സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് മനുഷ്യന് ഒരു ആമുഖം. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസനഷ്ടം, തല്പം, വിഹിതം എന്നീ നാല് കഥാസമാഹാരങ്ങളേ പതിനഞ്ച് വര്‍ഷം മുമ്പ് എഴുത്ത് തുടങ്ങിയ സുഭാഷ് ചന്ദ്രന്റേതായി പുറത്തിറങ്ങിയിട്ടുള്ളൂ. കണക്കെടുത്താല്‍ കഥകള്‍ മുപ്പതിലധികം വരില്ല. എന്നാലോ മൂവായിരത്തിന്റെ തിളക്കമുണ്ട് കഥകള്‍ക്ക്. ആഴത്തിലുള്ള അനുഭവലോകവും അസാധാരണമായ ഭാഷയും ശില്പഭദ്രതയും ഇത്ര സമഗ്രമായി എഴുത്തില്‍ കൊണ്ടുവന്നിട്ടുള്ള ഒരെഴുത്തുകാരന്‍ മലയാളസാഹിത്യത്തില്‍ അപൂര്‍വ്വം. ഗൗരവമായ വായന അന്യം നിന്ന് പോകുന്നു എന്ന് സങ്കടപ്പെടുന്ന സാംസ്‌കാരികസമൂഹത്തിന് മുന്നില്‍ സുഭാഷ് ചന്ദ്രന്റെ രചനകള്‍ ഉത്തരമായി.

സുഭാഷ് ചന്ദ്രന്റെ ആദ്യനോവലിനായി അതൊക്കെക്കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് വായന സമൂഹം കാത്തിരുന്നത്. അല്‍പ്പം പോലും തെറ്റിയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധികരിക്കുമ്പോള്‍ സുഭാഷ് ചന്ദ്രനും ആഴ്ചപ്പതിപ്പിലേക്കും വന്ന കത്തുകള്‍ക്കും ഫോണ്‍വിളികള്‍ക്കും മെസ്സേജുകള്‍ക്കും കയ്യും കണക്കുമില്ല. നോവല്‍ വായിച്ച് നായകനായ ജിതേന്ദ്രനോടുള്ള സ്‌നേഹം മൂത്ത് ജിതേന്ദ്രന്റെ മക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടിയെന്ന് കത്തോടെ ഒരു ജോഡി സ്വര്‍ണ്ണക്കമ്മലുകള്‍ പാഴ്‌സലായി സുഭാഷ് ചന്ദ്രന്റെ വീട്ടിലെത്തി. ഒരെഴുത്തുകാരന് വായനക്കാരന്റെ വക കിട്ടിയ സ്‌നേഹസമ്മാനം..!

മനുഷ്യന് ഒരു ആമുഖം പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പതിനാറായിരത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്.... കിട്ടിയ പുരസ്‌കാരങ്ങള്‍ ഏറെ. നോവലിനെ ആധാരപ്പെടുത്തിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. 'പൂര്‍ണവളര്‍ച്ചയെത്തും മുമ്പേ മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍' എന്ന് നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്. ജീവിതത്തിന്റെ അന്ത:സത്ത മനസിലാക്കാതെ, വെറുതെയിങ്ങനെ ജീവിച്ചുപോകുന്നതില്‍ കാര്യമില്ലെന്ന് മനുഷ്യന് ഒരു ആമുഖം അനുഭവപ്പെടുത്തുന്നു. നമ്മുടെയൊക്കെ ജീവിതത്തിന് ഒരു ആമുഖമെഴുതുകയാണ് ഈ നോവല്‍. തച്ചനക്കര എന്ന ഗ്രാമത്തിന്റെ നൂറ് വര്‍ഷത്തെ ചരിത്രം വൈകാരികതയുടെ മുറുക്കിക്കെട്ടിയ പാലത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ തച്ചനക്കര കേരളമാകുന്നു. മൂല്യങ്ങളെല്ലാം കൈയ്യൊഴിഞ്ഞ്, ആര്‍ത്തിയൊട്ടും തീരാതെ മരണത്തിലേക്ക് കിതയ്ക്കുന്ന പുത്തന്‍കാലത്തെ അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ ഇന്നലെയില്‍ നിന്ന് ഇന്നെങ്ങനെയായി എന്ന് നോവല്‍ പറഞ്ഞുവെയ്ക്കുന്നു. മനുഷ്യനെക്കുറിച്ചുള്ള ദാര്‍ശനികമായ അന്വേഷണം വ്യത്യസ്തമായ ആഖ്യാനത്തില്‍ നോവലില്‍ വരച്ചിടുന്നു. തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രനിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍, ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ മനുഷ്യന് ഒരു ആമുഖം കടന്നുപോകുന്നു. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് ഭാഗങ്ങളായാണ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. 'ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല.' മനുഷ്യന് ഒരു ആമുഖത്തില്‍ ജിതേന്ദ്രന്‍ പ്രണയിനിയായ ആന്‍മേരിക്കയച്ച കത്തുകളിലൊന്നിലെ വാചകങ്ങള്‍. മനുഷ്യന് ഒരു ആമുഖത്തിന്റെ ആധാരവും ഈ വരികളാണ്.

'കല്ലില്‍ കൊത്തിയെടുത്തത് പോലുള്ള അനേകം കഥാപാത്രങ്ങള്‍, അത്യന്തം വികാരതീക്ഷ്ണതയുള്ള എത്രയോ ജീവിതമുഹൂര്‍ത്തങ്ങള്‍, എല്ലുറപ്പുള്ള ഭാഷ, അസാധാരണമാംവിധം ചൈതന്യവത്തായ ഇമേജുകള്‍, മനുഷ്യാവസ്ഥയുടെ നാനാമുഖങ്ങളെക്കുറിച്ചുള്ള മൗലികനീരീക്ഷണങ്ങള്‍ എന്നിങ്ങനെ ഈ നോവലുമായി ആത്മബന്ധം സ്ഥാപിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്.. അത്ഭുതകരമായ അളവില്‍ സര്‍ഗോര്‍ജത്തിന്റെ വിനിയോഗം നടന്നിട്ടുള്ള കൃതിയാണ് മനുഷ്യന് ഒരു ആമുഖമെന്ന്' പ്രശസ്ത എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍. 'വ്യായാമത്തിലൂടെ ഉറച്ച പേശികളുള്ള ഒരു പുരുഷശരീരത്തെ ഓര്‍മിപ്പിക്കുന്നതാണ് മനുഷ്യന് ഒരു ആമുഖം എന്ന നോവലിലെ സുഭാഷ് ചന്ദ്രന്റെ ശൈലി' എന്ന് എസ്. ജയചന്ദ്രന്‍ നായര്‍.

ദേശചരിത്രം ആഴത്തില്‍ ആഖ്യാനിക്കുന്ന ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെ കയര്‍, എന്‍.എസ്. മാധവന്റെ ലന്തന്‍ബത്തേരിയുടെ ലുത്തിയിനകള്‍, എന്‍. പ്രഭാകരന്റെ തിയ്യൂര്‍ രേഖകള്‍ തുടങ്ങിയ നോവലുകള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച അപൂര്‍വ്വനോവലാണ് മനുഷ്യന് ഒരു ആമുഖം. നന്നേ ചെറുപ്പത്തില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ഈ നോവലിനെ തേടിയെത്തിയതും അതുകൊണ്ടാണ്.

സുഭാഷ് ചന്ദ്രന്റെ മറ്റ് കൃതികള്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക