ഉത്പന്നമല്ല വര്‍ഗീയത. വര്‍ഗീയത സ്വതന്ത്രമായി വളരുന്നതാണ്. വര്‍ഗീയതയും ഫാസിസവും മുതലാളിത്തത്തിന്റെ ഉത്പന്നങ്ങളാണ്. വര്‍ഗീയതയുടെ സാമൂഹികാടിത്തറ മധ്യവര്‍ഗമാണ് എന്ന് പറയുമ്പോള്‍ വര്‍ഗീയത എന്നാല്‍ എന്താണ് എന്ന ചോദ്യമുന്നയിക്കേണ്ടിവരും. ഹിന്ദുക്കളാണ് എല്ലാത്തിനും മീതെ എന്ന ബോധമാണോ, ഞാന്‍ ഹിന്ദുവാണ്, എല്ലാം ഹിന്ദുക്കള്‍ക്ക് കിട്ടണം, അപ്പോള്‍ എനിക്കും കിട്ടും എന്ന വിചാരമാണോ അതോ ഹിന്ദുത്വത്തിലുള്ള കടുത്ത വിശ്വാസമാണോ? വര്‍ഗീയത എന്ന ഒരൊറ്റ 'ലൂസ് വാക്ക്' ഉപയോഗിച്ചാല്‍ അതെന്താണെന്ന് എനിക്ക് മനസ്സിലാകില്ല. ഒരു കാലത്ത് കുരിശുയുദ്ധം ഉണ്ടായത് ക്രൈസ്തവ ഫാസിസത്തിന്റെ ഭാഗമായാണ്. ക്രിസ്ത്യാനികള്‍ വളര്‍ന്നുവന്നപ്പോള്‍ പക്കാ ഫാസിസ്റ്റുകളായിരുന്നു. ലോകം ക്രൈസ്തവലോകമാക്കുക. ഈ വിശ്വാസത്തിലധിഷ്ഠിതമായ രാജ്യങ്ങളുണ്ടാകുമ്പോള്‍ ഫാസിസം ഉണ്ടാകുന്നു. ഇന്നും ക്രിസ്ത്യാനിറ്റിയില്‍ നല്ലൊരുശതമാനം ഫാസിസത്തിന്റെ ഈ നിര്‍വചനത്തിന് അനുയോജ്യരായവരാണ്. അതായത്, ക്രിസ്ത്യാനികളല്ലാത്തവയെല്ലാം ക്രിസ്ത്യാനികളാക്കുകയാണ് വേണ്ടത് എന്ന വിചാരം. ബലം പ്രയോഗിച്ചിട്ടല്ല വേണ്ടത് എന്ന് അവര്‍ മനസ്സിലാക്കിയപ്പോള്‍ കുറെകൂടി ീുയറാവ ആയി; വിദ്യാഭ്യാസത്തിലൂടെയും മറ്റും വന്നു എന്നുമാത്രം. ഇതുതന്നെയാണ് ഇസ്ലാമിലും സംഭവിച്ചത്. അങ്ങനെയൊരു കാഴ്ചപ്പാട് ഹിന്ദു സമുദായത്തിലുണ്ടായിരുന്നില്ല. അത് കഴിഞ്ഞ അരമുക്കാല്‍ നൂറ്റാണ്ടിനിടയ്ക്ക് സംഭവിച്ചതാണ്. അത് മറ്റുവിഭാഗങ്ങളോടുള്ള റിയാക്ഷനായിട്ടാണ് വന്നത്. ഇപ്പോള്‍ അത് ഉറച്ചുപോയിരിക്കുന്നു. മധ്യവര്‍ഗവത്കരണമാണ് വര്‍ഗീയതയുടെ കാരണം എന്നുവന്നാല്‍ തൊഴിലാളികളിലും മറ്റുള്ളവര്‍ക്കിടയിലും വര്‍ഗീയത ഇല്ല എന്നല്ലേ അര്‍ഥം. എന്നാല്‍, ഒരു വ്യത്യാസവുമില്ല, എല്ലാ വര്‍ഗങ്ങള്‍ക്കിടയിലുമുണ്ട്. വര്‍ഗങ്ങളില്‍നിന്ന് വിഭിന്നമായ ഒന്നാണിത്. പരിമിതമായ വിഭവങ്ങളെ അപരിമിതമായി ആഗ്രഹിച്ചാല്‍ ഏതെങ്കിലും വിധത്തില്‍ അത് തട്ടിപ്പറിക്കാന്‍ ശക്തി പ്രയോഗിക്കേണ്ടിവരും. കുറച്ചുള്ളവനില്‍നിന്ന് കൂടുതല്‍ ഉള്ളവന്‍ തട്ടിപ്പറിക്കുന്ന പ്രക്രിയയുടെ ഭാഗമാണിത്. 

മിത്തിക്കല്‍ ബിംബങ്ങള്‍ നവോത്ഥാന രൂപകങ്ങളാക്കി അവതരിപ്പിക്കപ്പെടുന്നു; അതും ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍. അടിസ്ഥാനപരമായ റാഡിക്കലിസത്തിന്റെ ഘടകങ്ങള്‍ ധാരാളമുള്ള കേരളീയ പൊതുസമൂഹത്തിന് ശ്രീകൃഷ്ണനും ശ്രീനാരാണഗുരുവും ഒരൊറ്റ ടാബ്ളോയില്‍ സംഗമിക്കുമ്പോഴുണ്ടാകുന്ന അപകടം തിരിച്ചറിയാനാകുന്നുണ്ട്.

അത് സി.പി.എമ്മിന് പറ്റിയ ഒരു വിഡ്ഢിത്തമാണ്. ശ്രീനാരായണഗുരു മരിച്ചപ്പോള്‍ അദ്ദേഹത്തിന് ക്ഷേത്രമുണ്ടായി. മാര്‍ക്സിസംതന്നെ എത്രയുണ്ട്? ഒരു ലക്ഷമുണ്ട്. അത്രയും പേര്‍ വായിച്ചിട്ടാണ് അത്രയും മാര്‍ക്സിസമുണ്ടായത്. മാറിക്കൊണ്ടിരിക്കുക എന്നത് ചരിത്രനിയമമാണ്. റാഡിക്കല്‍ എന്നതിന്റെതന്നെ അര്‍ഥം എന്താണ്? അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കലാണോ രാഷ്ട്രീയം അതോ കൂടുതല്‍ വൈദ്യുതി വേണം എന്ന വാദത്തെ അംഗീകരിക്കലോ? എല്ലായിടത്തും പ്ലസ്സും മൈനസുമുണ്ട്. എല്ലായിടത്തും പ്രതിസന്ധിയുണ്ട്. അപ്പോള്‍, ഗാന്ധി പറഞ്ഞത് ഓര്‍ക്കേണ്ടിവരുന്നു. ഞാന്‍ ഈ തീരുമാനമെടുത്താല്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രനെ എങ്ങനെ അത് ബാധിക്കും? ഇത് വെച്ചുകൊണ്ടുവേണം തീരുമാനമെടുക്കാന്‍. ഇതാണ് ഇടതുപക്ഷമെന്നും റാഡിക്കലെന്നും പറയുന്നത്. ഇടതുപക്ഷത്തിന് ഈ വ്യാഖ്യാനം കൊടുക്കുകയാണെങ്കില്‍ ഗാന്ധിയാണ് ഏറ്റവും വലിയ ഇടതുപക്ഷവും റാഡിക്കലും. അതേസമയം, ഇടതുപക്ഷത്തിന് സോഷ്യലിസവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും എന്ന നിര്‍വചനം കൊടുത്താല്‍ ഗാന്ധി ഇടതുപക്ഷം അല്ലാതാകുന്നു. 
സി.പി.എമ്മിനല്ല ഇവിടെ വിഡ്ഢിത്തം പറ്റിയിരിക്കുന്നത്, ലെനിന്‍പാര്‍ട്ടിക്ക് പറ്റിയ തകരാറാണ്. ലെനിന്റെ പാര്‍ട്ടിക്ക് ഒരു കാലഘട്ടത്തില്‍ അധികാരമേറ്റെടുക്കാന്‍ നിര്‍ബന്ധിതരായി. വിപ്ലവം നടത്താന്‍ നിര്‍ബന്ധിതരായി. ഇനി നീട്ടിവെച്ചാല്‍ പറ്റില്ല. അത്തരമൊരു സാഹചര്യത്തിലുണ്ടാക്കിയ പാര്‍ട്ടിഘടന അതേമട്ടില്‍ തുടര്‍ന്നു. കേന്ദ്രീകൃത പാര്‍ട്ടിഘടന. പിന്നീട് വന്ന സ്റ്റാലിനും ക്രൂഷ്ചേവിനും ഈ ഘടന മാറ്റാമായിരുന്നു. അത് ചെയ്തില്ല. അപ്പോഴേക്കും അതിന്റെ സൗകര്യങ്ങള്‍ അവര്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. 

കക്ഷിരാഷ്ട്രീയത്തിന്റെയും അധികാരരാഷ്ട്രീയത്തിന്റെയും പ്രായോഗികതയും പ്രത്യയശാസ്ത്രനിലപാടും തമ്മിലുള്ള സംഘര്‍ഷം ഇത്തരം കാര്യങ്ങളില്‍ പ്രകടമാണ്.

പ്രത്യയശാസ്ത്ര നിലപാടിലും പ്രായോഗികതയുണ്ട്. സ്ട്രാറ്റജിയുണ്ട്. അതൊരു ഏക കമ്പാര്‍ട്ടുമെന്റല്ല. അതുകൊണ്ട് കക്ഷിരാഷ്ട്രീയവും പ്രത്യയശാസ്ത്രവും തമ്മില്‍ വൈരുധ്യമുണ്ട് എന്നുപറയുന്നതില്‍ അര്‍ഥമില്ല. 

അങ്ങനെയാണെങ്കില്‍ മതം, ദൈവം, വിശ്വാസം എന്നിവയോടുള്ള ഇടതുപക്ഷസമീപനത്തില്‍ മാറ്റം അനിവാര്യമല്ലേ?

തീര്‍ച്ചയായും. സമൂഹത്തിന് ഏറ്റവും ദ്രോഹം ചെയ്യുന്ന വസ്തുതകള്‍ ഇവയാണ് എന്ന നിലപാട് തെറ്റാണ്. ഏറ്റവും ദ്രോഹം ചെയ്യുന്നത് ജീവിതശൈലിയാണ്. മനുഷ്യരുടെ ഉപഭോഗഭ്രാന്ത്. അതിന് മതത്തിന്റെ അടിസ്ഥാനമില്ല. എല്ലാവര്‍ക്കും വേണം കൂടുതല്‍. ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന പ്രൊഫസറും ശമ്പള കമ്മീഷന്‍ വരുമ്പോള്‍ കൂടുതല്‍ ആവശ്യപ്പെടുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കണമല്ലോ. വളരെ വലിയ അറ്റങ്ങളാണെന്നുമാത്രം. ഈ ഉപഭോഗഭ്രാന്ത് വളര്‍ത്തുന്നത് മുതലാളിത്തമാണ്. പക്ഷേ, ഏതാണ് ആദ്യം മാറേണ്ടത്? മുതലാളിത്തം മാറിയിട്ട് ഉപഭോഗഭ്രാന്ത് മാറില്ല. ഉപഭോഗഭ്രാന്ത് മാറ്റിക്കൊണ്ടല്ലാതെ മുതലാളിത്തത്തെ എതിര്‍ക്കാനുമാകില്ല. അതുകൊണ്ടാണ്, സമീര്‍ അമീന്‍ പറഞ്ഞത്, ഒരു സാംസ്‌കാരികവിപ്ലവം ആദ്യം നടക്കണം. അതിനുശേഷമേ രാഷ്ട്രീയവിപ്ലവം നടക്കൂ. 
കേരളത്തിന് ശാസ്ത്രീയമായ ഒരു യുക്തിവാദ പാരമ്പര്യം കഷ്ടിയാണ്. യുക്തിവാദം എന്നു പറയുന്നത് ഈശ്വരവിശ്വാസത്തെ നിഷേധിക്കലില്‍ ഒതുങ്ങി. അപ്പോള്‍ ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം വരും. അങ്ങനെയൊരു ചര്‍ച്ചയില്‍ വിശ്വാസം തന്നെയാണ് അടിസ്ഥാനം. കാരണം, ശാസ്ത്രീയമായി ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ കഴിയില്ല. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയാത്ത ഒരു വസ്തുതയും ശാസ്ത്രത്തിന് വഴങ്ങുന്നതല്ല. ഒരു പ്രസ്താവന; അത് തെറ്റാണെന്നോ ശരിയാണെന്നോ തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നുവെക്കുക, ശാസ്ത്രംകൊണ്ട് അതിനെ പരിശോധിക്കാന്‍ കഴിയില്ല. ശാസ്ത്രത്തിന് ചെയ്യാന്‍ കഴിയാത്ത പലതുമുണ്ട്. സമ്പൂര്‍ണമായ അറിവ് എന്നൊന്നില്ല. അറിവ് കൂടിക്കൂടി വരികയേ ഉള്ളൂ. അത് പൂര്‍ണമാകില്ല. 
ദൈവവിശ്വാസിക്ക് നല്ല കമ്യൂണിസ്റ്റും ആകാം. മനുഷ്യന് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റിയുണ്ട്. തലച്ചോറില്‍ ഒരുപകുതി ദൈവവിശ്വാസിയാകാം, ഒരു പകുതി ശാസ്ത്രവിശ്വാസിയാകാം. മനുഷ്യന്‍ എന്നത് ഒരു ഏക സ്വത്വമല്ല. മുമ്പ് സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി അംഗങ്ങളായ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലാസെടുക്കുമ്പോള്‍ അവര്‍ ഒരു ചോദ്യം ചോദിച്ചു; അമ്പലത്തില്‍ പോകുന്ന ഒരാള്‍ക്ക് നല്ല കമ്യൂണിസ്റ്റ് ആകാന്‍ കഴിയുമോ? ഉത്തരം: അമ്പലത്തില്‍ പോകുന്നുണ്ടോ എന്നതല്ല കാര്യം. ഒരു സമരം വന്നു എന്നിരിക്കട്ടെ, അപ്പോള്‍ അയാള്‍ അവധിയെടുത്ത് പോകുന്നു. അല്ലാത്ത സമയത്തെല്ലാം അമ്പലത്തിനും മുതലാളിത്തത്തിനും എതിരായി പ്രസംഗിക്കുന്നു. സമരം വന്നാല്‍ അവധിയെടുത്ത് വീട്ടിലിരിക്കുന്നു. മറ്റൊരാള്‍ അമ്പലത്തില്‍ പോകുന്നുണ്ട്. എന്നാല്‍, സമരം വന്നാല്‍ അതിന്റെ മുന്‍പന്തിയില്‍ കാണും. എല്ലാ അടിയും അയാള്‍ കൊള്ളും. ഇയാളാണ് വിപ്ളവകാരി, ആദ്യത്തെയാളല്ല. കമ്യൂണിസം എന്നത് ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന പ്രശ്നമല്ല. കമ്യൂണിസം കൊണ്ടുവരാനുള്ള ഉപകരണങ്ങളിലൊന്നാണ് മാര്‍ക്സിസം എന്നും ഓര്‍ക്കുക. 
മതത്തെയും ദൈവത്തെയും വിശ്വാസങ്ങളെയും വളരെ യാന്ത്രികമായാണ് ഇടതുപക്ഷം കൈകാര്യംചെയ്യുന്നത്. ഈ യാന്ത്രികതയാണ് ഇവിടത്തെ ബി.ജെ.പി.യെ വളര്‍ത്തിയത്. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ മതത്തിനോടും ദൈവത്തിനോടും വിശ്വാസങ്ങളോടുമുള്ള യാന്ത്രികസമീപനം. അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ തിരിച്ചുകൊടുത്ത പി.എം. ഭാര്‍ഗവ കടുത്ത യുക്തിവാദിയാണ്. എനിക്ക് 30 വര്‍ഷമായി അദ്ദേഹത്തെ അടുത്ത് അറിയാം. യുക്തിവാദിയായതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന് വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയാതെപോയത്.

പ്രത്യയശാസ്ത്രവും പ്രായോഗികതയും തമ്മില്‍ വൈരുധ്യമില്ലാത്ത ഒരു റാഡിക്കല്‍ ലെഫ്റ്റ് ഇന്നത്ത കേരളത്തില്‍ സാധ്യമാണോ?

യാന്ത്രികമല്ലാത്ത ഒരു റാഡിക്കല്‍ ലെഫ്റ്റ് കേരളത്തില്‍ സാധ്യമാണ്. ഇന്നത്തെക്കാള്‍ നല്ലൊരു നാളെ സാധ്യമാണ് എന്നൊരു വിശ്വാസം ഉള്ളവരുടെ എണ്ണം കൂടിയാല്‍ ഇത് സാധ്യമാകും. നല്ല നാളെ എന്നത് സമത്വത്തില്‍, സുസ്ഥിരതയില്‍, സഹിഷ്ണുതയില്‍, സഹകരണാത്മകതയില്‍ ഒക്കെ അധിഷ്ഠിതമായ നല്ല നാളെ.
ജാതി, സാമുദായികസമൂഹങ്ങളെ ഇടതുപക്ഷം നേരിട്ട് അഡ്രസ്ചെയ്യാന്‍ പാടില്ല. അത് ലോജിക്കിന് വഴങ്ങുന്നതല്ല. ലോജിക്കിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനത്തിലേ ഇവയെ അഡ്രസ് ചെയ്യാനാകൂ. പണ്ട് റഷ്യയെ ചൂണ്ടിക്കാട്ടി അവിടെ സ്വര്‍ഗമാണ് എന്ന് പറഞ്ഞിരുന്നതുപോലെ ഇന്ന് വികാരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിനെയും അഡ്രസ് ചെയ്യാനാകില്ല. വിചാരത്തിന്റെ വഴിയിലൂടെ വേണം. ഏറ്റവും ദരിദ്രരായ വിഭാഗത്തിനുവേണ്ടി ചെയ്യുക. ദരിദ്രരായ ഒരു സമുദായമുണ്ട് എന്നു കരുതുക. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറ്റൊരു സമുദായത്തിലാണ് ഭൂരിപക്ഷം. അപ്പോള്‍ ദരിദ്രരായ സമുദായത്തിന് അര്‍ഹമായത് നല്‍കാതെ തന്റെ സമുദായത്തിന് നല്‍കുന്നത് തെറ്റാണ്. യഥാര്‍ഥ ഇടതിന്റെ സ്വഭാവം കാണിച്ചാല്‍മതി. അതായത്, ഏറ്റവും താഴെ കിടക്കുന്നവരോടുള്ള കൂറ്. അപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ മാറും. 

ജാതി, സാമുദായിക സമൂഹങ്ങളെ അഡ്രസ് ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് പലപ്പോഴും ഇടര്‍ച്ചയുണ്ടാകാറുണ്ട്.

