pattezhuthuപകലന്തിയോളം സ്റ്റുഡിയോയിലെ മൈക്കിലേക്ക് അലറിവിളിച്ചതിനു കിട്ടിയ പ്രതിഫലം കടുത്ത തൊണ്ടവേദനയും ആശുപത്രിവാസവും. പക്ഷേ, നിരാശയൊട്ടുമില്ല പ്രയാഗ്രാജിന്. ഇന്ത്യന്‍ സിനിമാസംഗീത ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നില്ലേ ആ അലര്‍ച്ച. അഭിനയവും ആലാപനവും പാട്ടെഴുത്തും തിരക്കഥാരചനയും സംവിധാനവും ഉള്‍പ്പെടെ സിനിമയുടെ സമസ്തമേഖലകളിലും കൈവെച്ചിട്ടുണ്ടെങ്കിലും ഇനിയുള്ളകാലം താന്‍ ഓര്‍ക്കപ്പെടുക ആ ഒരൊറ്റ ആര്‍പ്പുവിളിയുടെ പേരിലാവും എന്നുറപ്പുണ്ട് പ്രയാഗിന്. വിധിനിയോഗമാകാം.
ഓര്‍ത്തുനോക്കുക. 'യാഹൂ' എന്ന അലര്‍ച്ചയില്ലാതെ 'ചാഹേ കോയീ മുച്ഛേ ജംഗ്ലി കഹേ'  എന്ന ഗാനമുണ്ടോ? ശൈലേന്ദ്രയുടെ രചനപോലെ, ശങ്കര്‍ ജയ്കിഷന്റെ ഈണംപോലെ, മുഹമ്മദ് റഫിയുടെ സ്വര്‍ഗീയനാദംപോലെ, മഞ്ഞുമലകള്‍ക്കു മുകളിലൂടെയുള്ള ഷമ്മി കപൂറിന്റെ തലകുത്തിമറിഞ്ഞുള്ള അഭിനയംപോലെ 'ജംഗ്ലി' (1961) യിലെ ആ പാട്ടിന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു പ്രയാഗ് രാജിന്റെ ആര്‍പ്പുവിളിയും.

നിര്‍ഭാഗ്യവശാല്‍ അധികമാര്‍ക്കും അറിയില്ല അക്കഥയെന്നുമാത്രം. പടത്തിന്റെ ശീര്‍ഷകങ്ങളിലും എച്ച്എംവി പുറത്തിറക്കിയ ഗ്രാമഫോണ്‍ റെക്കോഡിലും ഒന്നും പ്രയാഗ്രാജിന്റെ പേരില്ല. അതുകൊണ്ടുതന്നെ ആ 'യാഹൂ' റഫിസാഹിബിന്റെ വകയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. റേഡിയോയിലും ഗാനമേളാവേദികളിലും ഒക്കെ പാട്ടിലെ തന്റെ പങ്ക് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതില്‍ ആദ്യമൊക്കെ ദുഃഖം തോന്നിയിരുന്നു പ്രയാഗിന്. പക്ഷേ, പരാതിപ്പെടാനൊന്നുംപോയില്ല. ഷമ്മിജിയോടും റഫിസാഹിബിനോടുമുള്ള സ്‌നേഹവും കടപ്പാടും തന്നെ കാരണം. ''റഫിസാഹിബ് അല്ലായിരുന്നു ആ ഗാനം പാടിയിരുന്നതെങ്കില്‍ എന്റെ അലര്‍ച്ച പാഴായിപ്പോയേനേ. അദ്ദേഹത്തെപ്പോലൊരു മഹാഗായകനൊപ്പം സ്റ്റുഡിയോയിലെ മൈക്കിനു മുന്നില്‍ നില്‍ക്കാന്‍കഴിഞ്ഞു എന്നതുതന്നെ സുകൃതം.'' പ്രയാഗ്രാജിന്റെ വാക്കുകള്‍.

pattezuthu


'ജംഗ്‌ലി' പുറത്തിറങ്ങിയത് 1961-ലാണെങ്കിലും സാധാരണക്കാരായ മലയാളികളില്‍ നല്ലൊരുവിഭാഗം 'യാഹൂ' എന്ന ഗാനത്തിന്റെ ആകര്‍ഷണവലയത്തില്‍ വീണുപോയത് 1970-കളുടെ അവസാനമാവണം. റഫിയുടെ പ്രസിദ്ധമായ യൂറോപ്യന്‍-അമേരിക്കന്‍ പര്യടനത്തിന്റെ ഓഡിയോ കാസെറ്റ് (മുഹമ്മദ് റഫി ലൈവ് എറൗണ്ട് ദി വേള്‍ഡ്) കേരളത്തില്‍ തരംഗമായതോടെ. നാഷണല്‍ പാനസോണിക്കിന്റെ ടു ഇന്‍ വണ്ണും റഫിയുടെ 'ലണ്ടന്‍ പ്രോഗ്രാ'മിന്റെ കാസെറ്റും ഇല്ലാതെ ഗള്‍ഫില്‍നിന്ന് നാട്ടില്‍ പറന്നിറങ്ങുന്ന മലയാളികള്‍ കുറവായിരുന്നു അന്ന്. ശാഹിദ് ബിജ്നോരിയുടെ ആരാധനാപൂര്‍ണമായ അവതരണത്തിന്റെ അകമ്പടിയോടെ റഫി തന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒന്നൊന്നായി (ഓ ദുനിയാ കെ രഖ് വാലെ, മധുബന്‍ മേ രാധികാ, ബഡി ദൂര്‍ സേ, പര്‍ദാ ഹേ പര്‍ദാ, ജൊ വാദാ കിയാ വോ, സുഹാനി രാത് ഡല്‍ ചുകി...) പാടുന്നത് വിസ്മയത്തോടെ കേട്ടിരുന്നു അന്നത്തെ യുവതലമുറ. സവിശേഷമായ മനോധര്‍മപ്രകടനമായിരുന്നു ഓരോ പാട്ടിന്റെയും ആകര്‍ഷണം. നിറഞ്ഞ സദസ്സിന്റെ ആരവങ്ങളിലേക്ക് റഫിസാഹിബ് യാഹൂ എന്ന് ആര്‍ത്തുവിളിക്കുന്നത് ഇന്നും ഓര്‍ക്കുന്നു. അന്നറിയില്ല ആ പ്രയോഗത്തിന്റെ 'പേറ്റന്റ്' മറ്റൊരാള്‍ക്കാണെന്ന്.
അതറിഞ്ഞത് വര്‍ഷങ്ങള്‍ക്കുശേഷം ഷമ്മി കപൂറിന്റെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍നിന്നാണ്. ''ചാഹെ കോയീ മുച്ഛേ എന്ന ഗാനത്തില്‍ നിങ്ങള്‍ കേള്‍ക്കുന്ന 'യാഹൂ' റഫിസാഹിബിന്റെതല്ല. ഞങ്ങളുടെയൊക്കെ സുഹൃത്തായ പ്രയാഗ്രാജ് എന്ന നടന്റെതാണ്.'' ഷമ്മി പറഞ്ഞു. ''റഫിയുടെ ഉജ്ജ്വലമായ ആലാപനത്തിന് ഉചിതമായ പ്ലാറ്റ്ഫോം ഒരുക്കുകയായിരുന്നു പ്രയാഗ്. താരസ്ഥായിയിലാണ് പ്രയാഗിന്റെ ആര്‍പ്പുവിളി. സ്വാഭാവികമായും റഫിസാഹിബ് ഗാനമാരംഭിക്കുന്നതും അതേ സ്ഥായിയില്‍നിന്നുതന്നെ. ആ രംഗത്ത് എന്റെ അഭിനയത്തെക്കുറിച്ച് പലരും മതിപ്പോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ റാഫിസാഹിബിനെയും പ്രയാഗിനെയും നന്ദിയോടെ ഓര്‍ക്കും.'' ആ അഭിമുഖം കണ്ട നിമിഷംമുതല്‍ ഒരു ചോദ്യം മനസ്സിലുണ്ട്: ഏത് സ്ഥായിയിലൂടെയും അനായാസം സഞ്ചരിക്കാന്‍കഴിവുള്ള ശബ്ദത്തിന്റെ ഉടമയായ റഫി എന്തുകൊണ്ടായിരിക്കണം ഈ ഗാനത്തില്‍ മറ്റൊരു ഗായകന്റെ അതും ഒരു പാര്‍ട്ട് ടൈം ഗായകന്റെ സഹായം കടമെടുത്തത്? ഇതിലും ഉച്ചസ്ഥായിയിലുള്ള പാട്ടുകള്‍ റഫിസാഹിബ് അനായാസം പാടിത്തകര്‍ത്തിട്ടില്ലേ? ദുരൂഹത നിറഞ്ഞ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചത് 'ഷമ്മി കപൂര്‍ ദി ഗെയിം ചെയ്ഞ്ചര്‍' എന്ന പുസ്തകത്തില്‍നിന്നാണ്. ഷമ്മിയുടെ വ്യക്തിജീവിതത്തിലൂടെയും സിനിമാജീവിതത്തിലൂടെയുമുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് ഫിലിംഫെയര്‍ വാരികയുടെ പഴയ പത്രാധിപര്‍കൂടിയായ റൗഫ് അഹമ്മദിന്റെ ആ രചന. റൗഫിന്റെ വിവരണങ്ങളും ഷമ്മിയുടെ ടെലിവിഷന്‍ അഭിമുഖങ്ങളും ചേര്‍ത്തുവെച്ചപ്പോള്‍ കിട്ടിയത് രസകരമായ കുറെ അറിവുകള്‍.

യാഹൂ പിറന്ന കഥ 

pattezuthu
പ്രയാഗ് രാജ്‌

ഗാനത്തിന്റെ തുടക്കത്തില്‍ ശ്രോതാക്കളെ ആകര്‍ഷിക്കുന്ന ഒരു 'ഹുക്ക്' വേണം എന്നത് ഷമ്മി കപൂറിന്റെ ആശയമായിരുന്നു. അതുവരെ ഹിന്ദി സിനിമാഗാനങ്ങളില്‍ കേട്ടിട്ടില്ലാത്ത ഒന്നായിരിക്കണം അത്. ''പൊതുവെ ഇഴഞ്ഞുനീങ്ങുന്ന പ്രണയഗാനങ്ങളോട് അത്ര മതിപ്പില്ല എനിക്ക്, അവ എത്രതന്നെ ക്ലാസിക് ആണെങ്കിലും.'' പുസ്തകത്തില്‍ ഷമ്മി പറയുന്നു. ''ദിലീപ്കുമാര്‍, രാജ്കപൂര്‍ എന്നിവര്‍ അക്കാലത്ത് സിനിമയില്‍ പാടി അഭിനയിച്ചിരുന്നത് ഇത്തരം പാട്ടുകളായിരുന്നു. ഒരുപക്ഷേ, ആ സിനിമകളുടെ പ്രത്യേകതയാകാം. നിശ്ചലനായി നിന്ന്, അല്ലെങ്കില്‍ വിദൂരതയിലേക്ക് നോക്കി പാടുന്ന പ്രണയഗാനങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാനാവില്ല.'' 'തരാന'യില്‍ തലത്ത് മഹ്മൂദും ലതാ മങ്കേഷ്‌കറും ചേര്‍ന്ന് പാടുന്ന 'സീനേ മേ സുലഗ്തേ ഹേ അര്‍മാന്‍' എന്ന പാട്ട് ഉദാഹരണമായി എടുത്തുപറയുന്നുമുണ്ട് ഷമ്മി. നായികയായ മധുബാലയെ ഓര്‍ത്ത് ദിലീപ് കിടക്കയില്‍ കിടന്നുകൊണ്ട് പാടുന്ന പാട്ടാണത്. വിഷാദമധുരമായ ഒരു മെലഡി. പിയാനോ വായിച്ചുകൊണ്ടുള്ള നായകന്റെ പാട്ടായിരുന്നു ആദ്യകാല സിനിമകളിലെ മറ്റൊരു സ്ഥിരം വിഭവം. ദിലീപിന്റെയും രാജിന്റെയും അഭിനയപാടവത്തോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അത്തരം 'നിര്‍ജീവ' ഗാനങ്ങളോടുള്ള എതിര്‍പ്പ് റൗഫ് അഹമ്മദുമായുള്ള സംഭാഷണത്തില്‍ ഷമ്മി പങ്കുവെക്കുന്നുണ്ട്. ''അന്നത്തെ യുവതലമുറ മറ്റെന്തൊക്കെയോ സിനിമയില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട് എന്ന് എനിക്കു തോന്നി. അവരുടെ സ്‌നേഹമായിരുന്നു എന്റെ കരുത്ത്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ വെള്ളിത്തിരയില്‍ ആടിപ്പാടിയത്. പലരും കരുതുംപോലെ പോപ് സംഗീതചക്രവര്‍ത്തിയായ എല്‍വിസ് പ്രസ്ലിയെ അനുകരിക്കുകയായിരുന്നില്ല ഞാന്‍. എന്റെ നൃത്തചലനങ്ങള്‍ എല്ലാം എന്റെതു മാത്രമായിരുന്നു. ആരോടും കടപ്പാടില്ല അവയ്ക്ക്. നൃത്തഗാനരംഗങ്ങളില്‍ ഒരിക്കലും ഒരു കൊറിയോഗ്രാഫറുടെയും സഹായം തേടിയിട്ടില്ല ഞാന്‍.''

pattezuthu
മുഹമ്മദ് റഫി, ശങ്കര്‍, ഷമ്മി കപൂര്‍

യാഹൂ എന്ന വാക്ക് എങ്ങനെ ആദ്യം മനസ്സില്‍ കടന്നുവന്നു എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല ഷമ്മി കപൂറിന്. ഒരുപക്ഷേ, പൃഥ്വി തിയേറ്റേഴ്സിലെ നാടകാഭിനയകാലത്ത് കേട്ട് മനസ്സില്‍ പതിഞ്ഞതാകണം. സഹനടന്മാരായി അന്നുണ്ടായിരുന്ന പഠാന്‍കാര്‍ ഒഴിവുസമയത്ത് പാടിയ പാട്ടുകളില്‍ യാഹൂ എന്ന ആക്രോശം കേട്ടതോര്‍ക്കുന്നു. കൗമാരകാലത്ത് ആവേശത്തോടെ ഓടിനടന്നു കണ്ട ജോണ്‍ വെയ്നിന്റെയും ജീന്‍ ഓട്രിയുടെയും റോയ് റോജേഴ്സിന്റെയുമൊക്കെ കൗബോയ് ചിത്രങ്ങളിലും കേട്ടിട്ടുണ്ട് ആ അലര്‍ച്ച. സിനിമയില്‍ നടാടെ അത് പ്രയോഗിക്കാന്‍ അവസരം ലഭിച്ചത് 'തുംസാ നഹി ദേഖാ' (1957) യിലാണ് ''യൂ തോ ഹം നേ'' എന്ന ശീര്‍ഷകഗാനത്തിന്റെ തുടക്കത്തില്‍. പിന്നീട് 'ദില്‍ ദേകെ ദേഖോ' (1958) യിലും ഷമ്മിയുടെ യാഹൂ മുഴങ്ങി, അധികമാരും അത് ശ്രദ്ധിച്ചില്ലെങ്കിലും. ഈ രണ്ടു സിനിമകളാണ് ഇന്ത്യന്‍ യുവതയുടെ ഹരമായി ഷമ്മിയെ വളര്‍ത്തിയത് എന്നോര്‍ക്കുക. 'ജംഗ്ലി'യുടെ ഗാനസംവിധാനവേളയില്‍ തന്റെ മനസ്സിലുള്ള ആഗ്രഹം ഷമ്മി സംഗീതസംവിധായകന്‍ ജയ്കിഷനുമായി പങ്കുവെക്കുന്നു: യാഹൂ എന്ന ഉച്ചസ്ഥായിയിലുള്ള ആര്‍പ്പുവിളിയില്‍നിന്ന് ഒരു ഗാനം തുടങ്ങണം. അതിന്റെ ചിത്രീകരണവും കൊറിയോഗ്രഫിയും തന്റെ മനസ്സിലുണ്ട്. ഷമ്മിയുമായി അസാധാരണമായ ആത്മൈക്യം പുലര്‍ത്തിയിരുന്ന ജയ്കിഷന് സുഹൃത്തിന്റെ ഉള്ളിലിരിപ്പ് പിടികിട്ടാന്‍ അധികനേരം വേണ്ടിവന്നില്ല. ''സമാധാനമായി പോയി കിടന്നുറങ്ങൂ. അക്കാര്യം ഞാനേറ്റു.'' ജയ്കിഷന്‍ ഷമ്മിയെ യാത്രയാക്കുന്നു.

ലളിതസുന്ദരമായ പ്രണയഗാനങ്ങളും തെല്ലു ദാര്‍ശനിക മാനമുള്ള വിഷാദഗാനങ്ങളും ഒക്കെയാണ് ഗാനരചയിതാവ് ശൈലേന്ദ്രയുടെ ഇഷ്ടഭൂമികകള്‍. പക്ഷേ, ജംഗ്‌ളിക്കുവേണ്ടി പ്രണയം ആഘോഷമാക്കുന്ന ഒരു പാട്ട് എഴുതി ആ അനുഗൃഹീത കവി. വെള്ളിത്തിരയിലെ ഷമ്മിയുടെ ബഹിര്‍മുഖ വ്യക്തിത്വത്തോട് അങ്ങേയറ്റം ഇണങ്ങിനില്‍ക്കുന്ന ഗാനം. തികച്ചും ലളിതമാണ് പാട്ടിന്റെ ആശയം; ആവശ്യത്തിന് കുസൃതിയുമുണ്ട്: ''എന്നെ കാടന്‍ എന്നു വിളിക്കുന്നു എല്ലാവരും. വിളിക്കുന്നവര്‍ വിളിച്ചോട്ടെ. എന്തുചെയ്യാന്‍ പ്രണയക്കൊടുങ്കാറ്റില്‍ അകപ്പെട്ടുപോയില്ലേ ഞാന്‍?'' ഷമ്മിയിലെ കാമുകന്‍ വികാരവിവശനായി ചോദിക്കുന്നു. ഉള്ളിലെ പ്രേമക്കൊടുങ്കാറ്റ് അതിന്റെ എല്ലാ തീവ്രതയോടെയും പ്രേക്ഷകരെ അനുഭവിപ്പിക്കണം എന്നുണ്ടായിരുന്നു ഷമ്മിക്ക്. ആ ദൗത്യം നിറവേറ്റാന്‍ 'യാഹൂ' എന്ന ആര്‍പ്പുവിളി ഷമ്മിയെ എത്രകണ്ട് സഹായിച്ചിട്ടുണ്ട് എന്നറിയാന്‍ യുട്യൂബില്‍ പാട്ടൊന്ന് കണ്ടുനോക്കുകയേവേണ്ടൂ. 

pattezuthu
ജംഗ്‌ലിയില്‍ സൈറാബാനുവും ഷമ്മി കപൂറും


ഗാനത്തിന്റെ തുടക്കത്തിലും പല്ലവിക്കും അനുപല്ലവിക്കും ചരണത്തിനും ഇടയിലുമായി ഏഴുതവണ കടന്നുവരുന്നുണ്ട് യാഹൂ എന്ന നിലവിളി. തന്റെ മനസ്സും ശരീരവും അറിഞ്ഞുകൊണ്ട് ആ പാട്ട് പാടാന്‍ ഈ പ്രപഞ്ചത്തില്‍ മുഹമ്മദ് റഫിക്ക് മാത്രമേ കഴിയൂ എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു ഷമ്മി കപൂറിന്. പക്ഷേ, മുകേഷിനോടാണ് ശങ്കര്‍ ജയ്കിഷന്‍ സഖ്യത്തിന് കൂടുതല്‍ മമത. ഷമ്മിയുടെതന്നെ 'ഉജാല' എന്ന ചിത്രത്തിനുവേണ്ടി അതിനു മുന്‍പ് സംഗീതം ഒരുക്കിയപ്പോള്‍ പ്രധാന ഗാനങ്ങള്‍ എല്ലാം മുകേഷിനും മന്നാഡേക്കും വീതിച്ചുനല്‍കുകയാണ് ശങ്കര്‍ ജയ്കിഷന്‍ ചെയ്തത്. പക്ഷേ, ജംഗ്ളിയില്‍ തനിക്കുവേണ്ടി പാടുന്നത് റഫി ആയിരിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു ഷമ്മി കപൂര്‍. ഷമ്മിയെ വര്‍ഷങ്ങളായി അടുത്തറിയാവുന്ന ശങ്കറും ജയ്കിഷനും പിന്നെ മറുത്തുപറഞ്ഞില്ല. ഒരു സ്വകാര്യംകൂടി പങ്കുവെക്കുന്നുണ്ട് ഷമ്മി. ശങ്കര്‍-ജയ്കിഷന്‍ എന്ന ഇരട്ടപ്പേരിലാണ് പതിവായി സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കാറുള്ളതെങ്കിലും ശങ്കറും ജയ്കിഷനും വെവ്വേറെയിരുന്നാണ് ഓരോ ഗാനവും ചിട്ടപ്പെടുത്തുക. താന്‍ അഭിനയിച്ച ഭൂരിഭാഗം ഗാനങ്ങളും ജയ്കിഷന്‍ ചിട്ടപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തുന്നു ഷമ്മി, യാഹൂ ഉള്‍പ്പെടെ. 

pattezuthu
ഷമ്മി കപൂറും ഭാര്യ നീലാദേവിയും

ഫേമസ് സ്റ്റുഡിയോയിലാണ് ഗാനലേഖനം. റെക്കോഡിസ്റ്റ് പ്രഗല്ഭനായ മിനൂ ഖത്രക്. റഫിതന്നെ ഗാനം മുഴുവനായി പാടണമെന്നായിരുന്നു ഷമ്മിയുടെയും ജയ്കിഷന്റെയും ആഗ്രഹം. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ഇടയ്ക്കിടെയുള്ള ആക്രോശങ്ങളും ആലാപനവും വഴിക്കുവഴിയായി ചേര്‍ത്തുകൊണ്ടുപോകുക എളുപ്പമല്ല. ഇന്നത്തെ സാങ്കേതികവിദ്യയുടെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ അത് അനായാസം സാധിച്ചേനെ. വാക്കുകളും വരികളും അക്ഷരങ്ങളും വരെ വെവ്വേറെ റെക്കോഡ്‌ചെയ്ത് ഒട്ടിച്ചുചേര്‍ക്കാം. പക്ഷേ, അന്ന് അങ്ങനെയല്ല. ഒറ്റയടിക്ക് പാട്ട് ലൈവ് ആയി പാടി റെക്കോഡ്‌ചെയ്യണം. റിഹേഴ്സല്‍വേളയിലാണ് അതിന്റെ പ്രയാസം റഫിക്കും സംഗീതസംവിധായകര്‍ക്കും ബോധ്യപ്പെട്ടത്. ആദ്യത്തെ ടേക്ക് പ്രതീക്ഷിച്ചത്ര നന്നായില്ല. രണ്ടാമത്തെ ടേക്കും തഥൈവ. തുടര്‍ച്ചയായി ഉച്ചസ്ഥായിയില്‍ അലറിവിളിച്ചതുമൂലം റഫിയുടെ ശബ്ദം പരുക്കനായി മാറിയത് മിച്ചം. മധുരോദാരമായ ആ നാദത്തിന് പോറലേല്‍ക്കുന്നത് സഹിക്കാനാവില്ല ഷമ്മിക്ക്. ഇനിയെന്തു ചെയ്യും? യാഹൂ എന്ന ഭാഗം ഉപേക്ഷിച്ചാലോ എന്ന് ജയ്കിഷന്‍. എങ്കില്‍ പിന്നെ പാട്ടേ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഷമ്മി. ഒടുവില്‍ പോംവഴി കണ്ടെത്തിയത് ജയ്കിഷനാണ്, ഭേദപ്പെട്ട പാട്ടുകാരന്‍കൂടിയായ പ്രയാഗ്രാജിനെ ആ ദൗത്യം ഏല്‍പ്പിക്കുക. റഫിയോടൊപ്പം നിന്ന് യാഹൂ എന്ന ഭാഗം പ്രയാഗ് പാടട്ടെ. ഗാനത്തിന്റെ മെലഡി പാര്‍ട്ട് റഫിയും. 


പ്രയാഗ്രാജിനെ 1940-കള്‍മുതലേ അറിയാം ഷമ്മി കപൂറിന്. പിതാവ് പൃഥ്വിരാജ് കപൂര്‍ രൂപംനല്‍കിയ പൃഥ്വി തിയേറ്റേഴ്സില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രയാഗും ഉണ്ടായിരുന്നു കുറേക്കാലം. നാടകങ്ങളില്‍ അല്ലറചില്ലറ റോളുകള്‍ അഭിനയിക്കും; അത്യാവശ്യം പാടും. ഷമ്മി സിനിമയിലേക്ക് കൂടുമാറിയ ശേഷം പൃഥ്വിയുടെ 'ശകുന്തള' നാടകത്തില്‍ ഭരതന്റെ വേഷം ചെയ്തത് പ്രയാഗ് ആണ്. സിനിമയില്‍ നടനും ഗായകനുമായിട്ടായിരുന്നു പ്രയാഗിന്റെ രംഗപ്രവേശം. ഇടയ്ക്ക് ശങ്കര്‍ ജയ്കിഷന്റെ ചില പാട്ടുകളില്‍ കോറസ് പാടി. എങ്കിലും ജംഗ്ലിയിലെ ഈ ഗാനം ആരാധനാപാത്രമായ റഫിയോടോപ്പമാണ് പാടേണ്ടത് എന്നറിഞ്ഞപ്പോള്‍ ആഹ്ലാദവും ആശങ്കയും ഒരുമിച്ചു വന്നു പ്രയാഗിന്. ആയുസ്സില്‍ ഒരിക്കല്‍ കിട്ടുന്ന ഭാഗ്യമാണ്; സംശയമില്ല. എങ്കിലും റഫിയുടെ ശ്രുതിയോട് ചേര്‍ന്നുപാടുക വെല്ലുവിളിയാകും. ആത്മവിശ്വാസം പകര്‍ന്നത് റഫിതന്നെ. നമുക്കൊരുമിച്ച് ഇതൊരു അവിസ്മരണീയ ഗാനമാക്കാം എന്ന് റഫി പറഞ്ഞപ്പോള്‍ ചോര്‍ന്നുപോയ ധൈര്യം വീണ്ടുകിട്ടിയപോലെ (പ്രയാഗ്രാജിന്റെ അഭിമുഖം സ്‌ക്രീന്‍). പക്ഷേ, അതത്ര എളുപ്പമുള്ള ദൗത്യമല്ല എന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ പ്രയാഗ്. ഏഴോ എട്ടോ ടേക്ക് വേണ്ടിവന്നു പാട്ട് ഓക്കെ ആകാന്‍. ഓരോ ടേക്കിലും ഏഴുതവണവീതം യാഹൂ എന്ന് ആര്‍ത്തുവിളിക്കണം. ചെറിയൊരു പിശകുണ്ടായാല്‍ റീടേക്ക് ഉറപ്പ്. ചുരുങ്ങിയത് അമ്പതുതവണയെങ്കിലും ഫേമസ് സ്റ്റുഡിയോയില്‍ മുഴങ്ങിയിട്ടുണ്ടാകും അന്ന് പ്രയാഗിന്റെ യാഹൂ. കാലത്ത് തുടങ്ങിയ റെക്കോഡിങ് സന്ധ്യവരെ നീണ്ടു. ഒടുവില്‍ സൗണ്ട് എഞ്ചിനിയറും സംഗീതസംവിധായകരും ഷമ്മി കപൂറും പാട്ട് ഓക്കെചെയ്തപ്പോഴേക്കും പ്രയാഗ് അമ്പേ തളര്‍ന്നിരുന്നു. ശബ്ദം പുറത്തുവരാത്ത അവസ്ഥ. റഫിയുടെ മുഖത്ത് അപ്പോഴും പുഞ്ചിരി മാഞ്ഞിരുന്നില്ല എന്നോര്‍ക്കുന്നു ഷമ്മി. നഷ്ടപ്പെട്ട ശബ്ദം വീണ്ടുകിട്ടാന്‍ രണ്ടുമാസത്തെ വിശ്രമവും ആശുപത്രിവാസവും വേണ്ടിവന്നു പ്രയാഗിന്. ''പക്ഷേ, സിനിമയില്‍ ആ ഗാനരംഗം കണ്ടപ്പോള്‍ എല്ലാ വേദനയും മാഞ്ഞു. അനശ്വരമായ ഒരു പാട്ടിന്റെ ഭാഗമാകാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ലല്ലോ. അതും റഫിസാഹിബിനെപ്പോലെ ദൈവതുല്യനായ ഗായകനൊപ്പം.'' പ്രയാഗ്. 
തീര്‍ന്നില്ല. ഹിന്ദിസിനിമയിലെ വേറെയും രണ്ടു ഹിറ്റ് ഗാനങ്ങളില്‍കൂടിയുണ്ട് പ്രയാഗ്രാജിന്റെ ശബ്ദസാന്നിധ്യം. ജംഗ്ലിക്കു പിന്നാലെ 'ജബ് ജബ് ഫൂല്‍ ഖിലേ'യില്‍ (1965) റഫി പാടിയ 'തും കോ ഹം പേ പ്യാര്‍ ആയാ' എന്ന ഗാനത്തെ അനുഗമിക്കുന്ന 'അഫ്ഫോ ഖുദാ' എന്ന അലര്‍ച്ചയും പ്രയാഗിന്റെ വകതന്നെ. കല്യാണ്‍ജി ആനന്ദ്ജി ചിട്ടപ്പെടുത്തിയ ആ ഗാനം സിനിമയില്‍ പാടി അഭിനയിച്ചത് ശശി കപൂര്‍. ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഗീതം നല്‍കിയ 'കൂലി'യിലെ (1983) ആക്സിഡന്റ് ഹോഗയാ (ഷബ്ബീര്‍ കുമാര്‍, ആശാ ഭോസ്ലെ) എന്ന ഗാനത്തിന്റെ തുടക്കത്തില്‍ അമിതാഭ് ബച്ചനുവേണ്ടി 'അല്ലാരഖാ' എന്ന് ആര്‍ത്തുവിളിക്കുന്നതും മറ്റാരുമല്ല. ഇടയ്ക്കും തലയ്ക്കുമായി പാട്ടുകളുടെ പിന്നണിയില്‍ മിന്നിമറഞ്ഞുവെന്നല്ലാതെ മുഴുവന്‍സമയ ഗായകനായി ബോളിവുഡില്‍ പേരെടുക്കാന്‍ കഴിയാതെപോയതില്‍ ചെറിയൊരു ദുഃഖമുണ്ട് പ്രയാഗ്രാജിന്. ''പക്ഷേ, പിന്നണി സംഗീതലോകത്ത് പ്രഗല്ഭര്‍ നിറഞ്ഞുനിന്ന ആ വേളയില്‍ പാട്ടുകാരനായി തിളങ്ങുക എളുപ്പമായിരുന്നില്ല. സിനിമയുടെ മറ്റു മേഖലകളിലേക്ക് ശ്രദ്ധതിരിക്കാന്‍ കാരണം അതാണ്. ജീവിതമാണല്ലോ പ്രധാനം.'' പ്രയാഗ്.


പ്രശസ്ത ഹിന്ദികവി രാംദാസ് ആസാദിന്റെ മകനായി അലഹാബാദില്‍ ജനിച്ച പ്രയാഗ് കുടുംബം പോറ്റാന്‍വേണ്ടിയാണ് ചെറുപ്പത്തിലേ അഭിനയരംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. പൃഥ്വി തിയേറ്റേഴ്സില്‍ ബാലനടനായി തുടക്കം. പതിനാറുവര്‍ഷം അഭിനയവും സംഭാഷണമെഴുത്തും സഹസംവിധാനവും സംഗീതസംവിധാനവുമൊക്കെയായി അവിടെ കഴിഞ്ഞു. സിനിമയില്‍ അരങ്ങേറ്റം രാജ്കപൂറിന്റെ ആഗില്‍ (1948) ബാലനടനായി. അതുകഴിഞ്ഞ് ആവാരാ (1951). സഹസംവിധായകനായി അരങ്ങേറിയത് ഷമ്മി കപൂറിന്റെ 'പ്രൊഫസറി'ല്‍. സുഹൃത്തായ മന്‍മോഹന്‍ ദേശായിയുടെ എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളില്‍ സംഭാഷണരചയിതാവിന്റെ വേഷത്തിലും പ്രയാഗ് തിളങ്ങി സച്ചാ ജൂട്ടാ, ധരംവീര്‍, നസീബ്, അമര്‍ അക്ബര്‍ ആന്റണി, ദേശ് പ്രേമി... 1972-ല്‍ പുറത്തുവന്ന കുന്ദന്‍ ആണ് സ്വതന്ത്രസംവിധായകനായി പ്രയാഗ് തുടക്കംകുറിച്ച ചിത്രം. അമിതാഭും കമല്‍ഹാസനും രജനീകാന്തും അഭിനയിച്ച ഗിരഫ്താര്‍ (1985) ഉള്‍പ്പെടെ ബോക്സോഫീസില്‍ വിജയിക്കുകയും തകര്‍ന്നു തരിപ്പണമാകുകയും ചെയ്ത ഒരുപിടി ചിത്രങ്ങളുണ്ട് സംവിധായകനായ പ്രയാഗിന്റെ ക്രെഡിറ്റില്‍. മന്‍മോഹന്‍ ദേശായിയും പ്രയാഗ്രാജും ചേര്‍ന്നുള്ള സംയുക്ത സംവിധാന സംരംഭമായിരുന്നു 'കൂലി' (1983). ദേശായിയുടെ അപകടമരണത്തോടെ (ആത്മഹത്യയെന്നും ഭാഷ്യം) സിനിമയുമായി അകന്ന പ്രയാഗ് വാര്‍ധക്യത്തിന്റെ അവശതകളുമായി മല്ലിട്ട് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ കഴിയുന്നു ഇപ്പോള്‍. 

മഞ്ഞുപാളികളിലെ വിസ്മയപ്രകടനം 

പ്രയാഗിന്റെ 'യാഹൂ'വും റഫിയുടെ അനുപമമായ ആലാപനവും മാത്രമായിരുന്നില്ല ചാഹേ കോയി മുച്ഛെ ജംഗ്ലി കഹേ എന്ന പാട്ടിന്റെ വിജയഘടകങ്ങള്‍ സുബോധ് മുഖര്‍ജിയുടെ സംവിധാനം, എന്‍.വി. ശ്രീനിവാസിന്റെ ഛായാഗ്രഹണം, എല്ലാറ്റിനും മീതെ ഷമ്മിയുടെ ഇളകിമറിഞ്ഞുള്ള അഭിനയവും. ഈസ്റ്റ്മാന്‍ കളറിന്റെ സാധ്യതകള്‍ ഏറ്റവും ഔചിത്യത്തോടെ പ്രയോജനപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു ജംഗ്ലി. അതിനു മുന്‍പ് ഒരൊറ്റ മുഴുനീള ഈസ്റ്റ്മാന്‍ കളര്‍ ചിത്രമേ ഹിന്ദിയില്‍ ഉണ്ടായിട്ടുള്ളൂ ഹം ഹിന്ദുസ്ഥാനി (1960). മുംബൈ ഫിലിം സെന്റര്‍ സ്റ്റുഡിയോയില്‍ പൂര്‍ണമായി പ്രൊസസ് ചെയ്യപ്പെട്ട പടമായിരുന്നു അത്. ടെക്നികളര്‍ ഗേവാ കളര്‍ കാലഘട്ടത്തില്‍നിന്ന് ഈസ്റ്റ്മാന്‍ കളറിലേക്കുള്ള ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവെപ്പായിമാറി അടുത്തവര്‍ഷം പുറത്തുവന്ന ജംഗ്ലി. ആ മാറ്റം പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു യാഹൂ എന്ന ഗാനരംഗത്തിന്റെ ജനപ്രീതി. 
പലരും കരുതുന്നതുപോലെ ആ പാട്ട് ചിത്രീകരിച്ചത് കശ്മീരില്‍വെച്ചല്ല, ഹിമാചല്‍പ്രദേശിലെ കുഫ്രി എന്ന ഹില്‍സ്റ്റേഷനിലാണ് എന്നുകൂടി വെളിപ്പെടുത്തുന്നുണ്ട് ഷമ്മിയെക്കുറിച്ചുള്ള പുസ്തകത്തില്‍ റൗഫ് അഹമ്മദ്. കൗതുകമുണര്‍ത്തുന്ന മറ്റൊരു കഥയാണത്. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കശ്മീരിലെ പഹല്‍ഗാമില്‍വെച്ച് ഗാനരംഗം ഷൂട്ട്‌ചെയ്യണം എന്നായിരുന്നു സുബോധിന്റെ ആഗ്രഹം. മഞ്ഞുമലകളാല്‍ സമൃദ്ധമായ പ്രദേശമാണ് പഹല്‍ഗാം. ഷമ്മി കപൂറിന് തോന്നുംപടി തലകുത്തി മറിയാം; കാമുകിയായ സൈരാബാനുവിനു പിന്നാലെ എല്ലാം മറന്ന് പാറിനടക്കാം. പക്ഷേ, ഷൂട്ടിങ്സംഘവുമായി പഹല്‍ഗാമിലെത്തിയ സുബോധ് ഞെട്ടി. മലമടക്കുകളില്‍ മരുന്നിനുപോലുമില്ല മഞ്ഞുപാളികള്‍. ദിവസങ്ങള്‍ കാത്തിരുന്നിട്ടും പ്രകൃതി കനിയാതെവന്നപ്പോള്‍ മറ്റൊരു ലൊക്കേഷന്‍ തിരഞ്ഞുപിടിക്കാതെ ഗത്യന്തരമില്ലെന്നായി. അങ്ങനെയാണ് ഷിംലയില്‍നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള കുഫ്രിയില്‍ എത്തിച്ചേര്‍ന്നത്. പന്ത്രണ്ടടി താഴ്ചയുള്ള മഞ്ഞുകട്ടകളുടെ പുറത്തുകൂടി ഇഷ്ടംപോലെ പാടി അഭിനയിച്ചുകൊള്ളാന്‍ ഷമ്മിക്ക് അനുവാദം നല്‍കുന്നു സംവിധായകന്‍. ഗാനരംഗങ്ങളില്‍ സ്വന്തം ശൈലിയിലാണ് ഷമ്മിയുടെ അഭിനയം. ''നൃത്തസംവിധാനം എന്നു വിളിക്കാമോ അതിനെ എന്നറിയില്ല. അപ്പപ്പോള്‍ തോന്നുന്നത് ചെയ്യുന്നു. അത്രമാത്രം.'' ഷമ്മിയുടെ വാക്കുകള്‍.

പക്ഷേ, ഒരു പ്രശ്‌നം. കാലത്ത് ഏഴുമണിക്ക് ഷൂട്ടിങ്ങിനായി ലൊക്കേഷനില്‍ ചെന്നപ്പോള്‍ ആവശ്യത്തിനു വെളിച്ചമുണ്ട്. ക്യാമറ റോള്‍ചെയ്യേണ്ട താമസം സൂര്യന്‍ മേഘപാളികളില്‍ മറയുന്നു. അനന്തമായ കാത്തിരിപ്പായിരുന്നു പിന്നെ. ഉച്ചയായിട്ടും സൂര്യന്റെ പൊടിപോലുമില്ല. പിറ്റേന്നും അതുതന്നെ സ്ഥിതി. ഒന്നും രണ്ടുമല്ല ആറുദിവസമാണ് സൂര്യനുവേണ്ടി കാത്തിരുന്ന് നിരാശരായതെന്ന് വെളിപ്പെടുത്തുന്നു ഷമ്മി കപൂര്‍. ഏഴാംനാള്‍, പതിവുപോലെ ബിയറിന്റെ നേര്‍ത്ത ലഹരി പകര്‍ന്ന ഉന്മേഷത്തോടെ ഷമ്മി ഷൂട്ടിങ്ങിനെത്തിയപ്പോള്‍ സൂര്യന്‍ റെഡി. ഏഴുമണിക്കൂറിനകം ഗാനം ചിത്രീകരിച്ചുതീര്‍ക്കുന്നു സുബോധ്. മഞ്ഞുകട്ടകള്‍ക്കു മേല്‍ കമിഴ്ന്നുവീണും നെഞ്ചമര്‍ത്തി നിരങ്ങിയും മലര്‍ന്നുകിടന്നും ചടുലമായി നൃത്തംവെച്ചും അഭിനയം ആഘോഷമാക്കി ഷമ്മി. കട്ടികൂടിയ സ്വെറ്ററും അതിനു മുകളില്‍ ഓവര്‍കോട്ടും തല മൂടിക്കെട്ടിയ മഫ്‌ളറും ഒക്കെ ധരിച്ചാണ് സൈരാബാനു രംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഇതൊന്നുമില്ലാതെ ഒരു സാധാരണ ഷര്‍ട്ടും പാന്റ്സും മാത്രം അണിഞ്ഞ് ഷമ്മിയും. ''പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ രംഗം ഷൂട്ട്‌ചെയ്തു തീര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അന്നു വൈകീട്ട് തുടങ്ങിയ ആഘോഷം പിറ്റേന്ന് പുലര്‍ച്ചെവരെ നീണ്ടു.'' ഷമ്മി പറയുന്നു.
ജംഗ്ലിയില്‍ 'യാഹൂ' മാത്രമല്ല, ശങ്കര്‍ ജയ്കിഷന്‍ ഒരുക്കിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. റഫിയും ലതയും വെവ്വേറെ സോളോ ആയി പാടിയ എഹസാന്‍ തേരാ ഹോഗാ മുജ്സേ, മേരെ യാര്‍ ഷബ്ബാ ഖേര്‍ (റഫി, ലത), നയന്‍ തുമാരെ മസേദാര്‍ (മുകേഷ്, ആശ), അയ്യയ്യാ സൂക്കു സൂക്കു (റഫി) എന്നിവ കൂട്ടത്തില്‍ മികച്ചുനിന്നു. ഏറ്റവുമൊടുവില്‍ ചിത്രീകരിക്കപ്പെട്ട മേരെ യാര്‍ ഷബ്ബാ ഖേര്‍ എന്ന ഗാനരംഗത്തെ ചുറ്റിപ്പറ്റിയുള്ള വിചിത്രമായ ഒരു അനുഭവകഥകൂടി പങ്കുവെച്ചിട്ടുണ്ട് ഷമ്മി കപൂര്‍. ശ്രീനഗറിലെ പ്രശസ്തമായ മുഗള്‍ ഉദ്യാനത്തില്‍ വലിയൊരു ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു ആ രംഗത്തിന്റെ ഷൂട്ടിങ്. പാട്ടിന്റെ ഒരു ഘട്ടത്തില്‍ ക്യാമറയിലേക്ക് തെല്ലു ഗൗരവത്തോടെ നോക്കണം സൈരാബാനു. പക്ഷേ, എത്ര ശ്രമിച്ചിട്ടും നോട്ടം ശരിയാകുന്നില്ല. ആള്‍ക്കൂട്ടവും ബഹളവും തുടക്കക്കാരിയായ സൈരയെ അസ്വസ്ഥയാക്കിയിരിക്കണം. റീടേക്കുകള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ ഒപ്പമഭിനയിക്കുന്ന ഷമ്മിക്ക് ക്ഷമകെട്ടു. ചുറ്റുമുള്ള ആളുകള്‍ കേള്‍ക്കെ, ''പോയി അഭിനയം പഠിച്ചു വാ'' എന്ന് ക്രുദ്ധനായി ഷമ്മി വിളിച്ചുപറഞ്ഞപ്പോള്‍ സൈര പൊട്ടിക്കരഞ്ഞു. ജനക്കൂട്ടത്തിനെ അത്ര പേടിയുണ്ടെങ്കില്‍ ബുര്‍ഖ ധരിച്ചു വരണം എന്നായി ഷമ്മി. പതിമൂന്നുവര്‍ഷം നീണ്ട ഒരു പിണക്കത്തിന്റെ തുടക്കമായിരുന്നു അത്. ഷമ്മിയും സൈരയും പിന്നീട് ഒന്നിച്ചത് 1975-ല്‍ പുറത്തിറങ്ങിയ സമീര്‍ എന്ന ചിത്രത്തിലാണ് (ഇടയ്ക്ക് സുഹൃത്തായ മന്‍മോഹന്‍ ദേശായിക്ക് നല്‍കിയ വാക്കുപാലിക്കാന്‍ ബ്ലഫ് മാസ്റ്ററില്‍ വഴിപാടുപോലെ പ്രത്യക്ഷപ്പെട്ടെങ്കിലും). അപ്പോഴേക്കും ഹിന്ദിസിനിമയില്‍ ഇരുവരുടെയും സുവര്‍ണകാലം അസ്തമിച്ചുകഴിഞ്ഞിരുന്നു. 'സമീറി'ല്‍ തന്റെ  പിതാവായി അഭിനയിക്കാന്‍ എത്തിയ ഷമ്മി കപൂറിനോട് സൈര തൊടുത്ത ആദ്യ ചോദ്യം ഇതായിരുന്നു: ''അഭിനയം പഠിച്ചുവന്നിരിക്കയാണ്. ഇനി കുഴപ്പമില്ലല്ലോ.'' നിലയ്ക്കാത്ത പൊട്ടിച്ചിരിയായിരുന്നു ഷമ്മിയുടെ മറുപടി.

റഫി, ഷമ്മി, ശങ്കര്‍ ജയ്കിഷന്‍ 

സംഗീതത്തോടും നൃത്തത്തോടുമുള്ള ഭ്രമമാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ഷംഷേര്‍ രാജ് കപൂര്‍ എന്ന ഷമ്മി കപൂര്‍. ''സംഗീതം എനിക്ക് വ്യക്തിത്വം നല്‍കി. അതിനുള്ള കടപ്പാട് മുഴുവന്‍ മുഹമ്മദ് റഫിയോടും ശങ്കര്‍ ജയ്കിഷനോടുമാണ്. അവരെപോലെ എന്നെ മനസ്സിലാക്കിയവര്‍ വേറെയില്ല.'' സംഗീതസാന്ദ്രമായിരുന്നു ഷമ്മിയുടെ ബാല്യം. അമ്മ രാംശരണി കപൂര്‍ പണ്ഡിറ്റ് ജഗന്നാഥ് പ്രസാദിന്റെ ശിഷ്യ. സൈഗളിന്റെയും മുകേഷിന്റെയും ഗുരുവാണ് പണ്ഡിറ്റ്ജി. പിന്നീട് രാജ് കപൂറും ഷമ്മിയും അദ്ദേഹത്തിന്റെ ശിഷ്യരായി. കുട്ടിക്കാലം മുതലേ നല്ലൊരു പാട്ടുകേള്‍ക്കുമ്പോള്‍ നൃത്തംചെയ്യാന്‍ തോന്നും ഷമ്മിക്ക്. ആദ്യം അഭിനയിച്ച ജീവന്‍ ജ്യോതിയില്‍ (1953) നൃത്തം ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും ആശാ ബോസ്ലെയുടെ ചാന്ദ്നി കി പാല്‍ക്കി മേ എന്ന ഗാനത്തിന്റെ ഒടുവില്‍ രണ്ടുവരി പാടാന്‍ പറ്റി. പടത്തില്‍ ഗായകനായി റഫിയും ഉണ്ടായിരുന്നെങ്കിലും ഷമ്മിക്ക് വേണ്ടിയല്ല അദ്ദേഹം പാടിയത്. അടുത്ത വര്‍ഷം പുറത്തുവന്ന 'ശാമ പര്‍വാന'യിലായിരുന്നു റഫി-ഷമ്മി ടീമിന്റെ പ്രഥമ സംഗമം. ഹുസ്ന്‍ലാല്‍ ഭഗത്റാം ഈണമിട്ട 'സരേ മെഹഫില്‍ ജോ ജലേ' എന്ന ഗാനത്തോടെ. 

pattezuthu
ശശികപൂറിനും ജയ്കിഷനുമൊപ്പം മുഹമ്മദ് റഫി


എങ്കിലും റഫിയും ഷമ്മിയും പരസ്പരം 'കണ്ടെത്തിയത്' നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത തുംസാ നഹി ദേഖായില്‍ (1957) തന്നെ. ദേവാനന്ദിനെ മനസ്സില്‍ കണ്ട് ഹുസൈന്‍ രൂപം നല്‍കിയ കഥാപാത്രമായിരുന്നു ആ ചിത്രത്തിലെ ശങ്കര്‍. താരതമ്യേന പുതുമുഖമായ അമീതയുടെ നായകനായി അഭിനയിക്കാനുള്ള മടിമൂലം അവസാനനിമിഷം ദേവ് പിന്മാറിയതോടെ പകരക്കാരനായി ഷമ്മി എത്തുന്നു. ''ചുണയില്ലാത്ത നായകന്മാരെ അവതരിപ്പിച്ചു മടുത്തിരുന്നു ഞാന്‍. ആടിയും പാടിയും ആര്‍ത്തുവിളിച്ചും അഭിനയം ആഘോഷമാക്കുന്ന ഒരു കഥാപാത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനൊടുവിലാണ് തുംസാ നഹി ദേഖായുടെ വരവ്. ഇരുകൈയും നീട്ടി ഞാനത് സ്വീകരിച്ചു.'' ഷമ്മി. ഭാര്യ ഗീതാബാലിയുടെ പിന്തുണയോടെ രണ്ടുംകല്‍പ്പിച്ചുള്ള തയ്യാറെടുപ്പായിരുന്നു പിന്നെ. ചെമ്പൂരിലെ വീടിന്റെ മട്ടുപ്പാവ് ഷമ്മി ഒരു നൃത്തമണ്ഡപമാക്കി. ആദ്യം റെക്കോഡ് ചെയ്ത യൂ തോ ഹം നേ ലാഖ് ഹസീ ദേഖേ ഹേ തുംസാ നഹി ദേഖാ (റഫി) എന്ന ഗാനത്തിനൊത്ത് രാത്രിമുഴുവന്‍ ചുവടുവെച്ച് പരിശീലിച്ച നാളുകളെക്കുറിച്ച് ഗൃഹാതുരതയോടെ അയവിറക്കുന്നുണ്ട് ഷമ്മി. ''റഫിയുമായി ഞാന്‍ അടുത്തുതുടങ്ങിയിരുന്നതേയുള്ളൂ. എങ്കിലും എന്നെ പൂര്‍ണമായി മനസ്സിലാക്കി പാടാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. സംഗീതസംവിധായകനായ ഒ.പി. നയ്യാര്‍ കണിശക്കാരനാണ്. നമ്മുടെ നിര്‍ദേശങ്ങള്‍ കൈക്കൊള്ളണം എന്നില്ല. പക്ഷേ, റഫി സാഹിബ് അങ്ങനെയല്ല. ചെറു നിര്‍ദേശങ്ങള്‍ പോലും അദ്ദേഹം പരിഗണിക്കും. മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഗംഭീരമായി പാടി ഫലിപ്പിക്കുകയും ചെയ്യും. എന്റെ സൂക്ഷ്മചലനങ്ങള്‍പോലും ആഴത്തില്‍ ഉള്‍ക്കൊണ്ടാണ് അദ്ദേഹം പാടുക. ഞാന്‍ കൈവീശുന്നതും കാലുകള്‍ ചലിപ്പിക്കുന്നതും തല വെട്ടിക്കുന്നതും എല്ലാം റഫി മനസ്സില്‍ കാണും. അജ്ഞാതമായ എന്തോ ഒരു രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.'' ആ 'കെമിസ്ട്രി'യുടെ ഉദാത്തമായ ഉദാഹരങ്ങളാണ് ഷമ്മിക്കുവേണ്ടി പില്‍ക്കാലചിത്രങ്ങളില്‍ റഫി പാടി അവിസ്മരണീയമാക്കിയ ഗാനങ്ങള്‍: ജവാനിയാ യേ മസ്ത് മസ്ത്, ചുപ്നെ വാലേ സാമ്നേ ആ, സര്‍ പര്‍ തോപി (തുംസാ നഹി ദേഖാ), ഏ ഗുല്‍ബദന്‍ (പ്രൊഫസര്‍), ബാര്‍ ബാര്‍ ദേഖോ (ചൈനാടൗണ്‍), ഇസ് രംഗ് ബദല്‍തി ദുനിയാ മേ, തുംനെ പുകാരാ ഔര്‍ ഹം ചലേ ആയേ (രാജ് കുമാര്‍), ദില്‍ തേരാ ദീവാനാ ഹേ സനം (ദില്‍ തേരാ ദീവാനാ), ദില്‍ ദേകെ ദേഖോ (ദില്‍ ദേകെ ദേഖോ), ദീവാനാ ഹുവാ ബാദല്‍, യേ ചാന്ദ് സാ രോഷന്‍ ചെഹരാ, ഇഷാരോം ഇഷാരോം (കശ്മീര്‍ കി കലി), അകേലേ അകേലേ കഹാം ജാ രഹേ ഹേ, ആസ്മാന്‍ സേ ആയാ ഫരിഷ്താ, രാത് കേ ഹംസഫര്‍ (ആന്‍ ഈവനിങ് ഇന്‍ പാരിസ്), ദില്‍ കേ ജരോഖേ മേ, ആജ്കല്‍ തെരേ മേരെ, മേ ഗാവൂം തും സോ ജാവോ (ബ്രഹ്മചാരി), ബദന്‍ പേ സിതാരേ (പ്രിന്‍സ്), തും സേ അഛാ കോന്‍ ഹേ (ജാന്‍വര്‍), ഓ ഹസീനാ ജുല്ഫോംവാലി, ആജാ ആജാ (തീസ്റി മന്‍സില്‍)...

pattezuthu
ജെറി യാങ്‌


ശങ്കര്‍ ജയ്കിഷനുമായും ഉണ്ടായിരുന്നു ഗാഢമായ ആത്മബന്ധം. പൃഥ്വി തിയേറ്റേഴ്സില്‍ തബലിസ്റ്റായി വന്നതാണ് ആന്ധ്രക്കാരന്‍ ശങ്കര്‍ സിങ് രഘുവംശി. തൊട്ടുപിന്നാലെ ഹാര്‍മോണിയത്തിലെ ഐന്ദ്രജാലിക പ്രകടനവുമായി ഗുജറാത്തില്‍നിന്ന് ജയ്കിഷന്‍ ദയാഭായ് പാഞ്ഛലും. നടന്മാരായാണ് ഇരുവരും കലാജീവിതം തുടങ്ങിയത് എന്നോര്‍ക്കുന്നു ഷമ്മി. പിന്നീടാണ് സംഗീതസംവിധാന സഖ്യം രൂപപ്പെടുത്തുന്നതും രാജ് കപൂറിന്റെ 'ബര്‍സാത്തി'ലൂടെ (1949) സിനിമയില്‍ കയറിപ്പറ്റുന്നതും. വെളിച്ചം കണ്ടവയും അല്ലാത്തതുമായി ഷമ്മിയുടെ 22 ചിത്രങ്ങള്‍ക്ക് പാട്ടുകളൊരുക്കിയത് ശങ്കര്‍ ജയ്കിഷന്‍ സഖ്യമാണ്. അതില്‍ തൊണ്ണൂറുശതമാനവും ചിട്ടപ്പെടുത്തിയത് ജയ്കിഷനും. ''ചര്‍ച്ച് ഗേറ്റിലെ ഗേലോഡ് റസ്റ്ററണ്ടായിരുന്നു ജയ്കിഷന്റെ സ്ഥിരം താവളം. എല്ലാ വൈകുന്നേരവും ഞങ്ങള്‍ അവിടെ കണ്ടുമുട്ടും. പുതിയ പടത്തിലെ പാട്ടുകളായിരിക്കും ചര്‍ച്ചാവിഷയം.'' ഷമ്മി. അത്തരമൊരു സായാഹ്നത്തില്‍ പിറന്നുവീണതാണ് 'സസുരാലി'ലെ തേരി പ്യാരി പ്യാരി സൂരത് കോ ഷമ്മിയെ മനസ്സില്‍കണ്ട് ജയ്കിഷന്‍ സൃഷ്ടിച്ച പാട്ട്. പക്ഷേ, നിര്‍മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ ഷമ്മിയും സസുരാലിന്റെ സംവിധായകന്‍ പ്രകാശ് റാവുവും ഇടഞ്ഞു. നായകനായി ഷമ്മിക്കു പകരം രാജേന്ദ്രകുമാര്‍ എത്തി. പടം നഷ്ടപ്പെട്ടതില്‍ അല്ലായിരുന്നു ഷമ്മി കപൂറിന് നിരാശ; പാട്ട് കൈവിട്ടുപോയതിലാണ്. റഫിയുടെ സ്വരത്തില്‍ റെക്കോര്‍ഡ് ചെയ്ത 'തേരി പ്യാരി പ്യാരി സൂരത്' തന്റെ അടുത്ത പടമായ ജംഗ്ളിക്കുവേണ്ടി മാറ്റിവെക്കണമെന്ന് ജയ്കിഷനോട് കേണപേക്ഷിച്ചു നോക്കി ഷമ്മി കപൂര്‍. പക്ഷേ, അതു വിശ്വാസവഞ്ചനയാകുമെന്നായിരുന്നു ജയ്കിഷന്റെ മറുപടി. സിനിമാജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു ആ പാട്ടെന്നു അഭിമുഖങ്ങളില്‍ പറഞ്ഞുകേട്ടിട്ടുണ്ട് ഷമ്മി.
നേരെമറിച്ചായിരുന്നു 'ആജ്കല്‍ തെരെ മേരെ പ്യാര്‍ കെ ചര്‍ച്ചേ ഹര്‍ സബാന്‍ പര്‍' (റഫി, സുമന്‍ കല്യാണ്‍പൂര്‍) എന്ന പ്രശസ്ത ഗാനത്തിന്റെ വിധി. ശങ്കര്‍ ജയ്കിഷന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത് ദേവാനന്ദ് നായകനായ ജബ് പ്യാര്‍ കിസി സേ ഹോതാ ഹേക്ക് (1961) വേണ്ടിയാണ്. പക്ഷേ, പാട്ടു കേട്ട ദേവാനന്ദിന് ഈണം ഇഷ്ടപ്പെട്ടതേയില്ല. തന്റെ പ്രതിച്ഛായയ്ക്ക് യോജിച്ച കാല്പനിക ഗാനമല്ല അതെന്നായിരുന്നു ദേവിന്റെ വിലയിരുത്തല്‍. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഷമ്മിയുടെ അഭ്യര്‍ഥനയ്ക്ക് വഴങ്ങി ആ ഗാനം 'ബ്രഹ്മചാരി' എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സസന്തോഷം സമ്മതിക്കുന്നു ജയ്കിഷന്‍. പാഴായിപ്പോകുമായിരുന്ന ഒരു ഗാനത്തെ അങ്ങനെ ഷമ്മി ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കുന്നു. ദേവാനന്ദ് നിഷ്‌കരുണം തിരസ്‌കരിച്ച മറ്റൊരു ഗാനത്തിന്റെ തലവിധികൂടി ഇത്തരത്തില്‍ മാറിമറിഞ്ഞിട്ടുണ്ട് എന്നറിയുക. ബനാറസി ബാബുവിനു (1973) വേണ്ടി കല്യാണ്‍ജി ആനന്ദ്ജി ഈണമിട്ട ആ ഗാനം വര്‍ഷങ്ങള്‍ക്കുശേഷം അമിതാഭ് ബച്ചന്റെ ഡോണിലാണ് നാം കേട്ടത്: 'ഖൈക്കേ പാന്‍ ബനാറസ് വാലാ...'

കഥകള്‍ അവസാനിക്കുന്നില്ല. ''ഓരോ പാട്ടും നമ്മുടെ ജീവിതത്തില്‍ ഓരോ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. യാഹൂ കേള്‍ക്കുമ്പോള്‍ എനിക്കോര്‍മവരിക മരിച്ചുപോയ എന്റെ ആദ്യ ഭാര്യ ഗീതാബാലിയെയാണ്. സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അടിമുടി മാറേണ്ടത് എന്റെ പ്രതിച്ഛായയാണെന്ന് ആദ്യം ഉപദേശിച്ചത് ഗീതയായിരുന്നു. പിന്നെ ശൈലേന്ദ്ര, റഫി സാഹിബ്, ശങ്കര്‍ ജയ്കിഷന്‍, പ്രയാഗ് രാജ് ... ആരെയും മറക്കാനാവില്ല. അവരൊന്നുമില്ലെങ്കില്‍ ഈ ഞാനുമില്ല.'' ഷമ്മി കപൂര്‍ ഒരിക്കല്‍ പറഞ്ഞു.
വികാരനിര്‍ഭരമായ ഒരനുഭവം കൂടിയുണ്ട് ആ ഗാനവുമായി ബന്ധപ്പെട്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയായ 'യാഹൂ' മുംബൈയില്‍ അവരുടെ ഓഫീസ് തുറക്കുന്ന ദിവസം. വിശിഷ്ടാതിഥികളില്‍ ഒരാളായി ഷമ്മി കപൂറുമുണ്ട്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ഗുരുക്കളില്‍ ഒരാളാണ് ഷമ്മി എന്നോര്‍ക്കുക; ആദ്യകാല വെബ്സൈറ്റ് ഉടമകളില്‍ ഒരാളും. വേദിയില്‍ യാഹൂവിന്റെ സ്ഥാപകരില്‍ ഒരാളും മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ജെറി യാങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഉദ്ഘാടന പരിപാടിയുടെ അവസാനഘട്ടത്തില്‍ ബാന്‍ഡ് സംഗീതമാണ്. ഹാളിലെ സുഖശീതളമായ നിശ്ശബ്ദതയിലേക്ക് സ്പീക്കറുകളിലൂടെ ആ പഴയ സിനിമാഗാനം ഒഴുകിയെത്തുന്നു: യാഹൂ... ചാഹേ കോയി മുച്ഛേ ജംഗ്ലി കഹേ... 
അന്തംവിട്ടുപോയി ഷമ്മി. പതിറ്റാണ്ടുകള്‍ മുന്‍പ് പുറത്തിറങ്ങിയ ഈ ഗാനത്തിന് പുതിയകാലത്ത് എന്തു പ്രസക്തി എന്നോര്‍ക്കുകയായിരുന്നു അദ്ദേഹം. ഷമ്മിയുടെ മനസ്സു വായിച്ചിട്ടെന്നോണം ജെറി യാങ് അദ്ദേഹത്തിന്റെ കാതില്‍ പറഞ്ഞു: ''കുട്ടിക്കാലത്ത് താങ്കളുടെ യാഹൂ ഗാനത്തിന്റെ ആരാധകനായിരുന്നു ഞാന്‍. എന്നെ സ്വപ്നംകാണാന്‍ പ്രേരിപ്പിച്ച പാട്ടാണത്. പുതിയ സ്ഥാപനം തുടങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആ പേരാണ് യാഹൂ...'' 
വാക്കിങ് സ്റ്റിക്കില്‍ ഊന്നിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ നിശ്ചലനായിനിന്നു വൃദ്ധനായ ഷമ്മി കപൂര്‍. കുഫ്രിയിലെ മഞ്ഞുമലകളിലേക്ക് മടങ്ങിപ്പോയിരിക്കണം ആ നിമിഷം അദ്ദേഹത്തിന്റെ മനസ്സ്.

(2016 ആഗസ്ത് 14 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)