ജാതിയുടെ അടിസ്ഥാനത്തിലുള്ള ഹീനത കേരളത്തില്‍ വളരെ കുറവാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ ഒരു ലക്ഷ്യമായിരിക്കേണ്ടത്, സംവരണം ആവശ്യമില്ലാതാക്കുക എന്നതാണ്. ഇല്ലാതാക്കുകയല്ല. മെറിറ്റുകൊണ്ട് മുന്നേറാവുന്ന സാഹചര്യമുണ്ടാക്കുക. ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ അവകാശം എന്നതിന് കേരളത്തെ സംബന്ധിച്ച് പ്രസക്തിയില്ല. അയല്‍പക്ക സ്‌കൂളുകള്‍ നിര്‍ബന്ധമാക്കുക. മാനേജ്മെന്റ് സ്‌കൂളുകള്‍ ഇല്ലാതാക്കുക. അവയുടെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുക. സര്‍ക്കാര്‍ ഏകപക്ഷീയമായി ചെയ്താല്‍ എതിര്‍പ്പുണ്ടാകും. അതുകൊണ്ട്, ഇതിന് അനുയോജ്യമായ മനോഭാവം ജനങ്ങളില്‍ വളര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. കേരളത്തില്‍ നമ്പൂതിരിമാരാണ് ന്യൂനപക്ഷം. ഇസ്ലാമിനെ ന്യൂനപക്ഷമായി കാണേണ്ടതില്ല. മുപ്പതുശതമാനമുള്ള മുസ്ലിങ്ങള്‍ എങ്ങനെയാണ് ന്യൂനപക്ഷമാകുന്നത്? ന്യൂനപക്ഷത്തിന്റെ ഇഷ്യൂ എന്ന ഒന്നില്ല. മനുഷ്യന്റെ ഇഷ്യൂ ആണ് ഉള്ളത്. 

പുതിയ തലമുറ കൂടുതല്‍ യാഥാസ്ഥിതികമാകുകയല്ലേ?

എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യാഥാസ്ഥിതികം എന്നത് എന്തിന് എതിരാണ്?

പുരോഗമനത്തിന് എതിരാണ് എന്നു പറയാം.

അപ്പോള്‍ പുരോഗമനം എന്നാല്‍ എന്താണ്? കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതോ കൂടുതല്‍ പേരെ ഐ.ടി. ജോലിയിലേക്ക് പറഞ്ഞയയ്ക്കലോ? ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരോടുള്ള മനോഭാവം. അവരോടുള്ള അനുതാപം. അതിനെ പുരോഗമനം എന്നു പറയാം. ഇത്തരം ചോദ്യങ്ങള്‍ ഇതോടനുബന്ധിച്ച് ഉയര്‍ന്നുവരും.

ഒരു കോംപ്രമൈസിങ് ലെഫ്റ്റ് ആയതുകൊണ്ടാണോ പുതിയ തലമുറ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്ന് അകന്നുപോകുന്നത്?

പുതിയ തലമുറ വരുന്നുണ്ടല്ലോ. എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐ.യിലും നിറയെ ആളുകളുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ ഒന്നുകില്‍ അത് കരിയര്‍ ആണ്. അങ്ങനെയല്ലാതെ ലോകത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തോടെ വരുന്നത് കുറവാണെന്നു പറയാം. പാര്‍ട്ടിക്ക് അത്തരമൊരു കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാണിത്. നവസാമുദായിക പ്രസ്ഥാനങ്ങളോടുള്ള നിലപാടിനെക്കുറിച്ചും ഇങ്ങനെ പറയാം. ഇടതുപക്ഷത്തിന് ഒരൊറ്റ ഭാഷയേ അറിയൂ. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം. വേറൊരു ഭാഷയും അറിയില്ല. അത് പരിമിതമായ ഭാഷയാണ്. വെറും അരശതമാനത്തിന്റെ ഭാഷ.

ഇത്തരം വിമര്‍ശനങ്ങളും വിയോജിപ്പും നിലപാടുകളും പാര്‍ട്ടിയില്‍ തുറന്നുപറയാറുണ്ടോ?

പാര്‍ട്ടി ബ്രാഞ്ചില്‍ പറയാറുണ്ട്. ബ്രാഞ്ചാകുമ്പോള്‍ നേതൃത്വത്തെ വിമര്‍ശിക്കലാണല്ലോ ജോലി. ഈ പറഞ്ഞതെല്ലാം പാര്‍ട്ടിനേതാക്കളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ സംസാരിച്ചതില്‍ നല്ലൊരുശതമാനം കാര്യങ്ങളും പ്രകാശ്, സീതാറാം എന്നിവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. പ്രകാശ് സെക്രട്ടറിയായിരുന്നപ്പോള്‍ നിരവധി വിഷയങ്ങളെക്കുറിച്ച് പതിവായി കത്തെഴുതിയിരുന്നു. സീതാറാമിനും കത്തെഴുതുന്നുണ്ട്. അവര്‍ എന്നെ ശത്രുവായൊന്നും കണക്കാക്കുന്നില്ല.

വിമര്‍ശനങ്ങളോട് അവരുടെ പ്രതികരണം എന്താണ്?

അവര്‍ ചിരിക്കും. മിണ്ടില്ല.

ആ ചിരിയുടെ അര്‍ഥം എന്താണ്?

പലതാകാം. താന്‍ നല്ല ആളാണ്. താന്‍ കുറെ വിഡ്ഢിത്തം പറയും. സാരമില്ല; അങ്ങനെയാകാം. അല്ലെങ്കില്‍; ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ ചെയ്യാനാകൂ എന്നാകാം.

നേതൃത്വത്തിന്റെ ബലഹീനതയാണോ മാറ്റങ്ങളോടും വിമര്‍ശനങ്ങളോടുമുള്ള ഇത്തരം നിശ്ശബ്ദമായ ചിരികള്‍ക്കു പുറകില്‍?

ബലം എങ്ങനെയാണ് അളക്കുന്നത്. ചലനമുണ്ടായാലല്ലേ? അടിസ്ഥാനപരമായി മാര്‍ക്സിസത്തെ സര്‍ഗാത്മകമായി ഇന്ത്യന്‍ സാഹചര്യത്തിലും ലോകസാഹചര്യത്തിലും യോജിക്കുംവിധം മാറ്റങ്ങളെ ഉള്‍ക്കൊണ്ട് എപ്പോഴും പുനര്‍വ്യാഖ്യാനിച്ചുകൊണ്ടിരിക്കണം. അതിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ ഒരു നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ എവിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുള്ളത്. പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നേയുള്ളൂ. ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. 

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു സാധ്യതയുമില്ല എന്നാണ് പറഞ്ഞുവരുന്നത്.

പ്രവചനത്തില്‍ അര്‍ഥമില്ല. നാളെ കുറച്ചു നേതാക്കള്‍ക്ക് ഇത് പറ്റില്ല, മറ്റൊരു വഴിക്ക് പോണം എന്നു തോന്നിയാല്‍ അതൊരു സാധ്യതയാകും. മറ്റൊരു വഴി പറ്റില്ല, ഇങ്ങനെ എത്രയാന്നുവച്ചാല്‍ പോകട്ടെ അങ്ങനെയായാല്‍ ഇന്നത്തെതുപോലെ ക്ഷയിച്ചുകൊണ്ടിരിക്കും. സീതാറാമിനോ പാര്‍ട്ടി നേതാക്കള്‍ക്കോ എന്താണ് തോന്നുന്നത് എന്ന് എനിക്ക് പറയാന്‍കഴിയില്ല.

എം.പി. പാര്‍ട്ടിയിലെ പല തലങ്ങളിലും പല തലമുറകളിലും പെട്ട നേതാക്കളുമായി ഇടപഴകുന്നയാളാണ്. പ്രതീക്ഷ നല്‍കുന്ന ആരെയും ഇന്നത്തെ പാര്‍ട്ടിയില്‍ കാണാനായിട്ടില്ലേ?

മിഡില്‍ ലെവല്‍ നേതാക്കളില്‍ ചിന്തിക്കാന്‍പറ്റുന്നവരായി ആരെയും ഞാന്‍ കാണുന്നില്ല. തോമസ് ഐസക് മാത്രമേയുള്ളൂ. ഇന്ത്യയില്‍ ഇടതുപക്ഷപ്രസ്ഥാനത്തിന് പുതുജീവന്‍ കൊടുക്കണമെന്നുവെക്കുക, അതിന് ഐസക്കിനെപ്പോലുള്ള നേതാക്കള്‍ വേണം. സീതാറാമിനും കുറേയൊക്കെ പറ്റും.

പക്ഷേ, തോമസ് ഐസക് കൃത്യമായ നിലപാടെടുക്കേണ്ട ചില കാര്യങ്ങളില്‍ പുലര്‍ത്തുന്ന മൗനം അര്‍ഥഗര്‍ഭമാണ്.
(എം.പി.ക്കും ദീര്‍ഘമൗനം).

ഇക്കാര്യം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടോ?
ഉവ്വ്, അപ്പോള്‍ അദ്ദേഹവും ചിരിച്ചു (എം.പി.യും). ഐസക് ആലപ്പുഴയിലും മറ്റും ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനവും പരിഷത്താണ് സഹായിക്കുന്നത്. അല്ലാതെ പാര്‍ട്ടിയില്‍നിന്ന് അവിടെ സഹായിക്കാനാരുമില്ല. 

കേരളം അറുപതാംവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ പരിപാകമാര്‍ന്ന സന്ദര്‍ഭത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാറായിരിക്കുമോ ഭരണത്തിലേക്ക്?

ഇന്നത്തെ മട്ടു കണ്ടാല്‍ അതെ എന്നു തോന്നുന്നു.

തോമസ് ഐസക് മുഖ്യമന്ത്രിയാകുമോ?

അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ഇവിടുത്തെ ആള്‍ക്കാര്‍ ആരും സമ്മതിക്കില്ല.

ഏറ്റവും നല്ല മുഖ്യമന്ത്രിസ്ഥാനാര്‍ഥി അദ്ദേഹമാണോ?

സംശയമില്ല, ഞാന്‍ സീതാറാമിന് എഴുതിയിട്ടുണ്ട്. നിങ്ങള്‍ തോമസ് ഐസക്കിനെ മുഖ്യമന്ത്രിയായി പ്രൊജക്ട്ചെയ്യുകയാണെങ്കില്‍ ഇലക്ഷനില്‍ നിങ്ങള്‍ ജയിക്കുമെന്നാണ് ഞാന്‍ എഴുതിയത്. അതിന് മറുപടി കിട്ടിയിട്ടില്ല. 

എന്തുകൊണ്ടാണ് തോമസ് ഐസക്? 

ഒന്ന്, അദ്ദേഹത്തിന് അഴിമതിയില്ല. ഇന്റലക്ച്വല്‍ കപ്പാസിറ്റി മറ്റെല്ലാവരെക്കാളും വളരെ കൂടുതലുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ കഴിയും. അതുകൊണ്ട് എവിടെപ്പോയാലും ജനങ്ങള്‍ക്ക് ഐസക്കിനെ തിരിച്ചറിയാന്‍കഴിയും.

വി.എസ്. അച്യുതാനന്ദന് എന്താണ് കുഴപ്പം?

പ്രായമായി. വയ്യ. മാത്രമല്ല, വി.എസ്സിനെ പിന്തുണയ്ക്കാന്‍ ആരുമില്ല. അദ്ദേഹത്തിന് ഉപദേശം കൊടുക്കുന്നവര്‍ ഒന്നുകില്‍ അറിവില്ലാത്തവരാണ്, അല്ലെങ്കില്‍ മുഷ്‌കന്മാരാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് നിരവധി വിഡ്ഢിത്തങ്ങള്‍ പറ്റിയത്. 

പിന്നീട് വി.എസ്. ഏറെ മാറിയല്ലോ?. മാത്രമല്ല, കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം ജനങ്ങളെ ഒരു കാന്തമെന്നപോലെ തന്നിലേക്ക് വലിച്ചടുപ്പിച്ച നേതാവ് വി.എസ്. ആണ്, എം.പി. പ്രായമായെന്നും വയ്യ എന്നും പറഞ്ഞ ഈ തൊണ്ണൂറ്റിമൂന്നുകാരന്‍.

ജനകീയത മാത്രം പോരാ. വിവരം വേണം. ഐസക്കിന്റെ അടുത്തുപോലും വരില്ല വിവരത്തിന്റെ കാര്യത്തില്‍ വി.എസ്. ഇവിടുത്തെ ഇക്കണോമിക്സിനെപ്പറ്റി, കൃഷിയെപ്പറ്റി ഒന്നും വി.എസ്സിന് വിവരമില്ല. ചുമ്മാ പറഞ്ഞാല്‍പോരാ. കൃത്യമായി എന്തുചെയ്യാന്‍ കഴിയുമെന്നൊക്കെ പറയാന്‍കഴിയണം.

ഇക്കാര്യങ്ങളിലൊക്കെ വി.എസ്. ഇടപെടുന്നുണ്ടല്ലോ?

ഇടപെടുന്നുണ്ട്. ഒക്കെ ഉപരിപ്ളവമായാണ്. അതു പോരാ. വി.എസ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് മറ്റെല്ലാവരും അദ്ദേഹത്തെ പിന്തുണച്ചു എന്നു കരുതുക, ആരും ഇടങ്കോലൊന്നും ഇട്ടിട്ടില്ല എന്നുവെക്കുക. എന്നാലും അദ്ദേഹത്തിന് ചെയ്യാന്‍പറ്റുന്നതിന് പരിമിതിയുണ്ട്. പഴയ വഴിയിലൂടെ പോകാമെന്നല്ലാതെ പുതിയ വഴി വെട്ടിത്തുറക്കാന്‍കഴിയില്ല.

പക്ഷേ, ജനങ്ങളുടെ ഭാഗത്തുനിന്ന് അദ്ദേഹത്തില്‍ പ്രതീക്ഷയുള്ളതായി തോന്നിയിട്ടുണ്ട്.

അതുണ്ട്, ഐസക്കിനെ പ്രൊജക്ട്ചെയ്തില്ലെങ്കില്‍ പിന്നെ വി.എസ്. ആകും അടുത്ത ചോയ്സ് എന്നിടത്തേക്കാകാം കാര്യങ്ങള്‍ പോകുന്നത്.

ജനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രധാന ഘടകമല്ലേ?മുന്‍പ് രണ്ടുതവണ കേരളത്തിലെ പാര്‍ട്ടി അതിന്റെ ചൂടും ചൂരും അനുഭവിച്ചതുമാണല്ലോ?

അതെ. വി.എസ്. ആണോ ഐസക് ആണോ എന്നു ചോദിച്ചാല്‍ ജനം നിശ്ചയമായും ഐസക് എന്നേ പറയൂ. അതിനുള്ള വിവരമൊക്കെ ജനത്തിനുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് ഐസക്കിന്റെ പേരാണ് വരിക.

എന്ന് എം.പി. വിചാരിക്കുന്നു

അല്ല, ഞാന്‍ വിചാരിക്കുന്നതല്ല. പല ആള്‍ക്കാരും ഇങ്ങോട്ട് പറയുന്നുണ്ട്.

പാര്‍ട്ടിയിലുള്ളവരാണോ?

പരിഷത്തിലുള്ളവരും മറ്റു ഇടതുപക്ഷ അനുഭാവമുള്ള സുഹൃത്തുക്കളും. ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം പോപ്പുലറായ ആള്‍ ഇന്ന് ഐസക്കാണ്. കാരണം. വി.എസ്സിന് ഒറ്റയ്ക്ക് ആലോചിക്കാന്‍ വശമില്ല. രണ്ട്, അങ്ങനെ ആലോചിക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്താനും വശമില്ല. അദ്ദേഹത്തിന് വിവരമുള്ള ഉപദേശകന്മാര്‍ ആരുമില്ല. ഐസക്കിനാകട്ടെ പരിഷത്തിന്റെ അനുഭാവികളായ എല്ലാവരുടെയും പിന്തുണ കിട്ടും. ഇന്റലക്ച്വലി ഏറ്റവുമധികം സപ്പോര്‍ട്ട്ചെയ്യാന്‍ കഴിയുന്ന പരിഷത്ത് ഗ്രൂപ്പ് ഐസക്കിന് പിന്തുണ നല്‍കും.

പിണറായി വിജയനോ?

പിണറായിക്ക് മനുഷ്യരുമായി ബന്ധമില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രൊജക്ട്ചെയ്യുകയാണെങ്കില്‍ അത് ദോഷമേചെയ്യൂ. അതേസമയം, കാര്യങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനും കഴിവുണ്ട്. എന്നാല്‍, അഹങ്കാരത്തിന്റെ, പാര്‍ട്ടി അഹങ്കാരത്തിന്റെ കാര്യത്തില്‍ ഒട്ടും കുറവില്ല. നല്ലൊരു കമ്യൂണിസ്റ്റിന് ലാളിത്യവും വിനയവും ആവശ്യമാണ്. പിണറായിക്ക് അതില്ല. 

പാര്‍ട്ടിയെക്കുറിച്ചുള്ള ആത്മവിശ്വാസത്തെ അഹങ്കാരമായി തെറ്റിദ്ധരിക്കുന്നതാകാം?

ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടത് 'അരഗന്‍സി'യിലൂടെയല്ല. അതും സാധാരണക്കാരനോടാണ് കാണിക്കുന്നത്. അത് പാടില്ല.

എ.കെ.ജി. ഒഴിച്ചുള്ളവരില്‍ ഈ 'അരഗന്‍സി' ഏറിയും കുറഞ്ഞുമുണ്ട്.

ഇ.എം.എസ്സിന് 'അരഗന്‍സി' ഉണ്ടായിരുന്നില്ല. വി.എസ്സിനും അത് ഇല്ലാതില്ല. പക്ഷേ, മാറിയിട്ടുണ്ട്. 

എം.പി.യുടെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി തുറന്ന മനസ്സോടെ എടുത്ത അനുഭവമുണ്ടായിട്ടുണ്ടോ?

ഇതുവരെയില്ല. 

അതില്‍ വിഷമമുണ്ടോ?

ഇല്ല, എന്തിനാണ് വിഷമം?

പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക്?

പാര്‍ട്ടിയെയല്ല ഞാന്‍ സ്നേഹിക്കുന്നത്, ജനങ്ങളെയാണ്. എന്തിനാണ് ഞാന്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നത്? ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത് ജനങ്ങളെ സേവിക്കാനാണ്. അത് ഞാനിപ്പോഴും ചെയ്യുന്നുണ്ട്. ജനങ്ങളെ സേവിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. ആ പ്രസ്ഥാനം നേരെയാവാന്‍ സാധ്യതയുള്ള പ്രസ്ഥാനമാണ്. എന്നാല്‍, നേരെയാകുമെന്ന് ഒരു വിശ്വാസവുമില്ല.

എങ്കിലും ഒരു പ്രതീക്ഷയുണ്ട്?

പ്രത്യേകിച്ച് പ്രതീക്ഷയൊന്നുമില്ല, നന്നാവാനുള്ള ഒരു ലക്ഷണവും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, പ്രവചനം നടത്താനും ഞാന്‍ തയ്യാറല്ല.

എങ്കിലും, ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ഒരു വിദൂരപ്രതീക്ഷയില്‍...

എന്റെ വിശ്വാസം, മൂന്നുനാലു നേതാക്കള്‍, ഐസക്കിനെപ്പോലെ വടക്കേ ഇന്ത്യയില്‍ ചെറുപ്പക്കാരുണ്ട്. സി. രവീന്ദ്രനാഥ്, ഒറിജിനല്‍ കോണ്‍ട്രിബ്യൂഷന്‍ ഇല്ലെങ്കിലും കാര്യം പറഞ്ഞാല്‍ കൃത്യമായി നടപ്പാക്കും...'